Friday, October 3, 2025

സ്വയം പകർപ്പെടുക്കുന്ന അപൂർവലിഖിതം: ഓർഫിയസും യുറിഡീസിയും

 

സംഗീതജ്ഞനായ ഓർഫിയസിന്റെ വീണവാദനത്തിൽ പക്ഷികളും  മൃഗങ്ങളും പ്രകൃതി ഒന്നാകെത്തന്നെ ലയിച്ചിരുന്നു. ഓർഫിയസിന്റെ പ്രിയതമയായ യുറിഡീസിയെ മരണം കവർന്ന് പാതാളത്തിലേക്ക് കൊണ്ടുപോയി. പാതാളത്തിന്റെ ശക്തികളെ തന്റെ സംഗീതംകൊണ്ട് കീഴടക്കി, പാതാളരാജാവായ ഹേഡിസിൽ നിന്നും രാജ്ഞി  പേർസെഫോണിൽ നിന്നും അവളെ തിരികെ കൊണ്ടുപോകാൻ ഓർഫിയസ് സമ്മതം വാങ്ങി. പക്ഷേ, അവർ ഒരു നിബന്ധന വച്ചു, ഭൂമിയിലെത്തും വരെ തിരിഞ്ഞുനോക്കരുത്. ഭൂമിയെ സമീപിക്കാറായപ്പോൾ നിർഭാഗ്യവാനായ ഓർഫിയസ് ആകാംഷ അടക്കാനാവാതെ യുറിഡീസി തന്റെ പിന്നിലുണ്ടോ എന്ന് തിരിഞ്ഞുനോക്കി. അവന്റെ കൺമുമ്പിൽ നിന്ന് ഒരു നിഴൽപോലെ അവൾ മാഞ്ഞുപോയി...

-Greek mythology

ചിലപ്പോൾ ചില ആശയങ്ങൾക്ക്, ചിന്തകൾക്ക് വ്യക്തത കുറവായിരിക്കാം, ചിലതൊക്കെ തീരെ ദുർബലം എന്ന് വിലയിരുത്തപ്പെട്ടേക്കാം, പിന്നെ ചിലത് കാലത്തിനും മുമ്പേ വന്ന് ആരാലും ഗണ്യമാക്കപ്പെടാതെ പോയേക്കാം (ഗ്രിഗർ മെൻഡലിന്റെ പയർ വിത്തുകൾ മൂന്നു പതിറ്റാണ്ടോളം സമകാലികരുടെ തലച്ചോറിൽ മുളക്കാതെ കിടന്നതുപോലെ!), മറ്റുചിലത് പ്രായോഗികമല്ലെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം, ശുദ്ധ അസംബന്ധങ്ങൾ എന്ന് തൂത്തെറിയപ്പെടുന്നവയും ഉണ്ട്. പക്ഷേ, ഭാവനകൾ ആണ്, ചിന്തകളാണ് എന്നും ശാസ്ത്രത്തിന് പ്രചോദനമായിട്ടുള്ളത്.

സയൻസ്  ഫിക്ഷനുകളുടെ പിന്നാമ്പുറങ്ങളിൽ ഒന്ന് പരതിയാൽ ഒരു കാര്യം വ്യക്തമാണ്. നമ്മെ  അത്ഭുതസ്തബ്ധരാക്കുന്ന പല കണ്ടുപിടുത്തങ്ങളും പിറവികൊണ്ടത് ഔപചാരികമായി ശാസ്ത്ര വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മനുഷ്യരുടെ തലച്ചോറിലാണ്. സബ്മറൈനുകളുടെ ആശയം, ബഹിരാകാശ യാത്ര എന്ന സ്വപ്നം, ഇന്റെനെറ്റ് എന്ന ആഗോള വാർത്താവിനിമയ സങ്കേതത്തെ കുറിച്ചുള്ള സങ്കല്പം ഇതൊക്കെ സയൻസ് ഫിക്ഷനുകളുടെ പിതാവ് എന്നറിയപ്പെടുന്ന ജൂൾസ് വെർണയുടെ തലയിൽ  ഉദിച്ചതാണ്. ശാസ്ത്ര പഠനത്തിന്റെ യാതൊരു പിൻബലവും ഇല്ലാതെയാണ് ഇതൊക്കെ അദ്ദേഹം സ്വപ്നം കണ്ടത് . എച്ച് ജി വെൽസ്, മേരി ഷെല്ലി, ജോർജ് ഓർവൽ, ഫിലിപ്പ് കെ ഡിക്ക് തുടങ്ങി നിരവധി ആളുകൾ ഈ ഗണത്തിൽ ഉണ്ട്. ഒരുപക്ഷേ പരന്ന വായനയും പരിധികളില്ലാത്ത ഭാവനയുമാവാം ഇവരെ സഹായിച്ചിട്ടുണ്ടാവുക. ശാസ്ത്രത്തിന്റെ യുക്തിയും കണിശതയുമൊന്നും ഇവരെ ഭയപ്പെടുത്തിയിട്ടുമുണ്ടാവില്ല. എന്നാൽ മറുഭാഗത്തുമുണ്ട് ആളുകൾ, ഐസക് അസിമോവ്, ആർതർ സി ക്ലാർക്ക്, കാൾ സാഗൻ, മൈക്കിൾ ക്രിച്റ്റൺ തുടങ്ങിയവർ. എന്തായാലും ഓരോ മനുഷ്യോപകാരപ്രദമായ (ചിലപ്പോഴൊക്കെ ഉപദ്രവകരവുമായ) കണ്ടുപിടിത്തങ്ങളും പിറവികൊള്ളുന്നത് ഒരു ചെറു ചിന്തയിൽ നിന്നുമാണ്.

ഏതാണ്ട് രണ്ടര പതിറ്റാണ്ടുകൾക്ക് മുമ്പാണ് കനേഡിയൻ കവിയായ ക്രിസ്റ്റ്യൻ ബോക്കിന് ഒരു മോഹം ഉദിച്ചത്. ഒരു കവിത രചിക്കണം, അതൊരു സൂക്ഷ്മജീവിയുടെ ഡിഎൻഎയിലേക്ക് വിളക്കിച്ചേർക്കണം, പോരാ, അത് മറ്റൊരു കവിതയായി ആ ജീവിയിൽ സ്വയം പരിവർത്തനം ചെയ്യപ്പെടണം (കോശങ്ങൾക്കുള്ളിലെ 'translation'  എന്ന പ്രോട്ടീൻ രൂപീകരണ പ്രക്രിയയാണ് ഇവിടുത്തെ വിവക്ഷ)-അങ്ങനെ ആ ലിഖിതം തലമുറകളിലൂടെ അനശ്വരമാക്കപ്പെടണം - ഭൂമിയുള്ള കാലത്തോളം, സൂര്യനും മറ്റ് ജ്യോതിർഗോളങ്ങളും അഴിഞ്ഞു പോകുവോളം. 'ഓർഫിയസ്' എന്ന കവിത ജീവകോശത്തിനുള്ളിൽ ഡിഎൻഎയിലെ ‘കോഡോൺ’ എന്ന നിലയിൽ വായിക്കപ്പെടുന്നു, അത് ജൈവപ്രക്രിയയിൽ അമിനോ ആസിഡുകൾ ആയി അണിനിരക്കുമ്പോൾ (അവയെ വീണ്ടും നിർദിഷ്ട അക്ഷരങ്ങളായി പരിഗണിക്കുന്നതിലൂടെ), 'യൂറിഡിസി' എന്ന രണ്ടാം കവിത പിറവികൊള്ളുന്നു. തന്റെ കവിത ആലേഖനം ചെയ്യുന്നതിനും അത് കാലാതിവർത്തിയായി തീരുന്നതിനുമുള്ള  ഒരു മാധ്യമം എന്ന നിലയിൽ മാത്രമല്ല ബോക്ക് ഈ സൂക്ഷ്മകോശങ്ങളെ കണ്ടത്, സ്വയം കവിത രചിക്കുന്ന ഒരു നൂതന സംവിധാനം എന്ന നിലയ്ക്ക് കൂടിയാണ്. അതിർവരമ്പുകളെ ഉല്ലംഘിച്ച് ശാസ്ത്രവും സാഹിത്യവും സാങ്കേതികവിദ്യയും ജൈവലോകവും സമന്വയിക്കുന്ന പുതിയൊരു വഴിത്താര.

ആംഗലേയഭാഷയിൽ കവിത രചിക്കുന്നതിന് 26 അക്ഷരങ്ങൾ വേണമെന്നിരിക്കെ ജീനോം (ഒരു കോശത്തിലെ മുഴുവൻ ഡിഎൻഎയെയും ഒന്നിച്ചു കുറിക്കുന്ന പദം) എന്ന മഹാകാവ്യം രചിക്കപ്പെട്ടിരിക്കുന്നത് വെറും നാല് രാസാക്ഷരങ്ങൾ (A, T, G, C ബേസുകൾ) കൊണ്ടാണ്. ഡിഎൻഎ എന്ന രഹസ്യസന്ദേശം ഡീകോഡ്  (decode) ചെയ്യുമ്പോൾ (translation process) നിർമിക്കപ്പെടുന്ന പ്രോട്ടീനുകൾ കോശത്തിനുള്ളിലെ  കാര്യനിർവാഹകരായി പ്രവർത്തിക്കുന്നു. വൈറസുകൾ മുതൽ മനുഷ്യൻ വരെ എല്ലാ ജീവികളിലും  ജീവൽപ്രവർത്തനങ്ങളുടെ നിർവാഹകരായ വിവിധതരം പ്രോട്ടീനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് 20 അമിനോ ആസിഡുകൾ കൊണ്ടാണ്. 20 അമിനോ ആസിഡുകളെ നിർണയിക്കുന്നതാവട്ടെ ഡിഎൻഎയിലെ 61 ജനിതക കോഡോണുകളും (ആകെ 64 ജനിതക കോഡോണുകളാനുള്ളത്, ഇവയിൽ മൂന്നെണ്ണം TAA, TAG, TGA എന്നിവ  പ്രോട്ടീനുകളുടെ നിർമിതിയിലെ പൂർണവിരാമങ്ങളായി വർത്തിക്കുന്നു). ജനിതകസന്ദേശത്തിലെ അടുത്തടുത്തുള്ള മൂന്ന് രാസാക്ഷരങ്ങളെ  കുറിക്കുന്ന പദമാണ് കോഡോൺ.  മെതിയോണിൻ (ATG)ട്രിപ്റ്റോഫാൻ (TGG) എന്നീ രണ്ട് അമിനോആസിഡുകളെ ഒഴിച്ചുനിർത്തിയാൽ മറ്റുള്ളവയെല്ലാം കോഡ് ചെയ്യുന്നതിന് രണ്ടോ അതിലധികമോ കോഡോണുകൾ ഉണ്ടെന്നതാണ് വസ്തുത. കോഡോണുകൾ  നിർണയിക്കുന്ന പദങ്ങളാണ് അമിനോആസിഡുകൾ എങ്കിൽ ആ പദങ്ങൾ ചേർന്നുള്ള  വാക്യങ്ങളാണ്  പ്രോട്ടീനുകൾ എന്ന് കരുതുക.  ഡി.എൻ.എ തന്മാത്രയ്ക്കുള്ളിലെ A, T, G, C  ബേസുകളുടെ ക്രമീകരണത്തിലെ വ്യത്യസ്തതയാണ് അവയുൾക്കൊള്ളുന്ന ‘വിവരങ്ങളുടെവ്യത്യസ്തതയ്ക്കും പ്രോട്ടീനുകളുടെ വ്യതിരക്തതയ്ക്കും അടിസ്ഥാനം.

ഡിഎൻഎയുടെ ഭാഷയിൽ കവിത രചിക്കുക എന്നാൽ അത് വെറും 4 അക്ഷരങ്ങൾ മേളിച്ച വ്യർത്ഥശബ്ദങ്ങളുടെ ഒരു നേരംപോക്കാവും എന്നതിൽ സംശയമില്ല. അവിടെയാണ് ബോക്കിന്റെ പുതിയ കോഡ് പ്രസക്തമാകുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ പ്രതിനിധാനം   ചെയ്യുന്നതിന് 64 ജനിതക കോഡോണുകളിൽ നിന്നും 26 എണ്ണത്തെ അദ്ദേഹം പെറുക്കിയെടുത്തു. ബോക്കിന്റെ  കോഡിങിൽ ഓരോ കോഡോണും (3 രാസാക്ഷരങ്ങൾ ചേർന്നതാണ് ഒരു കോഡോൺ എന്ന് ഓർമിക്കുക) ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. ചുരുക്കത്തിൽ ഡി.എൻ. എയിൽ LIFE എന്ന് എഴുതി ചേർക്കണമെങ്കിൽ ബോക്കിന്റെ കോഡ് അനുസരിച്ച് 12 രാസാക്ഷരങ്ങൾ (ഇവ ലബോറട്ടറിയിൽ നിസ്സാരമായി നിർമിച്ചെടുക്കാവുന്നതാണ്) വേണ്ടിവരും. ഓരോ കോഡോണുകളെയും ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളായി പുനപ്രതിഷ്ഠിച്ചതിലൂടെ ബോക്കിന് അക്ഷരക്ഷാമം മറികടക്കാനായി. ഇത്തരത്തിൽ എത്ര വലിയ പദങ്ങളും നിസ്സാരമായി ഡി എൻഎയിൽ എഴുതിച്ചേർക്കാനാവും.

അടുത്ത കടമ്പ എന്ന് പറയുന്നത് ഡിഎൻഎ കവിത അർത്ഥവത്തായ ഒരു പ്രോട്ടീൻ കവിതയായി കോശത്തിനുള്ളിൽ പുനർജനിക്കണം എന്നതാണ്. ഡിഎൻഎ കവിതയുടെ ട്രാൻസ്ലേഷൻ നടക്കുമ്പോൾ (നേരിട്ടല്ല ഡിഎൻഎയുടെ  ട്രാൻസ്ലേഷൻ നടക്കുക, പകരം ഒരു സന്ദേശവാഹക ആർഎൻഎ തന്മാത്ര  ഡിഎൻഎയ്ക്ക് അനുപൂരകമായി സൃഷ്ടിക്കപ്പെടുന്നു, പ്രോട്ടീൻ നിർമിതി നടക്കുക ഈ തന്മാത്രയെ അടിസ്ഥാനമാക്കിയാണ്) ഒരു പ്രോട്ടീനുണ്ടാവുക എന്നത് പൂർണമായും സാദ്ധ്യമാണ്, എന്നാൽ അതൊരു  അർത്ഥവത്തായ കവിതയായിരിക്കുക എന്നത് ഏറെക്കുറെ അസാദ്ധ്യവും. അതിന് അദ്ദേഹം ചെയ്തത്, പ്രോട്ടീനിലെ ഓരോ അമിനോ ആസിഡിനെയും ഒരു ഇംഗ്ലീഷ് അക്ഷരമായി നിർണയിക്കുക എന്നതായിരുന്നു. പക്ഷേ  അങ്ങനെ ചെയ്യുമ്പോൾ ഇംഗ്ലീഷ് അക്ഷരമാല 20 അക്ഷരങ്ങളായി ചുരുങ്ങേണ്ടി വരും. കാരണം, പ്രോട്ടീനുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് 20 വ്യത്യസ്തങ്ങളായ അമിനോ ആസിഡുകൾ കൊണ്ടാണല്ലോ. ചുരുക്കത്തിൽ 20 അക്ഷരങ്ങൾ കൊണ്ട് ഒരു കവിത നിർമ്മിക്കണം, ഒരുപക്ഷേ, ഒരേ അമിനോ ആസിഡുകൾ ആവർത്തിക്കപ്പെടുന്ന ഇടങ്ങളിൽ, ബോക്ക് ശേഷിക്കുന്ന ആറ് അക്ഷരങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. എങ്കിലും അർത്ഥവത്തായ രണ്ട് കവിതകൾ, അതും തമ്മിൽ സംവദിക്കുന്ന രൂപത്തിൽ സൃഷ്ടിക്കുകയെന്നത് നിസ്സാരമല്ല. വെറുതെയല്ല അനേക വർഷങ്ങൾ ഇതിനു വേണ്ടി ബോക്കിന് നീക്കിവയ്ക്കേണ്ടി വന്നത്.

ബോക് തന്റെ cipher രൂപപ്പെടുത്തിയത് ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ 13 ജോഡികളായി തിരിച്ചുകൊണ്ടാണ്, ഓരോ അക്ഷരത്തിനും ഒരേയൊരു പങ്കാളി എന്ന നിലയിൽ. ഗണിതശാസ്ത്ര ഫോർമുല അനുസരിച്ച് കണക്കാകുകയാണെങ്കിൽ ഏകദേശം 7.9 trillion സാധ്യതകളാണിവിടെ തെളിയുന്നത് (26!/21313! = 7,905,853,580,625). കോഡുകൾ എഴുതുന്നതിന് പ്രോഗ്രാമ്മിങ് language Python ഉപയോഗിച്ചുവെങ്കിലും ഇതൊരു അപ്രാപ്യമായ ഔട്ട്പുട്ട് ആണെന്നതിൽ തർക്കമില്ല. പക്ഷേ, കൃത്യമായ ഫിൽട്ടറുകൾ ഉപയോഗിച്ചതിലൂടെ അർത്ഥവത്തായ 120 പദങ്ങളുടെ ഒരു സഞ്ചയം  (120-word Xenocode) Python-ന്റെ സഹായത്തോടെ രൂപപ്പെടുത്തി.

Alphabet:         a b c d e f g h i j k l m n o p q r s t u v w x y z

Xenocode:       t v u k y s p n o x d r w h i g z l f a c b m j e q

(ഓർഫിയസിൽ any എന്ന് എഴുതപ്പെടുന്നത് cipher ടെക്സ്റ്റ് ആയ യുറിഡീസിയിൽ the എന്ന് വായിക്കപ്പെടുന്നു, മറിച്ച് ഓർഫിയസിൽ the എന്നത് യുറിഡീസിയിൽ any എന്നും)

രണ്ടായിരത്തിന്റെ തുടക്കത്തിൽ ബോക്കിന്റെ മനസ്സിൽ ബീജവാപം ചെയ്യപ്പെട്ട ഈ ആശയം 2009 നവംബറിൽ അദ്ദേഹം നേച്ചർ മാഗസിന് നൽകിയ ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് പൊതുജന ശ്രദ്ധയിലേക്ക് വരുന്നത്. ഇതിനോടകം തന്നെ തന്റെ സ്വപ്നം സഫലമാക്കുന്നതിന് കെമിസ്റ്റുകളുടെയും മോളിക്യൂലാർ ബയോളജിസ്റ്റുകളുടെയും സഹായം അദ്ദേഹം നേടിയിരുന്നു. ജൈവസാങ്കേതികവിദ്യയുടെ ലോകത്തെ സ്ഥിരം തൊഴിലാളിയായ ഇ. കൊളൈ ബാക്ടീരിയയിലാണ് ആദ്യ പരീക്ഷണങ്ങൾ നടന്നത്. 2010 ആവുമ്പോഴേക്കും അക്ഷരങ്ങളെയും കോഡോണുകളെയും തമ്മിൽ ബന്ധിപ്പിച്ച് കവിതയാക്കുന്നതിന്റെ ഒരു ഏകദേശരൂപം തയ്യാറായി. ഒരു ചെറിയ ഡിഎൻഎ കവിത ഇ. കൊളൈയുടെ ജനിതകശ്രേണിയിൽ കൊരുത്തു വച്ചതിലൂടെ തന്റെ ആശയം പ്രാവർത്തികമാക്കാൻ ആവുന്ന ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു. 2010 ൽ THE WIRE  മാഗസിൻ 'Poet plans living text written in DNA'  എന്ന പേരിൽ ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി.  2011 ആയപ്പോൾ ബോക്ക് തന്നെ സൂക്ഷ്മാണുവിനുള്ളിലെ 'ജീവിക്കുന്ന കവിത' എന്ന തന്റെ ആശയത്തെക്കുറിച്ച്  Poetry  Foundation- ന് നൽകിയ ലേഖനത്തിലൂടെ വെളിപ്പെടുത്തി.

എന്നാൽ പരിണാമ പ്രക്രിയയിൽ എവിടെവച്ച് വേണമെങ്കിലും കൈമോശം വന്നുപോകാവുന്ന ഒരു ജനിതക 'സ്വത്വ'ത്തിന് ഉടമയാണ് പാവം ഇ. കൊളൈ ബാക്ടീരിയ (മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ചു മാറ്റപ്പെടുന്ന ജനിതകം) എന്നത് തന്റെ ആശയ സഫലീകരണത്തിനുള്ള ജീവി എന്ന പദവി ഡൈനോകോക്കസ് റേഡിയോഡ്യൂറൻസ് (Deinococcus radiodurans) എന്ന മറ്റൊരു സൂക്ഷ്മ ജീവിക്ക് നൽകുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'Conan the bacterium' എന്ന വിളിപ്പേരുള്ള ഡൈനോകോക്കസ് റേഡിയോഡ്യൂറൻസ് ('Conan the barbarian' എന്ന അമരനായ കോമിക്ക് കഥാപാത്രത്തിന്റെ ചുവടുപിടിച്ച്) ജീവലോകത്ത് അമരത്വം പ്രാപിച്ചവയെന്ന പേരിനു ഉടമയാണ്.  ഈ ബാക്ടീരിയത്തിന് അതിശൈത്യത്തെയും വരൾച്ചയെയും, അപ്രതീക്ഷിതമായ താപവ്യതിയാനത്തെയും  അൾട്രാവയലറ്റ്  രശ്മികളെയും ആണവവികിരണങ്ങളേയും ഒന്നുപോലെ നേരിടുവാനുള്ള കഴിവുണ്ട്. എന്തിനധികം പറയുന്നു, ബഹിരാകാശത്തുപോലും അതിജീവിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ISS (ഇൻറർനാഷനൽ സ്പേസ് സ്റ്റേഷൻ) നടത്തിയ പഠനം വെളിപ്പെടുത്തി. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ശതകോടി വർഷങ്ങൾ നിലനിന്നു പോകുവാൻ കെൽപ്പുള്ളവയാണ് ഇവ എന്ന കരുതപ്പെടുന്നു. തന്റെ കവിത അനശ്വരതയെ എത്തിപ്പിടിക്കുവാൻ ഇതിലും നല്ലൊരു മാധ്യമം ഇല്ലെന്ന് തന്നെ ബോക്ക് കണക്കുകൂട്ടി.

ഡൈനോകോക്കസ് റേഡിയോഡ്യൂറൻസിന്റെ ജീനോമിലേക്ക് എഴുതിച്ചേർത്ത XP-13 എന്ന നിർമിത   ജീൻ, പ്രോട്ടീൻ-13നെ ഉത്പാദിപ്പിക്കുന്നു. ഡിഎൻഎയിൽ കൊരുത്തുചേർക്കപ്പെട്ട കവിതയ്ക്ക് മറുപടിയായി ഒരു പ്രോട്ടീൻ കവിത സ്വന്തമായി രചിക്കുക മാത്രമല്ല  D. radiodurans ചെയ്യുക, കോശങ്ങൾ അരുണവർണത്തിൽ കാണപ്പെടുകയും ചെയ്യുന്നു, പ്രസ്തുത പ്രോട്ടീൻ mCherry റെഡ് എന്ന ഫ്ലൂറോഫോർ ടാഗുമായി (236 അമിനോ ആസിഡുകൾ മാത്രമുള്ളതും പ്രത്യേക തരംഗ ദൈർഘമുള്ള പ്രകാശത്തെ ആഗീകരണം ചെയ്ത് ചുവപ്പുനിറത്തിൽ പ്രകാശിക്കുന്നതുമായ മറ്റൊരു പ്രോട്ടീൻ) സംയോജിക്കപ്പെട്ട നിലയിൽ ഉത്പാദിക്കപ്പെടുന്നതിനാൽ ഒരു ഫ്ലൂറസെന്റ് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ചുവപ്പു നിറത്തിൽ പ്രകാശിതമാവുന്നു.  ‘Any style of life is prim എന്ന് തുടങ്ങുന്ന ഡിഎൻഎ കവിത ഓർഫിയസിന്നുള്ള പ്രതികരണമമെന്ന നിലയ്ക്ക് The faery is rosy of glow എന്ന് തുടങ്ങുന്നു യുറിഡീസി എന്ന പ്രോട്ടീൻ കവിത.

2015- ൽ, 'The Xenotext- Book I' എന്ന പേരിൽ Coach Book House പ്രസിദ്ധീകരണം ചെയ്ത കൃതിയിൽ ബോക് തന്റെ പ്രോജക്ടിന്റെ പിന്നിലുള്ള ആശയം, അതിന്റെ കലാപരമായ അർത്ഥവും മൂല്യവും, കൂടാതെ, സാംസ്കാരികവും, ദാർശനികവും സാഹിത്യപരവുമായ പശ്ചാത്തല ലേഖനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയിരിക്കുന്നു. 2025 ജൂൺ 3-ന് പ്രസിദ്ധീകരണം ചെയ്യപ്പെട്ട The Xenotext- Book 2 ഒരു ലബോറട്ടറി മാനുവൽ ആണെന്ന് തന്നെ പറയാം. ഓർഫിയസും  യൂറിഡീസിയും  അതേമാതൃകയിലുള്ള മറ്റ്പല കവിതകളും ശാസ്ത്ര പരീക്ഷണങ്ങളുടെ വിവരണങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഉദ്യമത്തിൽ ബോക്കിന്റെ ശാസ്ത്രലോകത്തെ പങ്കാളി എന്ന നിലയിൽ എടുത്തുപറയപ്പെട്ടത്  യൂണിവേർസിറ്റി ഓഫ് ടെക്സസസിലെ കെമിക്കൽ എൻജിനിയർ ആയ Lydia Contreras-ന്റെ പേരാണ്. 2025 ആഗസ്റ്റ് 7-ന് ടെക്സസസ് യൂണിവേർസിറ്റിയുടെ ന്യൂസ് ലെറ്റർ  'Conan the bacterium' Is Now a Poet എന്ന തലക്കെട്ടോടെയാണ് ഈ വിസ്മയകരമായ ജനിതക ലിഖിതത്തെക്കുറിച്ച് പരമാർശിച്ചിരിക്കുന്നത്.

ഓർഫിയസും യുറിഡീസിയും എഴുതപ്പെട്ടിരിക്കുന്നത് ജീവിതവും മരണവും തമ്മിലുള്ള ഒരു സംവാദം പോലെയാണ്. ഓർഫിയസ് അനശ്വരതയിലേക്ക് കൈനീട്ടുമ്പോൾ യുറിഡീസി മരണമെന്ന അനിവാര്യതയെ ഓർമ്മിപ്പിക്കുന്നു. പ്രകാശവും ചൂടും ജീവിതത്തിന്റെ ഊഷ്മളതയുമാണ് ഓർഫിയസിന്റെ പ്രതീകങ്ങൾ, മറിച്ച് അന്ധകാരവും ശൈത്യവും മരണവും ആണ് യുറിഡീസിയുടേത്.

തന്റെ സ്വപ്നം സഫലമാക്കുന്നതിന് ബോക് കടന്നുപോയത് മറ്റൊരാളും ചിന്തിക്കാൻ പോലും തുനിയാത്ത കഠിന സപര്യയിലൂടെയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും, ഗണിതവും, മോളിക്യുലർ ബയോളജിയും, ക്ലോണിങും ഒപ്പം തത്വചിന്തയും, ഭാഷാശാസ്ത്രവും, ജീവകോശങ്ങളിൽ കവിത ആലേഖനം ചെയ്യുന്നതിലെ നൈതികതയും എന്നുവേണ്ട അദ്ദേഹം പഠിച്ചെടുക്കാൻ ശ്രമിക്കാത്തതായി ഒന്നും ബാക്കിയുണ്ടാവില്ല.        ഓരോ മേഖലയിയിലും വൈദഗ്ദ്യമുള്ളവരുടെ സഹായം ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം വിജയിച്ചുവെങ്കിൽ അതിനുള്ള കാരണം അവരുടെ ഓരോരുത്തരുടെയും സാങ്കേതികഭാഷ  തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം കൈവരിച്ച പ്രാവീണ്യവും താനെന്താണ് ഉദ്ദേശിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിൽ പുലർത്തിയ  കണിശതയുമാണ്.  

ഇത്രയൊക്കെ പാടുപെട്ട് ഇത് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് നമ്മളിൽ പലരും ചോദിച്ചു പോകും. അത് വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്.  പക്ഷേ ഒന്നുണ്ട് -തങ്ങൾക്ക് ആവശ്യമില്ലാത്ത ഡിഎൻഎ ഭാഗങ്ങളെ ജനിതക പരിണാമ പ്രക്രിയയിൽ ഒഴിവാക്കുന്ന ഒരു പ്രവണത ജീവകോശങ്ങളിൽ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് കുറഞ്ഞപക്ഷം, ആ ഉച്ചാടനപ്രക്രിയയെ അല്പം കൂടി വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ കവിതാശകലം ഉപകരിച്ചേക്കാം! തന്നെയുമല്ല,  സാഹിത്യസൃഷ്ടിക്കുള്ള ഒരു മാധ്യമം എന്ന നിലയ്ക്ക് ജീവികളിലെ ജനിതകസന്ദേശത്തെ പുനർസൃഷ്ടിക്കുന്ന മാതൃക മറ്റുള്ളവരും പിന്തുടരുകയാണെങ്കിൽ വരുംതലമുറകൾക്കും അഴിക്കാൻ എന്തെങ്കിലുമൊക്കെ കുരുക്കുകൾ ബാക്കിയാവും!  ഈ ഭൂമിയിൽ മനുഷ്യന്റെ ഭാവി അത്ര ആശാവഹമല്ലാത്തതിനാൽ, ഇത് വല്ല അന്യഗ്രഹ ജീവികൾക്കുമുള്ള വമ്പൻ ജീനോം പ്രോജക്ട് ആയി മാറിയെന്നും വരാം...!

Dr. Blessy K. Alex

Thursday, January 30, 2025

ഹു ഈസ് യുവർ മോം?

ഹു ഈസ് യുവർ മോം?

നമ്മുടെ രാജ്യത്ത് മൂന്നു തരത്തിലുള്ള നേതൃത്വങ്ങൾ ആണുള്ളത്. മതനേതൃത്വം, രാഷ്ട്രീയ നേതൃത്വം, പിന്നെ മേൽപ്പറഞ്ഞവ രണ്ടും കുഴച്ചു ചേർത്തൊരു നേതൃത്വം. ഇവ രണ്ടും തമ്മിൽ കുഴയ്ക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നില്ല- രണ്ടും സമാസമം കുഴച്ചെടുക്കാം, അല്ലെങ്കിൽ മതം കൂടുതൽ ഇട്ട് രാഷ്ട്രീയം കുറച്ചു ചേർക്കാം, അതുമല്ലെങ്കിൽ രാഷ്ട്രീയം കൂടുതലെടുത്ത് മതം അത്യാവശ്യത്തിന് മാത്രം. ശരിക്ക് കുഴഞ്ഞില്ലെങ്കിൽ ബാക്കി വിശ്വാസികളും രാഷ്ട്രീയക്കാരും തരാതരം പോലെ കുഴച്ചെടുത്തോളും. നേതൃത്വങ്ങൾ മൂന്നാണെങ്കിലും പ്രമാണങ്ങൾ ഏറെക്കുറെ ഒന്നാണ്. എന്നാൽ ഈ പ്രമാണങ്ങളുടെയൊക്കെ അടിസ്ഥാന ശിലയായി കരുതാവുന്ന തത്വം സ്ത്രീകളും പുരുഷന്മാരും തുല്യരല്ല എന്നതാണ്. ഒളിഞ്ഞും തെളിഞ്ഞും, പറഞ്ഞും പറയാതെയും നൂറ്റാണ്ടുകളായി നമ്മൾ കൈമാറിവരുന്ന ഈ വലിയ തത്വത്തിലാണ് മാനവരാശിയുടെ നിലനിൽപ്പ് തന്നെ. സ്ത്രീയും പുരുഷനും തുല്യർ അല്ല എന്ന് പറയുമ്പോൾ എനിക്ക് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആണ്, തുല്യരല്ല എന്ന് പറയുമ്പോൾ ആരാണ് മുൻപിൽ എന്ന് പറയേണ്ടതല്ലേ?!

എന്തായാലും അറിവില്ലെങ്കിൽ പുസ്തകങ്ങൾ വായിച്ച് അറിവ് നേടുക എന്നതാണല്ലോ നമ്മൾ "പഴയ ആളുകൾ' ശീലിച്ചിട്ടുള്ളത്. അതുകൊണ്ട്, എൻറെ വീട്ടിലെ സുപ്രധാന റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നായ എൻറെ മകളുടെ സ്കൂൾ ഡയറി തന്നെ ആദ്യം ഞാൻ എടുത്തു. ഒരുവിധം വിഷയങ്ങളിൽ ഒക്കെ ഒരു വ്യക്തത കൊണ്ടുവരാൻ ഈ ഗ്രന്ഥം വളരെ ഉപകാരപ്രദമാണ്. ഞങ്ങളുടെ കുടുംബ ചരിത്രം, മോളുടെ ഹൈറ്റ്, വെയിറ്റ്, ബ്ലഡ് ഗ്രൂപ്പ്, വാക്സിനേഷൻ ഡേറ്റുകൾ, അലർജികൾ, ഇഷ്ടങ്ങൾ ഇവ ഒക്കെ വർഷാരംഭത്തിൽ തന്നെ ഈ ചരിത്ര പുസ്തകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യ എന്ന മഹാരാജ്യത്തെക്കുറിച്ച് ഒരു പൗരൻ അറിഞ്ഞിരിക്കേണ്ട വശ്യ വിവരങ്ങൾ, സ്കൂളിൻറെ ഒരു സംക്ഷിപ്ത ചരിത്രം, മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ, കുട്ടി എന്ന നിലയിൽ അവളുടെ ഉത്തരവാദിത്തങ്ങൾ, പിന്നെ ഞങ്ങളെ സംബന്ധിച്ച് അതിപ്രസക്തമായ സ്കൂൾ കലണ്ടർ ഇതൊക്കെയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. ഇവിടെ ഇന്നത്തെ എൻറെ ഗവേഷണത്തിനായി ഞാൻ എടുത്തത് ഗ്രന്ഥത്തിൻറെ അവസാന പേജുകളിലായി കാണപ്പെടുന്ന സ്കൂൾ കലണ്ടർ ആണ്. ജയന്തികളുടെയും സമാധികളുടെയും അടിസ്ഥാനത്തിൽ സ്ത്രീപുരുഷ തുല്യത ഉണ്ടോ, ഇല്ലെങ്കിൽ ആരാവും മുമ്പിൽ നിൽക്കുന്നത് എന്ന് പരിശോധിക്കാനായിരുന്നു പദ്ധതി. നമ്മുടെ രാജ്യത്ത് ഒരു വ്യക്തി തന്റെ മഹത്വത്തിൻറെ പരകോടിയിലെത്തി എന്ന് പറയാനാവുന്നത് ആ വ്യക്തിയുടെ ജനനമോ മരണമോ ഒരു സ്കൂൾ കുട്ടിക്ക് ഒരു ദിവസമെങ്കിലും വിശ്രമം നേടിക്കൊടുക്കുന്ന ഘട്ടത്തിൽ എത്തുമ്പോഴാണ്. വളരെ ദുഃഖത്തോടെ ഞാൻ തിരിച്ചറിഞ്ഞു - ഒരു ഡസനോളം ജയന്തികളും സമാധികളും ഉണ്ടെന്നിരിക്കെ ആ പരമോന്നത ശ്രേണിയിലേക്ക് എത്തിച്ചേരാൻ തക്ക പുണ്യം ചെയ്ത ഒരു സ്ത്രീ പോലും ഈ മഹാരാജ്യത്ത് ജനിച്ചിട്ടില്ല എന്ന്. പക്ഷേ പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. സ്ത്രീയിൽ നിന്ന് ജനിച്ച ദൈവങ്ങൾ എത്ര പുരുഷനിൽ നിന്ന് ജനിച്ച ദൈവങ്ങൾ എത്ര, ഇങ്ങനെ ഒരു ഗവേഷണം നടത്താം എന്ന് തോന്നി. സ്ത്രീകളുടെ 'അശുദ്ധമായ’ ഗർഭപാത്രത്തിൽ ജനിച്ചവരായിരിക്കും കൂടുതൽ എന്ന ധാരണയായിരുന്നു ഇതിനെന്നെ പ്രേരിപ്പിച്ചത്. സ്ത്രീ ദൈവങ്ങളുടെ എണ്ണവും പുരുഷ ദൈവങ്ങളുടെ എണ്ണവും തമ്മിൽ ഒരു താരതമ്യ പഠനം വേണ്ട എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. വെറുതെ എന്തിനാ സ്ത്രീകൾക്ക് ഗുണമില്ലാത്ത ഒരു നെഗറ്റീവ് റിസൾട്ട് കൂടി എൻറെ തീസിസിൽ വയ്ക്കുന്നത്.

പക്ഷേ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള ഒരു ഗവേഷണ വിഷയം തിരഞ്ഞെടുത്തതിന്റെ അബദ്ധം എനിക്ക് മനസ്സിലായി. സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിൽ ദൈവങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. പോരാഞ്ഞിട്ട്, പല ദൈവങ്ങളുടെയും ജനനത്തെക്കുറിച്ച് പലതരം ഐതിഹ്യങ്ങൾ ഉണ്ട്. അങ്ങനെ നോക്കിയാൽ എനിക്ക് കൈകാര്യം ചെയ്യാനാവുന്നതിലും വലിയൊരു ഡേറ്റ തന്നെ ഉണ്ടാവുകയും ഏതെങ്കിലും മെറ്റാ അനാലിസിസ് സോഫ്റ്റ്‌വെയർ പർച്ചേസ് ചെയ്യേണ്ടതായും വരും.  മാത്രമല്ല ഈ വിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനുള്ള അടിസ്ഥാനവിദ്യാഭ്യാസവും എനിക്കില്ല (അതിൻറെ ഒന്നും ആവശ്യമില്ലെന്ന് 2025- ലെ ഡ്രാഫ്ററിൽ യുജിസി പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് ആത്മവിശ്വാസം പോരാ). കുറഞ്ഞത് അഞ്ച് വർഷത്തെ ഗവേഷണ സാധ്യതയെങ്കിലും ഉള്ളതുകൊണ്ട് താല്പര്യം ഉള്ളവർക്ക് ഇതൊരു പ്രോജക്ട് പ്രൊപ്പോസൽ ആയി ഏതെങ്കിലും കേന്ദ്ര ഏജൻസികൾക്ക് സമർപ്പിക്കാവുന്നതാണ്. ഉടനെ തന്നെ യുജിസിയുടെ ത്രസ്ററ് ഏരിയയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള ഒരു ടോപ്പിക്ക് കൂടിയാണിത്.

പിന്നീട്, ഒരു ശാസ്ത്ര അധ്യാപിക എന്ന നിലയിൽ എനിക്കറിയാവുന്ന ചില ജനിതകശാസ്ത്ര സത്യങ്ങൾ ഉപയോഗിച്ച് നമ്മുടെ പ്രശ്നത്തിന് ഒരു വ്യക്തത കൊണ്ടുവരാൻ ആവുമോ എന്നായി ചിന്ത. പുരുഷനും  സ്ത്രീയും ക്രോമസോമുകളുടെ എണ്ണത്തിൽ തുല്യരാണ്, രണ്ടുകൂട്ടർക്കും 23 ജോഡി വീതം- അതായത് 46 ക്രോമസോമുകൾ. പകുതി ക്രോമസോമുകൾ അപ്പനും ബാക്കി പകുതി അമ്മയും പാരമ്പര്യമായി പകർന്നു കൊടുക്കുന്നതാണ്. ഇങ്ങനെ മുൻഗണനാക്രമത്തിൽ പറയുമ്പോൾ നിങ്ങളിൽ പകുതി ആളുകൾ സന്തോഷിക്കുമെങ്കിലും അങ്ങനെ മുൻപിലത്തെ ബെഞ്ചുകളിൽ അച്ഛൻറെ ക്രോമസോമുകളെയും പുറകിലത്തെ ബെഞ്ചുകളിൽ അമ്മയുടെ ക്രോമസോമുകളെയും ഇരുത്തുന്ന പണിയൊന്നും നമ്മുടെ കോശത്തിന് ഇല്ല. ഒരു മൈക്രോസ്കോപ്പിൽ കൂടി നോക്കിയാൽ ഓരോ ജോഡി ക്രോമസോമുകളും (ഒരു അപ്പൻ ക്രോമസോമും ഒരു അമ്മ ക്രോമസോമും), അവരങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കുന്നതായി കോശവിഭജനത്തിന്റെ പ്രത്യേക ഘട്ടത്തിൽ കാണാനാവും. എന്തായാലും ഒരു 'ജെൻഡർ  ബയസ്' ഒരുകാലത്തും, പുതു കോശനിർമിതിയുടെ ഒരു ഘട്ടത്തിൽ പോലും കോശത്തിനില്ല. ഇനി സെക്സ് ക്രോമസോമുകൾ നോക്കിയാൽ സ്ത്രീകൾക്ക് രണ്ട്  ' X' ക്രോമസോമുകളും പുരുഷന് ഒരു 'X' ഉം ഒരു ‘Y ഉം ആണുള്ളത്.  പെൺകുട്ടി ജനിച്ചതിന്റെ പേരിൽ പീഢയനുഭവിക്കുന്ന പല അമ്മമാരും, പെൺകുട്ടി ആയതിന്റെ പേരിൽ ജീവിതമോ അല്ലെങ്കിൽ ജീവൻ തന്നെയുമോ നഷ്ടപ്പെടുന്ന അനേകം കുഞ്ഞുങ്ങളും ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. ഒരു കുട്ടി ആണോ പെണ്ണോ എന്ന് നിർണയിക്കുന്നത് അച്ഛനിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടത് 'X' ക്രോമസോം ആണോ ‘Y ക്രോമസോമാണോ എന്നതിനെ ആശ്രയിച്ചിരിക്കും എന്നത് സ്കൂൾ കുട്ടികൾക്ക് പോലും അറിയാവുന്ന  ഇക്കാലത്തും പീഢനങ്ങൾക്ക് കുറവില്ല.

പക്ഷേ ഇനിയാണ് നമ്മൾ മനസ്സിലാക്കേണ്ടുന്ന മറ്റ് ചില വസ്തുതകൾ. 'Y' ക്രോമസോമിൽ വെറും 200-ളം ജീനുകൾ മാത്രമുള്ളപ്പോൾ, 'X' ക്രോമസോമിൽ ഉള്ളത് 1400- നുമേൽ ജീനുകളാണ്. Y ക്രോമസോമിലെ ജീനുകൾ വൃക്ഷണങ്ങളുടെ രൂപീകരണത്തിൽ മാത്രം പങ്കുവഹിക്കുമ്പോൾ 'X' ക്രോമസോമിലെ ജീനുകൾ ജീവൽപ്രധാനമായ അനേകം പ്രക്രിയകൾക്ക് കാരണഭൂതരായ പ്രോട്ടീനുകളുടെ നിർമ്മിതിയിൽ ഏർപ്പെടുന്നു. ചില 'X' ജീനുകളിൽ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ മൂലം മാരകമായ ജനിതകരോഗങ്ങൾ ഉണ്ടായേക്കാം.  Duchenne Muscular Dystrophy, Menkes syndrome, Alport syndrome, Lesch- Nyhan syndrome, fragile X syndrome ഇവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. സ്ത്രീയുടെ കോശത്തിലുളള രണ്ട് 'X' ക്രോമസോമുകളുടെയും പ്രകാശനം (gene expression) നടന്നാൽ ജനിതകപരമായി പുരുഷനും സ്ത്രീയും തമ്മിൽ സമതുലിതാവസ്ഥ അസാധ്യമാകും. അതുകൊണ്ട് പ്രകൃതി എന്ന ‘അമ്മ' അല്ലെങ്കിൽ സ്ത്രീ അതിൽ ഒന്നിനെ നിഷ്ക്രിയമാക്കി വെച്ചിരിക്കുന്നു. അങ്ങനെ നോക്കിയാൽ 'ജനിതക മൂല്യം' കൂടുതൽ സ്ത്രീക്ക് തന്നെ! ബീജസങ്കലനത്തിലൂടെ ഉണ്ടാകുന്ന ഒരു കോശം, വിഭജനം നടത്തി 500 മുതൽ ആയിരത്തോളം കോശങ്ങൾ എന്ന നിലയിലേക്ക് എത്തുമ്പോഴാണ് ലയണൈസേഷൻ (Lionization) എന്ന ഈ പ്രക്രിയ സംഭവിക്കുന്നത്. ചില കോശങ്ങളിൽ അമ്മയിൽ നിന്ന് ലഭിച്ച 'X' ക്രോമസോമും മറ്റു ചിലതിൽ അച്ഛനിൽ നിന്ന് ലഭിച്ച 'X' ക്രോമസോമുമാണ് നിഷ്ക്രിയമാക്കപ്പെടുന്നത്. പ്രകാശനം തടഞ്ഞുവയ്ക്കപ്പെട്ട ഈ ക്രോമസോമിനെ 'ബാർബോഡി'  (Barr body) എന്ന് വിളിക്കുന്നു. പ്രകൃതിയിൽ ഒരുപാട് ജീവിവർഗങ്ങളിൽ ഇണകൾ തമ്മിലുളള ജനിതക സന്തുലനത്തിന് വേണ്ടി 'ഡോസേജ് കോമ്പൻസേഷൻ'  (dosage compensation) എന്ന ഈ പ്രതിഭാസം കണ്ടുവരുന്നു. മനുഷ്യരിൽ സ്ത്രീപുരുഷ തുല്യതയുടെ സംസ്ഥാപനത്തിന്, സ്ത്രീകളിലെ 'X' ക്രോമസോം നിഷ്ക്രിയമാക്കപ്പെടുമ്പോൾ (എലികളിലും പൂച്ചകളിലും അങ്ങനെ തന്നെ) മറ്റുചില ജീവികളിൽ (ഉദാഹരണത്തിന് ചില പക്ഷികളിലും ചിത്രശലഭങ്ങളിലും) പുരുഷനിലെ ക്രോമസോം ആണ് ഇപ്രകാരം നിഷ്ക്രിയമാക്കപ്പെടുന്നത്. എന്നാൽ ഇത് കേവലം തുല്യതയ്ക്ക് വേണ്ടി മാത്രമല്ല, ഇപ്രകാരം ക്രോമസോം നിഷ്ക്രിയമാക്കപ്പെടുന്നില്ല എങ്കിൽ ഭ്രൂണ വളർച്ചയുടെ തുടക്കകാലത്ത് അത് പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം.

സ്ത്രീയുടെ ജനിതക മൂല്യം കൂട്ടുന്ന മറ്റൊന്നു കൂടിയുണ്ട്! കോശങ്ങളുടെ ന്യൂക്ലിയസിൽ മാത്രമല്ല ജനിതകപദാർത്ഥം (DNA) ഉള്ളത്, അവയുടെ കോശദ്രവ്യത്തിൽ കാണുന്ന മൈറ്റോകോൺട്രിയ എന്ന കോശാംഗത്തിനും സ്വന്തം നിലയിൽ ഒരു ക്രോമസോം ഉണ്ട് (37 ജീനകളാണ് അതിലുള്ളത്). ഊർജ്ജോല്പാദനമാണ് ഈ കോശാംഗത്തിന്റെ പ്രധാന ജോലി. മൈറ്റോകോൺട്രിയയിലെ ഈ ക്രോമസോമിന്റെ പാരമ്പര്യ കൈമാറ്റം നടക്കുന്നത് ബീജസങ്കലനത്തിൽ അണ്ഡദാതാവായ അമ്മയിൽ നിന്ന് മാത്രമാണ്. ബീജകോശത്തിൽ മൈറ്റോകോൺട്രിയൽ ഡിഎൻഎ ഉണ്ടെന്നിരിക്കലും വാലറ്റത്ത് മാത്രമായി കാണപ്പെടുന്ന ഇത് അണ്ഡകോശത്തിൽ പ്രവേശിച്ചാൽ അവിടെവച്ച് നശിപ്പിക്കപ്പെടുന്നു. പുതിയ കണ്ടെത്തൽ അനുസരിച്ച് മുതിർന്ന ബീജകോശത്തിൽ മൈറ്റോകോൺട്രിയൽ ഡിഎൻഎ ഇല്ലതന്നെ. അതുകൊണ്ട് ഒരു വ്യക്തിയുടെ ന്യൂക്ലിയസിലെ ജനിതകപദാർത്ഥത്തിന്റെ 50% ഷെയർ അമ്മയ്ക്കും അപ്പനും ഉള്ളപ്പോൾ, 100% മൈറ്റോകോൺട്രിയൽ ഡിഎൻഎയും അമ്മയിൽ നിന്നുമാണ് വരുന്നത്. മൈറ്റോകോൺട്രിയൽ ഡിഎൻഎയും നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. Leber's hereditary optic neuro pathy, Mitochondrial myopathy, Pearson syndrome, Leigh syndrome   ഇവയൊക്കെ മൈറ്റോകോൺട്രിയൽ ക്രോമസോമിലെ അക്ഷരത്തെറ്റുകളുടെ അനന്തരഫലമാണ്.

അതുകൊണ്ട് പ്രിയപ്പെട്ടവരെ, കുറഞ്ഞപക്ഷം ജനിതകശാസ്ത്രത്തിലെങ്കിലും നിങ്ങളുടെ അച്ഛനാരാണ് എന്ന  ചോദ്യത്തേക്കാൾ പ്രസക്തമാണ് നിങ്ങളുടെ അമ്മ ആരെന്നത്. ഉമ്മറത്തെ ചാരുകസേരയിൽ ചാരി കിടക്കുന്ന കാരണവത്തിയോട് വാതിൽ പിറകിൽ മറഞ്ഞുനിന്ന് അത്താഴമെടുക്കട്ടെ എന്ന് ചോദിക്കുന്ന ഒരു കാരണവ സങ്കല്പം പോലും നിങ്ങളുടെ നെറ്റിയിൽ ചുളിവുകൾ ഉണ്ടാക്കിയേക്കാം...! അതൊക്കെ പണ്ടല്ലേ ഇപ്പോൾ സ്ത്രീകൾക്ക് അത്തരം അവസ്ഥകൾ ഒന്നും ഇല്ലല്ലോ എന്ന് ചോദിക്കുന്നവർ ഉണ്ടാവാം. പക്ഷേ, ഏറെ വൈകി ത്രിസന്ധ്യയിൽ ഉച്ചയുറക്കം കഴിഞ്ഞുണർന്ന ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അമ്പരന്നു പോവുകയാണ്- നേരം പുലർന്നു വരികയാണോ അതോ രാത്രി കനം വയ്ക്കുകയാണോ എന്ന്. മതഭ്രാന്ത് മദം പൊട്ടി ഒഴുകി സർവ്വനാശം ചെയ്യുന്ന കാലം വിദൂരമല്ല, രാഷ്ട്രീയ കോമരങ്ങൾ അതിനു വെഞ്ചാമരം വീശികൊണ്ടിരിക്കുന്നു.

Dr. Blessy K. Alex

Friday, January 17, 2025

Lost in Babel: A personal Tale of Wrestling with Languages

 

Lost in Babel: A personal Tale of Wrestling with Languages

During my school time, the medium of instruction was Malayalam—my mother tongue. However, from Class 4, I learned English as my second language, and from Class 5, Hindi as the third. People won't believe me if I say I read Macbeth and Othello when I was in 3rd standard, so I must correct it—mine were Malayalam translations of the same. Kudos to my elder brother—he was a budding writer by that time—who gave these books to me. For me, my mother tongue was like a mother-in-law tongue, strong and assertive; I was really good at expressing my views using this fellow. 

Even though I was good at scoring marks in English and Hindi language exams in school, I couldn't gain confidence to speak these languages without a palpitating heart for two more decades. I think my mother (in-law) tongue must have occupied most of my brain and probably didn't allow the relative and foreign languages to raise their voice. I had a very good wrestling time with English in the beginning of my higher education as I was not at all familiar with the terminologies used in my science textbooks. Gradually, the ‘foreign aunty’ (English) made herself at home in my brain, and my mother tongue began to retreat by accepting the changing world of mine. Hindi was long forgotten somewhere in the old textbooks. 

At the age of 27, with fairly good English-speaking skills and bare-minimum Hindi, I touched my feet in the Hindi heartland as a teacher. The moment I reached here, I understood that the Hindi I learned during my school days was not even a distant relative of what people speak here. To make it worse, all living and non-living things have a ‘gender-biased approach’ in this language. I stopped opening my mouth unless there was an urgent need for communication. By this time, I was reasonably good at explaining my subject in the English language, and I used my tongue only for the sake of science! When students were on semester breaks, I wondered: will my tongue go vestigial and maybe be found missing one day? I miserably lost my mother-cum-mother-in-law tongue.

There comes the story of my little one... born with an excellent tongue that she started using fervently on any matter on her way from the 10th month of her arrival. As working parents, we had to leave her in the hands of a home maid from 8:30 a.m. to 6:00 p.m. The maid was a very capable, illiterate, charming woman who otherwise would have become at least the chief secretary of the state! She had very active vocal cords, and she engaged the child with a heart full of love and a mouth full of Hindi words, the only language that she knew. To my surprise—and that of our housing complex—our little one, at the age of one-and-a-half, quickly switched between Malayalam and Hindi as per the limitations and weaknesses of the spectators. The moment she saw us on the doorstep in the evening, she switched to Malayalam. The next morning, at 8:30, she tuned herself to Hindi. At the age of two, we introduced her to toddler touch books with simple words in English. At the age of three, she started fluently reading short sentences (Pepper and Bubbles series are good at this age). At the age of six, she completely read a novel written for children—Matilda by Roald Dahl (thanks to my librarian friend who suggested this book to her) without any help. Within a year she finished fifteen books written by the same author. At the age of seven, she started reading the Harry Potter series. At the age of nine, she completed all the eight books in the series along with many other books and started writing her own stories. By this time, she had gained enough command in Hindi and Malayalam. Yes, she can crack jokes and take jokes in these languages. I think this is the true measure of your skill in any language. Of course, she can read and write in these two languages as well.

I wrote this in the context of NEP 2020—the trilingual approach (In fact it is not new for many Indian states including Kerala). I also had exposure to three languages as a school-going child, but I was a failure in handling languages in my real life. You can see the clear difference—my child got the ideal situation: a Hindi-speaking maid and community, English-speaking teachers and reading material, and mother tongue-speaking parents. Constant exposure to the language is very important. Her exposure to different languages began in her toddler age. The trilingual approach is undoubtedly good in principle, but my experience vividly shows that language acquisition thrives on early and it requires consistent exposure.

Often English is considered as a vestige of colonial past, imposed upon indigenous population. However, as long as it holds the lion share of scientific literature and the only means to participate in global discourse we can’t ‘say good bye’ to English. In Holy Bible (Genesis 11:1-9) you can read the story of the Tower of Babel. It describes a time when humanity spoke a single language and shared a common purpose. United by their ambition, they decided to build a city and a tower "with its top in the heavens" to make a name for them and avoid being scattered across the earth. However, this endeavor was seen as an act of arrogance and defiance against God, as it symbolized humanity's attempt to assert independence and elevate itself to divine status. And God said, “Behold, they are one people, and they all have one language…Come, let us go down and confuse their language, so that they may not understand one another’s speech”. The Lord confused the language of all the earth and from there the Lord dispersed them over the face of all earth!  Interestingly, the story acknowledges the potential of a common language to achieve great things.  A person who doesn't know the global language may be a king in his own place, but can't even beg properly in a foreign land! Surely Apps (AI based translation apps and tools) will help us, but at times you will cry ‘I didn’t mean that’.

Recently, I attended an FDP on NEP2020: Sensitization and Orientation Programme. The participants were from various parts of the country, with the majority having Hindi as their mother tongue. Every speaker generously began by asking a question- ‘should I speak in English or in a bilingual mode’ and of course the chorus was bilingual (which means Hindi!!). The reality was that many speakers delivered their lecture in Hindi with a few English terms sprinkled here and there- much like tutti-frutty in a cake. However, I should not forget to say that a few speakers did it in English, with a few Hindi words. Practically speaking, the bilingual mode of instruction proposed by NEP in schools might end up in this way: instructors will go with the language they are most comfortable with, knowingly or unknowingly. For NEP2020, take off is not easy, and may experience turbulence in the air too!


Dr. Blessy K. Alex

Monday, January 25, 2021

കോവിഡ് വാക്സീനുകളെ ഭയക്കേണ്ടതുണ്ടോ?

 എന്താണ് വാക്സിനേഷൻ?

രോഗബീജങ്ങളുടെ (ബാക്ടീരിയകൾ, വൈറസുകൾ) ആക്രമണം മുൻകൂട്ടിക്കണ്ട്, അതേ സൂക്ഷ്മ ജീവികളെത്തന്നെ, ഒന്നുകിൽ നിർജീവമാക്കിയ (killed or inactivated vaccines) അവസ്ഥയിൽ അതല്ലെങ്കിൽ ശക്തിക്ഷയം സംഭവിപ്പിച്ചതോ തീവ്രത  കുറഞ്ഞതോ (live-attenuated vaccines) ആയ വകഭേദങ്ങളെ, അതുമല്ലെങ്കിൽ അവയുടെ ഉപരിതല പ്രോട്ടീനുകളോ  പോളിസാക്കറൈഡുകളോ (subunit vaccines)  ശരീരത്തിലേക്ക് സന്നിവേശിപ്പിച്ച് ഒരു രോഗാണു ആക്രമണത്തിന്‍റെ പ്രതീതി ജനിപ്പിക്കുകയും അതിലൂടെ ശരീരകോശങ്ങളുടെ പ്രതിരോധ   സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വാക്സിനേഷൻ. ചിലപ്പോൾ രോഗകാരികൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളും (toxoid vaccines) ഇതിനുവേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. പുറത്തുനിന്നുള്ള ഈ വസ്തുക്കളെ, അതായത് ആൻറിജനുകളെ (പ്രതിജനകങ്ങൾ) നേരിടുന്നതിന് നമ്മുടെ ശരീരദ്രവങ്ങളിൽ ആന്റിബോഡികളുണ്ടാവുന്നു (പ്രതിദ്രവ്യങ്ങൾ). ഈ ആന്റിബോഡികൾ ദീർഘനാൾ ശരീരത്തിൽ നിലനിലക്കുന്നു. തന്നെയുമല്ല, മുൻകാലങ്ങളിലുണ്ടായ ആക്രമണം ചില പ്രത്യേക കോശങ്ങൾ (T-cells ഉം B-cells ഉം, ലിംഫോസൈറ്റുകൾ) ഓർമയിൽ വയ്ക്കുകയും പിന്നീട് അതേ സവിശേഷതകളുള്ള യഥാർഥ രോഗാണുവിനെ കണ്ടുമുട്ടുമ്പോൾ ത്വരിതഗതിയിൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പ്രതിരോധ വ്യവസ്ഥ സജ്ജമാവുന്നതിലുണ്ടാവുന്ന കാലതാമസമാണ് രോഗാവസ്ഥ യിലേക്ക് നയിക്കുന്നത്. അതായത്, ഒരു പ്രത്യേക രോഗാണുവിനെതിരെയുള്ള വാക്സിനേഷൻ നല്കുന്നതിലൂടെ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ ജാഗരൂകമാവുകയും ഭാവിയിൽ യഥാർഥ രോഗബീജം സൃഷ്ടിക്കാവുന്ന ദുരിതങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് കോവിഡ് വാക്സീനുകളെക്കുറിച്ച് ജനങ്ങൾക്ക്  ഇത്രയധികം ആശങ്ക?

സാധാരണനിലയിൽ ഒരു വാക്സീൻ വികസിപ്പിക്കുന്നതിനും അവയുടെ കാര്യക്ഷമതയും പാർശ്വഫലങ്ങളും  മനസ്സിലാക്കുന്നതിനും നിരവധി വർഷങ്ങളിലെ ഗവേഷണം വേണ്ടിവരുന്നു. അതുകൊണ്ടു തന്നെ, ഏതാനും  മാസങ്ങളില പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും മാത്രം  അടിസ്ഥാനത്തിൽ ജനങ്ങളിലേക്കെത്തുന്ന കോവിഡ് വാക്സീനുകളെ ജനം ഭയക്കുന്നു. പോരാത്തതിന്, ഇതാദ്യമായി ജനിതകപദാർത്ഥത്തെ അടിസ്ഥാനമാക്കിയുള്ള വാക്സീനുകൾ, കോവിഡ് വാക്സീനുകൾ എത്തുമ്പോൾ, അവ നമ്മുടെ ജീനോമിൽ പരിവർത്തനങ്ങൾ ഉണ്ടാക്കുമോ എന്ന വ്യാപകമായ ആശങ്കയും.    

അപ്പോൾ തീർച്ചയായും ആശങ്കയ്ക്ക് വകയുണ്ടല്ലോ?

വാക്സീനുകൾ നല്കുന്ന രോഗപ്രതിരോധം എത്ര നാൾ നീണ്ടു നിൽക്കുമെന്നും പാർശ്വഫലങ്ങളുണ്ടാകുമോയെന്നും മനസ്സിലാക്കുന്നതിന് ദീർഘനാളുകളിലെ പഠനം തന്നെ വേണം. പക്ഷേ, കോവിഡ് വാക്സീനുകൾക്ക് പിന്നിലെ ശാസ്ത്രം മനസ്സിലായാൽ ഒരു പരിധി വരെ നമ്മുടെ ആശങ്ക ദൂരീകരിക്കപ്പെടും. ഇതിനുവേണ്ടി, നാല് കോവിഡ് വാക്സീനുകളെ നമുക്ക് വിശകലനം ചെയ്യാം. അന്തരാഷ്ട്രതലത്തിൽ ഏറ്റവുമധികം  വിശ്വാസ്യത ആർജിച്ച മൊഡേണയുടെയും (Modernas  mRNA-1273), ഫൈസറിന്‍റെയും (Pfizer-BioNTechs BNT162b2) വാക്സീനുകൾ, പിന്നെ ഇന്ത്യയിലുപയോഗിക്കുന്ന  കോവിഷീൽഡും (Oxford-AstraZeneca’s ChAdOx1 nCoV-19 അഥവാ AZD1222) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനും (Bharat Biotech’s BBV152).

മൊഡേണയും, ഫൈസറും വാക്സീനുകളുടെ ചരിത്രത്തിലെ നാഴികകല്ലു കളായി അവതരിക്കപ്പെട്ടുകഴിഞ്ഞു. മുൻകാലങ്ങളിൽ വാക്സീനുകളായി ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് നിർജീവമാക്കിയതോ  (ഉദാഹരണത്തിന്, ഹെപ്പറൈറ്റിസ് A, പോളിയോ, റേബീസ്  വാക്സീനുകൾ) അല്ലെങ്കിൽ തീവ്രത കുറഞ്ഞതോ ആയ പ്രതിരോധജന്യ അണുക്കളെ (ചിക്കൻ പോക്സ്, സ്മോൾ പോക്സ്,  മീസിൽസ്, മംപ്സ്, റൂബെല്ല, റോട്ടവൈറസ്  വാക്സിനുകൾ) ആയിരുന്നു. പിന്നീട് ജനിതക എഞ്ചിനീയറിംഗ് സങ്കേതങ്ങളിലൂടെ സബ് യൂണിറ്റ് വാക്സീനുകൾ (ഉദാഹരണത്തിന്, ഹെപ്പറൈറ്റിസ് B വാക്സിൻ) അവതരിക്കപ്പെട്ടു. ഇത് രോഗബീജങ്ങളുടെ സ്തരോപരിതലത്തിലുള്ള  പ്രോട്ടീനുകളെ വൻതോതിൽ സെൽ കൾച്ചറുകളിൽ  ഉത്പാദിപ്പിച്ച് ശുദ്ധീകരിച്ച് വാക്സീനുകളായി ഉപയോഗിക്കുന്ന രീതിയാണ്. 1990-കളിലാണ് DNA വാക്സീൻ എന്ന ആശയം ശക്തിപ്രാപിച്ചത്. ഒപ്പം തന്നെ ആർഎൻഎ വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള RNA വാക്സീനുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ ജനിതക പദാർത്ഥത്തെ അടിസ്ഥാനപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ആദ്യവാക്സീനുകൾ എന്നതാണ്  മൊഡേണയുടെയും, ഫൈസറിന്‍റെയും വാക്സീനുകളുടെ സവിശേഷത.

എന്താണ് ജനിതക പദാർത്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വാക്സീനുകളുടെ പ്രവർത്തന തത്വം?

വളരെ ലളിതമായി വിശദീകരിക്കാം. വിദേശത്തുള്ള നിങ്ങളുടെ സുഹൃത്തിന് നിങ്ങളെ ഒരു സ്പെഷ്യൽ ബിരിയാണി കഴിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നു എന്ന് വയ്ക്കുക! അദ്ദേഹം അത് ഉണ്ടാക്കി ഇങ്ങോട്ട് അയച്ചു തന്നാൽ അതിൻറെ അവസ്ഥ എന്താവും?! അതേസമയം അതുണ്ടാക്കാനുള്ള പാചകവിധി (recipe) നിങ്ങൾക്ക് അയച്ച് തന്നാലോ? നിങ്ങൾക്കതിവിടെത്തന്നെ ഉണ്ടാക്കി ആസ്വദിക്കാം!

ബിരിയാണിയുടെ കാര്യം മനസ്സിലായി, പക്ഷേ വാക്സീന്‍റെ കാര്യം വ്യക്തമാക്കാനുണ്ട്!

പറയാം. വാക്സീനുകളുടെ ലോകത്ത് കഴിഞ്ഞ കാലങ്ങളിൽ ശാസ്ത്രത്തിന്‍റെ  പ്രീതി ഏറ്റവുമധികം പിടിച്ചുപറ്റിയത് രോഗബീജങ്ങളുടെ പ്രോട്ടീനുകളെ അടിസ്ഥാനമാക്കിയുള്ള സബ് യൂണിറ്റ് വാക്സീനുകളായിരുന്നു. വൈറസുകളുടെ സാനിധ്യം ജീവാവസ്ഥയിലോ നിർജീവാവസ്ഥയിലോ ഈ വാക്സിനുകളിൽ ഇല്ലെന്നതുതന്നെ കാരണം. അതിനാൽ രോഗപ്രതിരോധശേഷി നന്നേ കുറവുള്ളവരിലും, അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയവരിലും ദീർഘനാളായി രോഗാവസ്ഥയിൽ തുടരുന്നവരിലും ഈ വാക്സീനുകൾ ഉപയോഗിക്കാം. ലൈവ്-അറ്റിനുവേറ്റെഡ് വാക്സീനുകളിൽ അപൂർവമായെങ്കിലും വൈറസുകൾ ആക്ടിവേറ്റഡ് ആവുകയോ  ഉത്പരിവർത്തനത്തിലൂടെ അപകടകാരികളാവുകയോ ചെയ്തേക്കാം. നിർജീവ വാക്സീനുകൾക്ക് പ്രതിരോധജന്യത കുറവാണ്, ബൂസ്റ്റർ ഡോസുകൾ നല്കേണ്ടി വരും.  

അതേസമയം, സെൽ കൾച്ചറുകളിൽ  വാക്സീനുകളായി ഉപയോഗിക്കാവുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. പ്രോട്ടീനുകളെ ഘടനാപരവും ധർമപരവുമായി അവയ്ക്കുള്ള തനിമ നിലനിർത്തിക്കൊണ്ടു ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ആതിഥേയ കോശങ്ങളുടെ തിരഞ്ഞെടുക്കൽ, അവയെ കൾച്ചർ ചെയ്യുന്നതിനാവശ്യമായ സംവർധക മാധ്യമങ്ങളുടെ ചേരുവകൾ, സെൽ കൾച്ചറുകളിൽ പ്രോട്ടീനുകളുടെ വൻതോതിലുള്ള ഉത്പാദനത്തിനവശ്യവും ഏറ്റവും അനുയോജ്യവുമായ pH, ഊഷ്മാവ് എന്നിങ്ങനെയുള്ള കാര്യങ്ങൾ  നിജപ്പെടുത്തൽ, പ്രസ്തുത പ്രോട്ടീനിനെ ആതിഥേയകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആയിരക്കണക്കിന് മറ്റ് പ്രോട്ടീനുകളിൽ നിന്ന് വേർതിരിച്ച് ശുദ്ധീകരിച്ചെടുക്കൽ, പിന്നീട് അവയുടെ പ്രതിജനകക്ഷമതയ്ക്ക് (antigenicity) കോട്ടം വരാതെ വാക്സീനുകളായി രൂപപ്പെടുത്തൽ, തീർച്ചയായും നിരവധി വർഷങ്ങളിലെ ശ്രമം വേണ്ടി വരും. അതുകൊണ്ടുതന്നെയാണ്, ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണയ്ക്കെതിരെ അതിന്‍റെ ജനിതക പദാർത്ഥത്തെത്തന്നെ വാക്സീനുകളായി ഉപയോഗിക്കാമെന്ന് ഗവേഷകർ തീരുമാനിച്ചത്. വൈറസിന്‍റെ സ്പൈക് പ്രോട്ടീനുകളെ ലാബിനുള്ളിൽ ഉത്പാദിപ്പിക്കുന്നതിനുപകരം ആ പ്രോട്ടീനുകളുണ്ടാക്കാനുള്ള ‘വിവരം’ (ജനിതകസന്ദേശത്തിന്‍റെ നിർദിഷ്ടഭാഗം, അതായത് കോറോണയുടെ ആർഎൻഎ യുടെ ഒരു അംശം), ഒരു കൊഴുപ്പു കവചത്തിനുള്ളിൽ അടക്കം ചെയ്ത് വാക്സീനുകളായി നമുക്ക് നല്കുന്നു. നമ്മുടെ കോശങ്ങൾ വൈറസുകളുടെ ഉപരിതല പ്രോട്ടീനുകളുണ്ടാക്കുകയും (ഓർക്കുക, വൈറസുകളെയല്ല!), അതേ കോശങ്ങൾ തന്നെ ഈ പ്രോട്ടീനുകൾക്കെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ഒപ്പം പലതലങ്ങളിലുള്ള പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കിവയ്ക്കുകയും ചെയ്യും, ഭാവിയുലുണ്ടാകാവുന്ന യഥാർത്ഥ ആക്രമണത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി. ചുരുക്കം പറഞ്ഞാൽ ഇവിടെ വാക്സീൻ എന്നത് കോറോണയുടെ പ്രതിജനക പ്രോട്ടീനുകളുണ്ടാക്കാനുള്ള (antigenic proteins) പാചകവിധിയാണ്! നമ്മുടെ കോശങ്ങൾ ഈ പ്രോട്ടീനുകളുണ്ടാക്കുകയും, ഒപ്പം അവയെ വൈദേശികമെന്ന് (പുറത്തുനിന്നുള്ളതും അപരിചിതവും എന്ന അർഥത്തിൽ) തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ ആന്റിബോഡികളുണ്ടാക്കുകയും ചെയ്യുന്നു.  പ്രോട്ടീനുകളുടെ ഉത്പാദന ഘട്ടത്തിലുള്ള ക്ഷമതയെയും സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾക്ക് ഇവിടെ സ്ഥാനമില്ല.    എന്നാൽ മൊഡേണയുടെയും, ഫൈസറിന്‍റെയും  വാക്സിനുകൾക്കുമുണ്ട് വലിയൊരു പരാധീനത, അവ സൂക്ഷിക്കേണ്ടത് അതിശീതാവസ്ഥയിലാണ്(യഥാക്രമം -20 യും -70 യും). അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്ത് ഈ വാക്സിനുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല!    

അങ്ങനെയെങ്കിൽ ഇന്ത്യയിലുപയോഗിക്കുന്ന കോവിഷീൽഡ്  വാക്സിനുകളെക്കുറിച്ച് പറയൂ.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനികയും (AstraZeneca) ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനുകളുടെ  (ഓക്സ്ഫോഡ് വാക്സിൻ എന്നും അറിയപ്പെടുന്നു)   വൻ തോതിലുള്ള ഉത്പാദനം ഏറ്റെടുത്തിരിക്കുന്നത് സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയാണ്. ഒരുതരത്തിൽ കോവിഷീൽഡും ജനിതകപദാർത്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വാക്സീൻ തന്നെയാണ്. റീകോമ്പിനൻറ് വെക്ടർ (Recombinant vector) വാക്സിനുകൾ എന്ന പ്രത്യേക വിഭാഗത്തിലാണ് ഇവയുടെ സ്ഥാനം. ഇതും താരതമ്യേന പുതിയ സങ്കേതമാണ്. മനുഷ്യരിൽ ദോഷഫലങ്ങളുണ്ടാക്കാത്ത, എന്നാൽ ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന ഒരിനം അഡിനോവൈറസിന്‍റെ ജനിതകസന്ദേശത്തിലേക്ക്, കോറോണയുടെ സ്പൈക് പ്രോട്ടീനുകളുണ്ടാക്കാനുള്ള നിർദേശമടങ്ങിയ ജീനുകളെ കൂട്ടിച്ചേർക്കുന്നു. പിന്നീട്, ഈ പരിഷ്കരിച്ച ജനിതകപദാർത്ഥത്തെ (recombinant) അഡിനോവൈറസിന്‍റെ പ്രോട്ടീൻ ഷെല്ലിനുള്ളിൽ പായ്ക്ക് ചെയ്ത് വാക്സിനുകളായി ഉപയോഗിക്കുന്നു. ഈ വൈറസുകൾക്ക് നമ്മുടെ ശരീരത്തിൽ വച്ച് സ്വന്തം പകർപ്പെടുക്കുന്നതിനുള്ള  കഴിവില്ല. സത്യത്തിൽ നാം നല്കാനാഗ്രഹിക്കുന്ന സന്ദേശം സുരക്ഷിതമായും കാര്യക്ഷമമായും കോശങ്ങളിലെത്തിക്കുന്നതിനുള്ള ഒരു ദൂതവാഹകൻ മാത്രമാണ് ഇവിടെ അഡിനോവൈറസ്. നിർദോഷകരമെങ്കിലും വൈറസുകളുടെ സാനിധ്യം ഈ വാക്സീനുകളിലുണ്ട് (വളരെക്കുറച്ച് ദിവസങ്ങളിലേക്ക് മാത്രം). പക്ഷേ, വാക്സീൻ സ്വീകരിച്ചു എന്ന കാരണത്താൽ നിങ്ങൾക്ക് കൊറോണബാധയുണ്ടാവുമെന്ന ഭയം ഒരിക്കലും വേണ്ട.  അതേസമയം, മറ്റേതൊരു വാക്സിനുകളുമെന്നതുപോലെ (തീർച്ചയായും മൊഡേണയുടെയും, ഫൈസറിന്‍റെയും വാക്സിനുകളും ഇതിൽ നിന്ന് വിഭിന്നമല്ല),  വളരെ ചെറിയൊരു  ശതമാനം ആളുകളിൽ, മറ്റ് രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ വാക്സീൻ എടുത്തത്തിനുശേഷവും രോഗബാധയുണ്ടാവാം, അത് വ്യക്തിഗതമാണ്. രോഗപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയിലുള്ള  വ്യത്യസ്തത.

ഇനി നമ്മുടെ സ്വന്തം കോവാക്സിനിലേക്ക് വന്നാൽ, അത് തികച്ചും പരമ്പരാഗത രീതിയിൽ വികസിപ്പിക്കപ്പെട്ട ഒരു inactivated വാക്സീനാണ്. COVID-19 രോഗലക്ഷണങ്ങളില്ലാതിരുന്നതും, എന്നാൽ കോവിഡ് പോസിറ്റീവായതുമായ ഒരു വ്യക്തിയിൽ നിന്നും പൂനെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിൽ (NIV) ശേഖരിച്ച SARS-CoV-2 വൈറസിനെ ‘വീറോ സെൽ കൾച്ചറിൽ’ (Epithelial cell line of African Green Monkey) വളരാൻ അനുവദിക്കുകയും പിന്നീട് നിർജീവമാക്കി അഡ്ജുവന്റ്റുമായി കൂട്ടിച്ചേർത്ത് (Alhydroxiquim-II to boost immune response) വാക്സീനുകളായി രൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്. ഇക്കഴിഞ്ഞ കാലങ്ങളിലൊക്കെ എന്ത്, ഏത്, എങ്ങിനെ, എന്തിന് എന്നൊന്നും ചോദിക്കാതെ വളരെ ലഘവത്വത്തോടെ നമ്മുടെ കുഞ്ഞുമക്കൾക്ക്  നല്കിയ ഹെപ്പറൈറ്റിസ് A, പോളിയോ തുടങ്ങിയ വാക്സീനുകളൊക്കെ ഇതേ രീതിയിൽ നിർമിക്കപ്പെട്ടവയാണ്.  

അത് ശരിതന്നെ. പക്ഷേ ഞെട്ടിക്കുന്ന വിവരമാണല്ലോ  ഫൈസറിന്‍റെ വാക്സീനെടുത്ത ഇസ്രയേലിൽനിന്ന് വന്നത്! അവിടെ 12,400-ൽ കൂടുതൽ ആളുകൾ വാക്സീനെടുത്തതിനുശേഷം രോഗബാധിതരായി.  

അതേ വാർത്ത ശരിയാണ്! കുരുക്ഷേത്ര യുദ്ധത്തിൽ ധർമരാജൻ യുധിഷ്ടരൻ, കൌരവപ്പടയുടെ ഭാഗമായിരുന്ന ഗുരു ദ്രോണാചാര്യരോട് പറഞ്ഞ ‘സത്യം’ പോലെ തികച്ചും പരമാർത്ഥം! പാണ്ഡവ സഖ്യം അശ്വതാമ എന്ന ആനയെക്കൊന്നിട്ട് ‘അശ്വതാമ മരിച്ചു’ എന്ന വാർത്ത പ്രചരിപ്പിച്ചു. ദ്രോണാചാര്യരുടെ വില്ലാളിവീരനായ മകന്റെ പേരും  അശ്വതാമ എന്നായിരുന്നു. വാർത്ത കേട്ട് പരിഭ്രമിച്ച ദ്രോണർ സത്യം മാത്രം പറയുന്ന യുധിഷ്ടരനോട് നിജസ്ഥിതി ചോദിച്ചപ്പോൾ അദ്ദേഹം ‘അശ്വതാമ മരിച്ചു’ എന്ന് ഉറക്കെ പറഞ്ഞിട്ട്, ‘ആന’ എന്ന് സ്വരം താഴ്ത്തി പറഞ്ഞത്രേ. ഇതിനോടകം തന്നെ പ്രഞ്ജനയറ്റ ദ്രോണർ രണ്ടാം ഭാഗം കേട്ടില്ല. നിരായുധനായി മകനെയോർത്ത് വിലപിച്ചു യുദ്ധഭൂമിയിലിരുന്ന ദ്രോണരെ ധൃഷ്ടദ്യുമ്ന വധിച്ചു എന്നാണ് മഹാഭാരത കഥ!

ഔട്ട് ലുക്കും  ഗ്ലോബൽ ടൈംസും ഉൾപ്പടെ നിരവധി മാധ്യമങ്ങൾ  കഴിഞ്ഞ ദിവസം (22/01/21) പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചുരുക്കം ഇപ്രകാരമായിരുന്നു- ഇസ്രയേലിൽ 12,400-ൽ കൂടുതൽ ആളുകൾ Pfizer/BioNtech വാക്സീൻ എടുത്തത്തിനുശേഷം രോഗബാധിതരായി.  വാക്സീനുകൾ സ്വീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും മെച്ചമുണ്ടാകുന്നില്ല എന്ന സന്ദേശമാണ് ഈ വാർത്തകളിലൂടെ പൊതുജനത്തിന് ലഭിച്ചത്. അങ്ങനെ വാക്സീനുകളെക്കുറിച്ചുള്ള നമ്മുടെ ആശങ്കകൾക്ക് ബലം കൂടി. തലക്കെട്ട് മാത്രം വായിക്കുമ്പോൾ തലകറങ്ങുമെങ്കിലും താഴേയ്ക്ക് വായിച്ചുവരുമ്പോൾ ചില  കാര്യങ്ങൾ മനസ്സിലാവും. 189,000 ആളുകളെ ടെസ്റ്റ്ചെയ്തപ്പോളാണ് അതിൽ 12,400 പേർ പോസിറ്റീവ്. അതായത്, വാക്സിൻ എടുത്തവരിൽ ടെസ്റ്റ് പോസിറ്റിവിറ്റി 6.56%, അത് നമുക്ക് അത്ര സുഖമുള്ള വാർത്തയല്ല! പക്ഷേ വാർത്തക്ക് ഒരു രണ്ടാം ഭാഗമുണ്ട്, കോവിഡ് പോസിറ്റീവായ 12,400 പേരിൽ വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നത് വെറും 69 പേർ മാത്രമാണ്! അങ്ങനെയെങ്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി 0.036%!! എന്നാൽ, ഇതിന്‍റെ അടിസ്ഥാനത്തിൽ, കമ്പനിക്ക് തങ്ങളുടെ വാക്സിന് 99.96% കാര്യക്ഷമത അവകാശപ്പെടാനാവില്ല, കാര്യക്ഷമതയുടെ കണക്ക് വേറെയാണ്. വാക്സീൻ സ്വീകരിച്ചവരിൽ എത്ര പേർ രോഗബാതിധരായി എന്നതും വാക്സീൻ സ്വീകരിക്കാത്ത തുല്യ എണ്ണം ആളുകളിൽ എത്ര പേർ രോഗബാതിധർ എന്ന കണക്കും കൂടെ നോക്കിയാണ് വാക്സീനുകളുടെ കാര്യക്ഷമത കണക്കാകുക. അതുകൊണ്ട് തന്നെ, മാധ്യമങ്ങൾ നല്കിയ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഇസ്രയേൽ ഉപയോഗിച്ച Pfizer വാക്സീനുകളുടെ കാര്യക്ഷമത നമുക്ക് കണക്കാക്കാനാവില്ല. ഇനി ക്ലിനിക്കൽ ട്രയലുകൾക്ക് ശേഷം കമ്പനി അവകാശപ്പെട്ടത് എന്താണെന്നു നോക്കാം.   വാക്സീന്‍റെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം, കൃത്യമായി പറഞ്ഞാൽ ആദ്യ ഡോസിന്‍റെ ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നല്കി, വീണ്ടും ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റ് നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ, 95% കാര്യക്ഷമത. 43,000 പേരിൽ (പകുതി പേർ വാക്സീൻ സ്വീകരിച്ചവരും മറ്റുള്ളവർ സ്വീകരിക്കാഞ്ഞവരും), വാക്സീൻ സ്വീകരിച്ച 8 പേരും (0.037%) വാക്സീൻ സ്വീകരിക്കാഞ്ഞ 162 പേരും (0.75%) രോഗബാധിതരായി (vaccine efficiency:154/162 x 100 = 95.06%). അങ്ങനെ നോക്കിയാൽ, ഇസ്രായേലിലെ ഇപ്പോൾ പറഞ്ഞുവന്ന  വാർത്ത, ഫൈസറിന്‍റെ ക്ലിനിക്കൽ ട്രയൽ ഡേറ്റയെ ശരി വയ്ക്കുന്നു, രണ്ട് ഡോസ് വാക്സീനെടുത്തവരിൽ വെറും 0.036% മാത്രമാണ് രോഗബാധിതരായത്! അതുകൊണ്ട് തന്നെ, രണ്ടാം ഡോസ് നല്കി ഒരാഴ്ച്ചയ്ക്കു ശേഷം ടെസ്റ്റ് ചെയ്തവരിലെ ഫലം നോക്കിയാൽ  കമ്പനിക്ക് നഷ്ടപ്പെട്ട മാന്യത തിരിച്ചു കിട്ടാൻ സാധ്യയതയുണ്ട്. പക്ഷേ ആ “വെറും” 0.036%  രോഗബാധിതരുടെ കൂട്ടത്തിൽ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉണ്ടെങ്കിൽ അത് തീരെ ശരിയാവില്ല!

അതുകൊണ്ട് മാധ്യമ വാർത്തയെ അടിസ്ഥാനമാക്കി നാം മനസ്സിലാക്കേണ്ട നാല്  പ്രധാന കാര്യങ്ങളുണ്ട്, ഇത് മുമ്പ് പറഞ്ഞ 4 വാക്സീനുകൾക്കും ബാധകവുമാണ്. ഒന്ന്, വാക്സീന്‍റെ ഒന്നാം ഡോസ് എടുത്തത് ആഘോഷിക്കാൻ തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു കളയാം എന്ന് വിചാരിക്കരുത്. രണ്ട്, എന്തെങ്കിലും ഒരു വാർത്തയുടെ തലക്കെട്ട് മാത്രം കണ്ടിട്ട് പരവശരാകരുത്. മൂന്ന്, പ്രതിരോധവ്യവസ്ഥയക്ക് ഒന്ന് ഉണർന്നു വരണമെങ്കിൽ രണ്ടാഴ്ചയെങ്കിലും സമയം വേണമെന്നോർക്കുക. നാല്, വാക്സീനെടുത്താലും കൊറോണയ്ക്ക് കൊടുക്കേണ്ട ഒരു മിനിമം ബഹുമാനം ഉണ്ട്, അത് കൊടുത്തിരിക്കണം.

ഓഹോ, അപ്പോൾ വാക്സീനെടുത്തതിന് ശേഷവും കയ്യും, മുഖവും സോപ്പിട്ട് കഴുകണമെന്നും, മാസ്ക് ധരിക്കണമെന്നും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നുമൊക്കെയാണോ പറഞ്ഞു വരുന്നത്?! എന്നാൽപ്പിന്നെ എന്തിനാണീ പൊല്ലാപ്പ്?

വാക്സീനെടുക്കേണ്ടതിന്‍റെ അവശ്യകത മനസ്സിലാക്കണമെങ്കിൽ നാം അത്യാവശ്യമായി പരിചയപ്പെടേണ്ട ഒന്നാണ് ‘R number’ അഥവാ ‘Reproductive number’. എന്താണ് ‘R’? രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് മറ്റ് എത്ര പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാം എന്നതിനെ കുറിക്കുന്ന സംഖ്യയാണ് ‘R’. ഉദാഹരണത്തിന് നമുക്കൊക്കെ പരിചയമുള്ള മീസിൽസ് എന്ന പകർച്ചവ്യാധിയുടെ ‘R’ കണക്കാക്കിയിരിക്കുന്നത് 15 എന്നാണ്. അതായത്, ഒരു മീസിൽസ് രോഗിയിൽ നിന്ന് 15 പേരിലേക്ക് രോഗം പകരാം. ഒരു കാലത്ത് വർഷം തോറും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഈ രോഗത്തെ കുട്ടികൾക്കുള്ള വാക്സിനേഷനിലൂടെ ഇന്ന് ഏറെക്കുറെ നിർമാർജനം ചെയ്തിരിക്കുന്നു. കൊറോണയുടെ കാര്യത്തിൽ മുൻകരുതലുകളൊന്നും സ്വീകരിക്കാത്ത ഒരു സമൂഹത്തിന് ‘R’ എന്നത് 3 ആണെന്ന് പറയപ്പെടുന്നു. ‘R’, ഒന്നിൽ താഴെയാണെങ്കിൽ രോഗവ്യാപനം കുറഞ്ഞു ക്രമേണ ഇല്ലാതെയാവും. പക്ഷേ, ഒന്നിന് മുകളിലാണെങ്കിൽ രോഗവ്യാ പനത്തിന്‍റെ ഗ്രാഫ് കുതിച്ചുയരും, കാരണം രോഗികളുടെ എണ്ണം പോവുന്നത്  geometric progression-ൽ ആവും. അതായത്, R=1 ആണെങ്കിൽ, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, അയാളിൽ നിന്ന് വീണ്ടും ഒരാളിലേക്ക് മാത്രം (1,2,3,4,...). എന്നാൽ R=2 ആണെങ്കിൽ, ഒരാളിൽ നിന്ന് രണ്ടാളിലേക്ക്, രണ്ടിൽ നിന്ന് നാലിലേക്ക്, നാലിൽ നിന്ന് എട്ടിലേക്ക് അങ്ങനെയങ്ങനെ.... (1,2,4,8,16,32.....). സോഷ്യൽ ഡിസ്റ്റൻസിങും മാസ്ക് ധരിക്കലും സാനിറ്റൈസേഷനുമൊക്കെ ചെയ്താൽ R കുറച്ച് നിർത്താം. സ്വാഭാവികമായും, ഉത്സവം, പള്ളിപ്പെരുന്നാളുകൾ, ഇലക്ഷനുകൾ ഇവയൊക്കെ R number കൂട്ടും!  അപ്പോൾ, ഇക്കാര്യത്തിൽ വാക്സീനെന്ത് ചെയ്യാനാവുമെന്ന് നോക്കാം. 75% ക്ഷമതയുള്ള വാക്സീനാണ് നാം ഉപയോഗിക്കുന്നതെന്ന് സങ്കൽപ്പിക്കുക (50-60% ക്ഷമത പോലും രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്). അതായത് വാക്സീൻ സ്വീകരിക്കാത്ത 1000 പേരിൽ 100 പേർക്ക് രോഗബാധയുണ്ടാവുമ്പോൾ,  വാക്സീൻ സ്വീകരിച്ചവരിൽ 25 പേർക്ക് രോഗബാധയുണ്ടാവുന്നു(100-25/100 X 100= 75% efficiency). ഇതിനെ ഒന്നുകൂടെ ലളിതമാക്കിയാൽ, വാക്സീനെടുത്ത നാലിൽ മൂന്ന് പേർ സുരക്ഷിതർ. ഇത്തരം ഒരു സാഹചര്യത്തിൽ  R=4 ഉള്ള ഒരു പ്രദേശത്ത്, എല്ലാ ആളുകളും വാക്സീൻ സ്വീകരിക്കുകയാണെങ്കിൽ ഒരു മാസത്തിനകം R=1 ആകും. കാരണം, കോറോണയുള്ള ഒരാളിൽ നിന്ന് നാല് പേരിലേക്ക് രോഗം വ്യാപിക്കാമെന്നിരിക്കെ നാലിൽ മൂന്ന് പേർക്കും പ്രതിരോധശേഷി കൈവന്നതുകൊണ്ട് ഫലത്തിൽ R number ഒന്ന് എന്ന നിലയിലെത്തും. R=1 ന്‍റെ കണ്ണി മുറിയാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ ഫലത്തിൽ രോഗവ്യാപനം തടയപ്പെടും. അതല്ലെങ്കിൽ, രോഗപ്പകർച്ചയിലൂടെയും അതിജീവനത്തിലൂടെയും സ്വാഭാവികമായി സമൂഹത്തിന് രോഗപ്രതിരോധശേഷി കൈവരണം, അതായത്, ഹെർഡ് ഇമ്മ്യൂണിറ്റി (herd immunity). ഈ പറഞ്ഞ 'R' എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണ്, ഇന്നലെകളിൽ മീസിൽസ്, ഇന്ന് കൊറോണ, നാളെ മറ്റൊന്ന്..!  

ജനിതക പദാർഥത്തെ വാക്സീനുകളായി ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ജീനോമിലേക്ക് കണ്ണിചേർക്കപ്പെടുകയില്ലേ?

നമ്മുടെ ജീനോം ഡിഎൻഎ ജീനോമാണ്. ഡിഎൻഎ സ്ഥിതിചെയ്യുന്നത് കോശത്തിൽ ന്യൂക്ലിയസ്സിനുള്ളിലാണ്. നാം കൊടുക്കുന്ന  ആർഎൻഎ വാക്സീനുകൾക്ക്   (ഉദാഹരണം, മോഡേണയുടെയും ഫൈസറിന്റെയും) ന്യൂക്ലിയസ് അപ്രാപ്യമാണ്, അവ നിലകൊള്ളുക കോശദ്രവ്യത്തിനുള്ളിലാണ്. അവിടെവച്ച് തന്നെ അവ നേരിട്ട് പ്രോട്ടീനുകളുടെ നിർമിതിക്ക് ഉപയോഗപ്പെടുകയും, പിന്നീട് നശിക്കുകയും ചെയ്യുന്നു. അതേസമയം കോവിഷീൽഡിലുള്ളത്  മുൻപ് സൂചിപ്പിച്ചിരുന്നതുപോലെ കൊറോണയുടെ സ്പൈക് പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന ജീനുകൾ ചേർത്ത് പരിഷ്കരിച്ച അഡിനോവൈറസ്  ഡിഎൻഎയാണ്. എന്നാൽ നമ്മുടെ ശരീരകോശത്തിനുള്ളിൽ സ്വന്തം പകർപ്പെടുക്കാനുള്ള കഴിവ് ഇവയ്ക്കില്ല.   മറ്റൊന്നുകൂടെ നാം ഓർക്കണം,  സ്വാഭാവികമായും ഓരോ തവണ നമുക്കൊരു വൈറസ് ആക്രമണം ഉണ്ടാകുമ്പോഴും (ഒരു വർഷത്തിൽ ഒരു തവണയെങ്കിലും വൈറൽ ഫീവർ ഉണ്ടാവാത്തവർ വിരളം!)  നമ്മുടെ ജീനോമിൽ എത്രയധികം 'കുത്തിത്തിരുപ്പുകൾക്കുള്ള'  സാധ്യതയാണുള്ളത്! നാം ധരിച്ചുവച്ചിരിക്കുന്നതുപോലെ അത്ര വലിയ 'പരിശുദ്ധി'യൊന്നും നമ്മുടെ ജീനോമിനില്ല!  മനുഷ്യ ജീനോമിന്‍റെ എട്ട് ശതമാനം വൈറസുകളുടേതാണ്!!! പക്ഷേ നാം ജീവിക്കുന്നത് ധർമങ്കടങ്ങളുടെ ഭൂമിയിലാണെന്നതു പറയാതെ വയ്യ! പലപ്പോഴും നന്മയും തിന്മയും വ്യവച്ഛേദിച്ചറിഞ്ഞു വരുമ്പോഴേക്കും ചവിട്ടി നില്ക്കുന്ന ഭൂമി ഒലിച്ചു പോയിട്ടുണ്ടാവും!  

ഇന്ത്യ “വാക്സീൻ ഹബ്ബ്” ആവുന്നു എന്നൊക്കെ കേൾക്കുന്നല്ലോ?

തീർച്ചയായും. ഇന്ത്യയുടെ No. 1 ബയോടെക് കമ്പനിയായ Serum Institute of India, Pvt. Ltd., ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളാണ്. WHO യുടെ അംഗീകാരമുള്ള ഈ കമ്പനി ദേശീയ രോഗപ്രതിരോധയജ്ഞങ്ങളുടെ ഭാഗമായി 170 രാജ്യങ്ങൾക്കാണ് തങ്ങളുടെ വാക്സീനുകൾ ലഭ്യമാക്കുന്നത്. പോളിയോ, ടെറ്റനസ്, ബിസിജി, മീസിൽസ്, റുബെല്ലാ അങ്ങനെ  ഒരു നീണ്ടനിര വാക്സീനുകൾ. 92 രാജ്യങ്ങളാണ് സീറം ഇൻസ്റ്റിറ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സീൻ (കോവിഷീൽഡ്) ഇപ്പോൾ അവശ്യപ്പെട്ടിരിക്കുന്നത്. അതിശയമില്ല, മൊഡേണയുടെയും (Modernas  mRNA-1273), ഫൈസറിന്‍റെയും (Pfizer-BioNTechs BNT162b2) വാക്സീനുകൾ താങ്ങാനുള്ള കെല്പ് (സാമ്പത്തീകവും സാങ്കേതികവും) വളരെക്കുറച്ച്     രാജ്യങ്ങൾക്ക് മാത്രമേയുള്ളൂ. അവയുടെ നിർമാണ, സംഭരണ, വിതരണ ശൃംഖലയിലുടനീളം ഉറപ്പുവരുത്തേണ്ട ‘കോൾഡ് ചെയിൻ’ അത്രയൊന്നും നിസ്സാരമായി നടപ്പാക്കാനാവില്ല. കമ്പനിയുടെ നീണ്ട കാലത്തെ പ്രവർത്തന പരിചയവും വാക്സീൻ രംഗത്തെ മികവും  ഇവിടെ നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാവുന്നു.

ഒരൊറ്റ ചോദ്യം കൂടി. ഈ വാക്സീനുകളൊക്കെ സുരക്ഷിതമാണോ?

അയ്യോ! ഞാനീ നാട്ടുകാരിയല്ല, പന്ത്രണ്ടു വർഷമായി ഓണസദ്യയുണ്ടിട്ട്!! എന്‍റെ പരിമിതമായ അറിവുകൾക്കുള്ളിൽ നിന്നുകൊണ്ടു നമ്മുടെ രാജ്യത്തിന്‍റെ വാക്സിനേഷൻ യജ്ഞം  സാകൂതം വീക്ഷിക്കുന്ന   ഞാൻ കാണുന്ന ഏറ്റവും വലിയ  സവിശേഷത, തികച്ചും വ്യത്യസ്തങ്ങളായ സങ്കേതങ്ങളിലൂടെ നിർമിക്കപ്പെട്ട രണ്ട് വാക്സീനുകൾ- കോവിഷീൽഡും കോവാക്സീനും, (ഒന്ന് നൂതന സാങ്കേതികവിദ്യ, മറ്റേത് തികച്ചും പരമ്പരാഗതം), ഒരേ രോഗത്തിന്‍റെ പ്രതിരോധത്തിന്, ഒരേ ജനിതകം പേറുന്ന ജനവിഭാഗങ്ങൾക്ക്, ഒരേ കാലഘട്ടത്തിൽ നല്കപ്പെടുന്നു എന്നതാണ് (തെറ്റിദ്ധരിക്കരുത്, ഒരു വ്യക്തിക്ക് നൽകപ്പെടുന്ന രണ്ട് ഡോസുകളും തീർച്ചയായും ഒരേ വാക്സീന്റേതാണ്). അതുകൊണ്ടു തന്നെ ഒരു ശാസ്ത്ര വിദ്യാർത്ഥിനി എന്ന നിലയിൽ ഞാൻ ആശിച്ചു പോകുന്ന ഒന്നുണ്ട്, ഈ വാക്സീനുകളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള സത്യസന്ധവും ശാസ്ത്രീയവുമായ ഒരു താരതമ്യപഠനം പുറത്തുവരണം. വരും കാലങ്ങളിൽ ശാസ്ത്രത്തിനും മനുഷ്യരാശിയുടെ ജീവനുവേണ്ടിയുള്ള നിലയ്ക്കാത്ത സമരത്തിനും അത് കരുത്താവും.  

Dr. Blessy K Alex