സംഗീതജ്ഞനായ ഓർഫിയസിന്റെ വീണവാദനത്തിൽ പക്ഷികളും മൃഗങ്ങളും പ്രകൃതി ഒന്നാകെത്തന്നെ ലയിച്ചിരുന്നു. ഓർഫിയസിന്റെ പ്രിയതമയായ യുറിഡീസിയെ മരണം കവർന്ന് പാതാളത്തിലേക്ക് കൊണ്ടുപോയി. പാതാളത്തിന്റെ ശക്തികളെ തന്റെ സംഗീതംകൊണ്ട് കീഴടക്കി, പാതാളരാജാവായ ഹേഡിസിൽ നിന്നും രാജ്ഞി പേർസെഫോണിൽ നിന്നും അവളെ തിരികെ കൊണ്ടുപോകാൻ ഓർഫിയസ് സമ്മതം വാങ്ങി. പക്ഷേ, അവർ ഒരു നിബന്ധന വച്ചു, ഭൂമിയിലെത്തും വരെ തിരിഞ്ഞുനോക്കരുത്. ഭൂമിയെ സമീപിക്കാറായപ്പോൾ നിർഭാഗ്യവാനായ ഓർഫിയസ് ആകാംഷ അടക്കാനാവാതെ യുറിഡീസി തന്റെ പിന്നിലുണ്ടോ എന്ന് തിരിഞ്ഞുനോക്കി. അവന്റെ കൺമുമ്പിൽ നിന്ന് ഒരു നിഴൽപോലെ അവൾ മാഞ്ഞുപോയി...
-Greek mythology
ചിലപ്പോൾ ചില ആശയങ്ങൾക്ക്, ചിന്തകൾക്ക് വ്യക്തത
കുറവായിരിക്കാം, ചിലതൊക്കെ തീരെ ദുർബലം എന്ന്
വിലയിരുത്തപ്പെട്ടേക്കാം, പിന്നെ ചിലത് കാലത്തിനും മുമ്പേ
വന്ന് ആരാലും ഗണ്യമാക്കപ്പെടാതെ പോയേക്കാം (ഗ്രിഗർ മെൻഡലിന്റെ പയർ വിത്തുകൾ മൂന്നു
പതിറ്റാണ്ടോളം സമകാലികരുടെ തലച്ചോറിൽ മുളക്കാതെ കിടന്നതുപോലെ!), മറ്റുചിലത് പ്രായോഗികമല്ലെന്ന്
വ്യാഖ്യാനിക്കപ്പെട്ടേക്കാം, ശുദ്ധ അസംബന്ധങ്ങൾ എന്ന്
തൂത്തെറിയപ്പെടുന്നവയും ഉണ്ട്. പക്ഷേ, ഭാവനകൾ ആണ്,
ചിന്തകളാണ് എന്നും ശാസ്ത്രത്തിന് പ്രചോദനമായിട്ടുള്ളത്.
സയൻസ് ഫിക്ഷനുകളുടെ പിന്നാമ്പുറങ്ങളിൽ ഒന്ന് പരതിയാൽ ഒരു കാര്യം വ്യക്തമാണ്. നമ്മെ അത്ഭുതസ്തബ്ധരാക്കുന്ന പല കണ്ടുപിടുത്തങ്ങളും പിറവികൊണ്ടത് ഔപചാരികമായി ശാസ്ത്ര വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മനുഷ്യരുടെ തലച്ചോറിലാണ്. സബ്മറൈനുകളുടെ ആശയം, ബഹിരാകാശ യാത്ര എന്ന സ്വപ്നം, ഇന്റെർനെറ്റ് എന്ന ആഗോള വാർത്താവിനിമയ സങ്കേതത്തെ കുറിച്ചുള്ള സങ്കല്പം ഇതൊക്കെ സയൻസ് ഫിക്ഷനുകളുടെ പിതാവ് എന്നറിയപ്പെടുന്ന ജൂൾസ് വെർണയുടെ തലയിൽ ഉദിച്ചതാണ്. ശാസ്ത്ര പഠനത്തിന്റെ യാതൊരു പിൻബലവും ഇല്ലാതെയാണ് ഇതൊക്കെ അദ്ദേഹം സ്വപ്നം കണ്ടത് . എച്ച് ജി വെൽസ്, മേരി ഷെല്ലി, ജോർജ് ഓർവൽ, ഫിലിപ്പ് കെ ഡിക്ക് തുടങ്ങി നിരവധി ആളുകൾ ഈ ഗണത്തിൽ ഉണ്ട്. ഒരുപക്ഷേ പരന്ന വായനയും പരിധികളില്ലാത്ത ഭാവനയുമാവാം ഇവരെ സഹായിച്ചിട്ടുണ്ടാവുക. ശാസ്ത്രത്തിന്റെ യുക്തിയും കണിശതയുമൊന്നും ഇവരെ ഭയപ്പെടുത്തിയിട്ടുമുണ്ടാവില്ല. എന്നാൽ മറുഭാഗത്തുമുണ്ട് ആളുകൾ, ഐസക് അസിമോവ്, ആർതർ സി ക്ലാർക്ക്, കാൾ സാഗൻ, മൈക്കിൾ ക്രിച്റ്റൺ തുടങ്ങിയവർ. എന്തായാലും ഓരോ മനുഷ്യോപകാരപ്രദമായ (ചിലപ്പോഴൊക്കെ ഉപദ്രവകരവുമായ) കണ്ടുപിടിത്തങ്ങളും പിറവികൊള്ളുന്നത് ഒരു ചെറു ചിന്തയിൽ നിന്നുമാണ്.
ഏതാണ്ട് രണ്ടര പതിറ്റാണ്ടുകൾക്ക് മുമ്പാണ് കനേഡിയൻ കവിയായ ക്രിസ്റ്റ്യൻ ബോക്കിന് ഒരു മോഹം ഉദിച്ചത്. ഒരു കവിത രചിക്കണം, അതൊരു സൂക്ഷ്മജീവിയുടെ ഡിഎൻഎയിലേക്ക് വിളക്കിച്ചേർക്കണം, പോരാ, അത് മറ്റൊരു കവിതയായി ആ ജീവിയിൽ സ്വയം പരിവർത്തനം ചെയ്യപ്പെടണം (കോശങ്ങൾക്കുള്ളിലെ 'translation' എന്ന പ്രോട്ടീൻ രൂപീകരണ പ്രക്രിയയാണ് ഇവിടുത്തെ വിവക്ഷ)-അങ്ങനെ ആ ലിഖിതം തലമുറകളിലൂടെ അനശ്വരമാക്കപ്പെടണം - ഭൂമിയുള്ള കാലത്തോളം, സൂര്യനും മറ്റ് ജ്യോതിർഗോളങ്ങളും അഴിഞ്ഞു പോകുവോളം. 'ഓർഫിയസ്' എന്ന കവിത ജീവകോശത്തിനുള്ളിൽ ഡിഎൻഎയിലെ ‘കോഡോൺ’ എന്ന നിലയിൽ വായിക്കപ്പെടുന്നു, അത് ജൈവപ്രക്രിയയിൽ അമിനോ ആസിഡുകൾ ആയി അണിനിരക്കുമ്പോൾ (അവയെ വീണ്ടും നിർദിഷ്ട അക്ഷരങ്ങളായി പരിഗണിക്കുന്നതിലൂടെ), 'യൂറിഡിസി' എന്ന രണ്ടാം കവിത പിറവികൊള്ളുന്നു. തന്റെ കവിത ആലേഖനം ചെയ്യുന്നതിനും അത് കാലാതിവർത്തിയായി തീരുന്നതിനുമുള്ള ഒരു മാധ്യമം എന്ന നിലയിൽ മാത്രമല്ല ബോക്ക് ഈ സൂക്ഷ്മകോശങ്ങളെ കണ്ടത്, സ്വയം കവിത രചിക്കുന്ന ഒരു നൂതന സംവിധാനം എന്ന നിലയ്ക്ക് കൂടിയാണ്. അതിർവരമ്പുകളെ ഉല്ലംഘിച്ച് ശാസ്ത്രവും സാഹിത്യവും സാങ്കേതികവിദ്യയും ജൈവലോകവും സമന്വയിക്കുന്ന പുതിയൊരു വഴിത്താര.
ആംഗലേയഭാഷയിൽ കവിത
രചിക്കുന്നതിന് 26 അക്ഷരങ്ങൾ വേണമെന്നിരിക്കെ ജീനോം (ഒരു കോശത്തിലെ മുഴുവൻ ഡിഎൻഎയെയും ഒന്നിച്ചു കുറിക്കുന്ന പദം) എന്ന
മഹാകാവ്യം രചിക്കപ്പെട്ടിരിക്കുന്നത് വെറും നാല് രാസാക്ഷരങ്ങൾ (A, T, G,
C ബേസുകൾ) കൊണ്ടാണ്. ഡിഎൻഎ എന്ന രഹസ്യസന്ദേശം ഡീകോഡ് (decode)
ചെയ്യുമ്പോൾ (translation process) നിർമിക്കപ്പെടുന്ന
പ്രോട്ടീനുകൾ കോശത്തിനുള്ളിലെ കാര്യനിർവാഹകരായി
പ്രവർത്തിക്കുന്നു. വൈറസുകൾ മുതൽ മനുഷ്യൻ വരെ എല്ലാ ജീവികളിലും ജീവൽപ്രവർത്തനങ്ങളുടെ നിർവാഹകരായ വിവിധതരം പ്രോട്ടീനുകൾ
നിർമിക്കപ്പെട്ടിരിക്കുന്നത് 20 അമിനോ ആസിഡുകൾ കൊണ്ടാണ്. ഈ 20 അമിനോ
ആസിഡുകളെ നിർണയിക്കുന്നതാവട്ടെ ഡിഎൻഎയിലെ 61 ജനിതക
കോഡോണുകളും (ആകെ 64 ജനിതക കോഡോണുകളാനുള്ളത്, ഇവയിൽ മൂന്നെണ്ണം TAA, TAG, TGA എന്നിവ പ്രോട്ടീനുകളുടെ നിർമിതിയിലെ പൂർണവിരാമങ്ങളായി വർത്തിക്കുന്നു).
ജനിതകസന്ദേശത്തിലെ അടുത്തടുത്തുള്ള മൂന്ന് രാസാക്ഷരങ്ങളെ കുറിക്കുന്ന പദമാണ് കോഡോൺ. മെതിയോണിൻ (ATG), ട്രിപ്റ്റോഫാൻ (TGG)
എന്നീ രണ്ട് അമിനോആസിഡുകളെ ഒഴിച്ചുനിർത്തിയാൽ
മറ്റുള്ളവയെല്ലാം കോഡ് ചെയ്യുന്നതിന് രണ്ടോ അതിലധികമോ കോഡോണുകൾ ഉണ്ടെന്നതാണ്
വസ്തുത. കോഡോണുകൾ നിർണയിക്കുന്ന പദങ്ങളാണ്
അമിനോആസിഡുകൾ എങ്കിൽ ആ പദങ്ങൾ ചേർന്നുള്ള വാക്യങ്ങളാണ് പ്രോട്ടീനുകൾ എന്ന് കരുതുക. ഡി.എൻ.എ
തന്മാത്രയ്ക്കുള്ളിലെ A, T, G, C ബേസുകളുടെ
ക്രമീകരണത്തിലെ വ്യത്യസ്തതയാണ് അവയുൾക്കൊള്ളുന്ന ‘വിവരങ്ങളുടെ’
വ്യത്യസ്തതയ്ക്കും പ്രോട്ടീനുകളുടെ വ്യതിരക്തതയ്ക്കും അടിസ്ഥാനം.
ഡിഎൻഎയുടെ ഭാഷയിൽ കവിത രചിക്കുക എന്നാൽ അത് വെറും 4
അക്ഷരങ്ങൾ മേളിച്ച വ്യർത്ഥശബ്ദങ്ങളുടെ ഒരു നേരംപോക്കാവും എന്നതിൽ സംശയമില്ല.
അവിടെയാണ് ബോക്കിന്റെ പുതിയ കോഡ് പ്രസക്തമാകുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ
പ്രതിനിധാനം ചെയ്യുന്നതിന് 64 ജനിതക കോഡോണുകളിൽ നിന്നും 26
എണ്ണത്തെ അദ്ദേഹം പെറുക്കിയെടുത്തു. ബോക്കിന്റെ കോഡിങിൽ ഓരോ കോഡോണും (3 രാസാക്ഷരങ്ങൾ ചേർന്നതാണ്
ഒരു കോഡോൺ എന്ന് ഓർമിക്കുക) ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരത്തെ പ്രതിനിധാനം
ചെയ്യുന്നു. ചുരുക്കത്തിൽ ഡി.എൻ. എയിൽ LIFE
എന്ന് എഴുതി ചേർക്കണമെങ്കിൽ ബോക്കിന്റെ കോഡ് അനുസരിച്ച് 12
രാസാക്ഷരങ്ങൾ (ഇവ ലബോറട്ടറിയിൽ നിസ്സാരമായി നിർമിച്ചെടുക്കാവുന്നതാണ്) വേണ്ടിവരും.
ഓരോ കോഡോണുകളെയും ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളായി പുനപ്രതിഷ്ഠിച്ചതിലൂടെ ബോക്കിന്
അക്ഷരക്ഷാമം മറികടക്കാനായി. ഇത്തരത്തിൽ എത്ര വലിയ പദങ്ങളും നിസ്സാരമായി ഡി എൻഎയിൽ എഴുതിച്ചേർക്കാനാവും.
അടുത്ത കടമ്പ എന്ന് പറയുന്നത് ഡിഎൻഎ കവിത അർത്ഥവത്തായ
ഒരു പ്രോട്ടീൻ കവിതയായി കോശത്തിനുള്ളിൽ പുനർജനിക്കണം എന്നതാണ്. ഡിഎൻഎ കവിതയുടെ ട്രാൻസ്ലേഷൻ
നടക്കുമ്പോൾ (നേരിട്ടല്ല ഡിഎൻഎയുടെ ട്രാൻസ്ലേഷൻ
നടക്കുക, പകരം ഒരു സന്ദേശവാഹക ആർഎൻഎ
തന്മാത്ര ഡിഎൻഎയ്ക്ക് അനുപൂരകമായി
സൃഷ്ടിക്കപ്പെടുന്നു, പ്രോട്ടീൻ നിർമിതി നടക്കുക ഈ തന്മാത്രയെ അടിസ്ഥാനമാക്കിയാണ്)
ഒരു പ്രോട്ടീനുണ്ടാവുക എന്നത് പൂർണമായും സാദ്ധ്യമാണ്, എന്നാൽ അതൊരു അർത്ഥവത്തായ കവിതയായിരിക്കുക എന്നത് ഏറെക്കുറെ അസാദ്ധ്യവും.
അതിന് അദ്ദേഹം ചെയ്തത്, പ്രോട്ടീനിലെ ഓരോ അമിനോ ആസിഡിനെയും ഒരു ഇംഗ്ലീഷ് അക്ഷരമായി നിർണയിക്കുക
എന്നതായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ഇംഗ്ലീഷ് അക്ഷരമാല 20
അക്ഷരങ്ങളായി ചുരുങ്ങേണ്ടി വരും. കാരണം,
പ്രോട്ടീനുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് 20 വ്യത്യസ്തങ്ങളായ അമിനോ
ആസിഡുകൾ കൊണ്ടാണല്ലോ. ചുരുക്കത്തിൽ 20 അക്ഷരങ്ങൾ കൊണ്ട് ഒരു കവിത നിർമ്മിക്കണം,
ഒരുപക്ഷേ, ഒരേ അമിനോ ആസിഡുകൾ
ആവർത്തിക്കപ്പെടുന്ന ഇടങ്ങളിൽ, ബോക്ക് ശേഷിക്കുന്ന ആറ്
അക്ഷരങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. എങ്കിലും അർത്ഥവത്തായ രണ്ട് കവിതകൾ,
അതും തമ്മിൽ സംവദിക്കുന്ന രൂപത്തിൽ സൃഷ്ടിക്കുകയെന്നത്
നിസ്സാരമല്ല. വെറുതെയല്ല അനേക വർഷങ്ങൾ ഇതിനു വേണ്ടി ബോക്കിന് നീക്കിവയ്ക്കേണ്ടി
വന്നത്.
ബോക് തന്റെ cipher
രൂപപ്പെടുത്തിയത് ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ 13 ജോഡികളായി
തിരിച്ചുകൊണ്ടാണ്, ഓരോ അക്ഷരത്തിനും ഒരേയൊരു പങ്കാളി എന്ന നിലയിൽ. ഗണിതശാസ്ത്ര ഫോർമുല
അനുസരിച്ച് കണക്കാകുകയാണെങ്കിൽ ഏകദേശം 7.9 trillion സാധ്യതകളാണിവിടെ
തെളിയുന്നത് (26!/21313! = 7,905,853,580,625). കോഡുകൾ എഴുതുന്നതിന് പ്രോഗ്രാമ്മിങ്
language Python ഉപയോഗിച്ചുവെങ്കിലും ഇതൊരു അപ്രാപ്യമായ ഔട്ട്പുട്ട്
ആണെന്നതിൽ തർക്കമില്ല. പക്ഷേ, കൃത്യമായ ഫിൽട്ടറുകൾ ഉപയോഗിച്ചതിലൂടെ അർത്ഥവത്തായ 120
പദങ്ങളുടെ ഒരു സഞ്ചയം (120-word
Xenocode) Python-ന്റെ സഹായത്തോടെ രൂപപ്പെടുത്തി.
Alphabet: a b c d e f g
h i j k l m n o p q r s t u v w x y z
Xenocode: t v u k y s p n o x d r w h i g z l f a c
b m j e q
(ഓർഫിയസിൽ ‘any’ എന്ന് എഴുതപ്പെടുന്നത് cipher
ടെക്സ്റ്റ് ആയ യുറിഡീസിയിൽ ‘the’ എന്ന് വായിക്കപ്പെടുന്നു, മറിച്ച് ഓർഫിയസിൽ
‘the’ എന്നത് യുറിഡീസിയിൽ any എന്നും)
രണ്ടായിരത്തിന്റെ തുടക്കത്തിൽ ബോക്കിന്റെ മനസ്സിൽ
ബീജവാപം ചെയ്യപ്പെട്ട ഈ ആശയം 2009 നവംബറിൽ അദ്ദേഹം നേച്ചർ മാഗസിന് നൽകിയ ഒരു
അഭിമുഖത്തിന്റെ ഭാഗമായാണ് പൊതുജന ശ്രദ്ധയിലേക്ക് വരുന്നത്. ഇതിനോടകം തന്നെ തന്റെ
സ്വപ്നം സഫലമാക്കുന്നതിന് കെമിസ്റ്റുകളുടെയും മോളിക്യൂലാർ ബയോളജിസ്റ്റുകളുടെയും
സഹായം അദ്ദേഹം നേടിയിരുന്നു. ജൈവസാങ്കേതികവിദ്യയുടെ ലോകത്തെ സ്ഥിരം തൊഴിലാളിയായ ഇ.
കൊളൈ ബാക്ടീരിയയിലാണ് ആദ്യ പരീക്ഷണങ്ങൾ നടന്നത്. 2010 ആവുമ്പോഴേക്കും
അക്ഷരങ്ങളെയും കോഡോണുകളെയും തമ്മിൽ ബന്ധിപ്പിച്ച് കവിതയാക്കുന്നതിന്റെ ഒരു
ഏകദേശരൂപം തയ്യാറായി. ഒരു ചെറിയ ഡിഎൻഎ കവിത ഇ. കൊളൈയുടെ ജനിതകശ്രേണിയിൽ കൊരുത്തു
വച്ചതിലൂടെ തന്റെ ആശയം പ്രാവർത്തികമാക്കാൻ ആവുന്ന ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു.
2010 ൽ THE WIRE മാഗസിൻ 'Poet plans
living text written in DNA' എന്ന പേരിൽ ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി. 2011 ആയപ്പോൾ ബോക്ക് തന്നെ
സൂക്ഷ്മാണുവിനുള്ളിലെ 'ജീവിക്കുന്ന കവിത' എന്ന തന്റെ ആശയത്തെക്കുറിച്ച് Poetry Foundation- ന് നൽകിയ
ലേഖനത്തിലൂടെ വെളിപ്പെടുത്തി.
എന്നാൽ പരിണാമ പ്രക്രിയയിൽ എവിടെവച്ച് വേണമെങ്കിലും
കൈമോശം വന്നുപോകാവുന്ന ഒരു ജനിതക 'സ്വത്വ'ത്തിന് ഉടമയാണ് പാവം ഇ. കൊളൈ ബാക്ടീരിയ
(മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ചു മാറ്റപ്പെടുന്ന ജനിതകം)
എന്നത് തന്റെ ആശയ സഫലീകരണത്തിനുള്ള ജീവി എന്ന പദവി ഡൈനോകോക്കസ്
റേഡിയോഡ്യൂറൻസ് (Deinococcus radiodurans) എന്ന
മറ്റൊരു സൂക്ഷ്മ ജീവിക്ക് നൽകുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'Conan
the bacterium' എന്ന വിളിപ്പേരുള്ള ഡൈനോകോക്കസ് റേഡിയോഡ്യൂറൻസ് ('Conan
the barbarian' എന്ന അമരനായ കോമിക്ക് കഥാപാത്രത്തിന്റെ
ചുവടുപിടിച്ച്) ജീവലോകത്ത് അമരത്വം പ്രാപിച്ചവയെന്ന പേരിനു ഉടമയാണ്. ഈ ബാക്ടീരിയത്തിന് അതിശൈത്യത്തെയും വരൾച്ചയെയും,
അപ്രതീക്ഷിതമായ
താപവ്യതിയാനത്തെയും അൾട്രാവയലറ്റ് രശ്മികളെയും ആണവവികിരണങ്ങളേയും ഒന്നുപോലെ
നേരിടുവാനുള്ള കഴിവുണ്ട്. എന്തിനധികം പറയുന്നു, ബഹിരാകാശത്തുപോലും
അതിജീവിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ISS (ഇൻറർനാഷനൽ സ്പേസ് സ്റ്റേഷൻ) നടത്തിയ പഠനം
വെളിപ്പെടുത്തി. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ശതകോടി വർഷങ്ങൾ നിലനിന്നു പോകുവാൻ കെൽപ്പുള്ളവയാണ്
ഇവ എന്ന കരുതപ്പെടുന്നു. തന്റെ കവിത അനശ്വരതയെ എത്തിപ്പിടിക്കുവാൻ ഇതിലും നല്ലൊരു
മാധ്യമം ഇല്ലെന്ന് തന്നെ ബോക്ക് കണക്കുകൂട്ടി.
ഡൈനോകോക്കസ് റേഡിയോഡ്യൂറൻസിന്റെ ജീനോമിലേക്ക് എഴുതിച്ചേർത്ത
XP-13 എന്ന നിർമിത ജീൻ, പ്രോട്ടീൻ-13നെ
ഉത്പാദിപ്പിക്കുന്നു. ഡിഎൻഎയിൽ കൊരുത്തുചേർക്കപ്പെട്ട കവിതയ്ക്ക് മറുപടിയായി ഒരു
പ്രോട്ടീൻ കവിത സ്വന്തമായി രചിക്കുക മാത്രമല്ല
D. radiodurans ചെയ്യുക, കോശങ്ങൾ അരുണവർണത്തിൽ
കാണപ്പെടുകയും ചെയ്യുന്നു, പ്രസ്തുത പ്രോട്ടീൻ mCherry റെഡ്
എന്ന ഫ്ലൂറോഫോർ ടാഗുമായി (236 അമിനോ ആസിഡുകൾ മാത്രമുള്ളതും പ്രത്യേക തരംഗ ദൈർഘമുള്ള
പ്രകാശത്തെ ആഗീകരണം ചെയ്ത് ചുവപ്പുനിറത്തിൽ പ്രകാശിക്കുന്നതുമായ മറ്റൊരു പ്രോട്ടീൻ)
സംയോജിക്കപ്പെട്ട നിലയിൽ ഉത്പാദിക്കപ്പെടുന്നതിനാൽ ഒരു ഫ്ലൂറസെന്റ് മൈക്രോസ്കോപ്പിലൂടെ
നോക്കിയാൽ ചുവപ്പു നിറത്തിൽ പ്രകാശിതമാവുന്നു.
‘Any style of life is prim’
എന്ന് തുടങ്ങുന്ന ഡിഎൻഎ കവിത
ഓർഫിയസിന്നുള്ള പ്രതികരണമമെന്ന നിലയ്ക്ക് ‘The
faery is rosy of glow’ എന്ന് തുടങ്ങുന്നു യുറിഡീസി എന്ന പ്രോട്ടീൻ
കവിത.
2015- ൽ,
'The Xenotext- Book I' എന്ന പേരിൽ Coach Book House പ്രസിദ്ധീകരണം ചെയ്ത കൃതിയിൽ ബോക് തന്റെ പ്രോജക്ടിന്റെ പിന്നിലുള്ള
ആശയം, അതിന്റെ കലാപരമായ അർത്ഥവും മൂല്യവും, കൂടാതെ,
സാംസ്കാരികവും, ദാർശനികവും
സാഹിത്യപരവുമായ പശ്ചാത്തല ലേഖനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയിരിക്കുന്നു. 2025
ജൂൺ 3-ന് പ്രസിദ്ധീകരണം ചെയ്യപ്പെട്ട The Xenotext- Book 2 ഒരു ലബോറട്ടറി മാനുവൽ ആണെന്ന് തന്നെ പറയാം. ഓർഫിയസും യൂറിഡീസിയും അതേമാതൃകയിലുള്ള മറ്റ്പല കവിതകളും ശാസ്ത്ര
പരീക്ഷണങ്ങളുടെ വിവരണങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഉദ്യമത്തിൽ
ബോക്കിന്റെ ശാസ്ത്രലോകത്തെ പങ്കാളി എന്ന നിലയിൽ എടുത്തുപറയപ്പെട്ടത് യൂണിവേർസിറ്റി ഓഫ് ടെക്സസസിലെ കെമിക്കൽ
എൻജിനിയർ ആയ Lydia Contreras-ന്റെ പേരാണ്. 2025 ആഗസ്റ്റ്
7-ന് ടെക്സസസ് യൂണിവേർസിറ്റിയുടെ ന്യൂസ് ലെറ്റർ
'Conan the bacterium' Is Now a Poet എന്ന
തലക്കെട്ടോടെയാണ് ഈ വിസ്മയകരമായ ജനിതക ലിഖിതത്തെക്കുറിച്ച്
പരമാർശിച്ചിരിക്കുന്നത്.
ഓർഫിയസും യുറിഡീസിയും എഴുതപ്പെട്ടിരിക്കുന്നത്
ജീവിതവും മരണവും തമ്മിലുള്ള ഒരു സംവാദം പോലെയാണ്. ഓർഫിയസ് അനശ്വരതയിലേക്ക്
കൈനീട്ടുമ്പോൾ യുറിഡീസി മരണമെന്ന അനിവാര്യതയെ ഓർമ്മിപ്പിക്കുന്നു. പ്രകാശവും ചൂടും
ജീവിതത്തിന്റെ ഊഷ്മളതയുമാണ് ഓർഫിയസിന്റെ പ്രതീകങ്ങൾ, മറിച്ച് അന്ധകാരവും ശൈത്യവും മരണവും ആണ് യുറിഡീസിയുടേത്.
തന്റെ സ്വപ്നം സഫലമാക്കുന്നതിന് ബോക് കടന്നുപോയത് മറ്റൊരാളും
ചിന്തിക്കാൻ പോലും തുനിയാത്ത കഠിന സപര്യയിലൂടെയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും, ഗണിതവും, മോളിക്യുലർ ബയോളജിയും, ക്ലോണിങും
ഒപ്പം തത്വചിന്തയും, ഭാഷാശാസ്ത്രവും, ജീവകോശങ്ങളിൽ
കവിത ആലേഖനം ചെയ്യുന്നതിലെ നൈതികതയും
എന്നുവേണ്ട അദ്ദേഹം പഠിച്ചെടുക്കാൻ ശ്രമിക്കാത്തതായി ഒന്നും ബാക്കിയുണ്ടാവില്ല. ഓരോ മേഖലയിയിലും വൈദഗ്ദ്യമുള്ളവരുടെ സഹായം ഉറപ്പുവരുത്തുന്നതിൽ
അദ്ദേഹം വിജയിച്ചുവെങ്കിൽ അതിനുള്ള കാരണം അവരുടെ ഓരോരുത്തരുടെയും സാങ്കേതികഭാഷ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം കൈവരിച്ച
പ്രാവീണ്യവും താനെന്താണ് ഉദ്ദേശിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിൽ പുലർത്തിയ
കണിശതയുമാണ്.
ഇത്രയൊക്കെ പാടുപെട്ട് ഇത് ചെയ്യേണ്ടതിന്റെ
ആവശ്യമുണ്ടായിരുന്നോ എന്ന് നമ്മളിൽ പലരും ചോദിച്ചു പോകും. അത് വളരെ പ്രസക്തമായ ഒരു
ചോദ്യം തന്നെയാണ്. പക്ഷേ ഒന്നുണ്ട് -തങ്ങൾക്ക് ആവശ്യമില്ലാത്ത
ഡിഎൻഎ ഭാഗങ്ങളെ ജനിതക പരിണാമ പ്രക്രിയയിൽ ഒഴിവാക്കുന്ന ഒരു പ്രവണത ജീവകോശങ്ങളിൽ
കാണപ്പെടുന്നുണ്ട്. അതുകൊണ്ട് കുറഞ്ഞപക്ഷം,
ആ ഉച്ചാടനപ്രക്രിയയെ അല്പം കൂടി വ്യക്തമായി മനസ്സിലാക്കുന്നതിന്
ഈ കവിതാശകലം ഉപകരിച്ചേക്കാം! തന്നെയുമല്ല, സാഹിത്യസൃഷ്ടിക്കുള്ള ഒരു മാധ്യമം എന്ന
നിലയ്ക്ക് ജീവികളിലെ ജനിതകസന്ദേശത്തെ പുനർസൃഷ്ടിക്കുന്ന മാതൃക മറ്റുള്ളവരും
പിന്തുടരുകയാണെങ്കിൽ വരുംതലമുറകൾക്കും അഴിക്കാൻ എന്തെങ്കിലുമൊക്കെ കുരുക്കുകൾ
ബാക്കിയാവും! ഈ ഭൂമിയിൽ മനുഷ്യന്റെ ഭാവി
അത്ര ആശാവഹമല്ലാത്തതിനാൽ, ഇത് വല്ല അന്യഗ്രഹ
ജീവികൾക്കുമുള്ള വമ്പൻ ജീനോം പ്രോജക്ട് ആയി മാറിയെന്നും വരാം...!
Dr. Blessy K. Alex
Now I understand what Orpheus and Eurydice was really about.
ReplyDelete