Tuesday, January 19, 2021

കൊറോണ (SARS-CoV-2) - നഷ്ടപ്പെടാൻ ഞങ്ങൾക്കൊന്നുമില്ല, നേടാൻ വലിയൊരു ലോകവും!!

 

വൈറസ് എന്നാൽ ഒരു “സന്ദേശമാണ്”, വ്യത്യസ്തങ്ങളായ നാല് അക്ഷരങ്ങൾ പലവുരു ആവർത്തിക്കപ്പെട്ടൊരു “അശുഭ സന്ദേശം”! നാമറിയാതെ ആ ദുരന്ത  സന്ദേശത്തിന്‍റെ നിർവാഹകർ ആയി നമ്മുടെ കോശങ്ങൾ പരിണമിക്കുന്നു.  യുദ്ധക്കപ്പലുകളോ പോർവിമാനങ്ങളോ അഗ്നിവേധ മിസൈലുകളോ അണുബോംബുകളോ ഇല്ലാതെതന്നെ ഞൊടിയിടയിൽ മനുഷ്യവംശത്തെ അപ്പാടെ മായ്ച്ചുകളയാൻ പോന്നവരാണ് തങ്ങളെന്ന് വൈറസുകൾ തെളിയിച്ചുകഴിഞ്ഞു! മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങൾക്കും ജീവിതത്തിൽ എടുത്തുപറയത്തക്കതായി  രണ്ട് ഉദ്ദേശ്യങ്ങളേയുള്ളൂ, വളരുകയും പ്രത്യുല്പാദനം നടത്തുകയും. വൈറസുകളും തേടുന്നത് അതിനൊരിടമാണ്....! വെറും 30kb വിവരമുള്ള (30kb ജീനോം) കൊറോണ എങ്ങനെയാണ് ആണ് 32 ലക്ഷം kb വിവരമുള്ള (32,00,000 kb ജീനോം) മനുഷ്യനെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തുന്നതെന്ന്  അറിയേണ്ടേ....?!!

നമുക്കൊക്കെ പരിചിതമായ ഒരു ചെറു കഥയുണ്ട്-stone soup’ (കല്ലുകൊണ്ടൊരു സൂപ്പ്). വായിച്ചിട്ടില്ലാത്തവർക്ക് വേണ്ടി അതിവിടെ മൊഴിമാറ്റം ചെയ്യുകയാണ്. നിർദ്ധനനായ ഒരു കൗശലക്കാരന്‍റെ ജീവനതന്ത്രം. അന്നയാൾ മുഴുപട്ടിണിയിലായിരുന്നു, പോരാത്തതിന് കൊടുംതണുപ്പും.  പട്ടിണി കൊണ്ടും തണുപ്പ് കൊണ്ടും വിറങ്ങലിച്ച് തെരുവിലൂടെ വേച്ചുനടന്ന അയാൾ ഒരു ഉരുളൻ കല്ല് കണ്ടു.  അയാൾക്ക് പെട്ടെന്ന് ഒരു ആശയം ഉദിച്ചു, ആ കല്ലെടുത്ത് തന്‍റെ സഞ്ചിയിൽ ഇട്ട് തൊട്ടടുത്ത വീടിനെ ലക്ഷ്യമാക്കി നടന്നു.

വാതിലിൽ മുട്ടിവിളിച്ചപ്പോൾ ഒരു പ്രായംചെന്ന സ്ത്രീ പ്രകടമായ അനിഷ്ടത്തോടെ വാതിൽ തുറന്നു.  പുറത്തു വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിറച്ചുനിന്ന ആ മനുഷ്യൻ അവരോട് പറഞ്ഞു- ‘അമ്മായി, ഈ രാത്രിയിൽ ദയവായി എനിക്കിവിടെ അഭയം നൽകണം’. അയാളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് മനസ്സില്ലാമനസ്സോടെ അവർ പറഞ്ഞു- ‘ഇവിടെ തങ്ങുന്നതിൽ എനിക്ക് വിരോധമില്ല, പക്ഷേ ഭക്ഷണം ഒന്നും എന്നോട് ചോദിക്കരുത്’. “എനിക്ക് ഭക്ഷണം ആവശ്യമില്ല, തീർത്തും വിശപ്പില്ല”, ഇതുപറഞ്ഞ്,  തണുപ്പിൽ നിന്ന് രക്ഷപെട്ടപ്പോഴേ പകുതി ജീവൻ കൈവന്ന ആ മനുഷ്യൻ പതുക്കെ സഞ്ചിയിൽ നിന്നും ആ കല്ലെടുത്ത് മൃദുവായി തലോടിക്കൊണ്ടിരുന്നു.  കൗതുകം തോന്നിയ അമ്മായി ചോദിച്ചു- ‘ഇതെന്താ നിങ്ങൾക്ക് ഈ കല്ലിനോട് ഇത്ര പ്രിയമാണോ’?! ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു- “ഇത് ഒരു വെറും കല്ലല്ല! ഇത് സൂപ്പ് കല്ലാണ്, ഇതുവച്ച് ലോകോത്തരമായ സൂപ്പ് ഉണ്ടാക്കാൻ എനിക്കറിയാം!” സ്ത്രീസഹജമായ ജിജ്ഞാസയോടെ അവർ ചോദിച്ചു- “അതെങ്ങനെ?! നിങ്ങൾ പറയുന്നത് പച്ച ക്കള്ളമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് ഭ്രാന്താണ്!” “അല്ല അമ്മായി, നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അത് കാട്ടിത്തരാം!” നിഷ്കളങ്കമായ ചിരിയോടെ അയാൾ പറഞ്ഞു.  അടക്കാനാവാത്ത ആകാംക്ഷയോടെ അമ്മായി അയാളെ അകത്തേക്ക് ക്ഷണിച്ചു. അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചരുവത്തിൽ വെള്ളമൊഴിച്ച് കത്തുന്ന അടുപ്പിൽ വെച്ചു. വളരെ സാവധാനതയോടെ അയാൾ വൃത്തിയായി കഴുകിയ കല്ല് വെള്ളത്തിലേക്കിട്ടു. വെള്ളം ചൂടാകാൻ തുടങ്ങി. അക്ഷമയായി  കാത്തുനിന്ന സ്ത്രീയോട് അയാൾ ചോദിച്ചു- “അൽപം കുരുമുളകും ഉപ്പും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു”. “ഓഹോ തരാമല്ലോ”, അമ്മായി പെട്ടെന്നു തന്നെ ഉപ്പും കുരുമുളകും പിന്നെ മറ്റുചില സുഗന്ധവ്യഞ്ജനങ്ങളും എടുത്തു കൊണ്ടുവന്നു. അത് വെള്ളത്തിലേക്കിട്ട് അൽപസമയത്തിനുശേഷം രുചിച്ചുനോക്കി വിടർന്ന കണ്ണുകളോടെ അയാൾ ചോദിച്ചു- “അമ്മായി, നിങ്ങളുടെ കയ്യിൽ   രണ്ട് ഉള്ളി എടുക്കാൻ കാണുമോ?” “പിന്നെന്താ, ഇപ്പക്കൊണ്ടുവരാം” അകത്തേക്കു പോയ അമ്മായി തിരികെ വന്നപ്പോൾ കയ്യിൽ ഒരുപിടി  ചോളമണികളും രണ്ട് ക്യാരറ്റും കൂടെ ഉണ്ടായിരുന്നു.

വെള്ളം വെട്ടിത്തെളിച്ച് തുടങ്ങിയപ്പോൾ അയാൾ ആത്മഗതം എന്നോണം പറഞ്ഞു- “ഒന്നുരണ്ട് ഇറച്ചിക്കഷണങ്ങൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ അസ്സലാകുമായിരുന്നു”. “ആത്രേയുള്ളൂ! അതാണോ ഇത്ര വലിയ കാര്യം!”, അമ്മായി ഉത്സാഹത്തോടെ ഓടിപ്പോയി രണ്ട് കക്ഷണം ഇറച്ചിയും ഒപ്പം രണ്ട് പഴുത്ത് തക്കാളിയും കൊണ്ടുവന്നു.   ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു- “ അതുകൊള്ളാം, സൂപ്പിന് നല്ല കളറും കിട്ടും!” സൂപ്പിന്‍റെ കൊതിയൂറും ഗന്ധം   അന്തരീക്ഷത്തിലാകെ പരന്നപ്പോൾ അമ്മായി സംതൃപ്തിയോടെ തീൻമേശയൊരുക്കി. അവർ കാണാതെ സൂത്രത്തിൽ അയാൾ സൂപ്പിൽ നിന്ന് തന്‍റെ കല്ല് തിരികെയെടുത്ത് സഞ്ചിയിലിട്ടു. വൈറസുകളെ കുറിച്ച് പഠിക്കുമ്പോൾ ഈ കഥയാണ് ഓർമ്മ വരിക!

ഈ കഥയിലെ അമ്മായിയാണ് വൈറസുകളുടെ കാര്യത്തിൽ നമ്മുടെ കോശങ്ങൾ! വൈറസുകൾക്ക് ആകെയുള്ളത് ജനിതക പദാർത്ഥവും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീനുകളുമാണ്. ജനിതക പദാർത്ഥം ഒന്നുകിൽ ഡി. എൻ. എ ആവാം, അല്ലെങ്കിൽ ആർ.എൻ.എ. ഏതൊരു ജീവിയിലും ജനിതക പദാർത്ഥത്തിന് രണ്ടു ധർമങ്ങളാണുള്ളത്. ഒന്ന്, അവയിലുള്ള ജീനുകളുടെ പ്രകാശനവും (transcription and translation) അതിലൂടെ  പ്രോട്ടീനുകളുടെ നിർമ്മിതിയും. രണ്ട്, പ്രോട്ടീനുകളുടെ സഹായത്തോടെ സ്വന്തം പകർപ്പുകളെടുത്ത് (replication) പുതുതലമുറ കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യൽ.

കൊറോണയുടെ ജനിതക പദാർത്ഥം ആർ.എൻ.എ.യാണ്, കൂടുതൽ കൃത്യമായി പറഞ്ഞാൽ പ്രോട്ടീനുകളുടെ നിർമ്മിതിക്ക് നേരിട്ട് ഉപയുക്തമാവുന്ന ഒരു സന്ദേശവാഹക ആർ.എൻ.എ (messenger R.N.A). ഇതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീൻ ആവരണത്തിൽ nucleocapsid protein, membrane protein, envelope protein, spike protein എന്നിങ്ങനെ നാലുതരം പ്രോട്ടീനുകൾ  അതിപ്രധാനമാണ്. അവയുടെ ആർ.എൻ.എ. ജീനോം പൊതിഞ്ഞിരിക്കുന്ന ‘ഇട്ട് പഴകിയ’ പ്രോട്ടീൻ ആവരണം (കൊഴുപ്പും പ്രോട്ടീനുകളും ചേർന്നത്, അതുകൊണ്ടാണ് സോപ്പിട്ട് കയ്യും മുഖവും കഴുകിയാൽ അവ നശിക്കുന്നത്) കോശങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നതോടെ വേർപെടുത്തുന്നു. അവയുടെ നിലനിൽപ്പിനും പുതിയ വൈറസുകളെ സൃഷ്ടിക്കുന്നതിനും കാരണമായ വിവിധങ്ങളായ പ്രോട്ടീനുകളുടെ നിർമ്മിതിക്കാവശ്യമായ, റൈബോസോമുകൾ, അമിനോആസിഡുകൾ, എൻസൈമുകൾ, റ്റി.ആർ.എൻ.എകൾ അങ്ങനെ യാതൊന്നുംതന്നെ അവയ്ക്കില്ല! വെറും ജനിതക സന്ദേശം മാത്രം! പക്ഷേ നമ്മുടെ കോശങ്ങൾ (‘അമ്മായി’!) ഉദാരതയോടെ ഇവയൊക്കെ വച്ചുനീട്ടും!! അല്ലെങ്കിൽ തട്ടിയെടുക്കുന്നതാവാം!!

നാസാരന്ധ്രങ്ങളിലൂടെ അകത്തുപ്രവേശിക്കുന്ന SARS-CoV-2 (COVID-19 കൊറോണ വൈറസുകൾ) എത്തിച്ചേരുക ശ്വാസനാളിയിലാണ്. ശ്ലേഷ്മസ്തരങ്ങളെ (mucous membrane) ബാധിക്കുകയും അങ്ങനെ നീരും വീക്കവും ഉണ്ടാവുകയും ചെയ്യുന്നു. പിന്നീടവ ശ്വാസകോശങ്ങളിലെത്തുകയും അവയുടെ പ്രവർത്തനത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. പ്രോട്ടീൻ ആവരണത്തിന്‍റെ  പുറത്തേക്കുന്തിനിൽക്കുന്ന സ്പൈക് പ്രോട്ടീനുകൾ വഴിയാണ് നമ്മുടെ എപ്പിത്തീലിയൽ കോശങ്ങളിലെ ACE-2 (Angiotensin-converting enzyme-2) റിസെപ്റ്റർ പ്രോട്ടീനുകളുമായി വൈറസുകൾ സമ്പർക്കം പുലർത്തുന്നത്. വൈറസിന്‍റെ ആർ.എൻ.എ, കോശങ്ങൾക്കുള്ളിലെത്തിയാലുടൻ ആതിഥേയ കോശങ്ങളിലെ റൈബോസോമുകൾ ഉപയോഗിച്ച് രണ്ട് നെടുനീളൻ പ്രോട്ടീനുകളുണ്ടാക്കുന്നു. ഈ രണ്ട് പ്രോട്ടീനുകളും പലപ്രോട്ടീനുകൾ ഒന്നിനുപുറകെ ഒന്നായി ചേർന്ന് പോളിപ്രോട്ടീനുകളായാണ് നിർമിതമായിരിക്കുന്നത്! ജീനോമിന്‍റെ പകർപ്പെടുക്കലിനാവശ്യമായ RTC പ്രോട്ടീനുകളും (multiprotein replicase/transcriptase complex), വൈറസിന്‍റെ പുതിയ പകർപ്പുകളെ പായ്ക്ക് ചെയ്യുന്നതിനാവശ്യമായ എൻവലപ് പ്രോട്ടീനുകളും അതീവ പ്രാധാന്യമുള്ള രണ്ട് പ്രോട്ടിയേസുകളും ഇക്കൂട്ടത്തിലുണ്ട്. പ്രോട്ടിയേസുകളാണ്, പോളിപ്രോട്ടീനുകളെ കൃത്യമായ ഇടങ്ങളിൽ മുറിച്ചുവേർപെടുത്തി അവയെ പ്രവർത്തനസജ്ജമാക്കുന്നത്. ആർ.എൻ.എ പോളിമെറേസ് അഥവാ ആർ.എൻ.എ റെപ്ളിക്കേസ് എന്ന എൻസൈമാണ് ജീനോമിന്‍റെ നിരവധി പകർപ്പുകളുണ്ടാക്കുന്നത്. ഇതിനോടൊപ്പം തന്നെ നിർമിക്കപ്പെടുന്ന ഉപജീനോമുകളിലെ (subgenome, ഇവ ജീനോമുകളുടെ സമ്പൂർണ പകർപ്പല്ല) ജനിതക സന്ദേശം വിവിധ പ്രോട്ടീനുകളുടെ നിർമിതിക്കുപയോഗിക്കപ്പെടുന്നു. ഈ പ്രക്രിയകൾ സുന്ദരമായി പൂർത്തീകരിക്കുന്നതിനുള്ള എല്ലാ സന്നാഹങ്ങളും നമ്മുടെ കോശങ്ങൾ തന്നെയാണ് നല്കുക. പുതുതായി നിർമിക്കപ്പെട്ട പ്രോട്ടീനുകൾ ചേർന്ന് തുന്നപ്പെടുന്ന പ്രോട്ടീൻ കോട്ടിനുളളിൽ, ജീനോമിന്‍റെ പകർപ്പുകൾ പായ്ക്ക് ചെയ്യപ്പെടുന്നു. അങ്ങനെ നമ്മുടെ ശരീരകോശങ്ങളിൽ പ്രവേശിക്കുന്ന ഏതാനും വൈറസുകൾ ദിവസങ്ങൾക്കുള്ളിൽ ഒരു വലിയ സൈന്യമായി മാറുന്നു. ഒരു കോശത്തെ നശിപ്പിച്ച് അടുത്തതിനെ ലക്ഷ്യം വയ്ക്കും. വീണ്ടും ഇതേ പരിപാടികൾ ആവർത്തിക്കും.

SARS-CoV (2002-ലെ സാർസ് രോഗത്തിനു കാരണമായ കോറോണ വൈറസ്) കോറോണ ആതിഥേയ കോശങ്ങളുടെ പ്രവർത്തനങ്ങളെ എങ്ങനെയാണ് താറുമാറാക്കുന്നത് എന്നതിനെക്കുറച്ചു പുറത്തുവന്ന പഠനങ്ങൾ വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ ഒരു കണ്ടെത്തലുണ്ട്. നമ്മുടെ കോശങ്ങളുടെ നിലനിൽപ്പിനും ജീവൽ ധർമങ്ങളുടെ സുഗമമായ നടത്തിപ്പിനും യുബിക്വിറ്റിനേഷൻ (ubiquitination) എന്നൊരു പ്രക്രിയ അത്യന്താപേക്ഷിതമാണ്. സാർവത്രികമായി (ubiquitously) യൂക്യാരിയോട്ടിക് (eukaryotic) കോശങ്ങളിൽ കാണപ്പെടുന്നതുകൊണ്ട് യുബിക്വിറ്റിൻ എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു പ്രോട്ടീൻ, ചില പ്രത്യേക ഉദ്ദേശങ്ങളോടെ മറ്റ് പ്രോട്ടീനുകളെ ടാഗ് ചെയ്യുന്നതിനായി ഉപയോഗിക്കപ്പെടുന്ന  പ്രക്രിയയാണ് യുബിക്വിറ്റിനേഷൻ. ആവശ്യം കഴിഞ്ഞ പ്രോട്ടീനുകളെയും ഉപയോഗയോഗ്യമല്ലാത്ത പ്രോട്ടീനുകളെയും ഇപ്രകാരം ടാഗ് ചെയ്ത് പ്രോട്ടിയാസോമുകൾ (നിരവധി പ്രോട്ടീനുകൾ ചേർന്ന് സിലിണ്ടറിന്‍റെ ആകൃതിയിലുള്ള ഒരു ഘടനാവിശേഷം) എന്ന കോശാംഗങ്ങൾക്ക് (organelle) നല്കുകയും (ഒരു മനുഷ്യകോശത്തിൽ 20,000 മുതൽ 30,000 വരെ പ്രോട്ടിയാസോമുകളുണ്ട്!) അവിടെവച്ച് അവ നശിക്കപ്പെടുകയും ചെയ്യുന്നു.  സൂപ്പർ മാർക്കെറ്റുകളിലൊക്കെ expiry date കഴിഞ്ഞ സാധനങ്ങൾ ലേബൽ ചെയ്ത് നീക്കം ചെയ്യുന്നതുപോലെ! കൊറോണ വൈറസിന്‍റെ പ്രോട്ടിയേസ് എൻസൈമുകളിലൊന്നിന്‍റെ പരിപാടി ഓടിനടന്നു ഈ കളയാൻവച്ച പ്രോട്ടീനുകളിൽനിന്നു യുബിക്വിറ്റിൻ ടാഗ് നീക്കം ചെയ്യുക എന്നതാണ്! പരിണതഫലം ഊഹിക്കാമല്ലോ!! അതുപോലെതന്നെ, ഓരോ പ്രോട്ടീനുകളുടെയും കോശങ്ങൾക്കുള്ളിലെ സ്ഥാനം (cellular location), അതായത്, അവയുടെ  പ്രവർത്തനസ്ഥലം നിർണയിക്കുന്നതും യുബിക്വിറ്റിൻ ടാഗിങ്ങിലൂടെയാണ്. ഒരിടത്തിരിക്കേണ്ടത് മറ്റൊരിടത്തിരുന്നാലത്തെ കഥയെന്താവും?! തീർന്നില്ല, പ്രോട്ടീനുകളിൽനിന്ന്  യുബിക്വിറ്റിൻ നീക്കം ചെയ്യുന്നത് ഇൻറ്റർഫെറോണുകളുടെ ഉത്പാദനത്തെയും തടസ്സപ്പെടുത്തുന്നു. വൈറസുകളുകളുടെ ആക്രമണത്തോടുള്ള പ്രതികരണമായി നമ്മുടെ കോശങ്ങൾ സൃഷ്ടിക്കുന്ന സിഗ്നലിങ് പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ. തൊട്ടടുത്തുള്ള മറ്റ് കോശങ്ങൾക്ക് വൈറസുകളുടെ സാനിത്യത്തെക്കുറിച്ച് മുന്നറിയപ്പ് നല്കുകയും തത്ഫലമായി അവയുടെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ സാധിതമാവുന്നത്. ചുരുക്കത്തിൽ, പ്രോട്ടീനുകളുടെ സ്ഥാനാന്തരണം, ഉപയോഗം കഴിഞ്ഞവയുടെ  വിഘടനം, ഇന്റർഫെറോണുകളുടെ ഉത്പാദനം ഇവയൊക്കെ കൊറോണ പ്രതിസന്ധിയിലാക്കുന്നു. കോശങ്ങളുടെ മുഴുവൻ വ്യവസ്ഥയും അവതാളത്തിലാക്കുവാൻ ഇത്രയുമൊക്കെത്തന്നെ ധാരാളം!!!

എന്തുകൊണ്ടാണ് നമ്മുടെ കോശങ്ങളിലെ പ്രതിരോധസംവിധാനത്തിന് ഈ വൈറസുകളെ തുടക്കത്തിലെ തിരിച്ചറിയാൻ സാധിക്കാതെപോകുന്നത്? അതിനുപിന്നിലൊരു ‘ചതിയുണ്ട്’!

HIV, Ebola, Dengue, Zika, Lassa, SARS, Influenza, SARS-CoV, SARS-CoV-2 എന്നിങ്ങനെ പരദ്രോഹികളായ പല വൈറസുകളുടെയും പ്രോട്ടീൻ ആവരണം ധാരാളമായിത്തന്നെ sugar തന്മാത്രകൾകൊണ്ട് (glycosylation) ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആതിഥേയ കോശങ്ങളുമായി ഒരു ‘മധുരസമ്പർക്കത്തിന്’ അവയെ പ്രാപ്തമാക്കുന്നത് ഈ sugar തന്മാത്രകളുടെ സാന്നിധ്യമാണ്. sugar തന്മാത്രകൾക്ക് മധുരമുണ്ടെന്ന് ഇപ്പറഞ്ഞതിന് തീർച്ചയായും അർഥമില്ല! എന്നാൽ തന്മാത്രകളെ വിന്യസിച്ചിരിക്കുന്ന മാതൃക ആതിഥേയ കോശങ്ങളെ ഫലപ്രദമായി ചതിക്കുന്നതിന് വൈറസുകളെ പ്രാപ്തരാക്കുന്നു. കാരണം ഈ പണിയും ഉദാരതയോടെ നിർവഹിച്ചുകൊടുക്കുന്നത് ആതിഥേയ കോശങ്ങളിലെ എൻസൈമുകളാണ്! പിന്നെങ്ങനെ നമ്മുടെ കോശങ്ങൾക്ക് അവയെ “വിദേശി”യെന്ന് തിരിച്ചറിയാൻ സാധിക്കും!!! നട്ടെല്ലുള്ള ജീവികളെല്ലാം (vertebrates), വാച്യാർത്ഥത്തിലും വംഗ്യാർത്ഥത്തിലും,  രോഗകാരണങ്ങൾ ആയ വൈറസുകൾക്കെതിരെ കാലാകാലങ്ങളിൽ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ഈ പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് രോഗബീജങ്ങളുടെ പണി.  വൈറസുകളുടെയും മറ്റും ഉപരിതലപ്രോട്ടീനുകൾക്കെതിരെയാണ് പലപ്പോഴും കോശങ്ങൾ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഉപരിതലപ്രോട്ടീനുകളിൽ ആതിഥേയ കോശങ്ങളെക്കൊണ്ടുതന്നെ പുത്തൻ പരിഷ്കാരങ്ങൾ ചെയ്തെടുത്ത്, പിന്നീട് അതിന്‍റെ ഗുണം പറ്റി കോശങ്ങളെ കബളിപ്പിച്ച് അകത്തു പ്രവേശിക്കുന്ന ‘വിരുത്’ അദ്ഭുതാവഹം തന്നെ.

SARS-CoV-ന്എതിരെ വികസിപ്പിച്ച തെറാപ്യൂട്ടിക് ആന്റിബോഡികൾ എന്തുകൊണ്ട് SARS-CoV-2 നെതിരെ ഉപയോഗപ്രദമല്ല? നമ്മുടെ എപ്പിത്തീലിയൽ കോശങ്ങളിലെ ACE-2 റിസെപ്റ്റർ പ്രോട്ടീനുകളുമായി സമ്പർക്കം പുലർത്തുന്ന സ്പൈക് പ്രോട്ടീനുകളിലെ രണ്ട് പ്രധാന ഭാഗങ്ങളിൽ വന്ന വ്യതിയാനമാണ് ഇതിന് കാരണം. ജനിതകപരമായ ഈ വൈജാത്യം  SARS-CoV-2-നെ SARS-CoV-നേക്കാൾ 10-20% അധികക്ഷമതയോടെ ACE-2 റിസെപ്റ്റർ പ്രോട്ടീനുകളുമായി സംവദിക്കുന്നതിലേക്ക് നയിക്കുന്നു.

ആർ.എൻ.എ റെപ്ളിക്കേസ് എന്ന എൻസൈം ജീനോമിന്‍റെ പകർപ്പെടുക്കൽ പ്രക്രിയയിൽ പ്രകടിപ്പിക്കുന്ന കൃത്യതക്കുറവാണ് കോറോണവൈറസിൽ ഉത്പരിവർത്തനങ്ങളുണ്ടാക്കുന്നതും (mutations) അങ്ങനെ ജനിതകവ്യതിയാനങ്ങൾക്ക് കാരണമാവുന്നതും. കോറോണയെപ്പോലെ തന്നെ ലോകത്തെ ഭീതിയിലാഴ്ത്തിയ എച്ച്ഐവി വൈറസുകൾക്കും സന്ദേശവാഹക ആർ.എൻ.എ (messenger R.N.A) തന്നെയാണ്  ജീനോം. എന്നാൽ കൊറോണയുടെ ജീനോം, എച്ച്ഐവിയുടേതുപോലെ മനുഷ്യജീനോമിന്‍റെ ഭാഗമാവുന്നില്ല. ആർ.എൻ.എ ജീനോമിനെ ഡി.എൻ.എ ആക്കി മാറ്റുന്ന റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (reverse transcriptase) എൻസൈമാണ് എച്ച്ഐവിയെ ഇതിന് പ്രാപ്തമാക്കുന്നത്. തന്നെയുമല്ല നമ്മുടെ ജീനോമിന്‍റെ ഭാഗമാവുന്നതോടെ എച്ച്ഐവിയെ ‘സ്വന്തം’ എന്ന് നമ്മുടെ കോശങ്ങൾ തെറ്റിദ്ധരിക്കുകയും അവ പ്രതിരോധിക്കാതിരിക്കുകയും ചെയ്യുന്നു. ഉത്പരിവർത്തനത്തിന്‍റെ കാര്യത്തിലും എച്ച്ഐവി ബഹുദൂരം മുന്നിലാണ്. ഇതും  എച്ച്ഐവിക്കെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ തടസ്സമാവുന്നു.  അങ്ങനെ നോക്കിയാൽ കൊറോണ തന്നെ ഭേദം!!  

വൈറസ്- പ്രകൃതിയുടെ പരിണാമഘട്ടങ്ങളിൽ എവിടെയോ പിറന്ന ഒരു വികൃതി, അതല്ലെങ്കിൽ  പരിണാമത്തിന്‍റെ പുറം പോക്കുകളിലെവിടെയോ  ആരോ ഉപേക്ഷിച്ച ഒരുതുണ്ട് ഡി.എൻ.എയോ ആർ.എൻ.എയോ ആവാമത് (Evolutionary remnants). ജീനുകളെ ഉരുക്കഴിച്ചും കണ്ണികൾ വിളക്കിച്ചേർത്തും ഉള്ളറകളെ ഉടച്ചുവാർത്തും മുമ്പോട്ടുപായുന്ന മനുഷ്യനെ അവന്‍റെ നിസ്സാരത ബോധ്യപ്പെടുത്താൻ പ്രകൃതി പണ്ടേ കരുതി വച്ചതാവാം ജൈവമെന്നോ അജൈവമെന്നോ നിർവചിക്കാനാവാത്ത ഈ സൂക്ഷ്മാണുവിനെ! എങ്കിലും  വൈറസുകൾക്കെതിരെ രോഷം കൊള്ളുന്നതിനും സ്വന്തം ‘സ്വത്വ’ത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനുമിടയിൽ  പരിണാമപുസ്തകത്തിന്‍റെ താളുകളൊന്ന് മറിച്ചുനോക്കുന്നത് നന്നാവും! മനുഷ്യജീനോമിന്‍റെ അക്കൌണ്ടിൽ എട്ടു ശതമാനത്തോളം വരും വൈറസുകളുടെ ഓഹരി!! വെറുതെയങ്ങ് പടിക്കുപുറത്താക്കാനാവില്ല! വൈറസുകളില്ലാതെ നമുക്ക് ജീനോമില്ല, ജീവിതവും!!!

Dr. Blessy K Alex

XXXX

3 comments:

  1. Systematically simplified, information enriched with good soup. Beautiful narration.

    ReplyDelete
  2. Thank you so much for the wonderful comment. I think, if everyone is encouraging others like this, the world would be ten times more productive and cheerful... This is also a self criticism! Mostly I am reserved and very rarely come forward to say something...Once again thanks to you, the KIND UNKNOWN SOUL!!! May your days and years be filled with joy...!

    ReplyDelete
  3. The content is rich, beautiful simple and satisfies the reader. What I found most interesting in ur writing is that u pack informations in small nutshells so that it gets easy for us to digest. This blog is really an art piece as u connect it with day to day life. Really wonderful✨😍✨😍. Waiting for ur next piece. 🥰🥰🥳🥳

    ReplyDelete