ഇനിയിത് ഉത്പരിവർത്തനത്തിന്‍റെ നാളുകൾ……..!!
2020 അത്രയങ്ങ് മോശമായിരുന്നു എന്ന് പറയാൻ പറ്റില്ല! ഒരുപക്ഷേ, ജീവൻ ബാക്കിയായ ഒരു അല്പപ്രാണിയായ മനുഷ്യജീവിയുടെ അഹന്തയായി ഈ പറഞ്ഞതിനെ വ്യാഖ്യാനിക്കാം. മറ്റൊരു തരത്തിൽ
നോക്കിയാൽ, അതിൽ കുറച്ചു വാസ്തവമുണ്ട്. നാം അത്യാവശ്യമെന്ന് കരുതിപ്പോന്നിരുന്ന പലതും തികഞ്ഞ അനാവശ്യങ്ങളായിരുന്നുവെന്നും തീരെ ഗൌനിക്കാതിരുന്ന പലതും, പലരും കൂടാതെ ജീവിതം മുമ്പോട്ട് പോവില്ല
എന്നുമൊക്കെ പഠിച്ച വർഷം. കൊറോണ പഠിപ്പിച്ച പുതിയ
ജീവിതശൈലിയും അടുക്കളയിലും അടുക്കളത്തോട്ടങ്ങളിലും അത് പകർന്നുതന്ന നൈപുണ്യവും പ്രവർത്തിപരിചയവും
കൂടുതൽ ആരോഗ്യമുള്ള ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കു
കാരണമായേക്കാമെന്ന് നമുക്കാശിക്കാം!
ക്വാറന്റൈൻ, ഐസൊലേഷൻ, ലോക്ക്ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിംഗ്, കണ്ടയിന്മെന്റ് സോൺ, സാനിറ്റൈസേഷൻ തുടങ്ങിയ പദങ്ങളൊക്കെ ഏത് സാധാരണക്കാരന്‍റെയും നാവിന് വഴങ്ങിയത് 2020-ലാണ്. 2021 മറ്റൊരു പദം കൂടി
നമുക്ക് പരിചയപ്പെടുത്തുകയാണ്, ഉത്പരിവർത്തനം
(മ്യൂട്ടേഷൻ). ഈ പുതുവത്സരത്തെ നമ്മൾ വരവേൽക്കുന്നത് ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസിനൊപ്പമാണ്. ഏത് നൂതന സാങ്കേതികവിദ്യയും അതിവേഗം ആർജിച്ചെടുക്കുന്ന നമ്മൾ മലയാളികൾ ഉത്പരിവർത്തനം സംഭവിച്ച പുതിയ കൊറോണ വൈറസിനെയും
ഏറ്റെടുത്തു കഴിഞ്ഞു! ഇത്തവണ ടെക്നോളജി U.K-യിൽ
നിന്നാണെന്ന ആകർഷണവുമുണ്ട്!! ഉത്പരിവർത്തനങ്ങളാണ്
ഏതൊരു ജീവിയിലും ജനിതക വ്യതിയാനങ്ങൾക്ക് കാരണമാവുന്നത്. എന്താണ് ഉത്പരിവർത്തനം?
ജനിതക സന്ദേശങ്ങളിൽ വരുന്ന മനപൂർവമല്ലാത്ത 'അക്ഷരപിശകുകൾ' ആണ്
ജനിതക വ്യതിയാനങ്ങൾക്ക് കാരണമാകുന്നത്. ഈ 'അക്ഷരപിശകുകളെ'
നമുക്ക് ഉത്പരിവർത്തനങ്ങളെന്ന്
വിളിക്കാം. ഏതൊരു ജീവിയുടെയും
കോശങ്ങളിലെ ജനിതക സന്ദേശങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് നാലേനാല് രാസാക്ഷരങ്ങൾ (ബേസുകൾ എന്നു വിളിക്കുന്നു) കൊണ്ടാണ്, അഡിനൈൻ (A), ഗ്വാനിൻ (G), തയമിൻ (T), സൈറ്റോസിൻ (C). ഓരോ ബേസിനൊപ്പവും ഷുഗറും ഫോസ്ഫേറ്റ് ഗ്രൂപ്പും
ചേർന്ന് 'ന്യൂക്ലിയോറ്റൈഡ്' എന്ന
സംയുക്തമാവുന്നു. ഈ അക്ഷരങ്ങൾ ഒന്നിനുപുറകെ ഒന്നായി
കോർത്തുണ്ടാക്കിയ ഒരു മാല ആണ് നമ്മുടെ ജനിതക സന്ദേശം. ജനിതക
പദാർത്ഥമായ ഡി.എൻ.എ തന്മാത്രയ്ക്കുള്ളിലെ A, G, T, C ബേസുകളുടെ ക്രമീകരണത്തിലെ വ്യത്യസ്തതയാണ് അവയുൾക്കൊള്ളുന്ന ‘വിവരങ്ങളുടെ’ വ്യത്യസ്തതയ്ക്ക് അടിസ്ഥാനം. ചിലയിനം
വൈറസുകളിലൊഴികെ മറ്റെല്ലാ ജീവികളിലും ഡി.എൻ.എയാണ് 'വിവര'
തന്മാത്ര. എന്നാൽ, പ്രോട്ടീനുകളാണ് നമ്മുടെ കോശങ്ങളിലെ ജീവൽ
ധർമ്മങ്ങളുടെ നിർവാഹകർ. വിവിധങ്ങളായ പ്രോട്ടീനുകൾ
കൊണ്ടാണ് നമ്മുടെ ശരീരം നിർമ്മിതമായിരിക്കുന്നത്. പ്രോട്ടീനുകളുടെ ഘടനയും ധർമ്മവും
നിർവചിക്കുന്നതാവട്ടെ അവയിലുള്ള വിഭിന്നങ്ങളായ 20 അമിനോ ആസിഡുകളുടെ സാനിധ്യവും അവയുടെ ക്രമവും ആണ്. അവ നിർണയിക്ക പ്പെടുന്നതോ ജനിതകസന്ദേശത്തിലെ
വിവരങ്ങളുടെ അടിസ്ഥാനത്തിലും. ജനിതക സന്ദേശത്തിലെ അടുത്തടുത്തുള്ള മൂന്നക്ഷരങ്ങൾ നിർണയിക്കുന്നത് പ്രോട്ടീനിലെ
ഒരു അമിനോ ആസിഡിനെയാണ്. ഉദാഹരണത്തിന്, ATG കോഡ് ചെയ്യുന്നത് ‘മെതിയോണിൻ’ എന്ന
അമിനോആസിഡിനെയാണ്, AGT കോഡ്
ചെയ്യുന്നതാവട്ടെ 'സെറീൻ' എന്ന അമിനോആസിഡിനെ.
എന്നാൽ, ഡി.എൻ.എ നേരിട്ട് പ്രോട്ടീനുകളെ
കോഡ് ചെയ്യുന്നില്ല, പകരം ഡി.എൻ.എയിലെ സന്ദേശത്തിനു
അനുപൂരകമായ സന്ദേശവാഹക ആർ .എൻ.എകൾ (messenger RNAs) നിർമ്മിക്കപ്പെടുകയും
അവ പ്രോട്ടീനുകളുടെ നിർമിതിയിൽ ‘വിവര’
തന്മാത്രകളായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ആർ.എൻ.എയും എഴുതപ്പെട്ടിരിക്കുന്നത്
നാല് രാസാക്ഷരങ്ങൾ കൊണ്ടുമാത്രമാണ്, എന്നാൽ തയമിൻ (T) എന്ന ബേസിനു പകരം ഇതിലുള്ളത് യുറാസിൽ (U)
ആണ്. കോറോണ, എച്ച്.ഐ.വി, ഇൻഫ്ലുവൻസ തുടങ്ങിയ വൈറസുകളിലൊക്കെ ജനിതക പദാർത്ഥം ആർ.എൻ.എയാണ്.
മനുഷ്യശരീരത്തിലെ
ഒരുലക്ഷത്തോളംവരുന്ന വിവിധങ്ങളായ പ്രോട്ടീനുകളുടെ നിർമ്മിതിക്കാവശ്യമായ സന്ദേശങ്ങൾ
എഴുതപ്പെട്ടിരിക്കുന്നത് വെറും നാലക്ഷരങ്ങളും അറുപത്തിനാല് പദങ്ങളും മാത്രം
ഉപയോഗിച്ചാണെന്നത് നമ്മെ അത്ഭുതസ്തബ്ദരാക്കില്ലെ?! വൈറസുകൾ മുതൽ മനുഷ്യൻ വരെ
എല്ലാ ജീവികളിലും കാണപ്പെടുന്ന 20 അമിനോ
ആസിഡുകളെ നിർണയിക്കുന്നത് വെറും 61 ജനിതക കോഡുകളാണ്. TAA,
TAG, TGA എന്നിങ്ങനെ മൂന്നു കോഡുകൾ പ്രോട്ടീനുകളുടെ
നിർമിതിയിലെ പൂർണവിരാമങ്ങളായി വർത്തിക്കുന്നു. മലയാളത്തിലെ 52 അക്ഷരങ്ങളും
ആംഗലേയത്തിലെ 26 അക്ഷരങ്ങളും ആയിരക്കണക്കിന് പദങ്ങളും കൈവശം വച്ചിട്ടും ചിലതൊക്കെ
പറഞ്ഞു പിടിപ്പിക്കാനും സാധിച്ചെടുക്കാനുമൊക്കെ നാം വിഷമിക്കാറില്ലേ?! അവിടെയാണ് നാലക്ഷരങ്ങൾകൊണ്ട് ഒരു ജീവപ്രബഞ്ചo സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തിയെ നമുക്ക്
പലപ്പോഴും തേടേണ്ടി വരുന്നത്!
ഉത്പരിവർത്തനങ്ങൾ സംഭവിക്കുന്നത് പലവിധത്തിലാണ്.
ജനിതകസന്ദേശത്തിലെ മൂന്ന് അക്ഷരങ്ങൾ
ചേർന്ന് നിർണയിക്കുന്ന ഒരു പദമാണ് ഒരു
അമിനോആസിഡ് എങ്കിൽ ആ പദങ്ങൾ ചേർന്ന ഒരു വാക്യമാണ് പ്രോട്ടീനുകൾ. മൂന്ന് അക്ഷരങ്ങളിൽ ഏത് മറ്റൊന്നായാലും “പദം”
മറ്റൊന്നാവും (ഇതിന് കാരണം
പകർപ്പെടുക്കലിൽ വരുന്ന പിഴയാവാം, അല്ലെങ്കിൽ രാസാക്ഷാരങ്ങളിലെ കെമിക്കൽ
ഗ്രൂപ്പുകളിലുണ്ടാവുന്ന രൂപാന്തരണമാവാം). ഒരു പ്രോട്ടീനിന്‍റെ അമിനോആസിഡ് ശൃംഖലയിൽ ഒരു
പ്രത്യേക അമിനോആസിഡിനു പകരം മറ്റൊന്നായാൽ അത് ചിലപ്പോൾ ആ പ്രോട്ടീനിന്‍റെ പ്രവർത്തനക്ഷമതയെ അനുകൂലമായോ പ്രതികൂലമായോ ബാധിച്ചേക്കാം. സിക്കിൽസെൽ അനീമിയ എന്ന മാരക വൈകല്യത്തിന് കാരണം ഹീമോഗ്ലോബിൻ പ്രോട്ടീന്‍റെ ബീറ്റ ചെയിനിൽ ആറാമത്തെ അമിനോഅസിഡായ ഗ്ലൂട്ടമിക്അസിഡിന് പകരം വാലൈൻ എന്ന
അമിനോ ആസിഡ് കടന്നു വരുന്നതാണ്. ഇവിടെ സംഭവിച്ചത് ഉത്പരിവർത്തനമാണ്, ഗ്ലൂട്ടമിക്അസിഡിനെ കോഡ് ചെയ്യുന്ന GAG എന്ന
കോഡ് GTG-യായി പരിവർത്തിക്കപ്പെട്ടു. അതായത്, ഒരേയൊരു ബേസിന്‍റെ വ്യതിയാനം ഒരു മാരക
രോഗത്തിനു കാരണമാവുന്നു.
പകർപ്പെടുക്കുമ്പോൾ ഒരക്ഷരം നഷ്ടപ്പെട്ടാൽ വാക്യം
തന്നെ മാറിപ്പോവുന്നു. അതായത് നഷ്ടപ്പെട്ട അക്ഷരത്തിന് പകരം അടുത്ത പദത്തിന്റെ
ആദ്യാക്ഷരം കൂട്ടിച്ചേർത്ത് അതൊരു പുതിയ പദമാവുന്നു. അങ്ങനെ ഒന്നിനുപിറകെ ഒന്നായി
എല്ലാ പദങ്ങളും മാറിപ്പോവും. അപ്രകാരം സൃഷ്ടിക്കപ്പെടുന്ന പ്രോട്ടീനുകളുടെ ഘടനയും
ധർമ്മവുമൊക്കെ മറ്റൊന്നാവാം. അല്ലെങ്കിൽ അവയ്ക്ക്
പ്രവർത്ത നക്ഷമത കൈവരിക്കാനായില്ല എന്നും വരാം.
അതുകൊണ്ടുതന്നെ ജനിതക സന്ദേശത്തിന്‍റെ പകർപ്പെടുപ്പ് (Replication) അങ്ങേയറ്റം സൂക്ഷ്മതയോടെ നിർവഹിക്കേണ്ട ഒന്നാണ്. പക്ഷേ നമ്മുടെ കൊറോണയും
മറ്റ് പല ആർ.എൻ.എ വൈറസുകളും ഇക്കാര്യത്തിൽ വലിയ
സൂക്ഷ്മതയൊന്നും പുലർത്താറില്ല, വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടാണ്! ജീനുകളുടെ പ്രകാശനത്തിന്‍റെയും (gene expression, പ്രോട്ടീനുകളുടെ നിർമിതി) പകർപ്പെടുക്കലിന്‍റെയും
(Replication) ജോലി നിർവഹിക്കുന്നത് വിവിധ എൻസൈമുകളാണ് (ജൈവരാസ ത്വരകങ്ങളായി വർത്തിക്കുന്ന പ്രോട്ടീനുകൾ).
എൻസൈമുകളുടെ കാര്യപ്രാപ്തിയും വിശ്വസ്തതയും ഇക്കാര്യത്തിൽ വളരെ
പ്രധാനമാണ്. കൊറോണ ഉൾപ്പെടെയുള്ള ആർ.എൻ.എ വൈറസുകളുടെ ജനിതക പദാർത്ഥമായ ആർ.എൻ.എയുടെ പകർപ്പുകൾ എടുക്കുന്ന എൻസൈമുകൾക്ക് കൃത്യത
കുറവാണ്. അങ്ങനെ അവ ആകസ്മികമായ
ഉത്പരിവർത്തനങ്ങൾക്ക് വഴിതെളിക്കുന്നു. അവയുടെ
പകർപ്പെടുക്കൽ നടക്കുന്നതാവട്ടെ നമ്മുടെ
കോശങ്ങൾക്കുള്ളിലും.
കൊറോണ വൈറസുകളുടേത് ഒരു വലിയ കുടുംബമാണ്. മനുഷ്യനെ
ബാധിക്കുന്ന ഏഴുതരം കൊറോണ വൈറസുകളിൽ മൂന്നെണ്ണമാണ് വൈദ്യശാസ്ത്രത്തിനും മനുഷ്യകുലത്തിനും വെല്ലുവിളിയായി
തീർന്നത്. 2002 നവംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട
സാർസ് (SARS-CoV) കൊറോണവൈറസ് (ഇത് 2004- ൽ അപ്രത്യക്ഷമായി), തുടർന്ന് 2012-ൽ ഒട്ടകങ്ങളിൽ നിന്നും മനുഷ്യനിലേക്ക് കടന്ന MERS-CoV (Middle
East Respiratory Syndrome), അവസാനമായി 2019-ൽ പുറത്തിറങ്ങിയതും നമ്മൾ ഇപ്പോൾ നേരിട്ട്
കൊണ്ടിരിക്കുന്നതുമായ പുതിയ എഡിഷൻ കൊറോണവൈറസ് (SARS-CoV-2). മറ്റേതൊരു വൈറസിനെയും പോലെ കൊറോണവൈറസും ഉത്പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഗ വേഷകരുടെ അഭിപ്രായത്തിൽ മാസത്തിൽ കുറഞ്ഞത് ഒന്നോ രണ്ടോ തവണ. കൊറോണ വൈറസിന്‍റെ ജനിതക പദാർത്ഥത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീൻ ചെപ്പിലുള്ള സ്പൈക്ക് (spike) പ്രോട്ടീനുകൾക്ക് വരുന്ന വ്യതിയാനങ്ങളാണ് ശാസ്ത്രലോകത്തെ കൂടുതലായി
ആശങ്കപ്പെടുത്തുന്നത്. സ്പൈക്ക് പ്രോട്ടീനുകൾ വഴിയാണ്
കൊറോണവൈറസ് നമ്മുടെ കോശങ്ങളിലെ receptor പ്രോട്ടീനുകളുമായി സംവദിക്കുന്നത്. അതുകൊണ്ടുതന്നെ ജനിതക പദാർത്ഥത്തിന്‍റെ ഉത്പരിവർത്തനങ്ങളിലൂടെ സ്പൈക്ക് പ്രോട്ടീനുകളുടെ അമിനോആസിഡ് ശ്രേണിയിലുളവാകുന്ന വ്യതിയാനങ്ങൾ മുമ്പ്
അപ്രാപ്യമായിരുന്ന കോശങ്ങളെ പോലും ഇൻഫെക്റ്റ് ചെയ്യാനുള്ള സിദ്ധി അവയ്ക്ക് നേടികൊടുത്തേക്കാം. അതുമല്ലെങ്കിൽ, കൂടുതൽ
മികവോടെ ഇപ്പോഴുള്ള ആതിഥേയ കോശങ്ങളുമായി അവയ്ക്ക് സംവദിക്കാം. രണ്ടായാലും വൈറസിന്
പ്രയോജനം തന്നെ!
B.1.1.7 എന്ന് നാമകരണം
ചെയ്യപ്പെട്ടിരിക്കുന്ന U.K. coronavirus-ന്‍റെ ജനിതക കോഡിൽ 17 ഉത്പരിവർത്തനങ്ങളാണ്
നടന്നിരിക്കുന്നത്. ഇതിൽ എട്ടെണ്ണം സംഭവിച്ചിരിക്കുന്നത് സ്പൈക്ക് പ്രോട്ടീനുകളിലാണ്. അതിൽ തന്നെ ചില
ഉത്പരിവർത്തനങ്ങൾ പ്രത്യേക ശ്രദ്ധ
ക്ഷണിക്കുന്നതാണ്. ഉദാഹരണത്തിന്, N501Y എന്ന ഉത്പരിവർത്തനo മനുഷ്യ
കോശങ്ങളുമായി കൂടുതൽ ദൃഢമായി ബന്ധം പുലർത്തുന്നതിന് വൈറസിനെ സഹായിക്കും. സൗത്ത് ആഫ്രിക്കയിലെ തീവ്രവ്യാപന
ശേഷിയുള്ള കൊറോണ വൈറസിലും ഇതേ ഉത്പരിവർത്തനo കണ്ടെത്തിയിരിക്കുന്നു എന്നത് ശാസ്ത്രലോകം ഗൗരവമായി കാണുന്നു. B.1.1.7 വൈറസിന്‍റെ, D614G എന്ന ഉത്പരിവർത്തനo അതിന്റെ വ്യാപന ശേഷിയെ അനേകമടങ്ങ് വർധിപ്പിക്കുന്നതിന് കാരണമായി പറയപ്പെടുന്നു. കൂടാതെ, സ്പൈക് പ്രോട്ടീനിന്‍റെ അറുപത്തിഒൻപതാമത്തെയും എഴുപതാമത്തെയും അമിനോആസിഡുകൾ നീക്കം ചെയ്തതിലൂടെ (ജനിതക സന്ദേശത്തിലെ 6
രാസാക്ഷാരങ്ങൾ) കൂടുതൽ ഫലപ്രദമായി
മനുഷ്യന്‍റെ പ്രതിരോധ വ്യവസ്ഥയെ മറികടക്കാൻ വൈറസിനു സാധിക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എങ്കിലും ക്ലിനിക്കൽ ട്രയൽസ് പൂർത്തിയാക്കിയ
വാക്സിനുകളുടെമേലുള്ള പ്രതീക്ഷ കൈവിടേണ്ടതില്ല എന്നാണ് ഭൂരിഭാഗം ശാസ്ത്രഞ്ജരുടെയും പക്ഷം. കൊറോണ വൈറസിന്‍റെ ജനിതക പദാർത്ഥത്തെ അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പ്രതിരോധവ്യവസ്ഥ സൃഷ്ടിക്കാൻ പോകുന്നത് ഒരു കൂട്ടം ആന്റിബോഡികളാണ് (പ്രതിദ്രവ്യങ്ങളായി പ്രവർത്തിക്കുന്ന
പ്രോട്ടീനുകൾ). അതുകൊണ്ടുതന്നെ വൈറസുകളുടെ ഒന്നോ രണ്ടോ
പ്രോട്ടീനുകൾക്കുണ്ടാവുന്ന വ്യതിയാനം വാക്സിനുകളുടെ ക്ഷമതയെ ബാധിക്കില്ലെന്ന്
പൊതുവെ കരുതപ്പെടുന്നു.
ഏതു ജീവിയിലും ഉത്പരിവർത്തനങ്ങൾ അവയുടെ നിലനിൽപ്പിനു സഹായകരമോ ആപത്കരമോ ആവാം. അതുമല്ലെങ്കിൽ പ്രത്യേകിച്ച്
എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കാതെ അതങ്ങനെതന്നെ തലമുറകളിലൂടെ
കൈമാറ്റം ചെയ്യപ്പെടുകയുമാവാം. മനുഷ്യ കോശങ്ങളുടെ പ്രതിരോധ വ്യവസ്ഥകളെ മറികടക്കാനും വാക്സിനുകളെയും ആൻറിബോഡി തെറാപ്പിയെയുമൊക്കെ അതിജീവിക്കുവാനുള്ള പ്രാപ്തിയും ഉൽപരിവർത്തനങ്ങളിലൂടെ കൊറോണയ്ക്ക്
കൈവന്നേക്കാം. എന്നാൽ സ്വപ്നം കാണാൻ നമുക്കും വകയുണ്ട്! മനുഷ്യരിൽ വ്യാപിച്ചു
തുടങ്ങിയപ്പോൾ സാർസ് (SARS-CoV) വൈറസിന് സംഭവിച്ചതുപോലെ വ്യാപന ശേഷിക്ക് സാരമായ പരിക്കേൽപ്പിക്കുന്ന ഒരു ഉത്പരിവർത്തനം നമ്മുടെ അഭിനവ കോറോണയ്ക്കും (SARS-CoV-2) ഉണ്ടായിക്കൂടായ്കയില്ല എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വൈറസ് വ്യാപനം കൂടുന്തോറും പയറ്റിത്തെളിഞ്ഞ വൈറസുകളും പ്രതിരോധശേഷി കൈവന്ന
മനുഷ്യനും തമ്മിലുള്ള പോരാട്ടമായി അത് മാറും. എന്നും കരുത്തരെ കൂടെ കൂട്ടിയ ചരിത്രമാണ് പ്രകൃതിയ്ക്കുള്ളത്,
അതുകൊണ്ട് നമുക്ക് നമ്മുടെ ബലഹീനരെ കരുതേണ്ടതുണ്ട്......!! ഓർക്കുക, കൊറോണ വൈറസുകൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ
അത് നാം സ്വയം ബലി കൊടുത്തു അവർക്ക് മുമ്പിൽ വച്ച് നീട്ടുന്നതാണ്! അത് എത്രയും വേഗം അവസാനിപ്പിച്ചേ മതിയാവൂ!!
അനുബന്ധം
എന്‍റെ നാട്ടിലെ ഉത്പരിവർത്തന സന്ധ്യകൾ
എന്‍റെ ബാല്യവും കൗമാരവുമൊക്കെ ഞാൻ ജീവിച്ചത് അധികം
മനുഷ്യജീവികൾ ഒന്നുമില്ലാത്ത ഒരു നാട്ടിൻപുറത്തായിരുന്നു. റബർമരങ്ങളിൽ നിന്ന് ഉതിരുന്ന ഇലകളുടെ ദുഖാർദ്രമായ മർമരവും വെയിലും നിഴലും ചേർന്ന് വിരചിച്ച അലസചിത്രങ്ങളുടെ തൊടിയും പിന്നിട്ട് വിദൂരങ്ങളിലേക്ക് നോക്കി ഞാൻ ഒരുപാട് സമയം
ചെലവഴിച്ചിട്ടുണ്ട്! കുന്നിൻപുറത്തുള്ള ആ വീടിന് അടുത്തെങ്ങും മറ്റു വീടുകൾ ഉണ്ടായിരുന്നില്ല. ഇരുകരകളിലും
പൂത്തുലഞ്ഞുനിന്ന കിങ്ങിണിച്ചെടികളെ തൊട്ടുതലോടി ഒരു ചെറുതോട് താഴ്വാരത്തിലൂടെ ഒഴുകിയിരുന്നു. ആ തോട് മുറിച്ചുകടന്നാൽ ധാരാളം ചെറുവീടുകളുള്ള മറ്റൊരു കുന്നുണ്ട്. എന്‍റെ ബാല്യത്തിന്‍റെ നിശബ്ദതയെ ഭേദിച്ചിരുന്നത് കിളികളുടെ ചെറു വർത്തമാനങ്ങളും വേനൽകാലങ്ങളിൽ റബർകായ്കൾ പൊട്ടി വീഴുന്നതും മാത്രമായിരുന്നു!
അതിനൊരപവാദമെന്നോണം ചില സന്ധ്യകളിൽ മറുകരയിൽ നിന്ന് അസഭ്യവർഷങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും
നിലവിളികളും ഉയരാറുണ്ടായിരുന്നു!! സന്ധ്യാസമയത്ത് ഒരു ശബ്ദ വിസ്ഫോടനത്തിനുള്ള
സാധ്യത എല്ലാ വീടുകളിലും ഉണ്ടായിരുന്നെങ്കിലും ഒരു സജീവ അഗ്നിപർവ്വതമായി
നിലനിന്നിരുന്നത് ഔസേപ്പ്ചേട്ടന്‍റെയും അന്നമ്മച്ചേടത്തിയുടെയും കുടുംബമായിരുന്നു.
ഔസേപ്പ്ചേട്ടനായിരുന്നു ഞങ്ങളുടെ തോട്ടത്തിലെ റബർ ടാപ്പ് ചെയ്ത് പാല് എടുത്തു തന്നിരുന്നത്. അദ്ദേഹത്തിനൊപ്പം നടന്ന് ഓരോ മരത്തിന്‍റെയും അടുത്തെത്തി
അവയ്ക്കാവശ്യമായ പ്രോത്സാഹനങ്ങളും വിമർശനങ്ങളും ഒക്കെ
നൽകുക കുട്ടിക്കാലത്ത് എന്‍റെ പതിവായിരുന്നു. കൂടുതൽ പാൽ നല്കുന്ന മരങ്ങളെ
ചുറ്റിപ്പിടിച്ച് അഭിനന്ദിച്ചും, നല്ല തണ്ടും തടിയുമുണ്ടായിട്ടും പ്രതീക്ഷക്കൊത്ത പാൽ തരാത്ത മരങ്ങൾക്ക്
കയ്യിൽ കരുതിയിരുന്ന ചെറുവടികൊണ്ട് തല്ലുകൊടുത്തും, “ചീക്ക്”
ബാധിച്ച് ഉണങ്ങിയ കൊമ്പുകളുമായി നിന്ന മരങ്ങളെ സാന്ത്വനിപ്പിച്ചും കൂടെ
നടക്കുന്ന ടീച്ചറുകുട്ടിയെ ഔസേപ്പ്
ചേട്ടനും പ്രിയമായിരുന്നു. അദ്ദേഹത്തിന്‍റെ സഹധർമ്മിണി അന്നമ്മച്ചേടത്തി
എന്‍റെ അമ്മയുടെ ഒരു സ്ഥിരം സന്ദർശകയായിരുന്നു.
അച്ചപ്പം, കുഴലപ്പം, നെയ്യപ്പം, മാവുണ്ട അങ്ങനെ അമ്മയുടെ സൃഷ്ടിപരമായ ഇടവേളകളിലൊക്കെ അന്നമ്മച്ചേടത്തി അമ്മയ്ക്ക് തുണയായിനിന്നു. തെല്ലും മുഷിയാത്ത വെളുത്ത ചട്ടയും മുണ്ടും ധരിച്ച് നിരയൊത്ത പല്ലുകളും, വട്ടമുഖവും, ശ്രീത്വം തുളുമ്പുന്ന ചിരിയുമായി അന്നമ്മച്ചേടത്തി എത്തുന്നത് എനിക്ക്
സന്തോഷമായിരുന്നു. തിരികെപോകുമ്പോൾ അമ്മ നൽകുന്ന പലഹാരങ്ങളുടെ പങ്കും പാലും തൈരുമൊക്കെയായിരുന്നു അവർക്കുള്ള
പ്രതിഫലം. അന്നമ്മച്ചേടത്തി നല്ലൊരു
പാട്ടുകാരികൂടിയായിരുന്നു. തോടിന്‍റെ ഇരുകരകൾക്കും കേൾക്കാൻ പാകത്തിന് മനസ്സും തൊണ്ടയും തുറന്നു ചേടത്തി പാടിക്കൊണ്ടിരുന്നു. ഗ്രാമത്തിന്‍റെ നിഷ്കളങ്കതയിൽ അവരങ്ങനെ പാടുമ്പോൾ ശ്രുതിയും സംഗതിയുമൊന്നുമറിയില്ലെങ്കിലും അത് വീണ്ടും വീണ്ടും കേൾക്കാൻ എന്‍റെ ഉള്ളം കൊതിച്ചിരുന്നു.
അങ്ങനെ പരമസാധുക്കളായ ഔസേപ്പ്ചേട്ടനും അന്നമ്മച്ചേടത്തിയും എന്‍റെ ബാല്യകാലജീവിതത്തിലെ പ്രധാന ഏടുകളായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും ഔസേപ്പ്ചേട്ടൻ കുടിച്ച മദ്യത്തിന്‍റെ ലഹരിയിൽ വേഷപ്പകർച്ച നടത്തുമായിരുന്നു. ഒരിക്കൽ എന്‍റെ അമ്മ, അന്നമ്മച്ചേടത്തിയോട് ചോദിച്ചു “ചേടത്തീ നിങ്ങളൊന്ന് കാര്യമായി പറഞ്ഞാൽ ഔസേപ്പ്ചേട്ടൻ കുടിനിർത്തില്ലേ?!” കുടിക്കാത്ത നേരങ്ങളിൽ ഔസേപ്പ്ചേട്ടനും അന്നമ്മച്ചേടത്തിയും തമ്മിലുള്ള ഇരിപ്പുവശം നോക്കിയാൽ ആർക്കും അങ്ങനെയൊക്കെ ചോദിക്കാൻ തോന്നും! പക്ഷേ ചേടത്തിയുടെ മറുപടി എന്നെ ഞെട്ടിച്ചു! “എന്‍റെ പൊന്നുമോളെ അതിയാൻ കുടിച്ചിട്ടു വല്ലതും ബാക്കിയുണ്ടെങ്കിൽ എനിക്കും മക്കക്കും ചെലവിന് തന്നാ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... ഇതല്ലാതെ അതിയാന് ജീവിതത്തിലെന്നാ ഒരു സന്തോഷം! എനിക്കിട്ട് രണ്ടിടിയൊക്കെ മുതുകത്ത് കിട്ടും... എനിക്കും അതിപ്പോ ഒരു സന്തോഷമാ..!!! ബുദ്ധനും, ക്രിസ്തുവും, രാമനും, പ്രവാചകനും ഒക്കെ അനുശാസിച്ചതിനും അപ്പുറമാണ് അന്നമ്മച്ചേടത്തിയുടെ മാനസിക വികാസം എന്ന് അന്നെനിക്ക് മനസ്സിലായി! അന്നമ്മച്ചേടത്തി ഭർത്താവിന് നല്കിയ പ്രോത്സാഹനം കണ്ടിട്ടോ എന്തോ മദ്യാചാര്യനായ ഔസേപ്പ്ചേട്ടന്‍റെ രണ്ട് ആൺമക്കളും മുഴുക്കുടിയന്മാരായി മാറി! ഇവിടെയാണ് ഉത്പരിവർത്തനത്തിന്‍റെ പ്രസക്തി!!! കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടണ്ട! കുടിയന്മാരും കുടിക്കാത്തവരുമൊക്കെ അസഭ്യം (തെളിഞ്ഞ മലയാളത്തിൽ 'തെറി' എന്നു പറയും!) പറയുന്നത് എല്ലാവരും തന്നെ കേട്ടിട്ടുണ്ടാവും! പലപ്പോഴും വീട്ടിലുള്ള മുതിർന്നവർ കുട്ടികളോട് പറയും “ആ ഭാഗത്തേക്ക് പോകേണ്ട, അവൻ തുടങ്ങിയിട്ടുണ്ട്”. ആഢ്യത്വം ഉള്ള വാക്കുകളും ഇസ്തിരിയിട്ട പദപ്രയോഗങ്ങളും മാത്രം പരിചിതമായിരുന്ന എന്‍റെ വീടിന്‍റെ വാതിലുകൾ വിദൂരത്തിൽ നിന്നെത്തുന്ന ഈ “മൊഴിമുത്തുകൾ”ക്ക് നേരെ കൊട്ടിയടക്കപ്പെട്ടിരുന്നു. എന്‍റെ അജ്ഞത കൊണ്ടോ എന്തോ, പല തെറി പദങ്ങൾക്കും എന്തെങ്കിലും അർത്ഥം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല! അർത്ഥമുള്ള വാക്കുകൾക്കല്ലേ നോവിക്കുവാനും വെറുപ്പിക്കുവാനും സുഖിപ്പിക്കുവാനുമൊക്കെ കഴിയൂ!! ക്ഷമിക്കുക! ഈ രംഗത്ത് ഞാൻ ഗവേഷണം ഒന്നും നടത്തിയിട്ടില്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ നിരീക്ഷണത്തിന് എന്തെങ്കിലും ആധികാരികത അവകാശപ്പെടുന്നില്ല. ഔസേപ്പ്ചേട്ടനും ആൺമക്കളും ഉപയോഗിച്ചിരുന്ന പദങ്ങളൊന്നും എന്‍റെ വീട്ടിൽ ഉണ്ടായിരുന്ന ശബ്ദതാരാവലിയിൽ ഞാൻ കണ്ടിട്ടില്ല എന്ന് മാത്രം! ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് തെറിയെക്കുറിച്ചുള്ള ഒരു സുപ്രധാന കണ്ടെത്തൽ ഞാൻ നടത്തിയത്! എന്‍റെ അഭിപ്രായത്തിൽ സാർത്ഥകമായ വാക്കുകൾക്ക് സംഭവിക്കുന്ന ഉത്പരിവർത്തനങ്ങളാണ് തെറി ആയി മാറി, അവ നിരർത്ഥകമാവുകയോ അല്ലെങ്കിൽ അവയ്ക്ക് അർത്ഥഭ്രംശം സംഭവിക്കുകയോ ചെയ്യുന്നത്. ഉദാഹരണത്തിന്, “കവല” എന്ന പദത്തിന് ഉത്പരിവർത്തനം സംഭവിച്ചാൽ അത് “കലവ” (ഒരിനം മത്സ്യം) ആയി മാറാം! അർഥം പോയ പോക്ക് കണ്ടില്ലേ?! 'ധരണി' എന്ന പദത്തിന്‍റെ ആദ്യ അക്ഷരം മാറ്റിയാൽ അതിനെ 'ഭരണി'യാക്കം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര സാദ്ധ്യതകൾ!! ഇതുതന്നെയാണ് കൊറോണയുടെ ജനിതക സന്ദേശത്തിലും നടക്കുന്നത്! അങ്ങനെയങ്ങ് കൊറോണയെ മാത്രം കുറ്റപ്പെടുത്തേണ്ട, നമുക്കൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്!!
Dr. Blessy K Alex
ithum adipolii....
ReplyDeleteThank you! This time more people found it informative. So please share it in your various groups...
DeleteAdopoli 🥳ezhuthilum oru mutation undello.. Ousepp chettan vannapole
ReplyDeleteThank you so much. Mutations are rectified. As I am not an expert in Malayalam typing it kills time and mutations frequently occur.
DeleteSuperb aunty. Now regretting that I should have read it earlier. Filled with information and humour. We need more of your writings that could fill our brains and hearts. Continue writing. We need more of your informative sarcastical pieces of writing.
ReplyDeleteThank you so much. its a great encouragement for me.
Delete