Thursday, October 29, 2020

താറാവിന്‍റെ ശാപം!

അങ്ങനെയാണ് ഞാൻ പ്രയാഗിൽ എത്തിയത്, താറാവിന്‍റെ ശാപം കിട്ടിയിട്ട്!!! നിങ്ങൾ വിശ്വസിക്കില്ലെങ്കിലും നടന്നതെന്താണെന്ന് ഞാൻ പറയാം! ഏതാണ്ട് 13 വർഷങ്ങൾക്ക് മുമ്പാണ്, അന്ന് ഞാൻ കേരളത്തിൽ ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കുകയാണ്. എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകും, മടക്കം തിങ്കളാഴ്ച രാവിലെ. വെള്ളിയാഴ്ചകളിൽ ഇരുട്ട് വീണു തുടങ്ങുമ്പോൾ വീട്ടിൽ ചെന്നുകയറുന്ന ഞാൻ കാണുന്ന ഒരു പതിവ് കാഴ്ചയുണ്ടായിരുന്നു, 60 വയസ്സ് കഴിഞ്ഞ എന്‍റെ അമ്മ രണ്ട് താറാവുകൾക്ക് പിറകെ ഓടുന്ന ഓട്ടം!!

ആദ്യത്തെ പേരക്കുട്ടിയുടെ (സഹോദരന്‍റെ മകൻ) ജനനത്തോടെ ആണ് ആട്, താറാവ്, കോഴി തുടങ്ങിയ വിശിഷ്ടാതിഥികൾ ഏറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലേക്ക് വീണ്ടും രംഗപ്രവേശം ചെയ്തത്. വെറുതെ അങ്ങനെ ഇരിക്കുമ്പോൾ കുട്ടി അഭിപ്രായപ്പെട്ടു, “അപ്പച്ചാ നമുക്ക് ഒരാടിനെ വളർത്തിയാലോ?! തീരെ ചെറിയതു മതി, അതാവുമ്പോൾ എനിക്ക് നോക്കാലോ!!” ദാ! ആട്ടിൻകുട്ടി റെഡി!! തൊട്ടടുത്ത ഞായറാഴ്ച പള്ളിയിൽ നിന്നും ലേലം വിളിച്ചു കൊണ്ടു വന്നു. അന്ന് പള്ളിയിൽ പോകാതിരുന്ന അവനോട് ആട്ടിൻകുട്ടിക്ക് എന്ത് പേരിടണം എന്ന് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ അവൻ പറഞ്ഞു, തോമസ് വർഗീസ്! തീർച്ചയായും, പള്ളിയിൽ നിന്നും കൊണ്ടുവന്ന ആടാവുമ്പോൾ അത് തന്നെയാണ് അതിന്‍റെ ഒരു ശരി!! ചില നേരങ്ങളിൽ ചെറിയ കുഞ്ഞുങ്ങളു അതീന്ദ്രിയജ്ഞാനം നമ്മളെ നിശബ്ദരാക്കും! പള്ളിക്ക് ആടിനെ ദാനം നല്കിയ അപ്പച്ചന്‍റെ പേരും തോമസ് വർഗീസ് എന്നായിരുന്നു! അങ്ങനെ എന്‍റെ അമ്മയ്ക്ക് ഒരു പുതിയ ഉദ്യോഗം കൂടി കിട്ടി, ആടിനെ വളർത്തൽ.

പതിയെ പതിയെ നമ്മുടെ കുട്ടിക്ക് ആടിനോടുള്ള താല്പര്യം കുറഞ്ഞ് അത്  താറാവിനോടുള്ള കലശായ അനുരാഗമായി മാറി!! മുഴുവൻ കുടുംബവും കൂട്ടമായി യത്നിച്ചിട്ടും താറാവിനെ വളർത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അവനെ ബോധ്യപ്പെടുത്താൻ  സാധിച്ചില്ല. വർഷത്തിൽ മൂന്നുമാസം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഞങ്ങൾക്ക് താറാവിന് നീന്താൻ പോയിട്ട് കുത്തിയിരിക്കാൻ ഒരു ചരുവത്തിൽ വെള്ളമൊഴിച്ചു കൊടുക്കുന്നത് പോലും ചിന്തിക്കാനാവുമായിരുന്നില്ല.

അവസാനം കുട്ടി ജയിച്ചു! രണ്ടു താറാവുകളെ വാങ്ങാൻ ധാരണയായി. ഇത്തരം സന്ദർഭങ്ങളിൽ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട് ഒരു കുട്ടിയായി ജനിക്കാതെ പേരക്കുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന്! അങ്ങനെ മന്ദഗാമിനികളായ രണ്ട് സുന്ദരാംഗനമാർ ഞങ്ങളുടെ മുറ്റത്ത് വിഹരിക്കാൻ തുടങ്ങി! കുട്ടി കൃതാർത്ഥനായി!!  ഈ ലോകത്ത് ഒരു കോഴിക്കു കിട്ടാവുന്നതിൽവച്ച്  ഏറ്റവും മികച്ച പരിചരണവും താമസസൗകര്യവും ആണ് ഈ താറാവുകൾക്ക് വേണ്ടി ഞങ്ങൾ ഏർപ്പാടാക്കിയത്! ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത കോഴികൾ ആയി ഞങ്ങളുടെ താറാവുകൾ വളർന്നുവന്നു, ഒരിക്കൽ പോലും അവ  മുട്ടയിടുകയോ ഞങ്ങൾ അതിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല! തന്നെയുമല്ല അതിൽ എന്തെങ്കിലും അസ്വാഭാവികത ആരോപിക്കുകയോ അനിഷ്ടം  പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല! നീന്തുന്നതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്ത ഈ താറാവുകൾ  അവരുടെ അത്ലറ്റിക്  താൽപര്യങ്ങൾ പ്രകടിപ്പിച്ചിരുന്നത് വൈകുന്നേരം കൂട്ടിൽ കയറ്റുമ്പോഴാണ്.

ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് എനിക്ക് ഞങ്ങളുടെ താറാവുകളുടെ കായിക പാടവം ശരിക്കും മനസ്സിലായത്. കോളേജിൽ നിന്ന് വരുമ്പോൾ ഞാൻ കാണുന്നത് വീടിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ട് താറാവുകളെയും പിറകെ ഓടുന്ന അമ്മയെയുമാണ്! അന്നത്തെ കലാപരിപാടി പതിവിലുമേറെ നീണ്ടുനിന്നു.  നമ്മുടെ കഥാനായകൻ കുട്ടിയുടെ അമ്മയും ഒക്കത്തിരിക്കുന്ന ഇളയ കുട്ടിയും ഈ സ്പോർട്സ് ഇനത്തിൽ അവരുടെ ഭാഗം നന്നായി ചെയ്യുന്നുണ്ട്! കഥാനായകൻ ആകട്ടെ, ഇത് ജീവിതത്തിലെ വളരെ ഉല്ലാസകരമായ ഒരു സായാഹ്നം തന്നെ എന്ന മട്ടിൽ എല്ലാം കണ്ടും കേട്ടും ആസ്വദിച്ചിരിക്കുന്നു! ഈ താറാവുകളെ കറിവച്ച് കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള കെല്പ് പോലും വീട്ടിൽ ആർക്കും ഉണ്ടായിരുന്നില്ല, കാരണം താറാവ് വിഷയത്തിൽ  ഞങ്ങളെല്ലാവരും ഒരുപോലെ അജ്ഞരായിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഞാൻ അറിയാതെ ഒരാത്മഗതം നടത്തി (അതൽപ്പം ഉറക്കെ ആയിപ്പോയി!)- “ഈ താറാവുകൾക്ക് ഇപ്പോൾ നല്ല പ്രായമായി. നമുക്ക് ഇതിനെ കൊല്ലാനും കറിവെക്കാനും അറിയില്ല. ഒരു കാര്യം ചെയ്യാം, തല മുണ്ഡനം ചെയ്ത് പ്രയാഗിൽ കൊണ്ടു വിടാം! അതാവുമ്പോൾ അവയ്ക്ക് മോക്ഷം കിട്ടും!” പണ്ടേതോ ഹിസ്റ്ററി ടെക്സ്റ്റിൽ വായിച്ച ഒരു പുണ്യസ്ഥലം, അത്രയും ധാരണയെ ആ സ്ഥലത്തെക്കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. ഓടിക്കൊണ്ടിരുന്ന താറാവുകളിൽ  ഒരെണ്ണം  പെട്ടെന്നൊന്ന്  വെട്ടി ത്തിരിഞ്ഞ് എന്‍റെ കണ്ണുകളിലേക്ക് തറച്ചു നോക്കി!! പിന്നെ മെല്ലെ അത്  കൂട്ടിലേക്ക് കയറി പോയി! എനിക്ക്  എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി! ഞാൻ പറഞ്ഞത് കേട്ട് കാണുമോ എന്തോ?!

എന്തായാലും സൗകര്യപൂർവ്വം ഞാൻ ആ നോട്ടം മറന്നു! ഒരു വർഷത്തിനുള്ളിൽ എന്‍റെ വിവാഹം കഴിഞ്ഞ് ഞാൻ അലഹബാദിലെത്തി. ഒരിക്കൽപോലും കേരളം വിട്ട് പുറത്ത് പോകാൻ ആഗ്രഹിക്കാതിരുന്ന ഞാൻ ഈ പുരാതന നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശങ്ങളിലേക്കും നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു! കാണാൻ ഭംഗിയുള്ള ഒന്നും തന്നെ ഇവിടെ ഇല്ല എന്ന് വിവാഹത്തിനു മുമ്പേ തന്നെ പ്രതിശ്രുതവരൻ അറിയിച്ചിരുന്നു. ഇവിടെ എത്തിയിട്ട് ഏതാണ്ട് മൂന്ന് മാസമായി കാണും, ഒരു ഞായറാഴ്ച ഒരു നീണ്ട യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ കാറിന്‍റെ മുൻസീറ്റ് അല്പം പുറകോട്ട് ചായ്ച്ച് സുഖമായി ഒന്ന് മയങ്ങുകയായിരുന്നു ഞാൻ. ഞങ്ങൾ ജോലി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന കവാടം  അടുക്കാറായപ്പോൾ അദ്ദേഹം പറഞ്ഞു- “വീട് എത്താറായി, എഴുന്നേൽക്ക്”. മെല്ലെ കണ്ണുതുറന്ന ഞാൻ ഇരുവശങ്ങളിലും ഉള്ള രണ്ട് പോസ്റ്റുകളിലായി റോഡിനു കുറുകെ വലിച്ചുകെട്ടിയിരിക്കുന്ന സുന്ദരമായ ഒരു ഫ്ലക്സിൽ വലിയ അക്ഷരങ്ങളിൽ ഹിന്ദിയിൽ കണ്ടത് ഇപ്രകാരം വായിച്ചു  “ കുംഭ് നഗരി പ്രയാഗ് മേം ഹാദ്രിക്  സ്വാഗത്”  എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി, എവിടെനിന്നോ ഒരു താറാവിന്‍റെ തറച്ചു  കയറുന്ന നോട്ടം എന്‍റെ ഓർമയിലേക്ക് വന്നു! ഞാൻ ഭർത്താവിനെ നോക്കി- “ഇത് പ്രയാഗ് ആണോ?!” അദ്ദേഹം അതിശയത്തോടെ ചോദിച്ചു- “നിനക്കറിയില്ലാരുന്നോ?!” ഞാൻ മറുപടി പറഞ്ഞില്ല. ലോകപ്രസിദ്ധമായ കുംഭമേള നടക്കുന്നത് പ്രയാഗിലാണെന്ന് ആർക്കാണറിയാത്തത്! പക്ഷേ ഞാൻ അലഹബാദിലാണല്ലോ! എന്നാൽ പന്ത്രണ്ടു വർഷങ്ങൾക്കുള്ളിൽ ഇവിടെ  പലതും സംഭവിച്ചു, ഇപ്പോൾ സിറ്റിക്ക് ആധുനികതയുടെ  മുഖമാണ്. അലഹബാദ് ഇന്ന് പ്രയാഗ് രാജ്  എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

വേദങ്ങളും പുരാണങ്ങളും ഉള്ളിൽ കോറിയിട്ട യാഗഭൂമി, മുഗൾ ഭരണത്തിന്‍റെ തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വളക്കൂറുള്ള മണ്ണ്, ജന്മം കൊണ്ടോ കർമം കൊണ്ടോ അഭിനവ ഭാരതത്തിന്‍റെ ഏഴു പ്രധാനമന്ത്രിമാർ പുകളേറ്റിയ നാട്, മഹാത്മജിയുടെ കർമനിരതജീവിതത്തിന് തിരികൊളുത്തിയ മണ്ണ്, കോടിക്കണക്കിന് ഹൈന്ദവവിശ്വാസികൾക്ക് മോക്ഷദായനിയായി ത്രിവേണി സംഗമം, അലഹബാദിന് പറയാനുള്ളത് മതവും സംസ്കാരവും രാഷ്ട്രീയവും പൌരാണികതയും ഒക്കെ കൂടിക്കലർന്ന സമൃദ്ധമായ ഒരു ചരിത്രമാണ്. ഇന്നത്തെ പ്രയാഗ് പൌരാണികതയുടെ പ്രൌഡിക്ക് പുതുമയും ചാരുതയുമേറ്റി ഒപ്പം ആധുനികതയുടെ വിശാലവീഥികളും സമൃദ്ധഭാവങ്ങളും വാരിച്ചൊരിഞ്ഞ് ഹൃദ്യമായ ഒരു കാഴ്ചാനുഭവമാണ്.  

പക്ഷേ പിറന്ന നാടിനോളം വശ്യത മറ്റെന്തെിനാണുള്ളത്! നിറമിഴികളോടെ എനിക്കത് ഉപേക്ഷിക്കേണ്ടി വന്നത് ആ സാധു ജീവിയുടെ ശാപം അല്ലാതെ മറ്റെന്താണ്....!!!

Dr Blessy K Alex

                                                                      

Monday, October 19, 2020

കൊറോണയ്ക്ക് സാറിനെ പേടിയില്ല!


എപ്പോഴെങ്കിലും ഇനിയങ്ങ് മരിച്ചാൽ മതിയെന്ന് കൊറോണയ്ക്ക് തോന്നിയാൽ അതിനുള്ള ചില എളുപ്പ വഴികൾ നമ്മുടെ സർക്കാരും, ആരോഗ്യപ്രവർത്തകരും, പൊതുജനങ്ങളും, എന്തിന് പെയിന്‍റ്, വാർണീഷ്, പ്ലൈവുഡ് കമ്പനിക്കാർ വരെ നിർദേശിച്ചിട്ടുണ്ട്! വല്യ ചെലവൊന്നുമില്ലാതെ അതിൽ ചില കാര്യങ്ങളൊക്കെ നിസ്സാരമായി കൊറോണയ്ക്ക് ചെയ്യാവുന്നതേയുള്ളൂ-------!!! അതായത്, കയ്യും മുഖവും വെറുതെയൊന്ന് സോപ്പിട്ട് കഴുക, ഒരു ടീ സ്പൂൺ പരിശുദ്ധമായ വെളിച്ചെണ്ണ കുടിക്കുക, മുഖത്ത് ആവി പിടിക്കുക, അല്ലെങ്കിൽ താരതമ്യേന പുതിയ നിർദേശമായിക്കണ്ട 25% ഗ്ലൂക്കോസ് ലായനി രണ്ടു തുള്ളി മൂക്കിൽ ഇറ്റിക്കുക, എന്നിങ്ങനെ!! കൊറോണയ്ക്ക് മരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടോ എന്തോ, എണ്ണയും സോപ്പുമൊന്നും കൊറോണ തൊട്ടുനോക്കാൻ മെനക്കെടാറില്ല! ഇനി നമുക്ക് മരിക്കാനാഗ്രഹമില്ലെങ്കിൽ അവനവന്‍റെ മനോധർമമനുസരിച്ച് ഇവയിൽ ചിലതൊക്കെ ചെയ്യാമെന്ന് മാത്രം! അതും വേണമെങ്കിൽ മാത്രം!!

കൊറോണയെ കൊല്ലാനുള്ള മരുന്നുകളൊന്നും ഇതുവരെ കണ്ടെത്താൻ പറ്റിയിട്ടില്ലെങ്കിലും അതിനുപകരിക്കുന്ന പെയിന്‍റുകളും, പ്ലൈവുഡുമൊക്കെ  മാർക്കറ്റിൽ സുലഭമായി ലഭിക്കും!! അത് കഴിക്കേണ്ട വിധം നിർദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ടു ആരും  ദയവായി അതൊന്നും പരീക്ഷിക്കരുത്!! കൊറോണ പോലും ഇതൊന്നും കാര്യമായെടുത്തിട്ടില്ലെന്ന് ഓർക്കണം!!!

ഞങ്ങളുടെ അപ്പാർട്ടുമെന്‍റിലെ 90% ഫ്ലാറ്റുടമകളും വിദ്യാസമ്പന്നരെന്നും വിവര കേസരികളെന്നും സ്വയം വിശ്വസിക്കുന്ന അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഇക്കാരണത്താൽ ഞങ്ങളിൽ പലരും സത്യമായും വിചാരിച്ചിരുന്നത് കൊറോണ വരുമ്പോൾ ‘മേ ഐ കം ഇൻ സർ’ എന്നു ചോദിച്ച് അനുവാദം കിട്ടിയാ മത്രമേ അകത്തു വരികയുള്ളുവെന്നാണ്!!! അതുകൊണ്ടുതന്നെ, ഞങ്ങൾക്ക് സാധ്യമാവുന്നത്രയും അവസരങ്ങളിൽ ഞങ്ങൾ ഒത്തുകൂടി വിശദമായ സാമൂഹിക-രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെട്ടു. കൊറോണ സൃഷ്ടിച്ചതും സൃഷ്ടിക്കാൻ പോകുന്നതുമായ സാമ്പത്തീക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്തു, പോരാത്തതിന് ഒന്നിച്ചിരുന്ന് സ്നേഹവും ഭക്ഷണവും പങ്കിട്ടു!! അങ്ങനെ ലോകം മുഴുവൻ കൊറോണയെക്കുറിച്ച് ആധി പിടിച്ചിരിക്കുമ്പോൾ ഞങ്ങളുടെ കുട്ടികൾ ഉല്ലാസത്തോടെ കളിതമാശകളിലേർപ്പെട്ടു! എല്ലാറ്റിനുമൊടുവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡിപ്പാർട്ടുമെന്‍റുകളിൽ എത്തണമെന്ന അറിയിപ്പിനെ തുടർന്ന് കോളേജിലും പോകാൻ  തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഞായറാഴ്ച സന്ധ്യാസമയത്ത് ഞങ്ങളുടെ ഇതേ അപ്പാർട്ടുമെന്‍റിലെ ഒരു സീനിയർ സുഹൃത്തിനെയും (പ്രായം 60-ൽ താഴെ) കുടുംബത്തെയും സന്ദർശിക്കണമെന്ന അതിയായ ആഗ്രഹം എനിക്കും ഭർത്താവിനും ഒരേ നിമിഷം തോന്നിയത്. അദ്ദേഹത്തിന് ഇത്തരം തോന്നലുകൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെങ്കിലും സോഷ്യലൈസിങ്ങ് ജീനുകൾക്ക് അല്പം തകരാറുള്ള എനിക്ക് അതു വളരെ വിരളമായേ അനുഭവപ്പെടാറുള്ളൂ! അതുകൊണ്ടുതന്നെ ഒരു കൊറോണ ക്ലാസ് ഒക്കെ കൊടുത്തു ഞാൻ അദ്ദേഹത്തെ പരമാവധി തടയാറുണ്ട്! പക്ഷേ, ഈ സീനിയർ കുടുംബത്തിലെ അംഗങ്ങൾ സരസരും സഹൃദയരുമൊക്കെ ആയതിനാൽ വിരസത ഒഴിവാക്കാൻ അങ്ങോട്ട് ഒന്നുപോകാമെന്ന് ഇരുവരും തീരുമാനിച്ചു. ഒന്നിച്ചിരുന്ന് ഒരു മാസം മുമ്പ് ഓണസദ്യയുണ്ടതിൽ പിന്നെ ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. അങ്ങനെ ഞങ്ങൾക്കുള്ള ഒരേ ഒരു സ്വത്തും മുത്തുമായ പുത്രിയെയും കൂട്ടി ഞങ്ങൾ സുഹൃത് സന്ദർശനം നടത്തി.

ഞങ്ങൾ ചെന്ന സമയത്ത് അവർക്കുള്ള ഏക പുത്രി സംഗീത പഠനത്തിലായിരുന്നു. ഏകദേശം 65 വയസ് പ്രായം വരുന്ന സംഗീത മാഷും  ഞങ്ങളുടെ  അപ്പാർട്ടുമെന്‍റിലെ അംഗമാണ്. പാതി തുറന്നു കിടന്ന വാതിലിൽകൂടി ഞങ്ങളെ കണ്ടതും പാട്ട് നിർത്തി അവൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. സംഗീതം നിറഞ്ഞു നിൽക്കുന്ന ലിവിംഗ് റൂം ഒഴിവാക്കി ഞങ്ങൾ ഡൈനിംഗ് ഏരിയായിലേക്ക് കടന്നുചെന്നു. ഞങ്ങളുടെ യൂണിവേർസിറ്റിയിലെ ഒരു സുപ്രധാന ഓഫീസിലെ സെക്രട്ടറിയാണ് ആന്‍റി. വളരെ ദിവസങ്ങൾക്കു ശേഷം ഞങ്ങളെ കണ്ട സന്തോഷത്തോടെ ഹൃദ്യമായി സ്വീകരിച്ചിരുത്തി. അങ്കിൾ എവിടെ എന്നു ചോദിച്ചപ്പോൾ ആന്‍റിയുടെ മറുപടി ഇങ്ങനെ - ‘ഒരു പനി പോലെ, രണ്ടു മൂന്നു ദിവസമായി, അതുകൊണ്ട് അല്പം മറിയിരിക്കുകയാ’. എന്‍റെ വയറ്റിൽ ഒരു വെള്ളിടി വെട്ടി. എന്നിലെ ബയോടെക്നോളജിക്കാരിക്ക് കൊറോണയോടെന്നല്ല, പൊതുവെ എല്ലാ വൈറസുകളോടും ബാക്ടീരീയകളോടും നല്ല ബഹുമാനമാണ്. അപ്പോൾത്തന്നെ ഇരുന്നിടത്തുനിന്നു എഴുന്നേൽക്കണമെന്ന് എനിക്ക് തോന്നി. പക്ഷേ സംഗീതത്തിൽ ലയിച്ചിരിക്കുന്ന കുട്ടികളെയും മാഷിനെയും എല്ലാറ്റിലുമുപരി ആന്‍റിയുണ്ടാക്കിയ മനോഹരമായ അച്ചപ്പവും കണ്ടപ്പോൾ എന്നാൽപ്പിന്നെ അവിടെത്തന്നെ അല്പ നേരം കൂടി ഇരിക്കാമെന്ന് കരുതി! അപ്പോൾ ദാ വരുന്നു! എന്‍റെ ആത്മ മിത്രവും അവരുടെ പതിയും ഒരുമിച്ച് അങ്കിളിനെ കാണാൻ! വന്നപാടെ സുഹൃത്ത് ചോദിച്ചു- ‘അങ്കിൾ എവിടെ? ഒരാഴ്ച്ചയായല്ലോ, prayer മീറ്റിങ്ങിലും (Zoom) കണ്ടില്ല. അച്ചൻ പറഞ്ഞു പനിയാണെന്ന് (അവർ ഒരേ പള്ളിയിലെ അംഗങ്ങളാണ്)! ഒന്ന് അന്വേഷിക്കാമെന്ന് കരുതി വന്നന്നേയുള്ളൂ!” പുറത്തേക്ക് ഉന്തിവന്ന എന്‍റെ കണ്ണിനെ പെട്ടെന്ന് തന്നെ ഞാൻ അകത്തേക്ക് പറഞ്ഞു വിട്ടു. ഇതല്ലേ യഥാർഥ സ്നേഹം!! കൊറോണയുടെ സമയത്ത് പനിയുള്ള ആളെ കേട്ടറിഞ്ഞു വന്ന് ക്ഷേമം അന്വേഷിക്കുന്നു!!! എനിക്ക് എന്നോടുതന്നെ  വല്ലാത്ത അവമതിപ്പ് തോന്നി. പനിയെന്നെങ്ങാന്നും കേട്ടിരുന്നെങ്കിൽ ഞാൻ പിന്നെ എന്‍റെ വീടിന് പുറത്തിറങ്ങുമായിരുന്നില്ല! സംഗീത മാഷ് ക്ലാസ് കഴിഞ്ഞു സ്ഥലം വിട്ടു. മൂന്നു മലയാളി കുടുംബങ്ങൾ 1 ½ മണിക്കൂറോളം സംഭാഷണത്തിലേർപ്പെട്ടു. ഇതിനിടയ്ക്ക് ആന്‍റി പറഞ്ഞു- ‘ഒരു മാസത്തോളമായി എനിക്കൊരു തൊണ്ട വേദന, അങ്ങോട്ടു മാറുന്നില്ല!’ കുടിച്ചുകൊണ്ടിരുന്ന കോഫി എന്‍റെ തൊണ്ടയിൽ ഒരു മാത്ര സന്ദേഹിച്ചു നിന്നു. ആന്‍റി തുടർന്നു- ‘കുഴപ്പമില്ല, ഇത് എല്ലാ വർഷവും ഈ സമയത്ത് എനിക്കുള്ളതാ. പിന്നെ ചിന്തിച്ചു നിന്നില്ല, കോഫി അതിന്‍റെ ലക്ഷ്യസ്ഥാനത്തേക്കു പോയി!! എന്തായാലും വീട്ടിൽ തിരികെയെത്തിയപാടെ മൂന്നുപേരും വിസ്തരിച്ചു കുളിച്ചു.

നന്നായി, അതൊരു ഞായറാഴ്ചയായിരുന്നു. പിന്നീട് വന്ന ദിവസങ്ങൾ സംഭവ ബഹുലമായിരുന്നതുകൊണ്ട്  കൊറോണയുടെ കാര്യം ഞാൻ മറന്നു. പകരം അത് ഒപ്പം കൊണ്ടുവന്ന ഓൺലൈൻ ക്ലാസ് എന്ന മാരണവും പോരാത്തതിന് കഴിഞ്ഞ വർഷം തോറ്റ കുട്ടികളുടെ റീ-എക്സാമും. ഓൺലൈൻ ക്ലാസ്സുകൾ അറ്റെൻഡ് ചെയ്തിട്ടില്ലാത്ത ഈ മഹാരഥൻമാരെ Google Meet-ൽ ഇരുത്തി എക്സാം എഴുതിപ്പിച്ചപ്പോഴേക്കും എന്‍റെ കിഡ്നികളും കൂടെ ഇളകിത്തുടങ്ങിയെന്ന് എനിക്ക് തോന്നി. എന്തായാലും ഓൺലൈൻ എക്സാമിന്‍റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ ചേട്ടന്മാർ ബഹു സന്തോഷത്തിലാണ്! അവന്മാർ കോറോണക്ക് ഒരു അമ്പലം തന്നെ പണിതാലും അത്ഭുതപ്പെടാനില്ല!!!

അങ്ങനെ ശനിയാഴ്ചയെത്തി, ദൈവം വിശ്രമിച്ച ഏഴാം ദിവസം! വലിയ ബഹളങ്ങളൊന്നുമില്ലാതെ അന്നത്തെ പകൽ കഴിഞ്ഞു. അന്നേ ദിവസത്തെ മൂന്നാമത്തെ വെർച്വൽ ബർത്ഡേ പാർട്ടിയും കഴിഞ്ഞ് വിശന്നിരിക്കുന്ന കുട്ടിക്ക് എന്തെകിലും കഴിക്കാൻ കൊടുക്കണം. പൊതുവെ ഞങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ  തിരക്ക് അവൾക്കാണ്. അതുകൊണ്ട് എന്തു കാര്യം ചെയ്യുമ്പോഴും അവളുടെ ഷെഡ്യൂൾ നോക്കിയേ ഞങ്ങൾ ചെയ്യാറുള്ളൂ! അവൾക്കു വയസ് ഒൻപതേയായിട്ടുള്ളൂ, ഒരു 22-വയസ്സുണ്ടായിരുന്നെങ്കിൽ അവളുടെ കല്യാണവും അങ്ങ് ഓൺലൈനായി നടത്താമായിരുന്നു! വല്യ ചെലവും അലമ്പുമൊന്നുമില്ലാതെ കാര്യം നടക്കുമായിരുന്നു!! ഈ മനോവിചാരത്തോടെ ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് എന്‍റെ ആത്മ മിത്രത്തിന്‍റെ ഫോൺകോൾ വന്നത്- ‘എടോ, നമ്മുടെ അങ്കിളിനും, ആന്‍റിക്കും, മോൾക്കും  കോവിഡ് പോസിറ്റീവ് ആണ്! അവരിന്നു ടെസ്റ്റ് ചെയ്തിരുന്നു.’ എന്തോ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല, അതങ്ങനെയാണ്, ഏറെ നാളായി ഭയപ്പെടുന്ന ദുരന്തം സംഭവിക്കുമ്പോഴുള്ള പരമസാത്വികമായ നിർവികാരത! ചുരുക്കത്തിൽ,ന്‍റിയുടെ ബോസിനും സംഘാംഗങ്ങൾക്കും ഒക്കെ മൂന്നാല് ദിവസം മുമ്പ് തന്നെ കോവിഡ് പോസിറ്റീവാണെന്ന സ്ഥിരീകരണം ലഭിച്ചിരുന്നു. അതുകൊണ്ട് ഇവരുമൊന്ന് ടെസ്റ്റ് ചെയ്തുവെന്ന് മാത്രം! പതിയെ പതിയെ എന്‍റെ ബോധമണ്ഡലത്തിൽ നിന്നും നിർവികാരത ഇറങ്ങിത്തുടങ്ങി. ആ സ്ഥാനത്തേക്ക് തുളസി, ഇഞ്ചി, പനിക്കൂർക്ക, ജാതിക്ക, മഞ്ഞൾ, കരിഞ്ചീരകം, പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, വെളുത്തുള്ളി, തേൻ, ശർക്കര അങ്ങനെ പലവിധ പ്രയോഗങ്ങൾ കടന്നു വന്നു!!

ന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ തീർത്തും പുതുമയില്ലാത്തതും പലരും പറഞ്ഞു തേഞ്ഞതുമായ ചില പ്രധാന കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ!!

1.      വരാൻ താമസിച്ചു എന്നു കരുതി ഇനി വരില്ല എന്നു പറയരുത്. അവസാന വണ്ടിക്കാണെങ്കിലും കൊറോണയെത്തും!

2.     സുഹൃത് സന്ദർശനങ്ങൾ ഒഴിവാക്കുക. അച്ചപ്പം, കുഴലപ്പം, മാവുണ്ട ഇവയൊക്കെ ജീവൻ ബാക്കിയുണ്ടെങ്കിൽ അടുത്തവർഷം കഴിക്കാം!

3.     ബർത്ഡേ പാർട്ടികൾ, വിവാഹ വിരുന്നുകൾ, ശവസംസ്കാരം ഇവയിലൊക്കെ ഓൺലൈൻ ആയി പങ്കെടുത്ത് സ്വന്തം വീട്ടിൽ ഭക്ഷണം കഴിക്കുക!

4.     പുറത്തു പോയാൽ എത്രയും വേഗം അകത്തു കയറാൻ നോക്കുക.

5.     മാസ്ക് ധരിക്കുക, കഴിവതും അതിൽ കൈ കൊണ്ട് സ്പർശിക്കാതിരിക്കുക.

6.     പുറത്തുപോയി വരുമ്പോൾ നേരെ പോകേണ്ടത് വാഷ് റൂമിലേക്ക്. ആദ്യം ചെയ്യേണ്ടത് ഡിസ്പോസബ്ൾ മാസ്ക് ആണെങ്കിൽ ഡിസ്ഇൻഫക്ടന്‍റ് സ്പ്രേ ചെയ്തതിനു ശേഷം അടപ്പുള്ള ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുക. റീ-യൂസ് ചെയ്യാവുന്നതാണെങ്കിൽ ധാരാളം സോപ്പുപയോഗിച്ച് കഴുകി ഉണക്കാണിടുക. ശേഷം കുളിക്കുക.

7.      അടഞ്ഞ മുറികളും, എ. സി റൂമുകളും പരമാവധി ഒഴിവാക്കുക.

ന്‍റെ സംഭവ കഥയിലെ ആന്‍റി കൃത്യമായി മാസ്ക് ഉപയോഗിക്കുകയും ഓഫീസിൽ മറ്റുള്ളവരുമായി പരമാവധി അകലം പാലിക്കുകയും ചെയ്തിരുന്ന ആളാണ്. ഒരു പക്ഷേ എ. സി റൂമിൽ സൂര്യപ്രകാശം കടന്നുവരാത്തതും വായു സഞ്ചാരമില്ലാത്തതും ആവാം രോഗബാധയ്ക്ക് കാരണം.

സാദ്ധ്യമായ എല്ലാ മുൻകരുതലുകളും  എടുക്കുക! നമ്മളാരും വൈറസുകൾക്ക് അതീതരല്ല!!

Dr Blessy K Alex

Tuesday, August 18, 2020

ബബ്ൾ ബോയ്സ് ആൻഡ് ഗേൾസ്

 പിപിഇ കിറ്റിൽ നിന്ന് ബബ്ൾ ബോയ്സ്സിലേക്ക് ഇനി എത്ര ദൂരം?!!!

ഞാനും എൻറെ സഹോദരനും ചെറിയ കുട്ടികളായിരുന്നപ്പോൾ കുളിക്കാനായി ബക്കറ്റുകളിൽ വെള്ളം നിറച്ച ശേഷം ആദ്യം ചെയ്യുന്ന പണി വയറിനു മുകളിൽ യഥേഷ്ടം സോപ്പ് പതച്ചു തേക്കലായിരുന്നു. അതിനുശേഷം സോപ്പുപയോഗിച്ചു കുമിളകളുണ്ടാക്കും. കണ്ണിനു മുമ്പിൽ വിരിഞ്ഞുവരുന്ന വർണ പ്രപഞ്ചത്തെ  നോക്കി വിസ്മയം കൊള്ളും!  ഒപ്പം, അവയുടെ വലിപ്പം, രൂപവ്യത്യാസം, എത്രനേരം പൊട്ടാതെ നിന്നു, എത്ര ദൂരം വായുവിൽ ഒഴുകിനടന്നു ഇത്തരം കാര്യങ്ങളിലൊക്കെ വിശദമായ ചർച്ചകളും ചില്ലറ അടിപിടികളുമൊക്കെ നടത്താറുണ്ടായിരുന്നു. ചിലതൊക്കെ  ഊതി വിടുമ്പോൾ തന്നെ ഒരു ഗോളമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കും, മറ്റുചിലത്  ഒരു പരാബോളയായി കയ്യിൽ തൂങ്ങും, പിന്നെയും ചിലത് ചുരക്കയുടെ ആകൃതിപൂണ്ട്  പെട്ടെന്ന് ജീവൻ വെടിയും. അന്നൊക്കെ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് സോപ്പ് കുമിളകളിൽ ഞാൻ കാണുന്ന എന്റെ  തന്നെ പ്രതിരൂപമായിരുന്നു. പക്ഷേ, അത്തരം ഒരു കുമിളയ്ക്കുള്ളിൽ ജീവിക്കുന്നതിനെ ക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ!!!

നമ്മുടെ ശരീരത്തെ ചുറ്റിപ്പറ്റി മണത്തു നടക്കുന്നതും ഉള്ളിൽ കയറി ഇരിപ്പുറപ്പിച്ചതുമായ അനേകം സൂക്ഷ്മാണുക്കൾ ഉണ്ട്. അവയെക്കൊണ്ട് അങ്ങനെ വലിയ ഉപദ്രവങ്ങൾ ഒന്നും നമുക്ക് ഉണ്ടാവാറില്ല.  പോരാത്തതിന്, ചിലതൊക്കെ ഇല്ലാതെ നമുക്ക് ജീവൻ നിലനിർത്താൻ പോലുമാവില്ല! അതുകൊണ്ടാണ് ചില പ്രത്യേക അവസരങ്ങളിൽ ഡോക്ടർമാർ നമുക്ക് പ്രോബയോട്ടിക് എന്ന പേരിൽ ചില മരുന്നുകളൊക്കെ കുറിക്കാറുള്ളത്.  സത്യത്തിൽ നമ്മുടെ തൈരും ഒരു പ്രോബയോട്ടിക്കാണ്.  പ്രഭാതത്തിൽ ഒരു ബ്ലാക്ക് കോഫിക്ക്പകരം ഒരു ബാക്ടീരിയ കോഫിയും ആവാം എന്നർത്ഥം. അല്ലെങ്കിൽത്തന്നെ നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങളെക്കാൾ അധികം ബാക്ടീരിയയുടെ കോശങ്ങളാണുള്ളത്!  

നമ്മുടെ കാഴ്ചയ്ക്കും കേൾവിക്കും അപ്പുറത്തെ  സൂക്ഷ്മജീവികളുടെ ലോകത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാവും, അവിടെയുമുണ്ട് കുടിപ്പകകൾ,  ഭക്ഷണത്തിനും  മണ്ണിനും വായുവിനുമൊക്കെ വേണ്ടിയുള്ള മൽപിടുത്തങ്ങൾ.  ജയിക്കുന്നവൻ തന്റെ കോളനികൾ സ്ഥാപിച്ച് ഭരണം നടത്തും, മറ്റാരും അവിടേക്ക് കടന്നു വരാതിരിക്കാൻ പ്രതിരോധങ്ങൾ തീർക്കും, ശരിക്കും ഒരു യുദ്ധ ഭൂമി തന്നെ!

എന്നാൽ നമ്മുടെ ഇടയിൽ ചില ഹതഭാഗ്യരുണ്ട്. നമുക്കാർക്കും ദോഷം ചെയ്യാത്ത ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെ അവരുടെ ജീവനുതന്നെ ഭീഷണിയാണ്. മാരകമായ ഇൻഫെക്ഷനുകളുണ്ടാക്കും. SCID (Severe Combined Immunodeficiency) എന്നാണ് ജനിതക അവസ്ഥയ്ക്ക് പറയുന്നത്.  നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയുടെ നെടുംതൂണുകളായി  വർത്തിക്കുന്നത് T-സെല്ലുകളും  B- സെല്ലുകളുമാണ് (lymphocytes). ഈ സെല്ലുകളുടെ ഉത്പാദനത്തിലും   പ്രവർത്തനത്തിലുമുള്ള തകരാറുകളാണ് SCID എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്.

 ഡേവിഡ് ഫിലിപ്പ് വെറ്റർ എന്ന ടെക്സസുകാരനായ ഒരു കൊച്ചുകുട്ടിയുടെ കഥ കേട്ടോളൂ! വെറ്റർ ജനിച്ചത്  1971 സെപ്റ്റംബർ 21-നാണ്. അന്നുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത SCID എന്ന ജനിതക അവസ്ഥയുമായാണ് അവൻ പിറന്നുവീണത്. വെറ്ററുടെ മാതാപിതാക്കൾക്ക് അവർ ഭയപ്പെട്ടതു  തന്നെയാണ് സംഭവിച്ചത്. വെറ്ററുടെ മൂത്ത സഹോദരനും ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതേ രോഗം മൂലം മരിച്ചിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ആകെയുള്ള പോംവഴി.  പക്ഷേ വെറ്ററുടെ കുടുംബത്തിൽ അവന് യോജിച്ച ഒരു ദാതാവില്ലായിരുന്നു. അവന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രത്തിന്  മറ്റ് വഴികൾ ഇല്ലാത്തതിനാൽ രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതുവരെ അണുവിമുക്തമാക്കിയ ഒരു പ്ലാസ്റ്റിക് ബബ്ളിനുള്ളിൽ അവനെ ജീവിക്കാൻ അനുവദിക്കണമെന്ന് അവർ തീരുമാനിച്ചു. നാസയിലെ എൻജിനീയർമാരാണ് വെറ്ററിനുവേണ്ടി ബബ്ൾ ഡിസൈൻ ചെയ്തത്.  മീഡിയ അവനെ ബബ്ൾ ബോയി എന്ന ഓമനപ്പേരിട്ട് വിളിച്ചു.   

വെറ്ററുടെ മാതാപിതാക്കൾ അവന് ഏറ്റവും മെച്ചപ്പെട്ട വൈദ്യപരിചരണം ഉറപ്പാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. ജനിച്ച് 20 സെക്കൻഡുകൾക്ക് ശേഷം അവനെ ബബ്ളിനുള്ളിലേക്ക് മാറ്റി.  അവൻറെ അമ്മയുടെ വാക്കുകളിൽ പുറത്തുള്ള ലോകത്തെ ബബ്ളിനുള്ളിലേക്ക് കൊണ്ടുവരാനും താൻ സ്നേഹിക്കപ്പെടുന്നുവെന്ന് അവന് ഉറപ്പുലഭിക്കുവാനുമാണ് ഞങ്ങൾ ശ്രമിച്ചത്. എന്നെങ്കിലുമൊരിക്കൽ അവന് ബബ്ളിന് പുറത്തുകടക്കാനാവുമെന്ന പ്രതീക്ഷയവർക്കുണ്ടായിരുന്നു.  അതുകൊണ്ട് അവർ അവന് വിദ്യാഭാസത്തോടൊപ്പം ധൈര്യവും, പ്രത്യാശയും ആത്മവിശ്വാസവും പകർന്നുകൊടുത്തു. സാധ്യമാവുന്നത്രയും സോഷ്യലൈസ് ചെയ്യുന്നതിനുള്ള  അവസരങ്ങളുമുണ്ടാക്കി. മറ്റേതൊരു കുഞ്ഞിനെയും പോലെ അവനും സഹോദരിയും കളികളിലേർപ്പെട്ടു, അവൻ  ബബ്ളിനുള്ളിലും അവൾ പുറത്തുമായി. അവന്റെ കളിപ്പാട്ടങ്ങളും ബുക്കുകളും പഠനോപകരണങ്ങളുമെല്ലാം  ബബ്ളിനുള്ളിൽ അണുവിമുക്തമായി സ്ഥാനം പിടിച്ചു.

ആറുവയസ്സുള്ളപ്പോഴാണ് വെറ്റർ ആദ്യമായി ബബ്ളിനു പുറത്തുള്ള ലോകത്തേക്ക് കാൽവച്ചത്. നാമൊക്കെ  വീട്ടിൽ നിന്ന് പുറത്തു പോകുന്നതു പോലെയല്ല എന്ന് മാത്രം. നാസ അവനു വേണ്ടി ഒരു സ്പെഷ്യൽ സ്യൂട്ട് ഡിസൈൻ ചെയ്തു. അവൻ ഓരോ തവണയും  പുറത്തിറങ്ങുന്നതിന് അവനും  സഹായികളും ചെയ്യേണ്ടിയിരുന്ന അണുവിമുക്തമാക്കൽ പ്രക്രിയ കോറോണയുടെ കാലത്തുപോലും നമുക്ക് സങ്കല്പിക്കാനാവില്ല. ആദ്യമായി അവൻറെ അമ്മ അവനെ സ്വന്തം കൈകളിലെടുത്തത് (ആ പ്ലാസ്റ്റിക് സ്യൂട്ട് ധരിച്ച അവസ്ഥയിൽ) 1977 ജൂലൈ 29-നാണ്.   ഒരുപക്ഷേ അവനെയുമെടുത്തുള്ള  അവൻറെ അമ്മയുടെ ചിത്രം കാണുമ്പോൾ നമുക്ക് തോന്നും അവരാണ് ലോകത്തിലെ  ഏറ്റവും സന്തോഷവതിയായ അമ്മയെന്ന്!  നമ്മുടെ കുഞ്ഞുങ്ങൾ എന്തു നേട്ടം കൈവരിച്ച ലാണ് നാം ഒന്നു നിറഞ്ഞു ചിരിക്കുക!! ഒരിക്കൽ അവൻ  ആവശ്യപ്പെട്ടത് അവന് ആകാശത്ത് നക്ഷത്രങ്ങളെ കാണണമെന്നാണ്!  അവൻറെ പതിനൊന്നാം പിറന്നാൾ രാത്രിയിൽ അവർ അവനെ 20 മിനിറ്റ് നക്ഷത്രങ്ങളെ കാണാൻ അനുവദിച്ചു.  

1983-ൽ വിദഗ്ധരായ ഡോക്ടർമാരുടെ സംഘം പൂർണമായും മാച്ച് അല്ലാത്ത ഡോണറിൽ നിന്നും മജ്ജ സ്വീകരിച്ച് അവന് രോഗത്തെ തരണം ചെയ്യാനാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ വെറ്ററുടെ കുടുംബം അത് പരീക്ഷിക്കാമെന്നേറ്റു. അങ്ങനെ അവൻറെ പന്ത്രണ്ടാം വയസ്സിൽ സ്വന്തം സഹോദരി അവനുവേണ്ടി മജ്ജ ദാതാവായി. നിർഭാഗ്യവശാൽ ശസ്ത്രക്രിയയുടെ സമയത്ത് അവന്റെ ശരീരത്തിൽ Epstein Barr വൈറസുകൾ കടന്നുകൂടി. നാല് മാസത്തിനുശേഷം ലിംഫോമ ബാധിച്ച്  അവൻ മരിച്ചു. എന്നാൽ വെറ്ററുടെ ജീവിതം മൂലം വൈദ്യശാസ്ത്രത്തിന്  ഒരുപാട് മുന്നോട്ട് പോകാനായി. ജീൻ തെറാപ്പി എന്ന നൂതന സങ്കേതത്തിലൂടെ വെറ്ററിനെപ്പോലെയുള്ള അനേകം കുഞ്ഞുങ്ങൾക്ക് ഇന്ന് ഏറെക്കുറെ സാധാരണജീവിതം പ്രാപ്യമായി വരുന്നു.

നൂറ്റാണ്ടുകളിലെ പരിണാമങ്ങളിലൂടെയാണ് ജീവിവർഗ്ഗങ്ങൾ സവിശേഷമായ രൂപ ഘടനകളും ജീവധർമ്മങ്ങളും ആർജ്ജിച്ചെടുത്തത്.  തീർച്ചയായും ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെ പരിണാമപ്രക്രിയയുടെ ഭാഗം തന്നെയാണ്.  പ്രകൃതി നൽകിയ വെല്ലുവിളികളെ അതിജീവിച്ച് അവയിൽ പലതും കൂടുതൽ കരുത്താർജിക്കുകയാണ്. ഒപ്പം നമ്മൾ മനുഷ്യർ നമ്മുടെ അന്തമില്ലാത്ത ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടി ജനിതക എഞ്ചിനീയറിംഗിലൂടെ പുനഃസൃഷ്ടിച്ച സൂക്ഷ്മജീവികൾ വേറെ. അങ്ങനെ സ്വയം സ്മാർട്ട് ആയതും നമ്മൾ സ്മാർട്ട് ആക്കിയതുമായ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെ ഒന്നു മനസ്സുവെച്ചാൽ നമുക്ക് പിപിഇ കിറ്റിൽ നിന്നും ഒരു ബബ്ളിനുള്ളിലേക്ക് ഓടിക്കയറാൻ അധിക സമയം വേണ്ടി വരില്ല!!

ദാ! ഇന്നലെ കേട്ടു, കൊറോണ വൈറസിന്റെ  ഒരു പുതിയ എഡിഷൻ മലേഷ്യയിൽ പുറത്തിറങ്ങിയെന്ന്, അതിന് പത്തുമടങ്ങ്  കൂടുതൽ രോഗവ്യാപനശേഷിയുണ്ടത്രെ! യുദ്ധം തുടങ്ങിയിട്ടേയുള്ളു എന്ന് സാരം!! കാഴ്ചയ്ക്കും കേൾവിക്കും അപ്പുറത്തുള്ള ശത്രുക്കളെ പ്രതിരോധിക്കുന്നതിൽ ഏതാണ്ട് എല്ലാ ലോക ശക്തികളും തങ്ങൾ അമ്പേ പരാജയം ആണെന്ന് തെളിയിച്ചു കഴിഞ്ഞു.  ! നമ്മളെന്തിനാണ് വ്യാകുലപ്പെടുന്നത്!  ബബ്ളിനുള്ളിലും ഒരു ലാപ്ടോപ്പും പരിധികളില്ലാത്ത നെറ്റ്വർക്കുമുണ്ടെങ്കിൽ നമ്മൾ അങ്ങനെ സന്തോഷമായി കഴിഞ്ഞുകൂടില്ലേ! ഓണത്തിനുടുക്കുന്ന കസവു സാരിക്കൊപ്പം മാച്ച് ചെയ്യുന്ന കസവിന്റെ മാസ്കും തേടിപ്പോകാൻ മടിക്കാത്ത നമുക്കിതിലൊക്കെ എന്തിരിക്കുന്നു! നാണംകെട്ടവന് ആസനത്തില് മുളയ്ക്കുന്ന ആലും അലങ്കാരം എന്ന് പഴമക്കാര് പറഞ്ഞതിന്റെ ഉത്തമ ഉദാഹരണം ഇതുതന്നെയാവും!! ബബ്ളിനു രണ്ട് വീലുണ്ടെങ്കിൽ എവിടെ വേണമെങ്കിലും യാത്രയും ചെയ്യാം!!  അതൊരു പക്ഷേ പിന്നിട്ട പരിണമാവഴികളിലൂടെയുള്ള ഒരു തിരിച്ചുപോക്കുമാവാം!!

ഒരുതരത്തിൽ ഭൂമിയും ഒരു  ബബ്ൾ തന്നെയല്ലേ, എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒന്ന്! അതിരുകൾ നാം കാണുന്നില്ല  എന്ന് മാത്രം!! ആരും നമുക്കുള്ള അതിരുകൾ നിർണയിക്കാതിരിക്കണമെങ്കിൽ നാം തന്നെ നമ്മുടെ അതിരുകൾ നിർണയിക്കേണ്ടതുണ്ട്. അത് തന്നെയാണ് ഉത്തമവും. ഭൂമിക്കും, പ്രകൃതിയ്ക്കും, സഹജീവികൾക്കും മേലുള്ള കടന്നുകയറ്റത്തിന്റെ  അതിർവരമ്പുകൾ മാറ്റി വരയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു!

Dr. Blessy K Alex