കുഞ്ഞുങ്ങൾ നമ്മുടേതാണ്, കൊറോണയുടേതല്ല!!
ചില കുട്ടികളുടെ തീസിസുകളും, പ്രോജക്ട് റിപ്പോർട്ടുകളും ഒക്കെ
കണ്ടാൽ റേഷന്‍ കടയിലെ പച്ചരിയാണ് ഓർമ്മ വരിക!
അതിനകത്തെ കല്ലും, കരടും, നെല്ലും, ചെള്ളും, പുഴുവും, ചണനാരുമൊക്കെ
കുത്തിപ്പെറുക്കിയെടുത്ത് വരുമ്പോഴേക്കും ജീവിതത്തോട് മുഴുവനായിത്തന്നെ വിരക്തി തോന്നും.
അത്തരമൊരു ഒരു തീസിസുമായി മല്ലിടുന്നതിനിടയ്ക്കാണ് എന്‍റെ നാലാം ക്ലാസുകാരി അവളുടെ
ആവശ്യവുമായി ഓടിവന്നത്.
“അമ്മേ! എനിക്ക് ഒരു നീല ‘കേസ്മെന്‍റ് ക്ലോത്തും’ ‘ആങ്കര്‍ത്രെഡും’ പെട്ടെന്ന് വേണം”.
“അതെന്തിനാ”
“നീഡില്‍ വര്‍ക്കിന്‍റെ
ക്ലാസ്സാണ്, ടീച്ചർ ഒരു നീല തുണിയിൽ ആണ് ചെയ്യുന്നത്”
“അയ്യോ! ഇതു രണ്ടും ഇപ്പോൾ
നമ്മുടെ കയ്യിലില്ല. അമ്മ ഒരു കര്‍ച്ചീഫ് തരാം. നീ അതിൽ നമ്മുടെ സാധാരണ നൂല്‍ വച്ച്
സ്റ്റിച്ച് ചെയ്താൽ മതി”
“അതു പറ്റില്ലമ്മേ! എനിക്ക്
ടീച്ചർ പറഞ്ഞത് തന്നെ വേണം!!”
സ്റ്റിച്ചിംഗില്‍ വലിയ
പ്രാവീണ്യമൊന്നുമില്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ സാധനങ്ങളൊന്നും വീട്ടിൽ സ്റ്റോക്ക്
ഇല്ലായിരുന്നു. ഞാൻ ചെറുപ്പത്തിൽ വീട്ടിൽ ധരിച്ചിരുന്ന കുഞ്ഞു വള്ളിയുടുപ്പുകള്‍ എന്‍റെ അമ്മ ഒരു തയ്യൽ മെഷീൻ
പോലുമില്ലാതെ സ്വന്തം കൈകൊണ്ട് ഒറ്റരാത്രികൊണ്ട് തുന്നിത്തീർക്കുന്നവയായിരുന്നു. അമ്മയുടെ
പ്രയത്നത്തോടുള്ള സർവ്വ ബഹുമാനത്തോടും കൂടിത്തന്നെ പറയട്ടെ, എനിക്ക് തുന്നൽകലയിൽ ഒരിക്കല്‍പ്പോലും
താല്പര്യം തോന്നിയിട്ടില്ല! ഈ താൽപര്യക്കുറവ് എന്‍റെ സ്ത്രീത്വത്തെ തന്നെ ചോദ്യം
ചെയ്യുന്ന ചില ഘട്ടങ്ങളിലേക്ക് അപൂർവമായെങ്കിലും എത്തിയിട്ടുണ്ടെങ്കിലും ഞാനത്
കാര്യമായി എടുത്തിട്ടില്ല. അല്ലെങ്കിൽത്തന്നെ റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടുന്ന കടകൾ
നാടിന്‍റെ എല്ലാ മുക്കിലും മൂലയിലും വന്നപ്പോൾ ഒരുവിധം തയ്യൽ തൊഴിലാളികളുടെയൊക്കെ കാര്യംകഷ്ടമാണ്.
എന്‍റെ സ്ത്രീത്വം തെളിയിച്ച്
ഞാനെന്തിനാണ് അവർക്ക് കിട്ടുന്ന 10 രൂപ നിഷേധിക്കുന്നത്!
“അമ്മേ പ്ലീസ്!” അവളുടെ
ശബ്ദം എന്നെ ഉണര്‍ത്തി.”
കൊറോണയുടെ കയ്യില്‍ നിന്ന്
ഗെയ്റ്റ് പാസ്സ് കിട്ടിയിട്ട് ഈ വര്‍ഷം പുറത്തുപോയി ക്ലോത്തും ത്രെഡും വാങ്ങാൻ പറ്റുമെന്ന
പ്രതീക്ഷയൊന്നും എനിക്ക് ഇല്ലായിരുന്നുവെങ്കിലും ഞാനതവളോട് പറഞ്ഞില്ല!
“നീ പോയി ടീച്ചർ എങ്ങനെയാണ്
ചെയ്യുന്നതെന്ന് നോക്കി പഠിക്ക്” - ഞാൻ പറഞ്ഞു.
“അമ്മേ,അതിനിപ്പം എനിക്ക് വീഡിയോ
കാണാൻ പറ്റുന്നില്ല! നെറ്റ് വര്‍ക്ക് പ്രോബ്ലംസ്!”
“അത് നല്ല കാര്യം ആണല്ലോ!
നീ പോയി വായിച്ചു കൊണ്ടിരുന്ന സ്റ്റോറി ബുക്ക് കംപ്ലീറ്റ് ചെയ്യ്!”
“അതുപറ്റില്ല! നാളെത്തന്നെ സ്റ്റിച്ച്
ചെയ്തതിന്‍റെ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. പിന്നെ
ഒരു കാര്യം കൂടെ, എനിക്ക് ഇംഗ്ളീഷിന് ഹാൻഡ് റൈറ്റിംഗ് ബുക്ക്
വേണമെന്ന്പറഞ്ഞിട്ട് അപ്പ ഇതുവരെ വാങ്ങിച്ചില്ല. ഉടനെതന്നെ സമ്മർ ഹോളിഡേയ്സിന്‍റെ വർക്കും
സബ്മിറ്റ് ചെയ്യാൻ പറയും.”
പെട്ടെന്ന് എന്‍റെനെഞ്ചിൽ കൂടി ഒരു ഇടിമിന്നൽ
കടന്നുപോയി! എനിക്ക് മാത്രമല്ല, കുട്ടിയുടെ അച്ഛനും
സംഗതിയുടെ സീരിയസ്നെസ്സ് മനസ്സിലായി! കുട്ടിയുടെ ഹോംവർക്കിനോടും അസൈൻമെന്‍റുകളോടും
ഒക്കെ ഞങ്ങൾ മാതാപിതാക്കൾക്ക് ഒരു തരം ഭയം കലർന്ന ബഹുമാനം ആണുള്ളത്. അതങ്ങനെ വെറുതെ ഉണ്ടായ ഭയവും ബഹുമാനവുമൊന്നുമല്ല!
കഥ നടക്കുന്നത് കൊറോണയ്ക്കും
മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 5/7/2018-ല്‍ സമ്മർ വെക്കേഷൻ കഴിഞ്ഞ്
കുട്ടിയുടെ രണ്ടാം ക്ലാസ് അധ്യയനം പുനരാരംഭിച്ച ദിവസം കഥ തുടങ്ങുന്നു. അന്ന് കുട്ടി തികച്ചും ഉല്ലാസവതിയായി
സ്കൂളിലേക്കും ഞങ്ങൾ തീരെ താല്പര്യം ഇല്ലാതെ കോളേജിലേക്കും പോയി! പൊതുവേ
കോളേജിൽനിന്ന് കാറ്റുപോയ ബലൂൺ പോലെയാണ് ഞാൻ തിരികെ എത്താറ്. പക്ഷേ അന്നേദിവസം
ആറുമണിയോടെ സന്തോഷവതിയായാണ് ഞാൻ വീട്ടിൽ മടങ്ങിയെത്തിയത്. അദ്ദേഹം കൂടെയെത്തിയിട്ടില്ല, മറ്റു പല “അടിച്ചുതളിക്കല്‍”
പണികളും കോളേജിൽ ബാക്കിയുള്ളത് കൊണ്ട് ലേറ്റ് ആകും എന്ന് അറിയാവുന്നതിനാൽ ഞാൻ തനിയെയാണ്
വീട്ടിലെത്തിയത്. വന്നതും, ഒരു ചാരു കസാരയിൽ
ചാരിക്കിടന്ന് വേലക്കാരിയെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു! അവർ അമ്പരന്നിട്ടുണ്ടാവണം, അതങ്ങനെ പതിവുള്ളതല്ല! അതിനെനിക്ക്
എന്‍റേതായ കാരണങ്ങളുണ്ട്. എന്തെങ്കിലും അനുഭാവപൂർണമായ ഒരു പെരുമാറ്റം എന്‍റെ ഭാഗത്തുനിന്ന് കണ്ടാൽ ‘ദീദി’ക്ക് പിന്നെ ഉത്സാഹമാണ്.
വാചകമടിക്കാൻ തുടങ്ങും. ഹിന്ദി പരിജ്ഞാനം നന്നേ കുറവായ എനിക്ക് അതിന്‍റെ മുക്കാലും മനസ്സിലാവില്ല.
പോരാത്തതിന് സംസാരശേഷി നഷ്ടപ്പെട്ടാണ് ഞാൻ കോളേജിൽ നിന്ന് എത്താറ്!
എന്തായാലും ഞാൻ പലപ്പോഴും ആരോപിക്കാറുള്ളത്ര മോശമൊന്നുമല്ല ജീവിതമെന്ന് ആ സമയത്ത് എനിക്ക് തോന്നി. കാര്യം പറയാം, തൊട്ടടുത്ത ദിവസം വെള്ളിയാഴ്ചയാണ്. ജോലിക്ക് പോകുന്ന സ്ത്രീകളോട് ചോദിച്ചാൽ മനസ്സിലാവും വെള്ളിയാഴ്ചകൾ എത്ര സുന്ദരമാണെന്ന്. തന്നെയുമല്ല പ്രസ്തുത വെള്ളിയാഴ്ച ‘സ്പോർട്സ് ഡേ’ ആണ്. പിന്നെ ശനി, ഞായർ, തീർന്നില്ല - തിങ്കളാഴ്ച ആരുടെയോ ജയന്തി, അവധി! ഇതിൽ കൂടുതൽ എന്താണ് സന്തോഷിക്കാൻ വേണ്ടത്!! പൊതുവേ ജയന്തികള്‍ ആരുടേതാണെന്ന് ഞങ്ങൾ ടീച്ചേഴ്സും കുട്ടികളും അന്വേഷിക്കാറില്ല. പക്ഷേ അജ്ഞാതനായ ആ ആത്മാവിന് ഞാൻ നന്ദിപൂർവ്വം ശാന്തിനേര്‍ന്നു. ഈ ഭൂമിയിൽ വന്നവതരിച്ച് തലമുറകള്‍ക്കിപ്പുറവും ഒരു പാവം സ്ത്രീയുടെ ജീവിതത്തിൽ സന്തോഷവും വെളിച്ചവും പകരാൻ സാധിച്ച അദ്ദേഹം തീർച്ചയായും ഒരു പുണ്യാത്മാവ് തന്നെ! എങ്കിലും എന്നിലെ ദോഷൈകദൃക്കിന് അത്ഭുതപ്പെടാതിരിക്കാനായില്ല - എന്തേ സ്ത്രീകളുടെ പേരിൽ ജയന്തികള്‍ ഇല്ലാത്തത്! കാണും, സൂക്ഷിച്ചുനോക്കിയാൽ ഒന്നോ രണ്ടോ!! ലോകത്തോടു മുഴുവൻ സ്നേഹം തോന്നിയ ആ നിമിഷത്തിലാണ് രണ്ട് ലോലമായ കൈകൾ പുറകിൽ നിന്ന് എന്‍റെ കണ്ണുകൾ പൊത്തിയത്! “ആരാണെന്ന് പറയാമോ” എന്ന ചോദ്യത്തിന് ഞാന്‍ സുല്ലിട്ടു! ഉത്തരം പറയാൻ ഇത്രയും ബുദ്ധിമുട്ടുള്ള കാര്യത്തിന് നമ്മൾ ശ്രമിക്കരുതല്ലോ! പതുക്കെ മടിയിലേയ്ക്കിരുന്ന് തികച്ചും സ്വാഭാവികമായി അവൾ പറഞ്ഞു - “അമ്മേ, നമ്മളൊരു കാര്യം മറന്നുപോയി”.
ചരിത്രത്തിലെ എല്ലാ മറവികൾക്കും
മണ്ടത്തരങ്ങൾക്കും നിരുപാധികം മാപ്പു കൊടുക്കാൻ തയ്യാറായിരുന്ന ആ നിമിഷത്തിൽ
അലിവോടെ ഞാൻ അവളോട് ചോദിച്ചു - “എന്താ മോളെ?!”
“അമ്മേ, നമ്മൾ ഒരു ഹോംവര്‍ക്കിന്‍റെ
കാര്യം മറന്നാരുന്നു”
“നമ്മൾ?!! അതെങ്ങനെ ഹോംവര്‍ക്ക് നമ്മുടെയാവും!
ഹോംവര്‍ക്ക് നിന്‍റെയല്ലേ?!”
“ പക്ഷേ അമ്മയും ഓർപ്പിച്ചില്ല”
(അങ്ങനെ അമ്മയും പ്രതിപട്ടികയിൽ
സ്ഥാനം പിടിച്ചു.)
“ടീച്ചർ പറഞ്ഞു ഇംഗ്ലീഷിന്‍റെ 45 പേജും, ഹിന്ദിയുടെ 45 പേജും നാളെ
സബ്മിറ്റ് ചെയ്യണമെന്ന്. ഇല്ലെങ്കിൽ പ്രിൻസിപ്പലിന്‍റെ അടുത്ത് കൊണ്ടുപോകുമെന്ന്.”
തികച്ചും നിസ്സാരമായി അവൾ പറഞ്ഞു തീർത്തു.
വെറും 90 പേജല്ലേയുള്ളൂ! അത് സുഖമായിട്ട് രാത്രിയിൽ അങ്ങ് എഴുതി തീർക്കാൻ പറ്റും എന്ന് ആ പാവം നിരൂപിച്ചു. ചുരുക്കത്തിൽ,കുട്ടിക്ക് ഒരു പേജ് വീതം ഹിന്ദിയും ഇംഗ്ലീഷും ഹാൻഡ് റൈറ്റിംഗ് നന്നാക്കുന്നതിന് എഴുതണമെന്ന് സമ്മർ ഹോളിഡേ ഹോം വർക്കിന്‍റെ ഭാഗമായി ഉണ്ടായിരുന്ന കാര്യം അവള്‍പറഞ്ഞില്ല, ഞങ്ങൾ അവളുടെ ബുക്ക് നോക്കിയതുമില്ല! കൂടുതൽ ആവേശകരമായ മറ്റുചില ഹോളിഡേ പ്രോജക്ടുകൾ അവള്‍ക്ക് കിട്ടിയിരുന്നു, ഉദാഹരണത്തിന് - പത്തുചെടികളുടെ ഇലകളും പൂക്കളും കളക്റ്റ് ചെയ്ത് ഉണക്കി ഒട്ടിക്കുക, പ്ലാസ്റ്റിക് കവർ കൊണ്ട് പൂക്കളുണ്ടാക്കുക, ഒരു തണ്ണിമത്തങ്ങയില്‍ എത്ര കുരു ഉണ്ടെന്ന് എണ്ണുക, എന്നിങ്ങനെ. ഇതിനിടയ്ക്ക് ആരാണ് ദിവസവും ഇംഗ്ലീഷും ഹിന്ദിയും എഴുതുന്നത് ഓർക്കാൻ ഇഷ്ടപ്പെടുക! അവളെ കുറ്റം പറയാനാവില്ല!
സത്യം
പറയാമല്ലോ! ആ മറന്നു പോയ ലഘുവായ ഹോംവര്‍ക്കിന്‍റെ കാര്യം അവള്‍ അവതരിപ്പിച്ചതിനു
ശേഷം അവളുടെ കയ്യിൽ നിന്ന് പെൻസിൽ താഴെ ഇറങ്ങിയത് ഉറങ്ങുമ്പോൾ മാത്രമാണ്. ഞാൻ
മുമ്പ് പറഞ്ഞ ആ പുണ്യാത്മാവ് എന്‍റെ മനസ്സിന്‍റെ കോണിലെവിടെയോ വീണ്ടും സമാധിയായി!
അങ്ങനെ ആ മനോഹരമായ വെള്ളിയാഴ്ച ഞങ്ങൾ അവളെ സ്കൂളിൽ വിട്ടില്ല, പകരം അവളെയുംകൊണ്ട് കോളേജിൽ
പോയി. എഴുതാനുള്ളത് ഞങ്ങൾ ഇരുവരും മാറിമാറി ഡിക്‍റ്റേറ്റു ചെയ്തു കൊടുത്തു. അത്ഭുതം! സന്ധ്യയായപ്പോഴേക്കും
30 page തീര്‍ന്നു. പിന്നെ, ശനി, ഞായർ, തിങ്കൾ
അശ്രാന്തപരിശ്രമത്തിനൊടുവിൽ 5/7/18 6:30pm-നു തുടങ്ങിയ ഹോംവർക്ക് 8/7/18
8:20pm-നു പൂർത്തീകരിച്ചു. കേരളത്തിൽ
അല്ലാത്തതുകൊണ്ട് ഏതായാലും ബാലാവകാശ പ്രവർത്തകർ ആരും പ്രശ്നത്തിൽ ഇടപെട്ടില്ല.
ജീവിതത്തിലെ ചില്ലറ മടികളും
ശ്രദ്ധക്കുറവുകളും യാതൊരു പരിഹാരവുമില്ലാത്ത പ്രതിസന്ധിഘട്ടങ്ങളിൽ എത്തിക്കുമെന്ന്
മൊത്തം കുടുംബത്തിന് (അപ്പൻ, അമ്മ, കുട്ടി) ഇത്രയും ഭംഗിയായി
മനസ്സിലായ ഒരു അവസരവും ഇതിനു മുമ്പുണ്ടായിട്ടില്ല. മടിയൻ മാത്രമല്ല അവന്‍റെ
കുടുംബം മുഴുവനും മല ചുമക്കുമെന്ന് നന്നായി മനസ്സിലായി!! പാവം കുഞ്ഞിനുകൊടുത്ത അടി, കുത്ത്, നുള്ള്, പള്ളുപറച്ചില്‍, ഉപദേശം, ഗുണദോഷം, കൂട്ടിരിക്കൽ, സഹതപിക്കല്‍, വിധിയെപ്പഴിക്കല്‍
എല്ലാംകൂടിച്ചേർത്ത് കുട്ടിയും രക്ഷിതാക്കളും ഒരുപോലെ പരിക്ഷീണരായി. മുടി
നരക്കുന്നതിനും കൊഴിയുന്നതിനും ഹെയര്‍ ടോണ്‍ തേച്ചതും സ്ട്രെസ്സ് ഒഴിവാക്കി ജീവിതം
നയിക്കുന്നതിന് ചില എളിയ നടപടികൾ സ്വീകരിച്ചതുമെല്ലാം ഒരൊറ്റ ഹോളിഡേ ഹോംവർക്കില്‍
ഒലിച്ചുപോയി!
ഹോംവര്‍ക്ക് അതിന്‍റെ ലക്ഷ്യം നിറവേറ്റിയോ എന്ന കാര്യത്തിൽ ഞങ്ങളുടെ കുടുംബത്തിനും തീർച്ചയായും ടീച്ചറിനും സംശയമുണ്ടായി! കാരണം ഹാന്‍ഡ് റൈറ്റിങ് നന്നാക്കാൻ കൊടുത്ത പണി ആ ദിശയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാക്കിയതായി തോന്നിയില്ല. പക്ഷേ ഒന്നുണ്ട്! അന്നുമുതൽ കുട്ടിയുടെ എഴുത്തിന്‍റെ സ്പീഡ് മെച്ചപ്പെട്ട് തുടങ്ങി!! തികച്ചും സ്വാഭാവികം!!!
കുട്ടിയുടെ കേസ്മെന്‍റ്
ക്ലോത്തും ഹാന്‍ഡ് റൈറ്റിങ് ബുക്കും ഉടൻ സംഘടിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകും
എന്ന യാഥാർത്ഥ്യം യാതൊരുവിധ ആശയവിനിമയങ്ങളും ഇല്ലാതെ തന്നെ ഇത്തവണ എന്‍റെ ഭര്‍ത്താവിന് മനസ്സിലായി. ഒരുപക്ഷേ അദ്ദേഹവും ഈ പഴയകഥ
ഓർക്കുന്നുണ്ടാവും! അങ്ങനെ ഇതിനോടകം തന്നെ കൊറോണ ഭരണമേറ്റെടുത്ത ടൗണിലേക്ക് മകള്‍ക്ക്
വേണ്ടതൊക്കെ സംഘടിപ്പിക്കാൻ എല്ലാവിധ മുൻകരുതലുകളുമായി അദ്ദേഹം പുറപ്പെട്ടു.
അമ്മയ്ക്ക് വേണ്ടി പുലിപ്പാല് തേടി ഘോരവനത്തിലേക്കുപോയ അയ്യപ്പനെയും, പാഞ്ചാലിക്കുവേണ്ടി കല്യാണസൗഗന്ധികം
തേടിപ്പോയ ഭീമനെയും ഞാനോർത്തു! എന്‍റെ ഭർത്താവും ഒരു ധീരപുരുഷൻ തന്നെ!!
എന്‍റെ കുട്ടിക്ക് കൊറോണക്കാലത്ത്
ഓൺലൈനായി അത്യാവശ്യം പഠിക്കേണ്ടതായി നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്ന സബ്ജക്ടുകൾ
മൊത്തത്തിൽ 15 എണ്ണമാണ്! അവയിൽ ചിലത് താഴെ കാണുന്ന പ്രകാരം ആണ്-
1.
പിടി
2.
നീഡില്‍ വര്‍ക്ക്
3.
ഡാന്‍സ്
4.
മ്യൂസിക്
5.
എസ്‌യുപിഡബ്ല്യു
6.
ജികെ
7.
ആര്‍ട്ട്
8.
വാല്യൂ എഡ്യുക്കേഷന്‍
ഈ വക സാധനങ്ങളുടെ 45
മിനിറ്റ് വീതമുള്ള ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതേ എനിക്ക് ചൊറിച്ചിലാണ്.
ഉദ്ദേശശുദ്ധിയെ മാനിക്കാം, പക്ഷേ കുഞ്ഞുങ്ങളുടെ കണ്ണും
കഴുത്തും കളഞ്ഞു മേൽപ്പറഞ്ഞവ ഓൺലൈനായി പഠിക്കണോ എന്നാണ് എന്‍റെ സംശയം. ഇത് ഈ
നാട്ടിലെ കഥയാണ്. എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെ ആണോ എന്നെനിക്കറിയില്ല. കൊറോണ
കാലത്ത് ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്
തുടങ്ങിയ മാരണങ്ങൾ ഒക്കെ തന്നെ പ്രൈമറി, പ്രീപ്രൈമറി
കുഞ്ഞുങ്ങൾക്ക് കുറച്ചു കൂടുതൽ ആണെന്നാണ് എനിക്ക് തോന്നുന്നത്. രാവിലെ 9 മണി മുതൽ
ഉച്ചയ്ക്ക് 2 മണി വരെ ലാപ്ടോപ്പിന്‍റെയോ മൊബൈലിന്‍റെയോ മുമ്പില്‍കുത്തിയിരുന്ന്
എന്ത് വൈജ്ഞാനിക നേട്ടമാണ് ഇവരുണ്ടാക്കുന്നത് എന്ന് എനിക്കറിയില്ല. അയൽവീട്ടിലെ
മൂന്നര വയസ്സുകാരിക്ക് രാവിലെ 7 മുതൽ 12 വരെയാണ് ക്ലാസ്. അത്യാവശ്യം കണക്കും ഭാഷാ
പരിചയം മാത്രം ഈ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ ആയി നൽകിയാൽ പോരെ? മേൽപ്പറഞ്ഞ സരസ, സരള കലാപരിപാടികളൊക്കെ ഓരോ
കുഞ്ഞിനും അവന്‍റെ അഭിരുചിക്കും, സമയത്തിനും, സാഹചര്യത്തിനുമൊക്കെ
അനുസരിച്ച് എപ്പോൾ വേണമെങ്കിലും യൂട്യൂബിൽ നിന്നും കാണാമല്ലോ.
ഒരു വർഷത്തെ ‘കൊറോണ ബേസിക്’, ‘കൊറോണ അഡ്വാന്‍സ്ഡ്’, ‘കൊറോണ പ്ലസ്’ കോഴ്സുകൾ ഒക്കെ കഴിഞ്ഞ്
പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ കാഴ്ചയുടെ വൈകല്യവും സ്പൈനൽ കോഡിന്‍റെ വളവും തലച്ചോറിന്‍റെ
അപാകതകളും എല്ലാം കൂടി പഠിക്കാൻ ഒരു പുതിയ പഠന ശാഖ തന്നെ ഉരുത്തിരിഞ്ഞു വന്നേക്കാം!
ടീച്ചേര്‍സിന്‍റെ ഗതികേടാണ് അതിലും ഭീകരം! പലപ്പോഴും പാഠ്യപദ്ധതികൾ
ആവിഷ്കരിക്കുന്നതും, അധ്യാപനവും, അധ്യയനവും എങ്ങനെയാവണമെന്ന്
നിർണയിക്കുന്നതും വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്തവരാവും.
കൊറോണക്ക് ശേഷം വരുന്ന നാളുകള്‍
നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇലക്ട്രോണിക് വേസ്റ്റ് മാനേജ്മെൻറ് ആവും. ഓൺലൈൻ
പഠനത്തിന്‍റെ പരിമിതികളെ തിരിച്ചറിഞ്ഞും, അംഗീകരിച്ചും,ഒരുപരിധിവരെ വിധേയപ്പെട്ടുമുള്ള
ഒരു പഠനശൈലി അല്ലേ ആവിഷ്കരിക്കേണ്ടിയിരുന്നത്? ഓരോ സ്കൂളും ഏറ്റവും അധികം
സമയം കുട്ടികളെ മൊബൈലിനു മുമ്പിലിരുത്തുന്ന സ്കൂൾ ആവാൻ മത്സരിക്കുമ്പോൾ, നാം തീർച്ചയായും
പരാജയപ്പെടുകയാണ്.
പ്രൈമറി സ്കൂളുകളിലെ
കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുക. അവർ മലയാളത്തിലെയും ഇംഗ്ലീഷിലെയും ഹിന്ദിയിലെയുമൊക്കെ
നല്ല നല്ല കഥകൾ വായിക്കട്ടെ, പിന്നെ ഒരു മോറൽ സയൻസ്
ക്ലാസ്സിന്‍റെയും ആവശ്യം വരില്ല. അവർ വായിക്കുന്നതൊക്കെ comprehend ചെയ്യാനും elaborate ചെയ്യാനും ഉള്ള അസൈൻമെന്‍റുകള്‍
നൽകുക, സ്വയം ചോദ്യങ്ങൾ ഉണ്ടാക്കാനുള്ള ടാസ്കുകൾ കൊടുക്കുക. ഭാഷാപ്രാവീണ്യമുള്ള
ഒരു കുഞ്ഞിന് പിന്നീടുള്ള അവന്‍റെ പഠനകാലത്ത് ഏത് സബ്ജെക്ടും പെട്ടെന്ന് ഗ്രഹിക്കുന്നതിനുള്ള
പ്രാപ്തി ഉണ്ടാകും. പ്രൈമറി തലത്തിൽ ഓൺലൈൻ ക്ലാസുകൾ ഒരു മണിക്കൂർ ആയി ചുരുക്കി
അതേദിവസം തന്നെ രണ്ടോ മൂന്നോ മണിക്കൂറുകൾ അവർക്ക് വായിക്കുകയും എഴുതുകയും
ചെയ്യേണ്ടതായി വന്നാൽ ഗുണപരമായി എത്രയോ വലിയ പരിവർത്തനം ആവും നമ്മുടെ
കുഞ്ഞുങ്ങൾക്ക് ഉണ്ടാവുക. തന്നെയുമല്ല അവർക്ക് അവരുടെ ജന്മവാസനകൾക്കും
അഭിരുചിക്കും അനുസരിച്ച് ആടാനും പാടാനും തുന്നാനുമൊക്കെ പിന്നെയും സമയം ബാക്കിയുണ്ടാവും. മനുഷ്യന്‍റെ
അഭിരുചികള്‍ വ്യത്യസ്തമല്ലേ, ഇഷ്ടമുള്ളത് ചെയ്യാനും
കുഞ്ഞുങ്ങൾക്ക് സമയം നൽകേണ്ടതല്ലേ?
വായിക്കുന്നതിന് ബുക്കുകൾ എവിടെയെന്ന് ചോദിച്ചാൽ, സ്കൂൾ ലൈബ്രറികളിലും പൊതു വായനശാലകളിലും പൊടി പിടിച്ചും ചിതലരിച്ചും നശിച്ചുപോകുന്ന ബുക്കുകൾ അധ്യാപകരും സന്നദ്ധപ്രവര്‍ത്തകരും ചേർന്ന് ജീവിത മൂല്യവും കഥാമൂല്യവും ഉള്ളവ തിരഞ്ഞെടുത്ത് കുട്ടികള്‍ക്കെത്തിക്കട്ടെ. സ്കൂളുകളും വായനശാലകളും തുറന്നു പ്രവർത്തിക്കുമ്പോൾ തിരികെ കൊടുത്താൽ മതി. അല്ലെങ്കിൽ തന്നെ ഇരുന്ന് നശിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് ഉപയോഗിച്ചുതീരുന്നത്. തീർച്ചയായും വായിക്കുന്ന തലമുറ നമ്മുടെ രാജ്യത്തിന് നന്മയാകും.
കൊറോണ സൃഷ്ടിക്കുന്ന ഓൺലൈൻ ‘വിജ്ഞാന വിസ്ഫോടനം’ അതുണ്ടാക്കുന്ന ശ്വാസംമുട്ടലിനെക്കാള്‍
ഗുരുതരമാണെന്ന് പറയാതെ വയ്യ! ഒരു വർഷം നമ്മൾ അല്പം കുറച്ചു പഠിച്ചതു കൊണ്ടോ
പഠിപ്പിച്ചതുകൊണ്ടോ ഭൂമിയങ്ങു പിളർന്നു പോകുമോ!കുരുന്നുകളെയെങ്കിലും നമുക്ക് വെറുതെ വിട്ടുകൂടെ. എന്തായാലും നമ്മൾ ഇതുവരെ പഠിച്ചതൊന്നും ഒരു
ഇത്തിരിക്കുഞ്ഞന്‍ വൈറസിന്‍റെ മുന്നിൽ വിലപ്പോയില്ല. നിറയെ കൊത്തുപണികളുള്ള പ്രോട്ടീൻ
ചെപ്പിനുള്ളിൽ ഒരു തുണ്ട് DNAയോ RNAയോ ഒളിപ്പിച്ചുവച്ച് ലോകം
മുഴുവൻ നശിപ്പിക്കാന്‍ പോന്ന പ്രഹരശേഷിയുമായി അങ്ങനെ എത്രയോ ജാലവിദ്യക്കാര്‍ ഇനിയും
വരാനിരിക്കുന്നു! നമ്മുടെ കാഴ്ചയ്ക്കും കേള്‍വിക്കുമപ്പുറത്തിരുന്ന് അവര്‍
പൊട്ടിച്ചിരിക്കുന്നുണ്ടാവാം - ഈ ഭൂമിയിലെ മുഴുവന്‍ ജീവനെയും നശിപ്പിക്കുവാന്‍
എന്നേ ഇറങ്ങിത്തിരിച്ചവരാണ് ഞങ്ങള്‍, നിങ്ങളിനി അതിനു
ബുദ്ധിമുട്ടേണ്ട എന്ന്. ഇല്ല, അതിനല്ലേ മനുഷ്യന് മാത്രമേ
ഇങ്ങനെ ചിരിക്കാന്‍ കഴിയൂ എന്ന് നമ്മള്‍ ഒത്തിരി പണ്ടേ കണ്ടെത്തിയിരിക്കുന്നത്!!!
അല്പം വിശ്രമിക്കുക, അല്പം വിരസത അനുഭവിക്കുക! വിരസതയിൽ നിന്നാണ് ചിന്തകൾ ഉടലെടുക്കുക, ചിന്തകള്‍ ചോദ്യങ്ങളാവും, ചോദ്യങ്ങള്‍ ഉത്തരങ്ങളെ തേടിപ്പിടിക്കും. കുഞ്ഞുങ്ങൾ കുറച്ചു സമയം വെറുതെ ഇരിക്കട്ടെ, അവര്‍ തങ്ങളുടെ ഉള്ളിലേക്ക് തന്നെ നോക്കട്ടെ, പുതിയ അറിവുകൾ സൃഷ്ടിക്കട്ടെ!!!
Dr. Blessy K Alex