Sunday, May 31, 2020

അമ്മിനോമി

എന്‍റെ അമ്മ ജനിച്ചത് എന്നോടൊപ്പം ആണ്. അതിനർത്ഥം എന്‍റെ അമ്മയുടെ ആദ്യത്തെ കുഞ്ഞ് ഞാനാണെന്നല്ല. എനിക്ക് മുൻപേ വന്നവർ അമ്മാമ്മ” എന്നാണ് അമ്മയെ വിളിച്ചിരുന്നത്. അയല്‍പക്കങ്ങളില്‍നിന്ന് വീട്ടില്‍ പാലു വാങ്ങാൻ വന്നിരുന്ന സ്ത്രീകളെയും അമ്മാമ്മ എന്നു തന്നെ അവർ വിളിച്ചു. ഞാൻ ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇതൊരു സുഖമുള്ള ഏർപ്പാടല്ല എന്നെനിക്ക് തോന്നിയിരിക്കണം. ഇത്തരം ഒരു സാമാന്യവത്കരണം അമ്മയ്ക്കുള്ള നീതി നിഷേധമാണെന്നും   അമ്മാമ്മ എന്ന വിളിപ്പേര് അയല്‍പക്കങ്ങളിലെ സ്ത്രീകൾക്കാണ് കൂടുതൽ യോജിക്കുന്നതെന്നും  മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ ഉള്ള പ്രാപ്തി ഒന്നും എനിക്കില്ലായിരുന്നു (ഒത്തിരി സ്നേഹത്തോടെ അമ്മയെയും, മുത്തശ്ശിയെയും, സഹോദരിയെയും അമ്മാമ എന്ന് വിളിക്കുന്നവര്‍ മാപ്പാക്കുക!). പക്ഷേ, എന്‍റെ സഹൃദയരായ സഹോദരങ്ങൾ എന്നോടൊപ്പം അമ്മയെ “അമ്മേ” എന്ന് വിളിച്ചു തുടങ്ങി. കാലം പോകവേ അമ്മി’, അമ്മിനോമി’, അമ്മുത്ത്’, ‘അമ്മന്‍’, തുടങ്ങിയ ഓമനപ്പേരുകളിൽ ഞാൻ എന്‍റെ അമ്മയെ വിളിച്ചു. അന്നൊന്നും ഗൂഗിള്‍ ഇല്ലാതിരുന്നതുകൊണ്ട് ഈ വാക്കുകൾക്കൊക്കെ അർത്ഥമുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ഇവയൊക്കെ ഹീബ്രുവിലും, ഇംഗ്ലീഷിലും, തമിഴിലും തെലുങ്കിലുമൊക്കെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന അർത്ഥസമ്പുഷ്ടങ്ങളായ പേരുകളാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത അമ്പരപ്പും ആഹ്ളാദവും തോന്നി. പണ്ടൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് എന്‍റെ ഹൃദയം മിടിക്കുന്നത് എന്‍റെ അമ്മയ്ക്ക് വേണ്ടിയാണെന്ന്. അമ്മേ മാപ്പ്! ഇന്നെന്‍റെ ഹൃദയം മിടിക്കുന്നത് എന്‍റെ കുഞ്ഞിനുവേണ്ടിയാവുന്നതില്‍!! അങ്ങനെ ഞാനൊരു അമ്മിനോമിയായി പുനർജനിക്കുകയാണ്! ‘അമ്മി എന്നാല്‍ അമ്മ’, നോമി എന്നാല്‍ ‘beautiful/delighted’. എന്‍റെ ചില്ലയില്‍ പൂത്ത ഒരേ ഒരു സുന്ദര പുഷ്പത്തിന്‍റെയും, എനിക്ക് പിറക്കാതെ എന്‍റെ മക്കളായി മാറിയ അനേകം ശിഷ്യരുടെയും, എന്‍റെ സമ്മതം തെല്ലുമില്ലാതെ എനിക്ക് കര്‍മഭൂമിയായി മാറിയ ഒരു നാടിന്‍റെയും, നിറമിഴികളോടെ എനിക്കു പിന്നിൽ ഉപേക്ഷിക്കേണ്ടിവന്ന പിറന്ന നാടിന്‍റെയും  കഥയാണ് ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത്.....

Dr. Blessy K Alex


കൊറോണയും കോളേജ് അധ്യാപകരും


അങ്ങനെ ഞാനും ഒരു ഇതര സംസ്ഥാന തൊഴിലാളിയാണെന്ന തിരിച്ചറിവ് എനിക്കുണ്ടായത് കൊറോണ കാലത്താണ്. മുമ്പൊക്കെ ഞാനൊരുപ്രവാസിആണോ എന്ന ചോദ്യം പലവട്ടം ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. വാക്കിന് എന്തോ ഒരു നൊമ്പരപ്പെടുത്തുന്ന സുഖമുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുമുണ്ട്; ഒരു പഴുത്തു നിൽക്കുന്ന മുഖക്കുരുവിൽ മൃദുവായി  ഞെക്കുന്ന സുഖം. പക്ഷേ നിങ്ങളൊരു പ്രവാസി അല്ല ദരിദ്രവാസിയാണ് എന്ന ഉത്തരമാണ് ആവർത്തിച്ചുള്ള ചോദ്യത്തിന് എന്‍റെ ഹൃദയം തന്ന മറുപടി! സത്യമാണ്, കേരളത്തിൽനിന്ന് വടക്കെ ഇന്ത്യയില്‍ ജോലി അന്വേഷിച്ചു വരണമെങ്കില്‍ രണ്ടാമത് പറഞ്ഞ പേര്തന്നെയാണ് കൂടുതൽ യോജിക്കുന്നത്.

ഞാന്‍ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിലും കൊറോണ  ആരാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാം. ഇനി ഞാന്‍ ആരാണെന്ന് അറിഞ്ഞിട്ടു നിങ്ങൾക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല, എനിക്കൊട്ട് പറയാന്‍ താൽപര്യവുമില്ല. അതുകൊണ്ട് ‘X’ എന്നോ ‘Y’ എന്നോ ഒക്കെ നിങ്ങൾക്ക് അനുമാനിക്കാം. പക്ഷേ ഞാനെന്തായാലും ‘XY’ അല്ല ‘XX’ ആണ്. നിങ്ങളില്‍ ചിലർക്കൊക്കെ ഞാനൊരു ‘XXX’ ആണെങ്കില്‍ കൂടുതൽ സന്തോഷമാവുമെന്ന് എനിക്കറിയാം. പോട്ടെ തല്‍ക്കാലം ‘XX’.

പൊതുവെ സാധു പ്രകൃതിയും, എന്‍റെ സഹപ്രവർത്തകനും, ഒപ്പം ഭര്‍ത്താവും കൂടിയായ മനുഷ്യൻ (അങ്ങനെയേ പറയാൻ സാധിക്കൂ, ഞങ്ങളുടെ പകലുകളും രാത്രികളും ഞങ്ങളുടെ ജോലി സ്ഥാപനമായ ഒരു അർദ്ധസർക്കാർ സർവ്വകലാശാലയ്ക്കു വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുകയാണ്) കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്നോട് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്, ലോകത്തിന് ഉടനെ തന്നെ എന്തോ സംഭവിക്കാനിരിക്കുന്നുവെന്ന്. ഈ സന്ദേശം അദ്ദേഹത്തിന് എവിടെനിന്നു കിട്ടിയെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എന്തായാലും അത് മുഖവിലയ്ക്കെടുത്തില്ല. ഈ ലോകം ഇങ്ങനെയൊക്കെയങ്ങു പോകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു.

എന്‍റെ കാര്യം പറഞ്ഞാൽ, ഒരു മൂന്നുമാസം മുമ്പ് വരെ, കൃത്യമായി പറഞ്ഞാൽ മാർച്ച് 23, 2020 വരെ, ഞാൻ പുറത്ത് ആരോടും പറയാതെ രഹസ്യമായി ഹൃദയത്തിൽ കൊണ്ടു നടന്ന ഒരു പ്രാർത്ഥന ഉണ്ടായിരുന്നു, എങ്ങനെയെങ്കിലും ഒരു മൂന്നുമാസം വീട്ടിലിരിക്കണം.  ഏതൊരു വിശ്വാസിയെയും പോലെ ഞാന്‍ എന്‍റെ കണ്ടീഷൻസും ദൈവത്തോട് പറഞ്ഞു.  ആ മൂന്നുമാസം ഞാൻ വീട്ടിൽ ഇരിക്കുന്നത് എനിക്കോ എന്‍റെ കുടുംബത്തിലോ ആര്‍ക്കെങ്കിലും രോഗം വരുന്നതുകൊണ്ട് ആവരുത്, രാജ്യത്ത് യുദ്ധമോ വര്‍ഗീയകലാപമോ ഉണ്ടാകുന്നതുകൊണ്ടുമാവരുത്. ഒരു അധ്യാപികയായ എനിക്ക് സങ്കല്പിച്ചെടുക്കാന്‍ സാധിക്കാത്ത, സമൂഹത്തിന് പൊതുവെ വല്യ ദു:ഖമോ ദുരിതമോ ഉണ്ടാക്കാത്ത എനിക്ക് അജ്ഞാതവും അസാധ്യവും എന്നാൽ ദൈവത്തിന് സാധ്യവുമായ ഒരു സുന്ദര നൂതന പദ്ധതി!! ചുരുക്കം പറഞ്ഞാൽ ഒരു പണിയും ചെയ്യാതെ വീട്ടിൽ കുത്തിയിരുന്ന് എനിക്കെന്‍റെ അസ്തമിക്കാന്‍ തുടങ്ങുന്ന യൌവനത്തെ ഒന്നു തിരിച്ചുപിടിക്കണം.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കിതച്ചു തുടങ്ങിയ ഹൃദയത്തിന് ഒരല്‍പ്പം സ്വസ്ഥത തിരിച്ചുകിട്ടണം, രണ്ട് ക്ലാസ്സുകള്‍ അടുപ്പിച്ചെടുത്താല്‍ ചൂട് ദോശച്ചട്ടിയിലേക്ക് ഒഴിച്ച വെള്ളതുള്ളികളെപ്പോലെ നിന്നു തുള്ളുന്ന കോശങ്ങളെ ഒന്നു നോര്‍മലാക്കണം. ആത്മാര്‍ഥമായി പറഞ്ഞാൽ നിങ്ങളും  ഇങ്ങനെയൊക്കെ പ്രാര്‍ഥിചിട്ടില്ലേ?!! എന്‍റെ മനോഹരമായ ജോലിയുടെ അധികമാർക്കും പെട്ടെന്ന് മനസ്സിലാകാത്ത സമ്മര്‍ദങ്ങള്‍ മൊത്തത്തിൽ ഒന്നു മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് എന്നെ കുറ്റം പറയാനാവില്ല.  എന്തായാലും ദൈവം പ്രാര്‍ഥനകേട്ടു, എന്‍റെയും എന്നെപ്പോലുള്ള മറ്റുപലരുടെയും! പക്ഷേ ഇതല്ലായിരുന്നു ഞാൻ ഉദ്ദേശിച്ചതെന്ന് ഇനി ദൈവത്തോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ!!! ഏതായാലും കഴിഞ്ഞ പത്തറുപത് ദിവസമായി വീട്ടില്‍ത്തന്നെ ഇരിപ്പാണ്, ഉദ്ദേശിച്ച ശാന്തതയും സ്വസ്ഥതയുമൊന്നും കിട്ടിയില്ല എന്ന് മാത്രം.

ഒന്നാംഘട്ട ലോക്ക്ഡൗൺ തുടങ്ങിയ ദിവസങ്ങളിൽ തന്നെ ശക്തമായ തുമ്മലും ചെറിയ പനിയും. എപ്പോള്‍ നോക്കിയാലും ശരീരോഷ്മാവ് 99 നും 100 നും ഇടയിൽ. വളരെ വിചിത്രമായ സ്ഥിതിവിശേഷം! ടിവി തുറന്നാൽ കൊറോണ.  കോവിഡിന്‍റെ ലക്ഷണങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍, ചാനൽ ഹെൽപ്പ് ഡെസ്ക്, പോരാത്തതിന് അമിതാബച്ചന്‍റെ വക ഉപദേശം, ആരെയെങ്കിലും ഫോൺ ചെയ്താൽ ചുമയും കുരയും വേറെ. തുമ്മിയും മൂക്കൊലിപ്പിച്ചും ടി‌വി കണ്ടിരിക്കുന്ന എന്‍റെ മുമ്പിലേക്ക് ഗുരുതരമായ ശ്വാസതടസ്സം അനുഭവിച്ചു മരിക്കുന്ന രോഗികളുടെ കൃത്യമായ വിവരണങ്ങൾ! അങ്ങനെ തുടങ്ങിയ ശ്വാസം മുട്ടല്‍ ഏതാണ്ട് ഒരാഴ്ച നീണ്ടുനിന്നു.  ഇരുപത്തിയൊന്ന് ദിവസം ഈ തുമ്മലും പനിയും ഇങ്ങനെയൊക്കെയങ്ങു പോയപ്പോൾ ഞാനും ചിന്തിച്ചു തുടങ്ങി, കോറോണയ്ക്കും ഇല്ലേ ഒരുപരിധിയൊക്കെ, ഇത് സാധനം വേറെ എന്തോ ആണെന്ന്!

ഏതായാലും തൊട്ടടുത്ത ദിവസം തന്നെ എന്‍റെ പനിക്കുള്ള ഒരു നല്ല ട്രീറ്റ്മെന്‍റ്  കിട്ടി, എന്‍റെ  കുട്ടിയുടെ ആദ്യ ഓൺലൈൻ എക്സാം ഡേറ്റ് ഷീറ്റ്!! തികച്ചും അപ്രതീക്ഷിതം എന്നുതന്നെ പറയാം. എന്‍റെ മകള്‍  മാർച്ച് 24 ന് തന്നെ അവളുടെ നാലാം ക്ലാസ് പ്രവേശനം വെർച്ച്വല്‍ ആയി ചെയ്ത അപൂർവ്വം ഭാവി വാഗ്ദാനങ്ങളിലൊരാളാണ്. മാർച്ച് 17ന് ആരംഭിക്കാനിരുന്ന അവളുടെ നാലാം ക്ലാസ് അധ്യയനം, കോവിഡ് പരിതസ്ഥിതിയിൽ സാധിക്കാതെ വന്നപ്പോൾ തന്നെ ദീർഘദർശികളായ അവളുടെ സ്കൂൾ അധികൃതർ ഉണർന്നു പ്രവർത്തിച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അപ്പോള്‍ എന്‍റെ സ്വസ്ഥതയും സമാധാനവും നശിച്ചതിന്‍റെ രണ്ടാം കാരണം നിങ്ങൾക്ക് മനസ്സിലായല്ലോ! അവളുടെ എക്സാം എന്ന് വെച്ചാൽ അമ്മയും സര്‍വ്വോപരി അധ്യാപികയുമായ എന്‍റേതുംകൂടിയാണല്ലോ!

ഏഷ്യാനെറ്റില്‍ തുടര്‍ച്ചയായി വരുന്ന ന്യൂസുകളെ തുടർന്നുണ്ടായ പനിയും ശ്വാസതടസ്സവും, അന്തരീക്ഷത്തിലെ പൊടിയും കാലാവസ്ഥവ്യതിയാനവും മൂലമുണ്ടായ തുമ്മലും, അങ്ങനെ ഈ ഓൺലൈൻ എക്സാം ട്രീറ്റ്മെന്‍റിലൂടെ പരിച്ഛേദം വിടവാങ്ങി. ചുരുക്കം പറഞ്ഞാല്‍ ടി‌വി കാണുന്നതും, രാജ്യങ്ങളും സംസ്ഥാനങ്ങളും ജില്ലകളും തിരിച്ച് കോവിഡ് മരണത്തിന്‍റെ കണക്കെടുക്കുന്നതും ഞാനങ്ങു നിര്‍ത്തി. അല്ലെങ്കിലും എനിക്കെന്നെ പണ്ടേതന്നെ വൃത്തിയായി അറിയാം. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മനുഷ്യ ശരീരത്തിൽ കിഡ്നി ഉണ്ടെന്നകാര്യം ആധികാരികമായി സയൻസ് മാഷ് എന്നെ പഠിപ്പിച്ചത്. കിഡ്നിക്ക് ഉള്ളിലും പുറത്തുമായി ചുറ്റിത്തിരിയുന്ന എല്ലാ വള്ളികളും വ്യക്തമായി വരച്ച് എഴുതി പറഞ്ഞു പഠിപ്പിച്ചു. അന്നു തുടങ്ങിയ കിഡ്നി വേദന എനിക്ക് ഇന്നും മാറിയിട്ടില്ല!!!

അങ്ങനെ ഏപ്രിൽ 15 മുതൽ മേയ് 3 വരെ നീണ്ടുനിന്ന രണ്ടാം ഘട്ട ലോക്ക്ഡൗൺ ആരംഭിച്ചു.  ദാ വരുന്നു! ഞാൻ അത്യന്തം ആകാംഷയോടും ഹൃദയമിടിപ്പോടും കാത്തിരുന്ന സ്വന്തം ഓൺലൈൻ ക്ലാസ്. കൃത്യമായി പറഞ്ഞാൽ 2020 ഏപ്രിൽ ഇരുപതാം തീയതി യൂണിവേഴ്സിറ്റി ഞങ്ങളുടെ വീടുമായി അഫിലിയേറ്റ് ചെയ്തു! ഡിഗ്രി, പി‌ജി സ്റ്റുഡന്‍സിനുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഒരു വശത്തുകൂടി മോളുടെ ക്ലാസ് വേറൊരു വശത്തുകൂടെ വീട്ടുജോലി (വേലക്കാരിക്ക് ഒന്നാം ലോക്ക്ഡൗണ്ണിനു രണ്ടാഴ്ച മുമ്പ് തന്നെ ‘earn leave’ കൊടുത്തു വിട്ടിരുന്നു), പിന്നെ ഇപ്പം ദാ ഇതും കൂടി! പതുക്കെ പതുക്കെ കുട്ടിയെ ഞാനങ് അവഗണിച്ചു. അവള്‍ സ്വന്തം കാര്യം നോക്കാന്‍ തുടങ്ങി. അല്ലെങ്കിലും എനിക്ക് പണ്ടേ ഉള്ളതാണ്, പഠിപ്പീരിന്‍റെ ജ്വരം തുടങ്ങിയാൽ പിന്നെ കുടുംബത്തെ മറക്കുന്ന സ്വഭാവം.

ആദ്യ മൂന്നു ദിവസം zoom ക്ലാസ് (പിന്നെയാരോ പറഞ്ഞു, അതിനെ നമ്പാൻ കൊള്ളില്ല എന്ന്), അതുകഴിഞ്ഞ് ഗൂഗിൾ ക്ലാസ്സ് റൂമിൽ ചാറ്റിങ്ങും വീഡിയോയും, പിന്നെ യൂട്യൂബ് ചാനൽ, അതും കഴിഞ്ഞ് Google meet, telegram, Google Duo, Conference call, .......... എന്‍റമ്മോ!!  പഴയതും പുതിയതുമായ എല്ലാ മൊബൈൽ ഫോണുകളും, ഉപയോഗമുള്ളതും ഉപയോഗശൂന്യമായ മൈക്രോ ഫോണുകളും, രണ്ട് ലാപ്ടോപ്പും, ഒരു ഡെസ്ക്ടോപ്പും, പിന്നെ ഒരു tabഉം, എണ്ണിയാൽ തീരാത്ത ചാർജറുകളും, എക്സ്റ്റൻഷൻ ബോക്സും, പവർ ബാങ്ക്സും, connecting wiresഉം, എല്ലാംകൂടി നാസയുടെ ഒരു പരീക്ഷണശാല പോലെയായി ലിവിങ് റൂം!!

ഭര്‍ത്താവദ്യം സഹപ്രവർത്തകൻ ആണെന്ന കാര്യം പ്രത്യേകം ഓർപ്പിക്കേണ്ടല്ലോ!! ഇപ്പറഞ്ഞ കോലാഹലങ്ങളൊക്കെ അദ്ദേഹത്തിന്‍റെ പരിപൂർണ്ണ പങ്കാളിത്തത്തോടെയും സാങ്കേതിക പരിചയത്തിന്‍റെ പിന്‍ബലത്തോടെയുമാണ് നടന്നുകൊണ്ടിരുന്നത്. ചുരുക്കം പറഞ്ഞാൽ അദ്ദേഹം എല്ലാ വള്ളികളും ശരിയായ സ്ഥലങ്ങളിൽ ഘടിപ്പിച്ച് കഴിഞ്ഞാൽ ഞാൻ സ്വിച്ച് ഇട്ടപോലെ പ്രഭാഷണം തുടങ്ങും!

പണ്ടൊക്കെ ആരും ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു നിയമം ടീച്ചേഴ്സിന്‍റെ ഇടയിൽ നിലവിലുണ്ടായിരുന്നു - നമ്മുടെ പിള്ളേർക്ക് നമ്മൾ ഫോൺ നമ്പർ കൊടുക്കില്ല. ഒഫീഷ്യൽ മെയിൽ ഐഡി മാത്രം. ഇക്കണ്ട പരാക്രമങ്ങളൊക്കെ ചെയ്തു വന്നപ്പോഴേക്കും, whatsapp, email, Google classroom, Phone call, അങ്ങനെ ഏതുവഴിയില്‍ കൂടി വേണമെങ്കിലും ഉത്തമ ശിഷ്യഗണങ്ങള്‍ക്ക് ഏത് പാതിരാത്രിയിലും അവരുടെ പരാതികള്‍, സംശയങ്ങൾ, ആക്ഷേപങ്ങൾ, ആകുലതകൾ, ആശയങ്ങൾ, അബദ്ധങ്ങൾ, സ്വപ്നങ്ങൾ ഇതൊക്കെ നമ്മളുമായി പങ്കുവയ്ക്കാമെന്നായി. ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം ഗുരുശിഷ്യബന്ധം വളർന്നു!

ഞങ്ങളുടെ യൂണിവേഴ്സിറ്റിയിൽ പഴുതുകളടച്ചതും, നൂതനവും, ലോകോത്തരവുമായ ഒരു അസ്സസ്സ്മെന്‍റ്  സ്കീം ആണ് വെർച്വൽ സെമസ്റ്ററിന് വേണ്ടി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ subjectനും രണ്ട് ക്വിസ്, രണ്ട് ക്ലാസ് ടെസ്റ്റുകൾ, 4 assignments, ഒരു ഓൺലൈൻ പ്രോജക്റ്റ്. ചുരുക്കം പറഞ്ഞാൽ, ഏതാണ്ട് 30നു മുകളിൽ assignments ഒരു സ്റ്റുഡൻറ് തയ്യാറാക്കണം. ഇനി നമ്മൾ ടീച്ചേര്‍സിനോ നിസാരം”! 200 സ്റ്റുഡൻസിനെ പഠിപ്പിക്കുന്നുണ്ടെങ്കിൽ, വെറും 800 അസൈൻമെൻറ്സും, 200 പ്രോജക്ട്ഉം, 400 quizഉം, 400 ക്ലാസ് ടെസ്റ്റും മാത്രം evaluate ചെയ്താൽ മതിയാകും. പിന്നെ സിലബസ് മുഴുവന്‍ പഠിപ്പിച്ച് തീര്‍ക്കണമെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടല്ലോ!

അങ്ങനെ വളരെ കാര്യപ്രാപ്തിയോടെ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നതിനിടയിലാണ് ഇന്ന് എന്‍റെ ഒരു സഹപ്രവർത്തക എന്നെ വിളിച്ചത്. അവരുടെ ഗൂഗിൾ ക്ലാസിൽ ഒരു സ്റ്റുഡെന്‍റിന്‍റെ അമ്മയും കേറിയത്രെ!! കേറിയപാടെ അവർ ടീച്ചറിനോട് ആക്രോശിക്കാൻ തുടങ്ങി “നിങ്ങള്‍ ടീച്ചേര്‍സിന് ഒരു മനഃസാക്ഷിയും ഇല്ലേ?!! ഈ കുഞ്ഞുങ്ങൾ എങ്ങനെയാണ് ഇത്രയും അസൈൻമെൻറ്സും ക്ലാസ് ടെസ്റ്റുകളും മറ്റും ചെയ്യുന്നത്? എന്‍റെ കുഞ്ഞ് ഒരു ദിവസം നാലു വട്ടം തലകറങ്ങി വീണു. അപ്പോള്‍ സമനില നഷ്ടപ്പെട്ട ടീച്ചർ അമ്മയോട് ചോദിച്ചു നിങ്ങളോട് ആരുപറഞ്ഞു എന്‍റെ ക്ലാസിൽ കയറാൻ?!! ദാ വരുന്നു മറുപടി “ഞാന്‍ എന്‍റെ വീട്ടിലല്ലേ ഇരിക്കുന്നത്. നിങ്ങളുടെ ക്ലാസ്സിലല്ലോ! നിങ്ങല്‍ക്കെന്താ ഇത്ര പ്രശ്നം!!” ഒരു വെർച്ച്വല്‍ ദുരന്തം.

അങ്ങനെ മൂന്നാം ഘട്ട ലോക്ക്ഡൗൺ (മെയ് 4 മുതൽ മെയ് 18 വരെ) - ഒരു പുതിയ പരിപാടി തുടങ്ങിയിരിക്കുന്നു, അതും നമ്മളെ മാത്രം ഉദ്ദേശിച്ച് - webinars!! യൂണിവേഴ്സിറ്റി അധികൃതരിൽനിന്ന് webinar ഓര്‍ഗനൈസ്ചെയ്യേണ്ടതിന്‍റെയും അറ്റെന്‍ഡ്ചെയ്യേണ്ടതിന്‍റെയും ആവശ്യകത വ്യക്തമാക്കി ഒരു നീണ്ട സന്ദേശം ഇമെയില്‍ വഴി എത്തിയപ്പോഴേ അപകടം മണത്തതാണ്. ഒരു 300 പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പക്ഷേ അത്രകണ്ട് പ്രാധാന്യം കൊടുത്തില്ല. കൊച്ചിന്‍റെ രണ്ടാംഘട്ട എക്സാം തുടങ്ങിയിരുന്നു. ഇത്തവണ കൂടുതൽ ഗംഭീരം – Google forms. ഉത്തരങ്ങൾ ടൈപ്പ് ചെയ്യണം, വെർച്ച്വൽ നാലാം ക്ലാസ്സുകാരിയുടെ ടൈപ്പിംഗ് സ്പീഡ് ഊഹിക്കാമല്ലോ!! അങ്ങനെ ആദ്യത്തെ എക്സാം കുട്ടിയുടെ അച്ഛൻ കുട്ടിയെ സാക്ഷിനിർത്തി ടൈപ്പ് ചെയ്തു തുടങ്ങി. അവസാനത്തെ ചോദ്യത്തില്‍ എത്തിയപ്പോഴാണ് പുലിവാല് - ചിത്രം വരച്ച് അടയാളപ്പെടുത്തി അതിന്‍റെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യണം. വെറും അഞ്ച് മിനിറ്റ് ബാക്കി! ഗൂഗിള്‍ ടീച്ചേര്‍സായ ഞങ്ങൾ മതാപിതാക്കളുടെ മൈക്രോസോഫ്റ്റോളം വളർന്നിരുന്ന ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു. നെറ്റ്വർക്കിന്‍റെ സ്പീഡും പരിതാപകരം. പിന്നെ കാത്തുനിന്നില്ല, വീണ്ടും കുട്ടിയെ സാക്ഷിനിർത്തി അമ്മ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ചിത്രം വരച്ച് അച്ഛനെ ഏൽപ്പിച്ചു. പക്ഷേ സൈസ്സ് കൂടുതലായതുകൊണ്ട് അപ്ലോഡ് ചെയ്യാൻ പറ്റുന്നില്ല. ഞാന്‍ എന്‍റെ ഭര്‍ത്താവിനെ പുച്ഛത്തോടെ നോക്കി. ഇതൊന്നും ചെയ്യാൻ എനിക്കറിയില്ല എന്ന കാര്യം ഞാൻ നേരത്തേ തന്നെ നിങ്ങളോട് വിനയത്തോടെ പറഞ്ഞിട്ടുണ്ടല്ലോ! പക്ഷേ, വല്യ സാങ്കേതികവിദഗ്ദൻ കളിച്ചിരിക്കുന്ന ഇദ്ദേഹത്തിന് എന്താ ഇതൊന്നും അറിഞ്ഞുകൂടാത്തത്?! കുട്ടിയുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടാന്‍ തുടങ്ങി. ഞങ്ങളുടെ ഇരു കുടുംബങ്ങളിലെയും മുഴുവൻ അധ്യാപകരെയും ടെക്കികളെയും വിളിച്ച് സഹായത്തിനപേക്ഷിക്കണമെന്ന് എനിക്ക് തോന്നി. പക്ഷേ സമയമെവിടെ?!! അദ്ദേഹത്തിന്‍റെ ടെക്കി സഹോദരനെ വിളിച്ചപ്പോള്‍ എന്തോ ഒരു സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു. അത് ഡൗൺലോഡ് ചെയ്യാൻ കൊടുത്തപ്പോൾ മനസ്സിലായി
കൊച്ച് പത്താം ക്ലാസ് പാസായാലും ഇത് ഡൗൺലോഡ് ആകില്ലെന്ന്. അവസാനം ചിത്രമില്ലാതെ ആൻസർ ഷീറ്റ് സബ്മിറ്റ് ചെയ്തു. അഞ്ച് മാർക്ക് അടിച്ചുപോയി!! കുഞ്ഞിന്‍റെ തിളങ്ങുന്ന കണ്ണുകളില്‍ ഊറിക്കൂടിനിന്ന രണ്ടു തുള്ളി കണ്ണുനീർ നിലത്തേക്ക് ഉതിർന്നു വീണു. ശ്വാസം വിട്ടതിന് ശേഷം എല്ലാ പേപ്പറിനും ‘D” ഗ്രേഡ് കിട്ടുന്ന ഞങ്ങളുടെ ഒരു ശിഷ്യനോട് ഇത് പറഞ്ഞപ്പോൾ (സാധാരണ ഞങ്ങള്‍ക്ക് ഉത്തരം ഇല്ലാത്ത പ്രശ്നങ്ങള്‍ക്ക് അവനാണ് പരിഹാരം കണ്ടെത്തുന്നത്) അവൻ പറയുകയാണ് : അയ്യോ സാറേ, അതിന്‍റെ ഫോട്ടോയെടുത്ത് ടീച്ചറിന്‍റെ വാട്സാപ്പിൽ അയച്ചതിന് ശേഷം അത് സാറിന് തിരിച്ച് അയച്ചാൽ സൈസ്സ് കുറയുമായിരുന്നല്ലോ എന്ന്. അപ്പോൾ എനിക്കും തോന്നി ഇത് പണ്ടെങ്ങോ കേട്ടതായിരുന്നല്ലോന്ന്.  പിന്നെയാണ് Camscanner വച്ച് ഫോട്ടോ എടുത്താൽ സൈസ്സ് ഒരു പ്രശ്നമാവില്ല എന്ന് മനസ്സിലായത്. സ്വതവെ ധാർമ്മിക ചിന്തകളുടെ അസ്ക്യത കൂടുതലുള്ള എനിക്ക് തോന്നി അവൾ വരയ്ക്കേണ്ട ചിത്രം ഞാൻ വരച്ചതാവാം കുഴപ്പത്തിന് എല്ലാം കാരണമെന്ന്! അങ്ങനെ ഞാനും ഭർത്താവും തീരുമാനിച്ചു, അവൾ തന്നെ ടൈപ്പ് ചെയ്തു ആവുന്നതുപോലെ സബ്മിറ്റ് ചെയ്യട്ടെ എന്ന്. ഏതായാലും സ്കൂളുകാര്‍ക്കും ഒറ്റ ദിവസം കൊണ്ട് ചില തിരിച്ചറിവുകൾ ഉണ്ടായി!! മൂവായിരം പിള്ളാരും അവരുടെ ആറായിരം മാതാപിതാക്കളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പ്രതിസന്ധികൾ അനുഭവിച്ചത് കൊണ്ടാവാം, എക്സാം ടൈം 45 മിനിറ്റില്‍ നിന്ന് ഒന്നര മണിക്കൂർ ആയി ഉയർത്തി. ചിത്രം അപ്ലോഡ് ചെയ്യണമെന്ന ആശയം തന്നെ ഉപേക്ഷിച്ചു. അങ്ങനെ ഞങ്ങൾ കുട്ടിയെയും അവളുടെ എക്സാമിനെയും അവൾക്ക് തന്നെ വിട്ടു കൊടുത്തു!!! ഒറ്റ ദുരന്തം മാത്രം, എന്‍റെ ലാപ്ടോപ് ഇപ്പോൾ അവളുടേതായി!

ഇക്കാലത്താണ് കൊറോണയെപ്പോലെ തന്നെ webinar അതിവ്യാപനം നടത്തിക്കൊണ്ടിരുന്നത്. ഞങ്ങളുടെ പല സുഹൃത്തുക്കൾക്കും ഇതിനകം ജ്വരം (കൊറോണയല്ല webinar) ബാധിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഞാനതറിയാന്‍ വൈകി. എന്‍റെ പഠിപ്പിസ്റ്റ് സ്റ്റുഡൻറ് കഴിഞ്ഞ ആഴ്ച ഒരു ദിവസം രാത്രി പത്തരയ്ക്ക് എന്നെ വിളിച്ചു. അസമയത്ത്  വിളിച്ചതിന് സോറി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഏയ് അതൊരു പ്രശ്നമേയല്ല, ഞങ്ങൾ ഉറങ്ങിയിട്ടില്ല. ഡിന്നറിന് എന്താണെന്ന് ആലോചിക്കുന്നതേയുള്ളൂ, നീ കാര്യം പറ എന്ന്’. അപ്പോൾ വന്നു അവളുടെ ആവശ്യം - അസൈൻമെൻറ് വയ്ക്കുന്നതിന്‍റെ അവസാന തീയതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടണം. ഞാന്‍ ചോദിച്ചു – അതിന്‍റെ ആവശ്യം എന്താണ്? ഇപ്പോൾ നിങ്ങൾക്ക് വേറെ ജോലി ഒന്നും ഇല്ലല്ലോ? എങ്ങോട്ടും പോകണ്ട, ആരും വിസിറ്റിന് വരികയുമില്ല പിന്നെന്താണ് സമയക്കുറവ്. അപ്പോൾ അവൾ ഞാൻ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുകയും, assignments എഴുതുകയും ചെയ്യുന്നതോടൊപ്പം webinarകളും അറ്റൻഡ് ചെയ്യുന്നുണ്ട്. എന്‍റമ്മോ! ഞാൻ അസൈൻമെന്‍റിന്‍റെ അവസാന തീയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകി പെട്ടെന്ന് ഫോൺ കട്ട് ചെയ്തു അദ്ദേഹത്തിന്‍റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ ഫുഡ് എടുക്ക്, വിശക്കുന്നു! പിറ്റേദിവസം രാവിലെ എന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ തന്നെ താമസിക്കുന്ന ഉറ്റ സുഹൃത്തിന്‍റെ വീട്ടിൽ എന്തോ ആവശ്യത്തിന് ഞാൻ പോയി. ഈ സുഹൃത്തും മറ്റൊരു കോളേജിലെ അധ്യാപികയാണ്. അവരുടെ വീട്ടില്‍ ഞാൻ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മൂന്നര വയസ്സുള്ള കൊച്ച് സുഹൃത്തിന്‍റെ തോളിലിരുന്ന് ഒരു മൊബൈലിൽ അവളുടെ ഓണ്‍ലൈന്‍ ക്ലാസ് അറ്റൻഡ് ചെയ്യുന്നു. സുഹൃത്ത് മറ്റൊരു മൊബൈൽ ഏതോ അദൃശ്യ ശക്തികളുടെ സഹായത്താൽ താങ്ങിപ്പിടിച്ച് ഫ്രിഡ്ജിൽ നിന്ന് പാത്രം പുറത്തെടുക്കുന്നു. ബദ്ധപ്പാട് കണ്ട ഞാൻ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടി കിട്ടി - സുഹൃത്ത് webinar അറ്റൻഡ് ചെയ്യുന്നു.  കുഞ്ഞ് മൊബൈലിൽ കൂടി അക്ഷരം എഴുതുന്നതിന്‍റെ ഓൺലൈൻ instructions മനസ്സിലാക്കുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂത്തകുട്ടി മൊബൈലിൽ നോക്കി P.T. ചെയ്യുന്നു. എന്‍റെ സുഹൃത്ത് ഇതിനകം നാല് e-certificates കരസ്ഥമാക്കി കഴിഞ്ഞത്രെ. ഞാൻ എങ്ങനെയാണ് കാര്യം പറഞ്ഞ് അവിടെ നിന്ന് ഇറങ്ങിയത് എന്നറിയില്ല.  ഒറ്റ  ഓട്ടത്തിന് വീട്ടിലെത്തി! നിന്നനിൽപ്പിൽ അദ്ദേഹത്തോട് കാര്യം  പറഞ്ഞു. ഏതാണ്ട് 15 മിനിറ്റുകൾക്കുള്ളിൽ ആറ് വെബിനാറുകള്‍ക്ക് ഞങ്ങൾ രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച 11:00 AMന് കേരളത്തിൽ നിന്ന് ഒരെണ്ണം, ഉച്ചതിരിഞ്ഞ് 2:00 PM മുതൽ 3:30 PM വരെ മധ്യപ്രദേശിൽ നിന്ന് മറ്റൊരെണ്ണം. രാത്രി 8:30 PMന് വേറൊന്ന് യുഎസിൽ നിന്ന്. അവസാനത്തേത് വളരെ prestigious ആണ്, Massachusettsന്‍റെ സർട്ടിഫിക്കറ്റ് ആണ് കിട്ടാൻ പോകുന്നത്. പിന്നെ ബുധനാഴ്ച മുതൽ ഏഴു ദിവസത്തേക്ക് FDP മഹാരാഷ്ട്രയിൽ നിന്ന്, പിന്നെ വേറൊന്ന് ജൂണില്‍, അത് ജപ്പാനിൽ നിന്ന്. സന്തോഷമായി!! അപ്പോള്‍ വന്നു അദ്ദേഹത്തിന്‍റെ ന്യായമായ സംശയം – നാമ്മുടെ സ്റ്റുഡൻസ്സിന്‍റെ ക്ലാസ്?! ഇതിനുള്ള മറുപടി എനിക്ക് സുഹൃത്തിനെ സന്ദർശിച്ചപ്പോൾ തന്നെ കിട്ടിയതാണ്. ഫോണ്‍ ഓണാക്കി, ലോഗിന്‍ ചെയ്തു എവിടെയെങ്കിലും ഇട്ടാൽ മതി, പിന്നെ നമുക്ക് അടുക്കളയിൽ പണി ചെയ്യാം, തറ തുടയ്ക്കാം, കൊച്ചിനെ കുളിപ്പിക്കാം, സ്വന്തം സ്റ്റുഡൻസ്സിന് ക്ലാസ് എടുക്കാം, അങ്ങനെ എന്തുവേണമെങ്കിലും. ദോഷം പറയരുതല്ലൊ, നമ്മുടെ സ്റ്റുഡൻസ് അവരുടെ ക്ലാസും ഇങ്ങനെയൊക്കെ തന്നെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത്. പ്രവർത്തനമേഖലകൾ വ്യത്യസ്തമാണ് എന്ന് മാത്രം.  ഉറക്കം, ചാറ്റിങ്, മൂവികാണല്‍,  അങ്ങനെ, പലതും.

പക്ഷേ ഞങ്ങൾ എന്തായാലും ഞങ്ങളുടെ ആദ്യ വെബിനാറുകള്‍ കേൾക്കുക തന്നെ ചെയ്തു. അസൗകര്യം വന്നപ്പോഴൊക്കെ, സ്ക്രീൻ റെക്കോർഡ് എടുത്തു പിന്നീട് കേട്ട് നീതിപുലർത്തി. പക്ഷേ എന്തൊക്കെയാണെങ്കിലും പരിപാടി എനിക്കിഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ. ഒന്നുമല്ലെങ്കിൽ 2500 മുതൽ 5000 രൂപവരെ കൊടുത്തു സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ടല്ലോ. സെമിനാറുകൾ സംഘടിപ്പിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും ഒരു ചെലവുമില്ല.

ഓഡിറ്റോറിയം വേണ്ട,

താമസസൗകര്യം ഏർപ്പാടാക്കണ്ട,

യാത്രാ ചെലവുകൾ ഇല്ല,

ഭക്ഷണം കൊടുക്കേണ്ട,

കോളേജും പരിസരപ്രദേശങ്ങളും മോടി പിടിപ്പിക്കേണ്ട,

റോഡിൽ മുഴുവൻ കുമ്മായം കൊണ്ട് വരയ്ക്കേണ്ട,

ദീപാലങ്കാരവും തോരണങ്ങളും വേണ്ട,

മൈക്ക് സെറ്റും ലൗഡ്സ്പീക്കറും വേണ്ട,

പ്ലാസ്റ്റിക് പൂക്കളും കളര്‍ പൗഡറുകളും വേണ്ട,

മെമെന്‍റോ, പൂച്ചട്ടി, പൂച്ചെണ്ട്, നെഞ്ചത്ത് കുത്താനുള്ള ബാഡ്ജ്, കുത്തിക്കൊടുക്കാനുള്ള പെൺകുട്ടികൾ ഇതൊന്നും വേണ്ട,

കമ്മിറ്റി മെമ്പേഴ്സിന് കുപ്പി പൊട്ടിക്കേണ്ട,

മിനറൽ വാട്ടർ ബോട്ടിൽ ലോറിക്കണക്കിന് വാങ്ങേണ്ട,

പെൺകുട്ടികൾക്ക് അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ട,

ചുരുക്കത്തിൽ ലിപ്സ്റ്റിക് പൊട്ട്, പെര്‍ഴ്സ്, ഹൈഹീൽ ചെരിപ്പുകൾ, ഡിസൈനര്‍ സാരി, ആമസോണിൽ ഓർഡർ ചെയ്തു വരുന്ന ബ്ലൗസുകൾ (ഒരു നോർത്തിന്ത്യൻ അപാരത), ഇതൊന്നും വേണ്ട,

കലാ സന്ധ്യകളും, നൃത്ത നാട്യങ്ങളും ഒഴിവാക്കാം.

സെമിനാറിനെത്തുന്ന വിശിഷ്ടാതിഥികൾക്കുള്ള നഗരം കാണിക്കലും ഷോപ്പിംഗും വേണ്ട. അങ്ങനെ എല്ലാ ചെലവുകളും ഒഴിവാക്കാം.

അവനവന്‍റെ വീട്ടിലിരുന്ന് ശ്രദ്ധയോടെ കേട്ടാല്‍ ഒരു ചിലവുമില്ലാതെ ഏത് സബ്ജെക്ടും ആഴത്തിൽ മനസ്സിലാക്കാൻ ഇതൊരു നല്ല പരിപാടി തന്നെ. പക്ഷേ ഒരൊറ്റ അപകടം,  ലോക്ക്ഡൗൺ കഴിഞ്ഞ് ആളുകൾ ലോറി പിടിച്ച് e-certificatesന്‍റെ കോപ്പിയുമായി കോളേജിൽ എത്തും: കേട്ടതാര് കണ്ടതാര് എന്നൊന്നും തിരിച്ചറിയാൻ കഴിയില്ലെന്ന് മാത്രം. പക്ഷേ എനിക്ക് തോന്നുന്നു ഇനി എന്തായാലും സെമിനാറുകൾ വേണ്ട വെബിനാറുകള്‍ മതി. സെമിനാറുകളും ആളുകള്‍ അറ്റെന്‍ഡ് ചെയ്തും ചെയ്യാതെയുമൊക്കെ സെര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിക്കുന്ന പണിതന്നെ ആണല്ലോ!! ഒരു കാര്യംകൂടെ പറഞ്ഞ് ഇത് ഇവിടെ നിർത്തട്ടെ - എന്‍റെ ദൈവമേ, ഇതല്ലായിരുന്നു ഞാൻ ഉദ്ദേശിച്ച ആ മൂന്നുമാസം!

Dr Blessy K Alex