പിപിഇ കിറ്റിൽ നിന്ന് ബബ്ൾ ബോയ്സ്സിലേക്ക് ഇനി എത്ര ദൂരം?!!!
ഞാനും എൻറെ സഹോദരനും ചെറിയ കുട്ടികളായിരുന്നപ്പോൾ കുളിക്കാനായി ബക്കറ്റുകളിൽ വെള്ളം നിറച്ച ശേഷം ആദ്യം ചെയ്യുന്ന പണി വയറിനു മുകളിൽ യഥേഷ്ടം സോപ്പ് പതച്ചു തേക്കലായിരുന്നു.
അതിനുശേഷം ആ സോപ്പുപയോഗിച്ചു കുമിളകളുണ്ടാക്കും. കണ്ണിനു മുമ്പിൽ
വിരിഞ്ഞുവരുന്ന വർണ പ്രപഞ്ചത്തെ നോക്കി വിസ്മയം കൊള്ളും!
ഒപ്പം,
അവയുടെ വലിപ്പം, രൂപവ്യത്യാസം, എത്രനേരം പൊട്ടാതെ നിന്നു, എത്ര ദൂരം വായുവിൽ ഒഴുകിനടന്നു ഇത്തരം കാര്യങ്ങളിലൊക്കെ വിശദമായ ചർച്ചകളും ചില്ലറ അടിപിടികളുമൊക്കെ നടത്താറുണ്ടായിരുന്നു. ചിലതൊക്കെ
ഊതി വിടുമ്പോൾ തന്നെ ഒരു ഗോളമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കും, മറ്റുചിലത് ഒരു പരാബോളയായി കയ്യിൽ തൂങ്ങും, പിന്നെയും ചിലത് ചുരക്കയുടെ
ആകൃതിപൂണ്ട് പെട്ടെന്ന് ജീവൻ വെടിയും.
അന്നൊക്കെ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് ആ
സോപ്പ് കുമിളകളിൽ ഞാൻ
കാണുന്ന എന്റെ
തന്നെ
പ്രതിരൂപമായിരുന്നു. പക്ഷേ, അത്തരം ഒരു കുമിളയ്ക്കുള്ളിൽ ജീവിക്കുന്നതിനെ ക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ!!!
നമ്മുടെ ശരീരത്തെ ചുറ്റിപ്പറ്റി മണത്തു നടക്കുന്നതും ഉള്ളിൽ കയറി ഇരിപ്പുറപ്പിച്ചതുമായ അനേകം സൂക്ഷ്മാണുക്കൾ ഉണ്ട്. അവയെക്കൊണ്ട്
അങ്ങനെ വലിയ ഉപദ്രവങ്ങൾ ഒന്നും നമുക്ക് ഉണ്ടാവാറില്ല. പോരാത്തതിന്, ചിലതൊക്കെ ഇല്ലാതെ നമുക്ക് ജീവൻ നിലനിർത്താൻ പോലുമാവില്ല! അതുകൊണ്ടാണ് ചില പ്രത്യേക അവസരങ്ങളിൽ ഡോക്ടർമാർ നമുക്ക് ‘പ്രോബയോട്ടിക്’ എന്ന പേരിൽ ചില മരുന്നുകളൊക്കെ കുറിക്കാറുള്ളത്. സത്യത്തിൽ നമ്മുടെ തൈരും ഒരു
പ്രോബയോട്ടിക്കാണ്. പ്രഭാതത്തിൽ ഒരു ‘ബ്ലാക്ക് കോഫിക്ക്’ പകരം ഒരു ‘ബാക്ടീരിയ കോഫിയും’ ആവാം എന്നർത്ഥം. അല്ലെങ്കിൽത്തന്നെ നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങളെക്കാൾ അധികം ബാക്ടീരിയയുടെ കോശങ്ങളാണുള്ളത്!
നമ്മുടെ കാഴ്ചയ്ക്കും കേൾവിക്കും അപ്പുറത്തെ സൂക്ഷ്മജീവികളുടെ ലോകത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാവും, അവിടെയുമുണ്ട് കുടിപ്പകകൾ,
ഭക്ഷണത്തിനും
മണ്ണിനും വായുവിനുമൊക്കെ വേണ്ടിയുള്ള മൽപിടുത്തങ്ങൾ. ജയിക്കുന്നവൻ തന്റെ കോളനികൾ സ്ഥാപിച്ച് ഭരണം നടത്തും, മറ്റാരും അവിടേക്ക് കടന്നു വരാതിരിക്കാൻ പ്രതിരോധങ്ങൾ തീർക്കും, ശരിക്കും ഒരു യുദ്ധ ഭൂമി തന്നെ!
എന്നാൽ നമ്മുടെ ഇടയിൽ ചില ഹതഭാഗ്യരുണ്ട്. നമുക്കാർക്കും ദോഷം ചെയ്യാത്ത ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെ അവരുടെ ജീവനുതന്നെ ഭീഷണിയാണ്. മാരകമായ ഇൻഫെക്ഷനുകളുണ്ടാക്കും. SCID (Severe Combined Immunodeficiency) എന്നാണ് ഈ ജനിതക അവസ്ഥയ്ക്ക് പറയുന്നത്. നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയുടെ നെടുംതൂണുകളായി വർത്തിക്കുന്നത് T-സെല്ലുകളും
B- സെല്ലുകളുമാണ് (lymphocytes). ഈ സെല്ലുകളുടെ ഉത്പാദനത്തിലും പ്രവർത്തനത്തിലുമുള്ള തകരാറുകളാണ് SCID എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്.
ഡേവിഡ് ഫിലിപ്പ് വെറ്റർ എന്ന ടെക്സസുകാരനായ ഒരു കൊച്ചുകുട്ടിയുടെ കഥ കേട്ടോളൂ! വെറ്റർ
ജനിച്ചത് 1971 സെപ്റ്റംബർ 21-നാണ്. അന്നുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത SCID എന്ന ജനിതക അവസ്ഥയുമായാണ് അവൻ പിറന്നുവീണത്. വെറ്ററുടെ മാതാപിതാക്കൾക്ക് അവർ ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. വെറ്ററുടെ മൂത്ത സഹോദരനും ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതേ
രോഗം മൂലം മരിച്ചിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ആകെയുള്ള പോംവഴി. പക്ഷേ വെറ്ററുടെ കുടുംബത്തിൽ അവന് യോജിച്ച ഒരു ദാതാവില്ലായിരുന്നു. അവന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രത്തിന്
മറ്റ് വഴികൾ ഇല്ലാത്തതിനാൽ രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതുവരെ അണുവിമുക്തമാക്കിയ ഒരു പ്ലാസ്റ്റിക് ബബ്ളിനുള്ളിൽ അവനെ ജീവിക്കാൻ അനുവദിക്കണമെന്ന് അവർ തീരുമാനിച്ചു. നാസയിലെ എൻജിനീയർമാരാണ് വെറ്ററിനുവേണ്ടി ‘ബബ്ൾ’ ഡിസൈൻ ചെയ്തത്. മീഡിയ അവനെ
‘ബബ്ൾ ബോയി’ എന്ന ഓമനപ്പേരിട്ട് വിളിച്ചു.
വെറ്ററുടെ മാതാപിതാക്കൾ അവന് ഏറ്റവും മെച്ചപ്പെട്ട വൈദ്യപരിചരണം ഉറപ്പാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. ജനിച്ച് 20 സെക്കൻഡുകൾക്ക് ശേഷം അവനെ ബബ്ളിനുള്ളിലേക്ക് മാറ്റി. അവൻറെ അമ്മയുടെ വാക്കുകളിൽ ‘പുറത്തുള്ള ലോകത്തെ ആ ബബ്ളിനുള്ളിലേക്ക് കൊണ്ടുവരാനും താൻ
സ്നേഹിക്കപ്പെടുന്നുവെന്ന് അവന് ഉറപ്പുലഭിക്കുവാനുമാണ് ഞങ്ങൾ ശ്രമിച്ചത്‘. എന്നെങ്കിലുമൊരിക്കൽ
അവന്
ആ ബബ്ളിന്
പുറത്തുകടക്കാനാവുമെന്ന പ്രതീക്ഷയവർക്കുണ്ടായിരുന്നു. അതുകൊണ്ട് അവർ അവന് വിദ്യാഭാസത്തോടൊപ്പം
ധൈര്യവും, പ്രത്യാശയും ആത്മവിശ്വാസവും പകർന്നുകൊടുത്തു. സാധ്യമാവുന്നത്രയും
സോഷ്യലൈസ് ചെയ്യുന്നതിനുള്ള അവസരങ്ങളുമുണ്ടാക്കി. മറ്റേതൊരു കുഞ്ഞിനെയും പോലെ അവനും സഹോദരിയും കളികളിലേർപ്പെട്ടു, അവൻ ബബ്ളിനുള്ളിലും
അവൾ പുറത്തുമായി. അവന്റെ
കളിപ്പാട്ടങ്ങളും ബുക്കുകളും പഠനോപകരണങ്ങളുമെല്ലാം ബബ്ളിനുള്ളിൽ
അണുവിമുക്തമായി സ്ഥാനം പിടിച്ചു.
ആറുവയസ്സുള്ളപ്പോഴാണ്
വെറ്റർ ആദ്യമായി ബബ്ളിനു പുറത്തുള്ള ലോകത്തേക്ക് കാൽവച്ചത്. നാമൊക്കെ
വീട്ടിൽ നിന്ന് പുറത്തു പോകുന്നതു പോലെയല്ല എന്ന് മാത്രം. നാസ അവനു വേണ്ടി ഒരു സ്പെഷ്യൽ സ്യൂട്ട് ഡിസൈൻ ചെയ്തു. അവൻ ഓരോ തവണയും പുറത്തിറങ്ങുന്നതിന്
അവനും സഹായികളും ചെയ്യേണ്ടിയിരുന്ന അണുവിമുക്തമാക്കൽ
പ്രക്രിയ ഈ കോറോണയുടെ
കാലത്തുപോലും നമുക്ക് സങ്കല്പിക്കാനാവില്ല. ആദ്യമായി അവൻറെ അമ്മ അവനെ
സ്വന്തം കൈകളിലെടുത്തത് (ആ പ്ലാസ്റ്റിക് സ്യൂട്ട് ധരിച്ച അവസ്ഥയിൽ) 1977 ജൂലൈ 29-നാണ്. ഒരുപക്ഷേ അവനെയുമെടുത്തുള്ള അവൻറെ അമ്മയുടെ ചിത്രം കാണുമ്പോൾ നമുക്ക് തോന്നും അവരാണ് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയെന്ന്! നമ്മുടെ കുഞ്ഞുങ്ങൾ എന്തു നേട്ടം കൈവരിച്ച ലാണ് നാം ഒന്നു നിറഞ്ഞു ചിരിക്കുക!! ഒരിക്കൽ
അവൻ ആവശ്യപ്പെട്ടത് അവന് ആകാശത്ത് നക്ഷത്രങ്ങളെ കാണണമെന്നാണ്! അവൻറെ പതിനൊന്നാം പിറന്നാൾ രാത്രിയിൽ അവർ
അവനെ 20 മിനിറ്റ് നക്ഷത്രങ്ങളെ കാണാൻ അനുവദിച്ചു.
1983-ൽ വിദഗ്ധരായ ഡോക്ടർമാരുടെ സംഘം പൂർണമായും മാച്ച്
അല്ലാത്ത ഡോണറിൽ നിന്നും മജ്ജ സ്വീകരിച്ച്
അവന് രോഗത്തെ തരണം ചെയ്യാനാവുമെന്ന
പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ വെറ്ററുടെ കുടുംബം അത്
പരീക്ഷിക്കാമെന്നേറ്റു. അങ്ങനെ അവൻറെ പന്ത്രണ്ടാം വയസ്സിൽ സ്വന്തം സഹോദരി അവനുവേണ്ടി മജ്ജ
ദാതാവായി. നിർഭാഗ്യവശാൽ ആ ശസ്ത്രക്രിയയുടെ സമയത്ത് അവന്റെ
ശരീരത്തിൽ Epstein
Barr വൈറസുകൾ കടന്നുകൂടി. നാല് മാസത്തിനുശേഷം ലിംഫോമ ബാധിച്ച് അവൻ മരിച്ചു. എന്നാൽ വെറ്ററുടെ
ജീവിതം മൂലം
വൈദ്യശാസ്ത്രത്തിന് ഒരുപാട് മുന്നോട്ട് പോകാനായി. ജീൻ തെറാപ്പി എന്ന നൂതന
സങ്കേതത്തിലൂടെ വെറ്ററിനെപ്പോലെയുള്ള അനേകം കുഞ്ഞുങ്ങൾക്ക് ഇന്ന് ഏറെക്കുറെ സാധാരണജീവിതം പ്രാപ്യമായി
വരുന്നു.
നൂറ്റാണ്ടുകളിലെ പരിണാമങ്ങളിലൂടെയാണ് ജീവിവർഗ്ഗങ്ങൾ സവിശേഷമായ രൂപ ഘടനകളും ജീവധർമ്മങ്ങളും ആർജ്ജിച്ചെടുത്തത്. തീർച്ചയായും ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെ ഈ പരിണാമപ്രക്രിയയുടെ ഭാഗം തന്നെയാണ്. പ്രകൃതി നൽകിയ വെല്ലുവിളികളെ അതിജീവിച്ച് അവയിൽ പലതും കൂടുതൽ കരുത്താർജിക്കുകയാണ്. ഒപ്പം നമ്മൾ മനുഷ്യർ നമ്മുടെ അന്തമില്ലാത്ത ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടി ജനിതക എഞ്ചിനീയറിംഗിലൂടെ
പുനഃസൃഷ്ടിച്ച സൂക്ഷ്മജീവികൾ വേറെ. അങ്ങനെ സ്വയം സ്മാർട്ട് ആയതും നമ്മൾ സ്മാർട്ട് ആക്കിയതുമായ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെ ഒന്നു മനസ്സുവെച്ചാൽ നമുക്ക് ഈ പിപിഇ കിറ്റിൽ നിന്നും ഒരു
ബബ്ളിനുള്ളിലേക്ക് ഓടിക്കയറാൻ അധിക സമയം വേണ്ടി വരില്ല!!
ദാ! ഇന്നലെ കേട്ടു, കൊറോണ വൈറസിന്റെ
ഒരു പുതിയ എഡിഷൻ മലേഷ്യയിൽ പുറത്തിറങ്ങിയെന്ന്, അതിന് പത്തുമടങ്ങ് കൂടുതൽ രോഗവ്യാപനശേഷിയുണ്ടത്രെ! യുദ്ധം തുടങ്ങിയിട്ടേയുള്ളു എന്ന് സാരം!! കാഴ്ചയ്ക്കും കേൾവിക്കും അപ്പുറത്തുള്ള ശത്രുക്കളെ പ്രതിരോധിക്കുന്നതിൽ ഏതാണ്ട് എല്ലാ ലോക ശക്തികളും തങ്ങൾ അമ്പേ പരാജയം ആണെന്ന് തെളിയിച്ചു കഴിഞ്ഞു. ഓ! നമ്മളെന്തിനാണ് വ്യാകുലപ്പെടുന്നത്! ബബ്ളിനുള്ളിലും ഒരു ലാപ്ടോപ്പും പരിധികളില്ലാത്ത നെറ്റ്വർക്കുമുണ്ടെങ്കിൽ നമ്മൾ അങ്ങനെ സന്തോഷമായി കഴിഞ്ഞുകൂടില്ലേ! ഓണത്തിനുടുക്കുന്ന കസവു സാരിക്കൊപ്പം മാച്ച് ചെയ്യുന്ന
കസവിന്റെ മാസ്കും തേടിപ്പോകാൻ മടിക്കാത്ത നമുക്കിതിലൊക്കെ എന്തിരിക്കുന്നു! നാണംകെട്ടവന് ആസനത്തില് മുളയ്ക്കുന്ന ആലും അലങ്കാരം എന്ന്
പഴമക്കാര് പറഞ്ഞതിന്റെ ഉത്തമ ഉദാഹരണം ഇതുതന്നെയാവും!! ബബ്ളിനു രണ്ട് വീലുണ്ടെങ്കിൽ എവിടെ വേണമെങ്കിലും യാത്രയും
ചെയ്യാം!! അതൊരു പക്ഷേ പിന്നിട്ട പരിണമാവഴികളിലൂടെയുള്ള ഒരു തിരിച്ചുപോക്കുമാവാം!!
ഒരുതരത്തിൽ
ഈ ഭൂമിയും
ഒരു ബബ്ൾ
തന്നെയല്ലേ, എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒന്ന്! അതിരുകൾ നാം കാണുന്നില്ല എന്ന് മാത്രം!! ആരും നമുക്കുള്ള അതിരുകൾ നിർണയിക്കാതിരിക്കണമെങ്കിൽ നാം തന്നെ നമ്മുടെ അതിരുകൾ
നിർണയിക്കേണ്ടതുണ്ട്. അത് തന്നെയാണ് ഉത്തമവും. ഭൂമിക്കും,
പ്രകൃതിയ്ക്കും, സഹജീവികൾക്കും മേലുള്ള കടന്നുകയറ്റത്തിന്റെ അതിർവരമ്പുകൾ മാറ്റി വരയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു!
Dr. Blessy K Alex