Thursday, January 30, 2025

ഹു ഈസ് യുവർ മോം?

ഹു ഈസ് യുവർ മോം?

നമ്മുടെ രാജ്യത്ത് മൂന്നു തരത്തിലുള്ള നേതൃത്വങ്ങൾ ആണുള്ളത്. മതനേതൃത്വം, രാഷ്ട്രീയ നേതൃത്വം, പിന്നെ മേൽപ്പറഞ്ഞവ രണ്ടും കുഴച്ചു ചേർത്തൊരു നേതൃത്വം. ഇവ രണ്ടും തമ്മിൽ കുഴയ്ക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നില്ല- രണ്ടും സമാസമം കുഴച്ചെടുക്കാം, അല്ലെങ്കിൽ മതം കൂടുതൽ ഇട്ട് രാഷ്ട്രീയം കുറച്ചു ചേർക്കാം, അതുമല്ലെങ്കിൽ രാഷ്ട്രീയം കൂടുതലെടുത്ത് മതം അത്യാവശ്യത്തിന് മാത്രം. ശരിക്ക് കുഴഞ്ഞില്ലെങ്കിൽ ബാക്കി വിശ്വാസികളും രാഷ്ട്രീയക്കാരും തരാതരം പോലെ കുഴച്ചെടുത്തോളും. നേതൃത്വങ്ങൾ മൂന്നാണെങ്കിലും പ്രമാണങ്ങൾ ഏറെക്കുറെ ഒന്നാണ്. എന്നാൽ ഈ പ്രമാണങ്ങളുടെയൊക്കെ അടിസ്ഥാന ശിലയായി കരുതാവുന്ന തത്വം സ്ത്രീകളും പുരുഷന്മാരും തുല്യരല്ല എന്നതാണ്. ഒളിഞ്ഞും തെളിഞ്ഞും, പറഞ്ഞും പറയാതെയും നൂറ്റാണ്ടുകളായി നമ്മൾ കൈമാറിവരുന്ന ഈ വലിയ തത്വത്തിലാണ് മാനവരാശിയുടെ നിലനിൽപ്പ് തന്നെ. സ്ത്രീയും പുരുഷനും തുല്യർ അല്ല എന്ന് പറയുമ്പോൾ എനിക്ക് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആണ്, തുല്യരല്ല എന്ന് പറയുമ്പോൾ ആരാണ് മുൻപിൽ എന്ന് പറയേണ്ടതല്ലേ?!

എന്തായാലും അറിവില്ലെങ്കിൽ പുസ്തകങ്ങൾ വായിച്ച് അറിവ് നേടുക എന്നതാണല്ലോ നമ്മൾ "പഴയ ആളുകൾ' ശീലിച്ചിട്ടുള്ളത്. അതുകൊണ്ട്, എൻറെ വീട്ടിലെ സുപ്രധാന റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നായ എൻറെ മകളുടെ സ്കൂൾ ഡയറി തന്നെ ആദ്യം ഞാൻ എടുത്തു. ഒരുവിധം വിഷയങ്ങളിൽ ഒക്കെ ഒരു വ്യക്തത കൊണ്ടുവരാൻ ഈ ഗ്രന്ഥം വളരെ ഉപകാരപ്രദമാണ്. ഞങ്ങളുടെ കുടുംബ ചരിത്രം, മോളുടെ ഹൈറ്റ്, വെയിറ്റ്, ബ്ലഡ് ഗ്രൂപ്പ്, വാക്സിനേഷൻ ഡേറ്റുകൾ, അലർജികൾ, ഇഷ്ടങ്ങൾ ഇവ ഒക്കെ വർഷാരംഭത്തിൽ തന്നെ ഈ ചരിത്ര പുസ്തകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യ എന്ന മഹാരാജ്യത്തെക്കുറിച്ച് ഒരു പൗരൻ അറിഞ്ഞിരിക്കേണ്ട വശ്യ വിവരങ്ങൾ, സ്കൂളിൻറെ ഒരു സംക്ഷിപ്ത ചരിത്രം, മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ, കുട്ടി എന്ന നിലയിൽ അവളുടെ ഉത്തരവാദിത്തങ്ങൾ, പിന്നെ ഞങ്ങളെ സംബന്ധിച്ച് അതിപ്രസക്തമായ സ്കൂൾ കലണ്ടർ ഇതൊക്കെയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. ഇവിടെ ഇന്നത്തെ എൻറെ ഗവേഷണത്തിനായി ഞാൻ എടുത്തത് ഗ്രന്ഥത്തിൻറെ അവസാന പേജുകളിലായി കാണപ്പെടുന്ന സ്കൂൾ കലണ്ടർ ആണ്. ജയന്തികളുടെയും സമാധികളുടെയും അടിസ്ഥാനത്തിൽ സ്ത്രീപുരുഷ തുല്യത ഉണ്ടോ, ഇല്ലെങ്കിൽ ആരാവും മുമ്പിൽ നിൽക്കുന്നത് എന്ന് പരിശോധിക്കാനായിരുന്നു പദ്ധതി. നമ്മുടെ രാജ്യത്ത് ഒരു വ്യക്തി തന്റെ മഹത്വത്തിൻറെ പരകോടിയിലെത്തി എന്ന് പറയാനാവുന്നത് ആ വ്യക്തിയുടെ ജനനമോ മരണമോ ഒരു സ്കൂൾ കുട്ടിക്ക് ഒരു ദിവസമെങ്കിലും വിശ്രമം നേടിക്കൊടുക്കുന്ന ഘട്ടത്തിൽ എത്തുമ്പോഴാണ്. വളരെ ദുഃഖത്തോടെ ഞാൻ തിരിച്ചറിഞ്ഞു - ഒരു ഡസനോളം ജയന്തികളും സമാധികളും ഉണ്ടെന്നിരിക്കെ ആ പരമോന്നത ശ്രേണിയിലേക്ക് എത്തിച്ചേരാൻ തക്ക പുണ്യം ചെയ്ത ഒരു സ്ത്രീ പോലും ഈ മഹാരാജ്യത്ത് ജനിച്ചിട്ടില്ല എന്ന്. പക്ഷേ പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. സ്ത്രീയിൽ നിന്ന് ജനിച്ച ദൈവങ്ങൾ എത്ര പുരുഷനിൽ നിന്ന് ജനിച്ച ദൈവങ്ങൾ എത്ര, ഇങ്ങനെ ഒരു ഗവേഷണം നടത്താം എന്ന് തോന്നി. സ്ത്രീകളുടെ 'അശുദ്ധമായ’ ഗർഭപാത്രത്തിൽ ജനിച്ചവരായിരിക്കും കൂടുതൽ എന്ന ധാരണയായിരുന്നു ഇതിനെന്നെ പ്രേരിപ്പിച്ചത്. സ്ത്രീ ദൈവങ്ങളുടെ എണ്ണവും പുരുഷ ദൈവങ്ങളുടെ എണ്ണവും തമ്മിൽ ഒരു താരതമ്യ പഠനം വേണ്ട എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. വെറുതെ എന്തിനാ സ്ത്രീകൾക്ക് ഗുണമില്ലാത്ത ഒരു നെഗറ്റീവ് റിസൾട്ട് കൂടി എൻറെ തീസിസിൽ വയ്ക്കുന്നത്.

പക്ഷേ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള ഒരു ഗവേഷണ വിഷയം തിരഞ്ഞെടുത്തതിന്റെ അബദ്ധം എനിക്ക് മനസ്സിലായി. സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിൽ ദൈവങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. പോരാഞ്ഞിട്ട്, പല ദൈവങ്ങളുടെയും ജനനത്തെക്കുറിച്ച് പലതരം ഐതിഹ്യങ്ങൾ ഉണ്ട്. അങ്ങനെ നോക്കിയാൽ എനിക്ക് കൈകാര്യം ചെയ്യാനാവുന്നതിലും വലിയൊരു ഡേറ്റ തന്നെ ഉണ്ടാവുകയും ഏതെങ്കിലും മെറ്റാ അനാലിസിസ് സോഫ്റ്റ്‌വെയർ പർച്ചേസ് ചെയ്യേണ്ടതായും വരും.  മാത്രമല്ല ഈ വിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനുള്ള അടിസ്ഥാനവിദ്യാഭ്യാസവും എനിക്കില്ല (അതിൻറെ ഒന്നും ആവശ്യമില്ലെന്ന് 2025- ലെ ഡ്രാഫ്ററിൽ യുജിസി പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് ആത്മവിശ്വാസം പോരാ). കുറഞ്ഞത് അഞ്ച് വർഷത്തെ ഗവേഷണ സാധ്യതയെങ്കിലും ഉള്ളതുകൊണ്ട് താല്പര്യം ഉള്ളവർക്ക് ഇതൊരു പ്രോജക്ട് പ്രൊപ്പോസൽ ആയി ഏതെങ്കിലും കേന്ദ്ര ഏജൻസികൾക്ക് സമർപ്പിക്കാവുന്നതാണ്. ഉടനെ തന്നെ യുജിസിയുടെ ത്രസ്ററ് ഏരിയയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള ഒരു ടോപ്പിക്ക് കൂടിയാണിത്.

പിന്നീട്, ഒരു ശാസ്ത്ര അധ്യാപിക എന്ന നിലയിൽ എനിക്കറിയാവുന്ന ചില ജനിതകശാസ്ത്ര സത്യങ്ങൾ ഉപയോഗിച്ച് നമ്മുടെ പ്രശ്നത്തിന് ഒരു വ്യക്തത കൊണ്ടുവരാൻ ആവുമോ എന്നായി ചിന്ത. പുരുഷനും  സ്ത്രീയും ക്രോമസോമുകളുടെ എണ്ണത്തിൽ തുല്യരാണ്, രണ്ടുകൂട്ടർക്കും 23 ജോഡി വീതം- അതായത് 46 ക്രോമസോമുകൾ. പകുതി ക്രോമസോമുകൾ അപ്പനും ബാക്കി പകുതി അമ്മയും പാരമ്പര്യമായി പകർന്നു കൊടുക്കുന്നതാണ്. ഇങ്ങനെ മുൻഗണനാക്രമത്തിൽ പറയുമ്പോൾ നിങ്ങളിൽ പകുതി ആളുകൾ സന്തോഷിക്കുമെങ്കിലും അങ്ങനെ മുൻപിലത്തെ ബെഞ്ചുകളിൽ അച്ഛൻറെ ക്രോമസോമുകളെയും പുറകിലത്തെ ബെഞ്ചുകളിൽ അമ്മയുടെ ക്രോമസോമുകളെയും ഇരുത്തുന്ന പണിയൊന്നും നമ്മുടെ കോശത്തിന് ഇല്ല. ഒരു മൈക്രോസ്കോപ്പിൽ കൂടി നോക്കിയാൽ ഓരോ ജോഡി ക്രോമസോമുകളും (ഒരു അപ്പൻ ക്രോമസോമും ഒരു അമ്മ ക്രോമസോമും), അവരങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കുന്നതായി കോശവിഭജനത്തിന്റെ പ്രത്യേക ഘട്ടത്തിൽ കാണാനാവും. എന്തായാലും ഒരു 'ജെൻഡർ  ബയസ്' ഒരുകാലത്തും, പുതു കോശനിർമിതിയുടെ ഒരു ഘട്ടത്തിൽ പോലും കോശത്തിനില്ല. ഇനി സെക്സ് ക്രോമസോമുകൾ നോക്കിയാൽ സ്ത്രീകൾക്ക് രണ്ട്  ' X' ക്രോമസോമുകളും പുരുഷന് ഒരു 'X' ഉം ഒരു ‘Y ഉം ആണുള്ളത്.  പെൺകുട്ടി ജനിച്ചതിന്റെ പേരിൽ പീഢയനുഭവിക്കുന്ന പല അമ്മമാരും, പെൺകുട്ടി ആയതിന്റെ പേരിൽ ജീവിതമോ അല്ലെങ്കിൽ ജീവൻ തന്നെയുമോ നഷ്ടപ്പെടുന്ന അനേകം കുഞ്ഞുങ്ങളും ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. ഒരു കുട്ടി ആണോ പെണ്ണോ എന്ന് നിർണയിക്കുന്നത് അച്ഛനിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടത് 'X' ക്രോമസോം ആണോ ‘Y ക്രോമസോമാണോ എന്നതിനെ ആശ്രയിച്ചിരിക്കും എന്നത് സ്കൂൾ കുട്ടികൾക്ക് പോലും അറിയാവുന്ന  ഇക്കാലത്തും പീഢനങ്ങൾക്ക് കുറവില്ല.

പക്ഷേ ഇനിയാണ് നമ്മൾ മനസ്സിലാക്കേണ്ടുന്ന മറ്റ് ചില വസ്തുതകൾ. 'Y' ക്രോമസോമിൽ വെറും 200-ളം ജീനുകൾ മാത്രമുള്ളപ്പോൾ, 'X' ക്രോമസോമിൽ ഉള്ളത് 1400- നുമേൽ ജീനുകളാണ്. Y ക്രോമസോമിലെ ജീനുകൾ വൃക്ഷണങ്ങളുടെ രൂപീകരണത്തിൽ മാത്രം പങ്കുവഹിക്കുമ്പോൾ 'X' ക്രോമസോമിലെ ജീനുകൾ ജീവൽപ്രധാനമായ അനേകം പ്രക്രിയകൾക്ക് കാരണഭൂതരായ പ്രോട്ടീനുകളുടെ നിർമ്മിതിയിൽ ഏർപ്പെടുന്നു. ചില 'X' ജീനുകളിൽ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ മൂലം മാരകമായ ജനിതകരോഗങ്ങൾ ഉണ്ടായേക്കാം.  Duchenne Muscular Dystrophy, Menkes syndrome, Alport syndrome, Lesch- Nyhan syndrome, fragile X syndrome ഇവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. സ്ത്രീയുടെ കോശത്തിലുളള രണ്ട് 'X' ക്രോമസോമുകളുടെയും പ്രകാശനം (gene expression) നടന്നാൽ ജനിതകപരമായി പുരുഷനും സ്ത്രീയും തമ്മിൽ സമതുലിതാവസ്ഥ അസാധ്യമാകും. അതുകൊണ്ട് പ്രകൃതി എന്ന ‘അമ്മ' അല്ലെങ്കിൽ സ്ത്രീ അതിൽ ഒന്നിനെ നിഷ്ക്രിയമാക്കി വെച്ചിരിക്കുന്നു. അങ്ങനെ നോക്കിയാൽ 'ജനിതക മൂല്യം' കൂടുതൽ സ്ത്രീക്ക് തന്നെ! ബീജസങ്കലനത്തിലൂടെ ഉണ്ടാകുന്ന ഒരു കോശം, വിഭജനം നടത്തി 500 മുതൽ ആയിരത്തോളം കോശങ്ങൾ എന്ന നിലയിലേക്ക് എത്തുമ്പോഴാണ് ലയണൈസേഷൻ (Lionization) എന്ന ഈ പ്രക്രിയ സംഭവിക്കുന്നത്. ചില കോശങ്ങളിൽ അമ്മയിൽ നിന്ന് ലഭിച്ച 'X' ക്രോമസോമും മറ്റു ചിലതിൽ അച്ഛനിൽ നിന്ന് ലഭിച്ച 'X' ക്രോമസോമുമാണ് നിഷ്ക്രിയമാക്കപ്പെടുന്നത്. പ്രകാശനം തടഞ്ഞുവയ്ക്കപ്പെട്ട ഈ ക്രോമസോമിനെ 'ബാർബോഡി'  (Barr body) എന്ന് വിളിക്കുന്നു. പ്രകൃതിയിൽ ഒരുപാട് ജീവിവർഗങ്ങളിൽ ഇണകൾ തമ്മിലുളള ജനിതക സന്തുലനത്തിന് വേണ്ടി 'ഡോസേജ് കോമ്പൻസേഷൻ'  (dosage compensation) എന്ന ഈ പ്രതിഭാസം കണ്ടുവരുന്നു. മനുഷ്യരിൽ സ്ത്രീപുരുഷ തുല്യതയുടെ സംസ്ഥാപനത്തിന്, സ്ത്രീകളിലെ 'X' ക്രോമസോം നിഷ്ക്രിയമാക്കപ്പെടുമ്പോൾ (എലികളിലും പൂച്ചകളിലും അങ്ങനെ തന്നെ) മറ്റുചില ജീവികളിൽ (ഉദാഹരണത്തിന് ചില പക്ഷികളിലും ചിത്രശലഭങ്ങളിലും) പുരുഷനിലെ ക്രോമസോം ആണ് ഇപ്രകാരം നിഷ്ക്രിയമാക്കപ്പെടുന്നത്. എന്നാൽ ഇത് കേവലം തുല്യതയ്ക്ക് വേണ്ടി മാത്രമല്ല, ഇപ്രകാരം ക്രോമസോം നിഷ്ക്രിയമാക്കപ്പെടുന്നില്ല എങ്കിൽ ഭ്രൂണ വളർച്ചയുടെ തുടക്കകാലത്ത് അത് പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം.

സ്ത്രീയുടെ ജനിതക മൂല്യം കൂട്ടുന്ന മറ്റൊന്നു കൂടിയുണ്ട്! കോശങ്ങളുടെ ന്യൂക്ലിയസിൽ മാത്രമല്ല ജനിതകപദാർത്ഥം (DNA) ഉള്ളത്, അവയുടെ കോശദ്രവ്യത്തിൽ കാണുന്ന മൈറ്റോകോൺട്രിയ എന്ന കോശാംഗത്തിനും സ്വന്തം നിലയിൽ ഒരു ക്രോമസോം ഉണ്ട് (37 ജീനകളാണ് അതിലുള്ളത്). ഊർജ്ജോല്പാദനമാണ് ഈ കോശാംഗത്തിന്റെ പ്രധാന ജോലി. മൈറ്റോകോൺട്രിയയിലെ ഈ ക്രോമസോമിന്റെ പാരമ്പര്യ കൈമാറ്റം നടക്കുന്നത് ബീജസങ്കലനത്തിൽ അണ്ഡദാതാവായ അമ്മയിൽ നിന്ന് മാത്രമാണ്. ബീജകോശത്തിൽ മൈറ്റോകോൺട്രിയൽ ഡിഎൻഎ ഉണ്ടെന്നിരിക്കലും വാലറ്റത്ത് മാത്രമായി കാണപ്പെടുന്ന ഇത് അണ്ഡകോശത്തിൽ പ്രവേശിച്ചാൽ അവിടെവച്ച് നശിപ്പിക്കപ്പെടുന്നു. പുതിയ കണ്ടെത്തൽ അനുസരിച്ച് മുതിർന്ന ബീജകോശത്തിൽ മൈറ്റോകോൺട്രിയൽ ഡിഎൻഎ ഇല്ലതന്നെ. അതുകൊണ്ട് ഒരു വ്യക്തിയുടെ ന്യൂക്ലിയസിലെ ജനിതകപദാർത്ഥത്തിന്റെ 50% ഷെയർ അമ്മയ്ക്കും അപ്പനും ഉള്ളപ്പോൾ, 100% മൈറ്റോകോൺട്രിയൽ ഡിഎൻഎയും അമ്മയിൽ നിന്നുമാണ് വരുന്നത്. മൈറ്റോകോൺട്രിയൽ ഡിഎൻഎയും നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. Leber's hereditary optic neuro pathy, Mitochondrial myopathy, Pearson syndrome, Leigh syndrome   ഇവയൊക്കെ മൈറ്റോകോൺട്രിയൽ ക്രോമസോമിലെ അക്ഷരത്തെറ്റുകളുടെ അനന്തരഫലമാണ്.

അതുകൊണ്ട് പ്രിയപ്പെട്ടവരെ, കുറഞ്ഞപക്ഷം ജനിതകശാസ്ത്രത്തിലെങ്കിലും നിങ്ങളുടെ അച്ഛനാരാണ് എന്ന  ചോദ്യത്തേക്കാൾ പ്രസക്തമാണ് നിങ്ങളുടെ അമ്മ ആരെന്നത്. ഉമ്മറത്തെ ചാരുകസേരയിൽ ചാരി കിടക്കുന്ന കാരണവത്തിയോട് വാതിൽ പിറകിൽ മറഞ്ഞുനിന്ന് അത്താഴമെടുക്കട്ടെ എന്ന് ചോദിക്കുന്ന ഒരു കാരണവ സങ്കല്പം പോലും നിങ്ങളുടെ നെറ്റിയിൽ ചുളിവുകൾ ഉണ്ടാക്കിയേക്കാം...! അതൊക്കെ പണ്ടല്ലേ ഇപ്പോൾ സ്ത്രീകൾക്ക് അത്തരം അവസ്ഥകൾ ഒന്നും ഇല്ലല്ലോ എന്ന് ചോദിക്കുന്നവർ ഉണ്ടാവാം. പക്ഷേ, ഏറെ വൈകി ത്രിസന്ധ്യയിൽ ഉച്ചയുറക്കം കഴിഞ്ഞുണർന്ന ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അമ്പരന്നു പോവുകയാണ്- നേരം പുലർന്നു വരികയാണോ അതോ രാത്രി കനം വയ്ക്കുകയാണോ എന്ന്. മതഭ്രാന്ത് മദം പൊട്ടി ഒഴുകി സർവ്വനാശം ചെയ്യുന്ന കാലം വിദൂരമല്ല, രാഷ്ട്രീയ കോമരങ്ങൾ അതിനു വെഞ്ചാമരം വീശികൊണ്ടിരിക്കുന്നു.

Dr. Blessy K. Alex

1 comment: