അങ്ങനെയാണ് ഞാൻ പ്രയാഗിൽ എത്തിയത്, താറാവിന്‍റെ ശാപം കിട്ടിയിട്ട്!!! നിങ്ങൾ വിശ്വസിക്കില്ലെങ്കിലും നടന്നതെന്താണെന്ന് ഞാൻ പറയാം! ഏതാണ്ട് 13 വർഷങ്ങൾക്ക് മുമ്പാണ്, അന്ന് ഞാൻ കേരളത്തിൽ ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കുകയാണ്. എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകും, മടക്കം തിങ്കളാഴ്ച രാവിലെ. വെള്ളിയാഴ്ചകളിൽ ഇരുട്ട് വീണു തുടങ്ങുമ്പോൾ വീട്ടിൽ ചെന്നുകയറുന്ന ഞാൻ കാണുന്ന ഒരു പതിവ് കാഴ്ചയുണ്ടായിരുന്നു, 60 വയസ്സ് കഴിഞ്ഞ എന്‍റെ അമ്മ രണ്ട് താറാവുകൾക്ക് പിറകെ ഓടുന്ന ഓട്ടം!!
ആദ്യത്തെ പേരക്കുട്ടിയുടെ (സഹോദരന്‍റെ മകൻ) ജനനത്തോടെ ആണ് ആട്, താറാവ്, കോഴി തുടങ്ങിയ വിശിഷ്ടാതിഥികൾ ഏറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലേക്ക് വീണ്ടും രംഗപ്രവേശം ചെയ്തത്. വെറുതെ അങ്ങനെ ഇരിക്കുമ്പോൾ കുട്ടി അഭിപ്രായപ്പെട്ടു, “അപ്പച്ചാ നമുക്ക് ഒരാടിനെ വളർത്തിയാലോ?! തീരെ ചെറിയതു മതി, അതാവുമ്പോൾ എനിക്ക് നോക്കാലോ!!” ദാ! ആട്ടിൻകുട്ടി റെഡി!! തൊട്ടടുത്ത ഞായറാഴ്ച പള്ളിയിൽ നിന്നും ലേലം വിളിച്ചു കൊണ്ടു വന്നു. അന്ന് പള്ളിയിൽ പോകാതിരുന്ന അവനോട് ആട്ടിൻകുട്ടിക്ക് എന്ത് പേരിടണം എന്ന് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ അവൻ പറഞ്ഞു, തോമസ് വർഗീസ്! തീർച്ചയായും, പള്ളിയിൽ നിന്നും കൊണ്ടുവന്ന ആടാവുമ്പോൾ അത് തന്നെയാണ് അതിന്‍റെ ഒരു ശരി!! ചില നേരങ്ങളിൽ ചെറിയ കുഞ്ഞുങ്ങളു അതീന്ദ്രിയജ്ഞാനം നമ്മളെ നിശബ്ദരാക്കും! പള്ളിക്ക് ആടിനെ ദാനം നല്കിയ അപ്പച്ചന്‍റെ പേരും തോമസ് വർഗീസ് എന്നായിരുന്നു! അങ്ങനെ എന്‍റെ അമ്മയ്ക്ക് ഒരു പുതിയ ഉദ്യോഗം കൂടി കിട്ടി, ആടിനെ വളർത്തൽ.
പതിയെ പതിയെ നമ്മുടെ കുട്ടിക്ക് ആടിനോടുള്ള താല്പര്യം കുറഞ്ഞ് അത് താറാവിനോടുള്ള കലശായ അനുരാഗമായി മാറി!! മുഴുവൻ കുടുംബവും കൂട്ടമായി യത്നിച്ചിട്ടും താറാവിനെ വളർത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അവനെ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. വർഷത്തിൽ മൂന്നുമാസം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഞങ്ങൾക്ക് താറാവിന് നീന്താൻ പോയിട്ട് കുത്തിയിരിക്കാൻ ഒരു ചരുവത്തിൽ വെള്ളമൊഴിച്ചു കൊടുക്കുന്നത് പോലും ചിന്തിക്കാനാവുമായിരുന്നില്ല.
അവസാനം കുട്ടി ജയിച്ചു! രണ്ടു താറാവുകളെ വാങ്ങാൻ ധാരണയായി. ഇത്തരം സന്ദർഭങ്ങളിൽ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട് ഒരു കുട്ടിയായി ജനിക്കാതെ പേരക്കുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന്! അങ്ങനെ മന്ദഗാമിനികളായ രണ്ട് സുന്ദരാംഗനമാർ ഞങ്ങളുടെ മുറ്റത്ത് വിഹരിക്കാൻ തുടങ്ങി! കുട്ടി കൃതാർത്ഥനായി!! ഈ ലോകത്ത് ഒരു കോഴിക്കു കിട്ടാവുന്നതിൽവച്ച് ഏറ്റവും മികച്ച പരിചരണവും താമസസൗകര്യവും ആണ് ഈ താറാവുകൾക്ക് വേണ്ടി ഞങ്ങൾ ഏർപ്പാടാക്കിയത്! ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത കോഴികൾ ആയി ഞങ്ങളുടെ താറാവുകൾ വളർന്നുവന്നു, ഒരിക്കൽ പോലും അവ മുട്ടയിടുകയോ ഞങ്ങൾ അതിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല! തന്നെയുമല്ല അതിൽ എന്തെങ്കിലും അസ്വാഭാവികത ആരോപിക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല! നീന്തുന്നതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്ത ഈ താറാവുകൾ അവരുടെ അത്ലറ്റിക് താൽപര്യങ്ങൾ പ്രകടിപ്പിച്ചിരുന്നത് വൈകുന്നേരം കൂട്ടിൽ കയറ്റുമ്പോഴാണ്.
ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് എനിക്ക് ഞങ്ങളുടെ താറാവുകളുടെ
കായിക പാടവം ശരിക്കും മനസ്സിലായത്. കോളേജിൽ നിന്ന് വരുമ്പോൾ ഞാൻ കാണുന്നത് വീടിനു
ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ട് താറാവുകളെയും പിറകെ ഓടുന്ന അമ്മയെയുമാണ്! അന്നത്തെ
കലാപരിപാടി പതിവിലുമേറെ നീണ്ടുനിന്നു. നമ്മുടെ കഥാനായകൻ കുട്ടിയുടെ അമ്മയും ഒക്കത്തിരിക്കുന്ന
ഇളയ കുട്ടിയും ഈ സ്പോർട്സ് ഇനത്തിൽ അവരുടെ ഭാഗം നന്നായി ചെയ്യുന്നുണ്ട്! കഥാനായകൻ
ആകട്ടെ, ഇത് ജീവിതത്തിലെ വളരെ ഉല്ലാസകരമായ ഒരു സായാഹ്നം തന്നെ എന്ന മട്ടിൽ എല്ലാം
കണ്ടും കേട്ടും ആസ്വദിച്ചിരിക്കുന്നു! ഈ താറാവുകളെ കറിവച്ച്
കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള കെല്പ് പോലും വീട്ടിൽ ആർക്കും ഉണ്ടായിരുന്നില്ല,
കാരണം താറാവ് വിഷയത്തിൽ ഞങ്ങളെല്ലാവരും
ഒരുപോലെ അജ്ഞരായിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഞാൻ അറിയാതെ
ഒരാത്മഗതം നടത്തി (അതൽപ്പം ഉറക്കെ ആയിപ്പോയി!)- “ഈ താറാവുകൾക്ക് ഇപ്പോൾ നല്ല
പ്രായമായി. നമുക്ക് ഇതിനെ കൊല്ലാനും കറിവെക്കാനും അറിയില്ല. ഒരു കാര്യം ചെയ്യാം, തല
മുണ്ഡനം ചെയ്ത് പ്രയാഗിൽ കൊണ്ടു വിടാം! അതാവുമ്പോൾ അവയ്ക്ക് മോക്ഷം കിട്ടും!”
പണ്ടേതോ ഹിസ്റ്ററി ടെക്സ്റ്റിൽ വായിച്ച ഒരു പുണ്യസ്ഥലം, അത്രയും ധാരണയെ ആ
സ്ഥലത്തെക്കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. ഓടിക്കൊണ്ടിരുന്ന താറാവുകളിൽ ഒരെണ്ണം പെട്ടെന്നൊന്ന് വെട്ടി ത്തിരിഞ്ഞ് എന്‍റെ കണ്ണുകളിലേക്ക് തറച്ചു
നോക്കി!! പിന്നെ മെല്ലെ അത് കൂട്ടിലേക്ക്
കയറി പോയി! എനിക്ക് എന്തോ ഒരു അസ്വസ്ഥത പോലെ
തോന്നി! ഞാൻ പറഞ്ഞത് കേട്ട് കാണുമോ എന്തോ?!
എന്തായാലും സൗകര്യപൂർവ്വം ഞാൻ ആ നോട്ടം മറന്നു! ഒരു
വർഷത്തിനുള്ളിൽ എന്‍റെ വിവാഹം കഴിഞ്ഞ് ഞാൻ അലഹബാദിലെത്തി. ഒരിക്കൽപോലും കേരളം
വിട്ട് പുറത്ത് പോകാൻ ആഗ്രഹിക്കാതിരുന്ന ഞാൻ ഈ പുരാതന നഗരത്തിലെ ഇടുങ്ങിയ
വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശങ്ങളിലേക്കും നോക്കാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിച്ചു! കാണാൻ ഭംഗിയുള്ള ഒന്നും തന്നെ ഇവിടെ ഇല്ല എന്ന് വിവാഹത്തിനു മുമ്പേ
തന്നെ പ്രതിശ്രുതവരൻ അറിയിച്ചിരുന്നു. ഇവിടെ എത്തിയിട്ട് ഏതാണ്ട് മൂന്ന് മാസമായി
കാണും, ഒരു ഞായറാഴ്ച ഒരു നീണ്ട യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ കാറിന്‍റെ മുൻസീറ്റ്
അല്പം പുറകോട്ട് ചായ്ച്ച് സുഖമായി ഒന്ന് മയങ്ങുകയായിരുന്നു ഞാൻ. ഞങ്ങൾ ജോലി
ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന കവാടം അടുക്കാറായപ്പോൾ അദ്ദേഹം പറഞ്ഞു- “വീട്
എത്താറായി, എഴുന്നേൽക്ക്”. മെല്ലെ കണ്ണുതുറന്ന ഞാൻ ഇരുവശങ്ങളിലും ഉള്ള രണ്ട്
പോസ്റ്റുകളിലായി റോഡിനു കുറുകെ വലിച്ചുകെട്ടിയിരിക്കുന്ന സുന്ദരമായ ഒരു ഫ്ലക്സിൽ
വലിയ അക്ഷരങ്ങളിൽ ഹിന്ദിയിൽ കണ്ടത് ഇപ്രകാരം വായിച്ചു “ കുംഭ് നഗരി പ്രയാഗ് മേം ഹാദ്രിക് സ്വാഗത്” എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി,
എവിടെനിന്നോ ഒരു താറാവിന്‍റെ തറച്ചു കയറുന്ന നോട്ടം എന്‍റെ ഓർമയിലേക്ക് വന്നു! ഞാൻ
ഭർത്താവിനെ നോക്കി- “ഇത് പ്രയാഗ് ആണോ?!” അദ്ദേഹം അതിശയത്തോടെ ചോദിച്ചു- “നിനക്കറിയില്ലാരുന്നോ?!”
ഞാൻ മറുപടി പറഞ്ഞില്ല. ലോകപ്രസിദ്ധമായ കുംഭമേള നടക്കുന്നത് പ്രയാഗിലാണെന്ന് ആർക്കാണറിയാത്തത്!
പക്ഷേ ഞാൻ അലഹബാദിലാണല്ലോ! എന്നാൽ പന്ത്രണ്ടു വർഷങ്ങൾക്കുള്ളിൽ ഇവിടെ പലതും സംഭവിച്ചു, ഇപ്പോൾ സിറ്റിക്ക് ആധുനികതയുടെ
മുഖമാണ്. അലഹബാദ് ഇന്ന് പ്രയാഗ് രാജ് എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
വേദങ്ങളും പുരാണങ്ങളും ഉള്ളിൽ കോറിയിട്ട യാഗഭൂമി, മുഗൾ ഭരണത്തിന്‍റെ
തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വളക്കൂറുള്ള മണ്ണ്, ജന്മം കൊണ്ടോ കർമം കൊണ്ടോ അഭിനവ
ഭാരതത്തിന്‍റെ ഏഴു പ്രധാനമന്ത്രിമാർ പുകളേറ്റിയ നാട്, മഹാത്മജിയുടെ കർമനിരതജീവിതത്തിന്
തിരികൊളുത്തിയ മണ്ണ്, കോടിക്കണക്കിന് ഹൈന്ദവവിശ്വാസികൾക്ക് മോക്ഷദായനിയായി ത്രിവേണി
സംഗമം, അലഹബാദിന് പറയാനുള്ളത് മതവും സംസ്കാരവും രാഷ്ട്രീയവും പൌരാണികതയും ഒക്കെ കൂടിക്കലർന്ന
സമൃദ്ധമായ ഒരു ചരിത്രമാണ്. ഇന്നത്തെ പ്രയാഗ് പൌരാണികതയുടെ പ്രൌഡിക്ക് പുതുമയും ചാരുതയുമേറ്റി
ഒപ്പം ആധുനികതയുടെ വിശാലവീഥികളും സമൃദ്ധഭാവങ്ങളും വാരിച്ചൊരിഞ്ഞ് ഹൃദ്യമായ ഒരു കാഴ്ചാനുഭവമാണ്.
പക്ഷേ പിറന്ന നാടിനോളം വശ്യത മറ്റെന്തെിനാണുള്ളത്! നിറമിഴികളോടെ
എനിക്കത് ഉപേക്ഷിക്കേണ്ടി വന്നത് ആ സാധു ജീവിയുടെ ശാപം അല്ലാതെ മറ്റെന്താണ്....!!!
Dr Blessy K Alex
Athukond entha moksham kittilye kuttye😉
ReplyDeleteEthiri kaduthu poyille thaaraveeee
ReplyDelete