Monday, January 25, 2021

കോവിഡ് വാക്സീനുകളെ ഭയക്കേണ്ടതുണ്ടോ?

 എന്താണ് വാക്സിനേഷൻ?

രോഗബീജങ്ങളുടെ (ബാക്ടീരിയകൾ, വൈറസുകൾ) ആക്രമണം മുൻകൂട്ടിക്കണ്ട്, അതേ സൂക്ഷ്മ ജീവികളെത്തന്നെ, ഒന്നുകിൽ നിർജീവമാക്കിയ (killed or inactivated vaccines) അവസ്ഥയിൽ അതല്ലെങ്കിൽ ശക്തിക്ഷയം സംഭവിപ്പിച്ചതോ തീവ്രത  കുറഞ്ഞതോ (live-attenuated vaccines) ആയ വകഭേദങ്ങളെ, അതുമല്ലെങ്കിൽ അവയുടെ ഉപരിതല പ്രോട്ടീനുകളോ  പോളിസാക്കറൈഡുകളോ (subunit vaccines)  ശരീരത്തിലേക്ക് സന്നിവേശിപ്പിച്ച് ഒരു രോഗാണു ആക്രമണത്തിന്‍റെ പ്രതീതി ജനിപ്പിക്കുകയും അതിലൂടെ ശരീരകോശങ്ങളുടെ പ്രതിരോധ   സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വാക്സിനേഷൻ. ചിലപ്പോൾ രോഗകാരികൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളും (toxoid vaccines) ഇതിനുവേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. പുറത്തുനിന്നുള്ള ഈ വസ്തുക്കളെ, അതായത് ആൻറിജനുകളെ (പ്രതിജനകങ്ങൾ) നേരിടുന്നതിന് നമ്മുടെ ശരീരദ്രവങ്ങളിൽ ആന്റിബോഡികളുണ്ടാവുന്നു (പ്രതിദ്രവ്യങ്ങൾ). ഈ ആന്റിബോഡികൾ ദീർഘനാൾ ശരീരത്തിൽ നിലനിലക്കുന്നു. തന്നെയുമല്ല, മുൻകാലങ്ങളിലുണ്ടായ ആക്രമണം ചില പ്രത്യേക കോശങ്ങൾ (T-cells ഉം B-cells ഉം, ലിംഫോസൈറ്റുകൾ) ഓർമയിൽ വയ്ക്കുകയും പിന്നീട് അതേ സവിശേഷതകളുള്ള യഥാർഥ രോഗാണുവിനെ കണ്ടുമുട്ടുമ്പോൾ ത്വരിതഗതിയിൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പ്രതിരോധ വ്യവസ്ഥ സജ്ജമാവുന്നതിലുണ്ടാവുന്ന കാലതാമസമാണ് രോഗാവസ്ഥ യിലേക്ക് നയിക്കുന്നത്. അതായത്, ഒരു പ്രത്യേക രോഗാണുവിനെതിരെയുള്ള വാക്സിനേഷൻ നല്കുന്നതിലൂടെ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ ജാഗരൂകമാവുകയും ഭാവിയിൽ യഥാർഥ രോഗബീജം സൃഷ്ടിക്കാവുന്ന ദുരിതങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് കോവിഡ് വാക്സീനുകളെക്കുറിച്ച് ജനങ്ങൾക്ക്  ഇത്രയധികം ആശങ്ക?

സാധാരണനിലയിൽ ഒരു വാക്സീൻ വികസിപ്പിക്കുന്നതിനും അവയുടെ കാര്യക്ഷമതയും പാർശ്വഫലങ്ങളും  മനസ്സിലാക്കുന്നതിനും നിരവധി വർഷങ്ങളിലെ ഗവേഷണം വേണ്ടിവരുന്നു. അതുകൊണ്ടു തന്നെ, ഏതാനും  മാസങ്ങളില പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും മാത്രം  അടിസ്ഥാനത്തിൽ ജനങ്ങളിലേക്കെത്തുന്ന കോവിഡ് വാക്സീനുകളെ ജനം ഭയക്കുന്നു. പോരാത്തതിന്, ഇതാദ്യമായി ജനിതകപദാർത്ഥത്തെ അടിസ്ഥാനമാക്കിയുള്ള വാക്സീനുകൾ, കോവിഡ് വാക്സീനുകൾ എത്തുമ്പോൾ, അവ നമ്മുടെ ജീനോമിൽ പരിവർത്തനങ്ങൾ ഉണ്ടാക്കുമോ എന്ന വ്യാപകമായ ആശങ്കയും.    

അപ്പോൾ തീർച്ചയായും ആശങ്കയ്ക്ക് വകയുണ്ടല്ലോ?

വാക്സീനുകൾ നല്കുന്ന രോഗപ്രതിരോധം എത്ര നാൾ നീണ്ടു നിൽക്കുമെന്നും പാർശ്വഫലങ്ങളുണ്ടാകുമോയെന്നും മനസ്സിലാക്കുന്നതിന് ദീർഘനാളുകളിലെ പഠനം തന്നെ വേണം. പക്ഷേ, കോവിഡ് വാക്സീനുകൾക്ക് പിന്നിലെ ശാസ്ത്രം മനസ്സിലായാൽ ഒരു പരിധി വരെ നമ്മുടെ ആശങ്ക ദൂരീകരിക്കപ്പെടും. ഇതിനുവേണ്ടി, നാല് കോവിഡ് വാക്സീനുകളെ നമുക്ക് വിശകലനം ചെയ്യാം. അന്തരാഷ്ട്രതലത്തിൽ ഏറ്റവുമധികം  വിശ്വാസ്യത ആർജിച്ച മൊഡേണയുടെയും (Modernas  mRNA-1273), ഫൈസറിന്‍റെയും (Pfizer-BioNTechs BNT162b2) വാക്സീനുകൾ, പിന്നെ ഇന്ത്യയിലുപയോഗിക്കുന്ന  കോവിഷീൽഡും (Oxford-AstraZeneca’s ChAdOx1 nCoV-19 അഥവാ AZD1222) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനും (Bharat Biotech’s BBV152).

മൊഡേണയും, ഫൈസറും വാക്സീനുകളുടെ ചരിത്രത്തിലെ നാഴികകല്ലു കളായി അവതരിക്കപ്പെട്ടുകഴിഞ്ഞു. മുൻകാലങ്ങളിൽ വാക്സീനുകളായി ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് നിർജീവമാക്കിയതോ  (ഉദാഹരണത്തിന്, ഹെപ്പറൈറ്റിസ് A, പോളിയോ, റേബീസ്  വാക്സീനുകൾ) അല്ലെങ്കിൽ തീവ്രത കുറഞ്ഞതോ ആയ പ്രതിരോധജന്യ അണുക്കളെ (ചിക്കൻ പോക്സ്, സ്മോൾ പോക്സ്,  മീസിൽസ്, മംപ്സ്, റൂബെല്ല, റോട്ടവൈറസ്  വാക്സിനുകൾ) ആയിരുന്നു. പിന്നീട് ജനിതക എഞ്ചിനീയറിംഗ് സങ്കേതങ്ങളിലൂടെ സബ് യൂണിറ്റ് വാക്സീനുകൾ (ഉദാഹരണത്തിന്, ഹെപ്പറൈറ്റിസ് B വാക്സിൻ) അവതരിക്കപ്പെട്ടു. ഇത് രോഗബീജങ്ങളുടെ സ്തരോപരിതലത്തിലുള്ള  പ്രോട്ടീനുകളെ വൻതോതിൽ സെൽ കൾച്ചറുകളിൽ  ഉത്പാദിപ്പിച്ച് ശുദ്ധീകരിച്ച് വാക്സീനുകളായി ഉപയോഗിക്കുന്ന രീതിയാണ്. 1990-കളിലാണ് DNA വാക്സീൻ എന്ന ആശയം ശക്തിപ്രാപിച്ചത്. ഒപ്പം തന്നെ ആർഎൻഎ വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള RNA വാക്സീനുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ ജനിതക പദാർത്ഥത്തെ അടിസ്ഥാനപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ആദ്യവാക്സീനുകൾ എന്നതാണ്  മൊഡേണയുടെയും, ഫൈസറിന്‍റെയും വാക്സീനുകളുടെ സവിശേഷത.

എന്താണ് ജനിതക പദാർത്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വാക്സീനുകളുടെ പ്രവർത്തന തത്വം?

വളരെ ലളിതമായി വിശദീകരിക്കാം. വിദേശത്തുള്ള നിങ്ങളുടെ സുഹൃത്തിന് നിങ്ങളെ ഒരു സ്പെഷ്യൽ ബിരിയാണി കഴിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നു എന്ന് വയ്ക്കുക! അദ്ദേഹം അത് ഉണ്ടാക്കി ഇങ്ങോട്ട് അയച്ചു തന്നാൽ അതിൻറെ അവസ്ഥ എന്താവും?! അതേസമയം അതുണ്ടാക്കാനുള്ള പാചകവിധി (recipe) നിങ്ങൾക്ക് അയച്ച് തന്നാലോ? നിങ്ങൾക്കതിവിടെത്തന്നെ ഉണ്ടാക്കി ആസ്വദിക്കാം!

ബിരിയാണിയുടെ കാര്യം മനസ്സിലായി, പക്ഷേ വാക്സീന്‍റെ കാര്യം വ്യക്തമാക്കാനുണ്ട്!

പറയാം. വാക്സീനുകളുടെ ലോകത്ത് കഴിഞ്ഞ കാലങ്ങളിൽ ശാസ്ത്രത്തിന്‍റെ  പ്രീതി ഏറ്റവുമധികം പിടിച്ചുപറ്റിയത് രോഗബീജങ്ങളുടെ പ്രോട്ടീനുകളെ അടിസ്ഥാനമാക്കിയുള്ള സബ് യൂണിറ്റ് വാക്സീനുകളായിരുന്നു. വൈറസുകളുടെ സാനിധ്യം ജീവാവസ്ഥയിലോ നിർജീവാവസ്ഥയിലോ ഈ വാക്സിനുകളിൽ ഇല്ലെന്നതുതന്നെ കാരണം. അതിനാൽ രോഗപ്രതിരോധശേഷി നന്നേ കുറവുള്ളവരിലും, അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയവരിലും ദീർഘനാളായി രോഗാവസ്ഥയിൽ തുടരുന്നവരിലും ഈ വാക്സീനുകൾ ഉപയോഗിക്കാം. ലൈവ്-അറ്റിനുവേറ്റെഡ് വാക്സീനുകളിൽ അപൂർവമായെങ്കിലും വൈറസുകൾ ആക്ടിവേറ്റഡ് ആവുകയോ  ഉത്പരിവർത്തനത്തിലൂടെ അപകടകാരികളാവുകയോ ചെയ്തേക്കാം. നിർജീവ വാക്സീനുകൾക്ക് പ്രതിരോധജന്യത കുറവാണ്, ബൂസ്റ്റർ ഡോസുകൾ നല്കേണ്ടി വരും.  

അതേസമയം, സെൽ കൾച്ചറുകളിൽ  വാക്സീനുകളായി ഉപയോഗിക്കാവുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. പ്രോട്ടീനുകളെ ഘടനാപരവും ധർമപരവുമായി അവയ്ക്കുള്ള തനിമ നിലനിർത്തിക്കൊണ്ടു ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ആതിഥേയ കോശങ്ങളുടെ തിരഞ്ഞെടുക്കൽ, അവയെ കൾച്ചർ ചെയ്യുന്നതിനാവശ്യമായ സംവർധക മാധ്യമങ്ങളുടെ ചേരുവകൾ, സെൽ കൾച്ചറുകളിൽ പ്രോട്ടീനുകളുടെ വൻതോതിലുള്ള ഉത്പാദനത്തിനവശ്യവും ഏറ്റവും അനുയോജ്യവുമായ pH, ഊഷ്മാവ് എന്നിങ്ങനെയുള്ള കാര്യങ്ങൾ  നിജപ്പെടുത്തൽ, പ്രസ്തുത പ്രോട്ടീനിനെ ആതിഥേയകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആയിരക്കണക്കിന് മറ്റ് പ്രോട്ടീനുകളിൽ നിന്ന് വേർതിരിച്ച് ശുദ്ധീകരിച്ചെടുക്കൽ, പിന്നീട് അവയുടെ പ്രതിജനകക്ഷമതയ്ക്ക് (antigenicity) കോട്ടം വരാതെ വാക്സീനുകളായി രൂപപ്പെടുത്തൽ, തീർച്ചയായും നിരവധി വർഷങ്ങളിലെ ശ്രമം വേണ്ടി വരും. അതുകൊണ്ടുതന്നെയാണ്, ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണയ്ക്കെതിരെ അതിന്‍റെ ജനിതക പദാർത്ഥത്തെത്തന്നെ വാക്സീനുകളായി ഉപയോഗിക്കാമെന്ന് ഗവേഷകർ തീരുമാനിച്ചത്. വൈറസിന്‍റെ സ്പൈക് പ്രോട്ടീനുകളെ ലാബിനുള്ളിൽ ഉത്പാദിപ്പിക്കുന്നതിനുപകരം ആ പ്രോട്ടീനുകളുണ്ടാക്കാനുള്ള ‘വിവരം’ (ജനിതകസന്ദേശത്തിന്‍റെ നിർദിഷ്ടഭാഗം, അതായത് കോറോണയുടെ ആർഎൻഎ യുടെ ഒരു അംശം), ഒരു കൊഴുപ്പു കവചത്തിനുള്ളിൽ അടക്കം ചെയ്ത് വാക്സീനുകളായി നമുക്ക് നല്കുന്നു. നമ്മുടെ കോശങ്ങൾ വൈറസുകളുടെ ഉപരിതല പ്രോട്ടീനുകളുണ്ടാക്കുകയും (ഓർക്കുക, വൈറസുകളെയല്ല!), അതേ കോശങ്ങൾ തന്നെ ഈ പ്രോട്ടീനുകൾക്കെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ഒപ്പം പലതലങ്ങളിലുള്ള പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കിവയ്ക്കുകയും ചെയ്യും, ഭാവിയുലുണ്ടാകാവുന്ന യഥാർത്ഥ ആക്രമണത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി. ചുരുക്കം പറഞ്ഞാൽ ഇവിടെ വാക്സീൻ എന്നത് കോറോണയുടെ പ്രതിജനക പ്രോട്ടീനുകളുണ്ടാക്കാനുള്ള (antigenic proteins) പാചകവിധിയാണ്! നമ്മുടെ കോശങ്ങൾ ഈ പ്രോട്ടീനുകളുണ്ടാക്കുകയും, ഒപ്പം അവയെ വൈദേശികമെന്ന് (പുറത്തുനിന്നുള്ളതും അപരിചിതവും എന്ന അർഥത്തിൽ) തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ ആന്റിബോഡികളുണ്ടാക്കുകയും ചെയ്യുന്നു.  പ്രോട്ടീനുകളുടെ ഉത്പാദന ഘട്ടത്തിലുള്ള ക്ഷമതയെയും സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾക്ക് ഇവിടെ സ്ഥാനമില്ല.    എന്നാൽ മൊഡേണയുടെയും, ഫൈസറിന്‍റെയും  വാക്സിനുകൾക്കുമുണ്ട് വലിയൊരു പരാധീനത, അവ സൂക്ഷിക്കേണ്ടത് അതിശീതാവസ്ഥയിലാണ്(യഥാക്രമം -20 യും -70 യും). അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്ത് ഈ വാക്സിനുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല!    

അങ്ങനെയെങ്കിൽ ഇന്ത്യയിലുപയോഗിക്കുന്ന കോവിഷീൽഡ്  വാക്സിനുകളെക്കുറിച്ച് പറയൂ.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനികയും (AstraZeneca) ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനുകളുടെ  (ഓക്സ്ഫോഡ് വാക്സിൻ എന്നും അറിയപ്പെടുന്നു)   വൻ തോതിലുള്ള ഉത്പാദനം ഏറ്റെടുത്തിരിക്കുന്നത് സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയാണ്. ഒരുതരത്തിൽ കോവിഷീൽഡും ജനിതകപദാർത്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വാക്സീൻ തന്നെയാണ്. റീകോമ്പിനൻറ് വെക്ടർ (Recombinant vector) വാക്സിനുകൾ എന്ന പ്രത്യേക വിഭാഗത്തിലാണ് ഇവയുടെ സ്ഥാനം. ഇതും താരതമ്യേന പുതിയ സങ്കേതമാണ്. മനുഷ്യരിൽ ദോഷഫലങ്ങളുണ്ടാക്കാത്ത, എന്നാൽ ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന ഒരിനം അഡിനോവൈറസിന്‍റെ ജനിതകസന്ദേശത്തിലേക്ക്, കോറോണയുടെ സ്പൈക് പ്രോട്ടീനുകളുണ്ടാക്കാനുള്ള നിർദേശമടങ്ങിയ ജീനുകളെ കൂട്ടിച്ചേർക്കുന്നു. പിന്നീട്, ഈ പരിഷ്കരിച്ച ജനിതകപദാർത്ഥത്തെ (recombinant) അഡിനോവൈറസിന്‍റെ പ്രോട്ടീൻ ഷെല്ലിനുള്ളിൽ പായ്ക്ക് ചെയ്ത് വാക്സിനുകളായി ഉപയോഗിക്കുന്നു. ഈ വൈറസുകൾക്ക് നമ്മുടെ ശരീരത്തിൽ വച്ച് സ്വന്തം പകർപ്പെടുക്കുന്നതിനുള്ള  കഴിവില്ല. സത്യത്തിൽ നാം നല്കാനാഗ്രഹിക്കുന്ന സന്ദേശം സുരക്ഷിതമായും കാര്യക്ഷമമായും കോശങ്ങളിലെത്തിക്കുന്നതിനുള്ള ഒരു ദൂതവാഹകൻ മാത്രമാണ് ഇവിടെ അഡിനോവൈറസ്. നിർദോഷകരമെങ്കിലും വൈറസുകളുടെ സാനിധ്യം ഈ വാക്സീനുകളിലുണ്ട് (വളരെക്കുറച്ച് ദിവസങ്ങളിലേക്ക് മാത്രം). പക്ഷേ, വാക്സീൻ സ്വീകരിച്ചു എന്ന കാരണത്താൽ നിങ്ങൾക്ക് കൊറോണബാധയുണ്ടാവുമെന്ന ഭയം ഒരിക്കലും വേണ്ട.  അതേസമയം, മറ്റേതൊരു വാക്സിനുകളുമെന്നതുപോലെ (തീർച്ചയായും മൊഡേണയുടെയും, ഫൈസറിന്‍റെയും വാക്സിനുകളും ഇതിൽ നിന്ന് വിഭിന്നമല്ല),  വളരെ ചെറിയൊരു  ശതമാനം ആളുകളിൽ, മറ്റ് രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ വാക്സീൻ എടുത്തത്തിനുശേഷവും രോഗബാധയുണ്ടാവാം, അത് വ്യക്തിഗതമാണ്. രോഗപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയിലുള്ള  വ്യത്യസ്തത.

ഇനി നമ്മുടെ സ്വന്തം കോവാക്സിനിലേക്ക് വന്നാൽ, അത് തികച്ചും പരമ്പരാഗത രീതിയിൽ വികസിപ്പിക്കപ്പെട്ട ഒരു inactivated വാക്സീനാണ്. COVID-19 രോഗലക്ഷണങ്ങളില്ലാതിരുന്നതും, എന്നാൽ കോവിഡ് പോസിറ്റീവായതുമായ ഒരു വ്യക്തിയിൽ നിന്നും പൂനെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിൽ (NIV) ശേഖരിച്ച SARS-CoV-2 വൈറസിനെ ‘വീറോ സെൽ കൾച്ചറിൽ’ (Epithelial cell line of African Green Monkey) വളരാൻ അനുവദിക്കുകയും പിന്നീട് നിർജീവമാക്കി അഡ്ജുവന്റ്റുമായി കൂട്ടിച്ചേർത്ത് (Alhydroxiquim-II to boost immune response) വാക്സീനുകളായി രൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്. ഇക്കഴിഞ്ഞ കാലങ്ങളിലൊക്കെ എന്ത്, ഏത്, എങ്ങിനെ, എന്തിന് എന്നൊന്നും ചോദിക്കാതെ വളരെ ലഘവത്വത്തോടെ നമ്മുടെ കുഞ്ഞുമക്കൾക്ക്  നല്കിയ ഹെപ്പറൈറ്റിസ് A, പോളിയോ തുടങ്ങിയ വാക്സീനുകളൊക്കെ ഇതേ രീതിയിൽ നിർമിക്കപ്പെട്ടവയാണ്.  

അത് ശരിതന്നെ. പക്ഷേ ഞെട്ടിക്കുന്ന വിവരമാണല്ലോ  ഫൈസറിന്‍റെ വാക്സീനെടുത്ത ഇസ്രയേലിൽനിന്ന് വന്നത്! അവിടെ 12,400-ൽ കൂടുതൽ ആളുകൾ വാക്സീനെടുത്തതിനുശേഷം രോഗബാധിതരായി.  

അതേ വാർത്ത ശരിയാണ്! കുരുക്ഷേത്ര യുദ്ധത്തിൽ ധർമരാജൻ യുധിഷ്ടരൻ, കൌരവപ്പടയുടെ ഭാഗമായിരുന്ന ഗുരു ദ്രോണാചാര്യരോട് പറഞ്ഞ ‘സത്യം’ പോലെ തികച്ചും പരമാർത്ഥം! പാണ്ഡവ സഖ്യം അശ്വതാമ എന്ന ആനയെക്കൊന്നിട്ട് ‘അശ്വതാമ മരിച്ചു’ എന്ന വാർത്ത പ്രചരിപ്പിച്ചു. ദ്രോണാചാര്യരുടെ വില്ലാളിവീരനായ മകന്റെ പേരും  അശ്വതാമ എന്നായിരുന്നു. വാർത്ത കേട്ട് പരിഭ്രമിച്ച ദ്രോണർ സത്യം മാത്രം പറയുന്ന യുധിഷ്ടരനോട് നിജസ്ഥിതി ചോദിച്ചപ്പോൾ അദ്ദേഹം ‘അശ്വതാമ മരിച്ചു’ എന്ന് ഉറക്കെ പറഞ്ഞിട്ട്, ‘ആന’ എന്ന് സ്വരം താഴ്ത്തി പറഞ്ഞത്രേ. ഇതിനോടകം തന്നെ പ്രഞ്ജനയറ്റ ദ്രോണർ രണ്ടാം ഭാഗം കേട്ടില്ല. നിരായുധനായി മകനെയോർത്ത് വിലപിച്ചു യുദ്ധഭൂമിയിലിരുന്ന ദ്രോണരെ ധൃഷ്ടദ്യുമ്ന വധിച്ചു എന്നാണ് മഹാഭാരത കഥ!

ഔട്ട് ലുക്കും  ഗ്ലോബൽ ടൈംസും ഉൾപ്പടെ നിരവധി മാധ്യമങ്ങൾ  കഴിഞ്ഞ ദിവസം (22/01/21) പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചുരുക്കം ഇപ്രകാരമായിരുന്നു- ഇസ്രയേലിൽ 12,400-ൽ കൂടുതൽ ആളുകൾ Pfizer/BioNtech വാക്സീൻ എടുത്തത്തിനുശേഷം രോഗബാധിതരായി.  വാക്സീനുകൾ സ്വീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും മെച്ചമുണ്ടാകുന്നില്ല എന്ന സന്ദേശമാണ് ഈ വാർത്തകളിലൂടെ പൊതുജനത്തിന് ലഭിച്ചത്. അങ്ങനെ വാക്സീനുകളെക്കുറിച്ചുള്ള നമ്മുടെ ആശങ്കകൾക്ക് ബലം കൂടി. തലക്കെട്ട് മാത്രം വായിക്കുമ്പോൾ തലകറങ്ങുമെങ്കിലും താഴേയ്ക്ക് വായിച്ചുവരുമ്പോൾ ചില  കാര്യങ്ങൾ മനസ്സിലാവും. 189,000 ആളുകളെ ടെസ്റ്റ്ചെയ്തപ്പോളാണ് അതിൽ 12,400 പേർ പോസിറ്റീവ്. അതായത്, വാക്സിൻ എടുത്തവരിൽ ടെസ്റ്റ് പോസിറ്റിവിറ്റി 6.56%, അത് നമുക്ക് അത്ര സുഖമുള്ള വാർത്തയല്ല! പക്ഷേ വാർത്തക്ക് ഒരു രണ്ടാം ഭാഗമുണ്ട്, കോവിഡ് പോസിറ്റീവായ 12,400 പേരിൽ വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നത് വെറും 69 പേർ മാത്രമാണ്! അങ്ങനെയെങ്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി 0.036%!! എന്നാൽ, ഇതിന്‍റെ അടിസ്ഥാനത്തിൽ, കമ്പനിക്ക് തങ്ങളുടെ വാക്സിന് 99.96% കാര്യക്ഷമത അവകാശപ്പെടാനാവില്ല, കാര്യക്ഷമതയുടെ കണക്ക് വേറെയാണ്. വാക്സീൻ സ്വീകരിച്ചവരിൽ എത്ര പേർ രോഗബാതിധരായി എന്നതും വാക്സീൻ സ്വീകരിക്കാത്ത തുല്യ എണ്ണം ആളുകളിൽ എത്ര പേർ രോഗബാതിധർ എന്ന കണക്കും കൂടെ നോക്കിയാണ് വാക്സീനുകളുടെ കാര്യക്ഷമത കണക്കാകുക. അതുകൊണ്ട് തന്നെ, മാധ്യമങ്ങൾ നല്കിയ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഇസ്രയേൽ ഉപയോഗിച്ച Pfizer വാക്സീനുകളുടെ കാര്യക്ഷമത നമുക്ക് കണക്കാക്കാനാവില്ല. ഇനി ക്ലിനിക്കൽ ട്രയലുകൾക്ക് ശേഷം കമ്പനി അവകാശപ്പെട്ടത് എന്താണെന്നു നോക്കാം.   വാക്സീന്‍റെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം, കൃത്യമായി പറഞ്ഞാൽ ആദ്യ ഡോസിന്‍റെ ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നല്കി, വീണ്ടും ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റ് നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ, 95% കാര്യക്ഷമത. 43,000 പേരിൽ (പകുതി പേർ വാക്സീൻ സ്വീകരിച്ചവരും മറ്റുള്ളവർ സ്വീകരിക്കാഞ്ഞവരും), വാക്സീൻ സ്വീകരിച്ച 8 പേരും (0.037%) വാക്സീൻ സ്വീകരിക്കാഞ്ഞ 162 പേരും (0.75%) രോഗബാധിതരായി (vaccine efficiency:154/162 x 100 = 95.06%). അങ്ങനെ നോക്കിയാൽ, ഇസ്രായേലിലെ ഇപ്പോൾ പറഞ്ഞുവന്ന  വാർത്ത, ഫൈസറിന്‍റെ ക്ലിനിക്കൽ ട്രയൽ ഡേറ്റയെ ശരി വയ്ക്കുന്നു, രണ്ട് ഡോസ് വാക്സീനെടുത്തവരിൽ വെറും 0.036% മാത്രമാണ് രോഗബാധിതരായത്! അതുകൊണ്ട് തന്നെ, രണ്ടാം ഡോസ് നല്കി ഒരാഴ്ച്ചയ്ക്കു ശേഷം ടെസ്റ്റ് ചെയ്തവരിലെ ഫലം നോക്കിയാൽ  കമ്പനിക്ക് നഷ്ടപ്പെട്ട മാന്യത തിരിച്ചു കിട്ടാൻ സാധ്യയതയുണ്ട്. പക്ഷേ ആ “വെറും” 0.036%  രോഗബാധിതരുടെ കൂട്ടത്തിൽ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉണ്ടെങ്കിൽ അത് തീരെ ശരിയാവില്ല!

അതുകൊണ്ട് മാധ്യമ വാർത്തയെ അടിസ്ഥാനമാക്കി നാം മനസ്സിലാക്കേണ്ട നാല്  പ്രധാന കാര്യങ്ങളുണ്ട്, ഇത് മുമ്പ് പറഞ്ഞ 4 വാക്സീനുകൾക്കും ബാധകവുമാണ്. ഒന്ന്, വാക്സീന്‍റെ ഒന്നാം ഡോസ് എടുത്തത് ആഘോഷിക്കാൻ തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു കളയാം എന്ന് വിചാരിക്കരുത്. രണ്ട്, എന്തെങ്കിലും ഒരു വാർത്തയുടെ തലക്കെട്ട് മാത്രം കണ്ടിട്ട് പരവശരാകരുത്. മൂന്ന്, പ്രതിരോധവ്യവസ്ഥയക്ക് ഒന്ന് ഉണർന്നു വരണമെങ്കിൽ രണ്ടാഴ്ചയെങ്കിലും സമയം വേണമെന്നോർക്കുക. നാല്, വാക്സീനെടുത്താലും കൊറോണയ്ക്ക് കൊടുക്കേണ്ട ഒരു മിനിമം ബഹുമാനം ഉണ്ട്, അത് കൊടുത്തിരിക്കണം.

ഓഹോ, അപ്പോൾ വാക്സീനെടുത്തതിന് ശേഷവും കയ്യും, മുഖവും സോപ്പിട്ട് കഴുകണമെന്നും, മാസ്ക് ധരിക്കണമെന്നും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നുമൊക്കെയാണോ പറഞ്ഞു വരുന്നത്?! എന്നാൽപ്പിന്നെ എന്തിനാണീ പൊല്ലാപ്പ്?

വാക്സീനെടുക്കേണ്ടതിന്‍റെ അവശ്യകത മനസ്സിലാക്കണമെങ്കിൽ നാം അത്യാവശ്യമായി പരിചയപ്പെടേണ്ട ഒന്നാണ് ‘R number’ അഥവാ ‘Reproductive number’. എന്താണ് ‘R’? രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് മറ്റ് എത്ര പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാം എന്നതിനെ കുറിക്കുന്ന സംഖ്യയാണ് ‘R’. ഉദാഹരണത്തിന് നമുക്കൊക്കെ പരിചയമുള്ള മീസിൽസ് എന്ന പകർച്ചവ്യാധിയുടെ ‘R’ കണക്കാക്കിയിരിക്കുന്നത് 15 എന്നാണ്. അതായത്, ഒരു മീസിൽസ് രോഗിയിൽ നിന്ന് 15 പേരിലേക്ക് രോഗം പകരാം. ഒരു കാലത്ത് വർഷം തോറും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഈ രോഗത്തെ കുട്ടികൾക്കുള്ള വാക്സിനേഷനിലൂടെ ഇന്ന് ഏറെക്കുറെ നിർമാർജനം ചെയ്തിരിക്കുന്നു. കൊറോണയുടെ കാര്യത്തിൽ മുൻകരുതലുകളൊന്നും സ്വീകരിക്കാത്ത ഒരു സമൂഹത്തിന് ‘R’ എന്നത് 3 ആണെന്ന് പറയപ്പെടുന്നു. ‘R’, ഒന്നിൽ താഴെയാണെങ്കിൽ രോഗവ്യാപനം കുറഞ്ഞു ക്രമേണ ഇല്ലാതെയാവും. പക്ഷേ, ഒന്നിന് മുകളിലാണെങ്കിൽ രോഗവ്യാ പനത്തിന്‍റെ ഗ്രാഫ് കുതിച്ചുയരും, കാരണം രോഗികളുടെ എണ്ണം പോവുന്നത്  geometric progression-ൽ ആവും. അതായത്, R=1 ആണെങ്കിൽ, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, അയാളിൽ നിന്ന് വീണ്ടും ഒരാളിലേക്ക് മാത്രം (1,2,3,4,...). എന്നാൽ R=2 ആണെങ്കിൽ, ഒരാളിൽ നിന്ന് രണ്ടാളിലേക്ക്, രണ്ടിൽ നിന്ന് നാലിലേക്ക്, നാലിൽ നിന്ന് എട്ടിലേക്ക് അങ്ങനെയങ്ങനെ.... (1,2,4,8,16,32.....). സോഷ്യൽ ഡിസ്റ്റൻസിങും മാസ്ക് ധരിക്കലും സാനിറ്റൈസേഷനുമൊക്കെ ചെയ്താൽ R കുറച്ച് നിർത്താം. സ്വാഭാവികമായും, ഉത്സവം, പള്ളിപ്പെരുന്നാളുകൾ, ഇലക്ഷനുകൾ ഇവയൊക്കെ R number കൂട്ടും!  അപ്പോൾ, ഇക്കാര്യത്തിൽ വാക്സീനെന്ത് ചെയ്യാനാവുമെന്ന് നോക്കാം. 75% ക്ഷമതയുള്ള വാക്സീനാണ് നാം ഉപയോഗിക്കുന്നതെന്ന് സങ്കൽപ്പിക്കുക (50-60% ക്ഷമത പോലും രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്). അതായത് വാക്സീൻ സ്വീകരിക്കാത്ത 1000 പേരിൽ 100 പേർക്ക് രോഗബാധയുണ്ടാവുമ്പോൾ,  വാക്സീൻ സ്വീകരിച്ചവരിൽ 25 പേർക്ക് രോഗബാധയുണ്ടാവുന്നു(100-25/100 X 100= 75% efficiency). ഇതിനെ ഒന്നുകൂടെ ലളിതമാക്കിയാൽ, വാക്സീനെടുത്ത നാലിൽ മൂന്ന് പേർ സുരക്ഷിതർ. ഇത്തരം ഒരു സാഹചര്യത്തിൽ  R=4 ഉള്ള ഒരു പ്രദേശത്ത്, എല്ലാ ആളുകളും വാക്സീൻ സ്വീകരിക്കുകയാണെങ്കിൽ ഒരു മാസത്തിനകം R=1 ആകും. കാരണം, കോറോണയുള്ള ഒരാളിൽ നിന്ന് നാല് പേരിലേക്ക് രോഗം വ്യാപിക്കാമെന്നിരിക്കെ നാലിൽ മൂന്ന് പേർക്കും പ്രതിരോധശേഷി കൈവന്നതുകൊണ്ട് ഫലത്തിൽ R number ഒന്ന് എന്ന നിലയിലെത്തും. R=1 ന്‍റെ കണ്ണി മുറിയാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ ഫലത്തിൽ രോഗവ്യാപനം തടയപ്പെടും. അതല്ലെങ്കിൽ, രോഗപ്പകർച്ചയിലൂടെയും അതിജീവനത്തിലൂടെയും സ്വാഭാവികമായി സമൂഹത്തിന് രോഗപ്രതിരോധശേഷി കൈവരണം, അതായത്, ഹെർഡ് ഇമ്മ്യൂണിറ്റി (herd immunity). ഈ പറഞ്ഞ 'R' എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണ്, ഇന്നലെകളിൽ മീസിൽസ്, ഇന്ന് കൊറോണ, നാളെ മറ്റൊന്ന്..!  

ജനിതക പദാർഥത്തെ വാക്സീനുകളായി ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ജീനോമിലേക്ക് കണ്ണിചേർക്കപ്പെടുകയില്ലേ?

നമ്മുടെ ജീനോം ഡിഎൻഎ ജീനോമാണ്. ഡിഎൻഎ സ്ഥിതിചെയ്യുന്നത് കോശത്തിൽ ന്യൂക്ലിയസ്സിനുള്ളിലാണ്. നാം കൊടുക്കുന്ന  ആർഎൻഎ വാക്സീനുകൾക്ക്   (ഉദാഹരണം, മോഡേണയുടെയും ഫൈസറിന്റെയും) ന്യൂക്ലിയസ് അപ്രാപ്യമാണ്, അവ നിലകൊള്ളുക കോശദ്രവ്യത്തിനുള്ളിലാണ്. അവിടെവച്ച് തന്നെ അവ നേരിട്ട് പ്രോട്ടീനുകളുടെ നിർമിതിക്ക് ഉപയോഗപ്പെടുകയും, പിന്നീട് നശിക്കുകയും ചെയ്യുന്നു. അതേസമയം കോവിഷീൽഡിലുള്ളത്  മുൻപ് സൂചിപ്പിച്ചിരുന്നതുപോലെ കൊറോണയുടെ സ്പൈക് പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന ജീനുകൾ ചേർത്ത് പരിഷ്കരിച്ച അഡിനോവൈറസ്  ഡിഎൻഎയാണ്. എന്നാൽ നമ്മുടെ ശരീരകോശത്തിനുള്ളിൽ സ്വന്തം പകർപ്പെടുക്കാനുള്ള കഴിവ് ഇവയ്ക്കില്ല.   മറ്റൊന്നുകൂടെ നാം ഓർക്കണം,  സ്വാഭാവികമായും ഓരോ തവണ നമുക്കൊരു വൈറസ് ആക്രമണം ഉണ്ടാകുമ്പോഴും (ഒരു വർഷത്തിൽ ഒരു തവണയെങ്കിലും വൈറൽ ഫീവർ ഉണ്ടാവാത്തവർ വിരളം!)  നമ്മുടെ ജീനോമിൽ എത്രയധികം 'കുത്തിത്തിരുപ്പുകൾക്കുള്ള'  സാധ്യതയാണുള്ളത്! നാം ധരിച്ചുവച്ചിരിക്കുന്നതുപോലെ അത്ര വലിയ 'പരിശുദ്ധി'യൊന്നും നമ്മുടെ ജീനോമിനില്ല!  മനുഷ്യ ജീനോമിന്‍റെ എട്ട് ശതമാനം വൈറസുകളുടേതാണ്!!! പക്ഷേ നാം ജീവിക്കുന്നത് ധർമങ്കടങ്ങളുടെ ഭൂമിയിലാണെന്നതു പറയാതെ വയ്യ! പലപ്പോഴും നന്മയും തിന്മയും വ്യവച്ഛേദിച്ചറിഞ്ഞു വരുമ്പോഴേക്കും ചവിട്ടി നില്ക്കുന്ന ഭൂമി ഒലിച്ചു പോയിട്ടുണ്ടാവും!  

ഇന്ത്യ “വാക്സീൻ ഹബ്ബ്” ആവുന്നു എന്നൊക്കെ കേൾക്കുന്നല്ലോ?

തീർച്ചയായും. ഇന്ത്യയുടെ No. 1 ബയോടെക് കമ്പനിയായ Serum Institute of India, Pvt. Ltd., ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളാണ്. WHO യുടെ അംഗീകാരമുള്ള ഈ കമ്പനി ദേശീയ രോഗപ്രതിരോധയജ്ഞങ്ങളുടെ ഭാഗമായി 170 രാജ്യങ്ങൾക്കാണ് തങ്ങളുടെ വാക്സീനുകൾ ലഭ്യമാക്കുന്നത്. പോളിയോ, ടെറ്റനസ്, ബിസിജി, മീസിൽസ്, റുബെല്ലാ അങ്ങനെ  ഒരു നീണ്ടനിര വാക്സീനുകൾ. 92 രാജ്യങ്ങളാണ് സീറം ഇൻസ്റ്റിറ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സീൻ (കോവിഷീൽഡ്) ഇപ്പോൾ അവശ്യപ്പെട്ടിരിക്കുന്നത്. അതിശയമില്ല, മൊഡേണയുടെയും (Modernas  mRNA-1273), ഫൈസറിന്‍റെയും (Pfizer-BioNTechs BNT162b2) വാക്സീനുകൾ താങ്ങാനുള്ള കെല്പ് (സാമ്പത്തീകവും സാങ്കേതികവും) വളരെക്കുറച്ച്     രാജ്യങ്ങൾക്ക് മാത്രമേയുള്ളൂ. അവയുടെ നിർമാണ, സംഭരണ, വിതരണ ശൃംഖലയിലുടനീളം ഉറപ്പുവരുത്തേണ്ട ‘കോൾഡ് ചെയിൻ’ അത്രയൊന്നും നിസ്സാരമായി നടപ്പാക്കാനാവില്ല. കമ്പനിയുടെ നീണ്ട കാലത്തെ പ്രവർത്തന പരിചയവും വാക്സീൻ രംഗത്തെ മികവും  ഇവിടെ നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാവുന്നു.

ഒരൊറ്റ ചോദ്യം കൂടി. ഈ വാക്സീനുകളൊക്കെ സുരക്ഷിതമാണോ?

അയ്യോ! ഞാനീ നാട്ടുകാരിയല്ല, പന്ത്രണ്ടു വർഷമായി ഓണസദ്യയുണ്ടിട്ട്!! എന്‍റെ പരിമിതമായ അറിവുകൾക്കുള്ളിൽ നിന്നുകൊണ്ടു നമ്മുടെ രാജ്യത്തിന്‍റെ വാക്സിനേഷൻ യജ്ഞം  സാകൂതം വീക്ഷിക്കുന്ന   ഞാൻ കാണുന്ന ഏറ്റവും വലിയ  സവിശേഷത, തികച്ചും വ്യത്യസ്തങ്ങളായ സങ്കേതങ്ങളിലൂടെ നിർമിക്കപ്പെട്ട രണ്ട് വാക്സീനുകൾ- കോവിഷീൽഡും കോവാക്സീനും, (ഒന്ന് നൂതന സാങ്കേതികവിദ്യ, മറ്റേത് തികച്ചും പരമ്പരാഗതം), ഒരേ രോഗത്തിന്‍റെ പ്രതിരോധത്തിന്, ഒരേ ജനിതകം പേറുന്ന ജനവിഭാഗങ്ങൾക്ക്, ഒരേ കാലഘട്ടത്തിൽ നല്കപ്പെടുന്നു എന്നതാണ് (തെറ്റിദ്ധരിക്കരുത്, ഒരു വ്യക്തിക്ക് നൽകപ്പെടുന്ന രണ്ട് ഡോസുകളും തീർച്ചയായും ഒരേ വാക്സീന്റേതാണ്). അതുകൊണ്ടു തന്നെ ഒരു ശാസ്ത്ര വിദ്യാർത്ഥിനി എന്ന നിലയിൽ ഞാൻ ആശിച്ചു പോകുന്ന ഒന്നുണ്ട്, ഈ വാക്സീനുകളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള സത്യസന്ധവും ശാസ്ത്രീയവുമായ ഒരു താരതമ്യപഠനം പുറത്തുവരണം. വരും കാലങ്ങളിൽ ശാസ്ത്രത്തിനും മനുഷ്യരാശിയുടെ ജീവനുവേണ്ടിയുള്ള നിലയ്ക്കാത്ത സമരത്തിനും അത് കരുത്താവും.  

Dr. Blessy K Alex


Tuesday, January 19, 2021

കൊറോണ (SARS-CoV-2) - നഷ്ടപ്പെടാൻ ഞങ്ങൾക്കൊന്നുമില്ല, നേടാൻ വലിയൊരു ലോകവും!!

 

വൈറസ് എന്നാൽ ഒരു “സന്ദേശമാണ്”, വ്യത്യസ്തങ്ങളായ നാല് അക്ഷരങ്ങൾ പലവുരു ആവർത്തിക്കപ്പെട്ടൊരു “അശുഭ സന്ദേശം”! നാമറിയാതെ ആ ദുരന്ത  സന്ദേശത്തിന്‍റെ നിർവാഹകർ ആയി നമ്മുടെ കോശങ്ങൾ പരിണമിക്കുന്നു.  യുദ്ധക്കപ്പലുകളോ പോർവിമാനങ്ങളോ അഗ്നിവേധ മിസൈലുകളോ അണുബോംബുകളോ ഇല്ലാതെതന്നെ ഞൊടിയിടയിൽ മനുഷ്യവംശത്തെ അപ്പാടെ മായ്ച്ചുകളയാൻ പോന്നവരാണ് തങ്ങളെന്ന് വൈറസുകൾ തെളിയിച്ചുകഴിഞ്ഞു! മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങൾക്കും ജീവിതത്തിൽ എടുത്തുപറയത്തക്കതായി  രണ്ട് ഉദ്ദേശ്യങ്ങളേയുള്ളൂ, വളരുകയും പ്രത്യുല്പാദനം നടത്തുകയും. വൈറസുകളും തേടുന്നത് അതിനൊരിടമാണ്....! വെറും 30kb വിവരമുള്ള (30kb ജീനോം) കൊറോണ എങ്ങനെയാണ് ആണ് 32 ലക്ഷം kb വിവരമുള്ള (32,00,000 kb ജീനോം) മനുഷ്യനെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തുന്നതെന്ന്  അറിയേണ്ടേ....?!!

നമുക്കൊക്കെ പരിചിതമായ ഒരു ചെറു കഥയുണ്ട്-stone soup’ (കല്ലുകൊണ്ടൊരു സൂപ്പ്). വായിച്ചിട്ടില്ലാത്തവർക്ക് വേണ്ടി അതിവിടെ മൊഴിമാറ്റം ചെയ്യുകയാണ്. നിർദ്ധനനായ ഒരു കൗശലക്കാരന്‍റെ ജീവനതന്ത്രം. അന്നയാൾ മുഴുപട്ടിണിയിലായിരുന്നു, പോരാത്തതിന് കൊടുംതണുപ്പും.  പട്ടിണി കൊണ്ടും തണുപ്പ് കൊണ്ടും വിറങ്ങലിച്ച് തെരുവിലൂടെ വേച്ചുനടന്ന അയാൾ ഒരു ഉരുളൻ കല്ല് കണ്ടു.  അയാൾക്ക് പെട്ടെന്ന് ഒരു ആശയം ഉദിച്ചു, ആ കല്ലെടുത്ത് തന്‍റെ സഞ്ചിയിൽ ഇട്ട് തൊട്ടടുത്ത വീടിനെ ലക്ഷ്യമാക്കി നടന്നു.

വാതിലിൽ മുട്ടിവിളിച്ചപ്പോൾ ഒരു പ്രായംചെന്ന സ്ത്രീ പ്രകടമായ അനിഷ്ടത്തോടെ വാതിൽ തുറന്നു.  പുറത്തു വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിറച്ചുനിന്ന ആ മനുഷ്യൻ അവരോട് പറഞ്ഞു- ‘അമ്മായി, ഈ രാത്രിയിൽ ദയവായി എനിക്കിവിടെ അഭയം നൽകണം’. അയാളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് മനസ്സില്ലാമനസ്സോടെ അവർ പറഞ്ഞു- ‘ഇവിടെ തങ്ങുന്നതിൽ എനിക്ക് വിരോധമില്ല, പക്ഷേ ഭക്ഷണം ഒന്നും എന്നോട് ചോദിക്കരുത്’. “എനിക്ക് ഭക്ഷണം ആവശ്യമില്ല, തീർത്തും വിശപ്പില്ല”, ഇതുപറഞ്ഞ്,  തണുപ്പിൽ നിന്ന് രക്ഷപെട്ടപ്പോഴേ പകുതി ജീവൻ കൈവന്ന ആ മനുഷ്യൻ പതുക്കെ സഞ്ചിയിൽ നിന്നും ആ കല്ലെടുത്ത് മൃദുവായി തലോടിക്കൊണ്ടിരുന്നു.  കൗതുകം തോന്നിയ അമ്മായി ചോദിച്ചു- ‘ഇതെന്താ നിങ്ങൾക്ക് ഈ കല്ലിനോട് ഇത്ര പ്രിയമാണോ’?! ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു- “ഇത് ഒരു വെറും കല്ലല്ല! ഇത് സൂപ്പ് കല്ലാണ്, ഇതുവച്ച് ലോകോത്തരമായ സൂപ്പ് ഉണ്ടാക്കാൻ എനിക്കറിയാം!” സ്ത്രീസഹജമായ ജിജ്ഞാസയോടെ അവർ ചോദിച്ചു- “അതെങ്ങനെ?! നിങ്ങൾ പറയുന്നത് പച്ച ക്കള്ളമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് ഭ്രാന്താണ്!” “അല്ല അമ്മായി, നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അത് കാട്ടിത്തരാം!” നിഷ്കളങ്കമായ ചിരിയോടെ അയാൾ പറഞ്ഞു.  അടക്കാനാവാത്ത ആകാംക്ഷയോടെ അമ്മായി അയാളെ അകത്തേക്ക് ക്ഷണിച്ചു. അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചരുവത്തിൽ വെള്ളമൊഴിച്ച് കത്തുന്ന അടുപ്പിൽ വെച്ചു. വളരെ സാവധാനതയോടെ അയാൾ വൃത്തിയായി കഴുകിയ കല്ല് വെള്ളത്തിലേക്കിട്ടു. വെള്ളം ചൂടാകാൻ തുടങ്ങി. അക്ഷമയായി  കാത്തുനിന്ന സ്ത്രീയോട് അയാൾ ചോദിച്ചു- “അൽപം കുരുമുളകും ഉപ്പും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു”. “ഓഹോ തരാമല്ലോ”, അമ്മായി പെട്ടെന്നു തന്നെ ഉപ്പും കുരുമുളകും പിന്നെ മറ്റുചില സുഗന്ധവ്യഞ്ജനങ്ങളും എടുത്തു കൊണ്ടുവന്നു. അത് വെള്ളത്തിലേക്കിട്ട് അൽപസമയത്തിനുശേഷം രുചിച്ചുനോക്കി വിടർന്ന കണ്ണുകളോടെ അയാൾ ചോദിച്ചു- “അമ്മായി, നിങ്ങളുടെ കയ്യിൽ   രണ്ട് ഉള്ളി എടുക്കാൻ കാണുമോ?” “പിന്നെന്താ, ഇപ്പക്കൊണ്ടുവരാം” അകത്തേക്കു പോയ അമ്മായി തിരികെ വന്നപ്പോൾ കയ്യിൽ ഒരുപിടി  ചോളമണികളും രണ്ട് ക്യാരറ്റും കൂടെ ഉണ്ടായിരുന്നു.

വെള്ളം വെട്ടിത്തെളിച്ച് തുടങ്ങിയപ്പോൾ അയാൾ ആത്മഗതം എന്നോണം പറഞ്ഞു- “ഒന്നുരണ്ട് ഇറച്ചിക്കഷണങ്ങൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ അസ്സലാകുമായിരുന്നു”. “ആത്രേയുള്ളൂ! അതാണോ ഇത്ര വലിയ കാര്യം!”, അമ്മായി ഉത്സാഹത്തോടെ ഓടിപ്പോയി രണ്ട് കക്ഷണം ഇറച്ചിയും ഒപ്പം രണ്ട് പഴുത്ത് തക്കാളിയും കൊണ്ടുവന്നു.   ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു- “ അതുകൊള്ളാം, സൂപ്പിന് നല്ല കളറും കിട്ടും!” സൂപ്പിന്‍റെ കൊതിയൂറും ഗന്ധം   അന്തരീക്ഷത്തിലാകെ പരന്നപ്പോൾ അമ്മായി സംതൃപ്തിയോടെ തീൻമേശയൊരുക്കി. അവർ കാണാതെ സൂത്രത്തിൽ അയാൾ സൂപ്പിൽ നിന്ന് തന്‍റെ കല്ല് തിരികെയെടുത്ത് സഞ്ചിയിലിട്ടു. വൈറസുകളെ കുറിച്ച് പഠിക്കുമ്പോൾ ഈ കഥയാണ് ഓർമ്മ വരിക!

ഈ കഥയിലെ അമ്മായിയാണ് വൈറസുകളുടെ കാര്യത്തിൽ നമ്മുടെ കോശങ്ങൾ! വൈറസുകൾക്ക് ആകെയുള്ളത് ജനിതക പദാർത്ഥവും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീനുകളുമാണ്. ജനിതക പദാർത്ഥം ഒന്നുകിൽ ഡി. എൻ. എ ആവാം, അല്ലെങ്കിൽ ആർ.എൻ.എ. ഏതൊരു ജീവിയിലും ജനിതക പദാർത്ഥത്തിന് രണ്ടു ധർമങ്ങളാണുള്ളത്. ഒന്ന്, അവയിലുള്ള ജീനുകളുടെ പ്രകാശനവും (transcription and translation) അതിലൂടെ  പ്രോട്ടീനുകളുടെ നിർമ്മിതിയും. രണ്ട്, പ്രോട്ടീനുകളുടെ സഹായത്തോടെ സ്വന്തം പകർപ്പുകളെടുത്ത് (replication) പുതുതലമുറ കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യൽ.

കൊറോണയുടെ ജനിതക പദാർത്ഥം ആർ.എൻ.എ.യാണ്, കൂടുതൽ കൃത്യമായി പറഞ്ഞാൽ പ്രോട്ടീനുകളുടെ നിർമ്മിതിക്ക് നേരിട്ട് ഉപയുക്തമാവുന്ന ഒരു സന്ദേശവാഹക ആർ.എൻ.എ (messenger R.N.A). ഇതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീൻ ആവരണത്തിൽ nucleocapsid protein, membrane protein, envelope protein, spike protein എന്നിങ്ങനെ നാലുതരം പ്രോട്ടീനുകൾ  അതിപ്രധാനമാണ്. അവയുടെ ആർ.എൻ.എ. ജീനോം പൊതിഞ്ഞിരിക്കുന്ന ‘ഇട്ട് പഴകിയ’ പ്രോട്ടീൻ ആവരണം (കൊഴുപ്പും പ്രോട്ടീനുകളും ചേർന്നത്, അതുകൊണ്ടാണ് സോപ്പിട്ട് കയ്യും മുഖവും കഴുകിയാൽ അവ നശിക്കുന്നത്) കോശങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നതോടെ വേർപെടുത്തുന്നു. അവയുടെ നിലനിൽപ്പിനും പുതിയ വൈറസുകളെ സൃഷ്ടിക്കുന്നതിനും കാരണമായ വിവിധങ്ങളായ പ്രോട്ടീനുകളുടെ നിർമ്മിതിക്കാവശ്യമായ, റൈബോസോമുകൾ, അമിനോആസിഡുകൾ, എൻസൈമുകൾ, റ്റി.ആർ.എൻ.എകൾ അങ്ങനെ യാതൊന്നുംതന്നെ അവയ്ക്കില്ല! വെറും ജനിതക സന്ദേശം മാത്രം! പക്ഷേ നമ്മുടെ കോശങ്ങൾ (‘അമ്മായി’!) ഉദാരതയോടെ ഇവയൊക്കെ വച്ചുനീട്ടും!! അല്ലെങ്കിൽ തട്ടിയെടുക്കുന്നതാവാം!!

നാസാരന്ധ്രങ്ങളിലൂടെ അകത്തുപ്രവേശിക്കുന്ന SARS-CoV-2 (COVID-19 കൊറോണ വൈറസുകൾ) എത്തിച്ചേരുക ശ്വാസനാളിയിലാണ്. ശ്ലേഷ്മസ്തരങ്ങളെ (mucous membrane) ബാധിക്കുകയും അങ്ങനെ നീരും വീക്കവും ഉണ്ടാവുകയും ചെയ്യുന്നു. പിന്നീടവ ശ്വാസകോശങ്ങളിലെത്തുകയും അവയുടെ പ്രവർത്തനത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. പ്രോട്ടീൻ ആവരണത്തിന്‍റെ  പുറത്തേക്കുന്തിനിൽക്കുന്ന സ്പൈക് പ്രോട്ടീനുകൾ വഴിയാണ് നമ്മുടെ എപ്പിത്തീലിയൽ കോശങ്ങളിലെ ACE-2 (Angiotensin-converting enzyme-2) റിസെപ്റ്റർ പ്രോട്ടീനുകളുമായി വൈറസുകൾ സമ്പർക്കം പുലർത്തുന്നത്. വൈറസിന്‍റെ ആർ.എൻ.എ, കോശങ്ങൾക്കുള്ളിലെത്തിയാലുടൻ ആതിഥേയ കോശങ്ങളിലെ റൈബോസോമുകൾ ഉപയോഗിച്ച് രണ്ട് നെടുനീളൻ പ്രോട്ടീനുകളുണ്ടാക്കുന്നു. ഈ രണ്ട് പ്രോട്ടീനുകളും പലപ്രോട്ടീനുകൾ ഒന്നിനുപുറകെ ഒന്നായി ചേർന്ന് പോളിപ്രോട്ടീനുകളായാണ് നിർമിതമായിരിക്കുന്നത്! ജീനോമിന്‍റെ പകർപ്പെടുക്കലിനാവശ്യമായ RTC പ്രോട്ടീനുകളും (multiprotein replicase/transcriptase complex), വൈറസിന്‍റെ പുതിയ പകർപ്പുകളെ പായ്ക്ക് ചെയ്യുന്നതിനാവശ്യമായ എൻവലപ് പ്രോട്ടീനുകളും അതീവ പ്രാധാന്യമുള്ള രണ്ട് പ്രോട്ടിയേസുകളും ഇക്കൂട്ടത്തിലുണ്ട്. പ്രോട്ടിയേസുകളാണ്, പോളിപ്രോട്ടീനുകളെ കൃത്യമായ ഇടങ്ങളിൽ മുറിച്ചുവേർപെടുത്തി അവയെ പ്രവർത്തനസജ്ജമാക്കുന്നത്. ആർ.എൻ.എ പോളിമെറേസ് അഥവാ ആർ.എൻ.എ റെപ്ളിക്കേസ് എന്ന എൻസൈമാണ് ജീനോമിന്‍റെ നിരവധി പകർപ്പുകളുണ്ടാക്കുന്നത്. ഇതിനോടൊപ്പം തന്നെ നിർമിക്കപ്പെടുന്ന ഉപജീനോമുകളിലെ (subgenome, ഇവ ജീനോമുകളുടെ സമ്പൂർണ പകർപ്പല്ല) ജനിതക സന്ദേശം വിവിധ പ്രോട്ടീനുകളുടെ നിർമിതിക്കുപയോഗിക്കപ്പെടുന്നു. ഈ പ്രക്രിയകൾ സുന്ദരമായി പൂർത്തീകരിക്കുന്നതിനുള്ള എല്ലാ സന്നാഹങ്ങളും നമ്മുടെ കോശങ്ങൾ തന്നെയാണ് നല്കുക. പുതുതായി നിർമിക്കപ്പെട്ട പ്രോട്ടീനുകൾ ചേർന്ന് തുന്നപ്പെടുന്ന പ്രോട്ടീൻ കോട്ടിനുളളിൽ, ജീനോമിന്‍റെ പകർപ്പുകൾ പായ്ക്ക് ചെയ്യപ്പെടുന്നു. അങ്ങനെ നമ്മുടെ ശരീരകോശങ്ങളിൽ പ്രവേശിക്കുന്ന ഏതാനും വൈറസുകൾ ദിവസങ്ങൾക്കുള്ളിൽ ഒരു വലിയ സൈന്യമായി മാറുന്നു. ഒരു കോശത്തെ നശിപ്പിച്ച് അടുത്തതിനെ ലക്ഷ്യം വയ്ക്കും. വീണ്ടും ഇതേ പരിപാടികൾ ആവർത്തിക്കും.

SARS-CoV (2002-ലെ സാർസ് രോഗത്തിനു കാരണമായ കോറോണ വൈറസ്) കോറോണ ആതിഥേയ കോശങ്ങളുടെ പ്രവർത്തനങ്ങളെ എങ്ങനെയാണ് താറുമാറാക്കുന്നത് എന്നതിനെക്കുറച്ചു പുറത്തുവന്ന പഠനങ്ങൾ വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ ഒരു കണ്ടെത്തലുണ്ട്. നമ്മുടെ കോശങ്ങളുടെ നിലനിൽപ്പിനും ജീവൽ ധർമങ്ങളുടെ സുഗമമായ നടത്തിപ്പിനും യുബിക്വിറ്റിനേഷൻ (ubiquitination) എന്നൊരു പ്രക്രിയ അത്യന്താപേക്ഷിതമാണ്. സാർവത്രികമായി (ubiquitously) യൂക്യാരിയോട്ടിക് (eukaryotic) കോശങ്ങളിൽ കാണപ്പെടുന്നതുകൊണ്ട് യുബിക്വിറ്റിൻ എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു പ്രോട്ടീൻ, ചില പ്രത്യേക ഉദ്ദേശങ്ങളോടെ മറ്റ് പ്രോട്ടീനുകളെ ടാഗ് ചെയ്യുന്നതിനായി ഉപയോഗിക്കപ്പെടുന്ന  പ്രക്രിയയാണ് യുബിക്വിറ്റിനേഷൻ. ആവശ്യം കഴിഞ്ഞ പ്രോട്ടീനുകളെയും ഉപയോഗയോഗ്യമല്ലാത്ത പ്രോട്ടീനുകളെയും ഇപ്രകാരം ടാഗ് ചെയ്ത് പ്രോട്ടിയാസോമുകൾ (നിരവധി പ്രോട്ടീനുകൾ ചേർന്ന് സിലിണ്ടറിന്‍റെ ആകൃതിയിലുള്ള ഒരു ഘടനാവിശേഷം) എന്ന കോശാംഗങ്ങൾക്ക് (organelle) നല്കുകയും (ഒരു മനുഷ്യകോശത്തിൽ 20,000 മുതൽ 30,000 വരെ പ്രോട്ടിയാസോമുകളുണ്ട്!) അവിടെവച്ച് അവ നശിക്കപ്പെടുകയും ചെയ്യുന്നു.  സൂപ്പർ മാർക്കെറ്റുകളിലൊക്കെ expiry date കഴിഞ്ഞ സാധനങ്ങൾ ലേബൽ ചെയ്ത് നീക്കം ചെയ്യുന്നതുപോലെ! കൊറോണ വൈറസിന്‍റെ പ്രോട്ടിയേസ് എൻസൈമുകളിലൊന്നിന്‍റെ പരിപാടി ഓടിനടന്നു ഈ കളയാൻവച്ച പ്രോട്ടീനുകളിൽനിന്നു യുബിക്വിറ്റിൻ ടാഗ് നീക്കം ചെയ്യുക എന്നതാണ്! പരിണതഫലം ഊഹിക്കാമല്ലോ!! അതുപോലെതന്നെ, ഓരോ പ്രോട്ടീനുകളുടെയും കോശങ്ങൾക്കുള്ളിലെ സ്ഥാനം (cellular location), അതായത്, അവയുടെ  പ്രവർത്തനസ്ഥലം നിർണയിക്കുന്നതും യുബിക്വിറ്റിൻ ടാഗിങ്ങിലൂടെയാണ്. ഒരിടത്തിരിക്കേണ്ടത് മറ്റൊരിടത്തിരുന്നാലത്തെ കഥയെന്താവും?! തീർന്നില്ല, പ്രോട്ടീനുകളിൽനിന്ന്  യുബിക്വിറ്റിൻ നീക്കം ചെയ്യുന്നത് ഇൻറ്റർഫെറോണുകളുടെ ഉത്പാദനത്തെയും തടസ്സപ്പെടുത്തുന്നു. വൈറസുകളുകളുടെ ആക്രമണത്തോടുള്ള പ്രതികരണമായി നമ്മുടെ കോശങ്ങൾ സൃഷ്ടിക്കുന്ന സിഗ്നലിങ് പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ. തൊട്ടടുത്തുള്ള മറ്റ് കോശങ്ങൾക്ക് വൈറസുകളുടെ സാനിത്യത്തെക്കുറിച്ച് മുന്നറിയപ്പ് നല്കുകയും തത്ഫലമായി അവയുടെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ സാധിതമാവുന്നത്. ചുരുക്കത്തിൽ, പ്രോട്ടീനുകളുടെ സ്ഥാനാന്തരണം, ഉപയോഗം കഴിഞ്ഞവയുടെ  വിഘടനം, ഇന്റർഫെറോണുകളുടെ ഉത്പാദനം ഇവയൊക്കെ കൊറോണ പ്രതിസന്ധിയിലാക്കുന്നു. കോശങ്ങളുടെ മുഴുവൻ വ്യവസ്ഥയും അവതാളത്തിലാക്കുവാൻ ഇത്രയുമൊക്കെത്തന്നെ ധാരാളം!!!

എന്തുകൊണ്ടാണ് നമ്മുടെ കോശങ്ങളിലെ പ്രതിരോധസംവിധാനത്തിന് ഈ വൈറസുകളെ തുടക്കത്തിലെ തിരിച്ചറിയാൻ സാധിക്കാതെപോകുന്നത്? അതിനുപിന്നിലൊരു ‘ചതിയുണ്ട്’!

HIV, Ebola, Dengue, Zika, Lassa, SARS, Influenza, SARS-CoV, SARS-CoV-2 എന്നിങ്ങനെ പരദ്രോഹികളായ പല വൈറസുകളുടെയും പ്രോട്ടീൻ ആവരണം ധാരാളമായിത്തന്നെ sugar തന്മാത്രകൾകൊണ്ട് (glycosylation) ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആതിഥേയ കോശങ്ങളുമായി ഒരു ‘മധുരസമ്പർക്കത്തിന്’ അവയെ പ്രാപ്തമാക്കുന്നത് ഈ sugar തന്മാത്രകളുടെ സാന്നിധ്യമാണ്. sugar തന്മാത്രകൾക്ക് മധുരമുണ്ടെന്ന് ഇപ്പറഞ്ഞതിന് തീർച്ചയായും അർഥമില്ല! എന്നാൽ തന്മാത്രകളെ വിന്യസിച്ചിരിക്കുന്ന മാതൃക ആതിഥേയ കോശങ്ങളെ ഫലപ്രദമായി ചതിക്കുന്നതിന് വൈറസുകളെ പ്രാപ്തരാക്കുന്നു. കാരണം ഈ പണിയും ഉദാരതയോടെ നിർവഹിച്ചുകൊടുക്കുന്നത് ആതിഥേയ കോശങ്ങളിലെ എൻസൈമുകളാണ്! പിന്നെങ്ങനെ നമ്മുടെ കോശങ്ങൾക്ക് അവയെ “വിദേശി”യെന്ന് തിരിച്ചറിയാൻ സാധിക്കും!!! നട്ടെല്ലുള്ള ജീവികളെല്ലാം (vertebrates), വാച്യാർത്ഥത്തിലും വംഗ്യാർത്ഥത്തിലും,  രോഗകാരണങ്ങൾ ആയ വൈറസുകൾക്കെതിരെ കാലാകാലങ്ങളിൽ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ഈ പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് രോഗബീജങ്ങളുടെ പണി.  വൈറസുകളുടെയും മറ്റും ഉപരിതലപ്രോട്ടീനുകൾക്കെതിരെയാണ് പലപ്പോഴും കോശങ്ങൾ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഉപരിതലപ്രോട്ടീനുകളിൽ ആതിഥേയ കോശങ്ങളെക്കൊണ്ടുതന്നെ പുത്തൻ പരിഷ്കാരങ്ങൾ ചെയ്തെടുത്ത്, പിന്നീട് അതിന്‍റെ ഗുണം പറ്റി കോശങ്ങളെ കബളിപ്പിച്ച് അകത്തു പ്രവേശിക്കുന്ന ‘വിരുത്’ അദ്ഭുതാവഹം തന്നെ.

SARS-CoV-ന്എതിരെ വികസിപ്പിച്ച തെറാപ്യൂട്ടിക് ആന്റിബോഡികൾ എന്തുകൊണ്ട് SARS-CoV-2 നെതിരെ ഉപയോഗപ്രദമല്ല? നമ്മുടെ എപ്പിത്തീലിയൽ കോശങ്ങളിലെ ACE-2 റിസെപ്റ്റർ പ്രോട്ടീനുകളുമായി സമ്പർക്കം പുലർത്തുന്ന സ്പൈക് പ്രോട്ടീനുകളിലെ രണ്ട് പ്രധാന ഭാഗങ്ങളിൽ വന്ന വ്യതിയാനമാണ് ഇതിന് കാരണം. ജനിതകപരമായ ഈ വൈജാത്യം  SARS-CoV-2-നെ SARS-CoV-നേക്കാൾ 10-20% അധികക്ഷമതയോടെ ACE-2 റിസെപ്റ്റർ പ്രോട്ടീനുകളുമായി സംവദിക്കുന്നതിലേക്ക് നയിക്കുന്നു.

ആർ.എൻ.എ റെപ്ളിക്കേസ് എന്ന എൻസൈം ജീനോമിന്‍റെ പകർപ്പെടുക്കൽ പ്രക്രിയയിൽ പ്രകടിപ്പിക്കുന്ന കൃത്യതക്കുറവാണ് കോറോണവൈറസിൽ ഉത്പരിവർത്തനങ്ങളുണ്ടാക്കുന്നതും (mutations) അങ്ങനെ ജനിതകവ്യതിയാനങ്ങൾക്ക് കാരണമാവുന്നതും. കോറോണയെപ്പോലെ തന്നെ ലോകത്തെ ഭീതിയിലാഴ്ത്തിയ എച്ച്ഐവി വൈറസുകൾക്കും സന്ദേശവാഹക ആർ.എൻ.എ (messenger R.N.A) തന്നെയാണ്  ജീനോം. എന്നാൽ കൊറോണയുടെ ജീനോം, എച്ച്ഐവിയുടേതുപോലെ മനുഷ്യജീനോമിന്‍റെ ഭാഗമാവുന്നില്ല. ആർ.എൻ.എ ജീനോമിനെ ഡി.എൻ.എ ആക്കി മാറ്റുന്ന റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (reverse transcriptase) എൻസൈമാണ് എച്ച്ഐവിയെ ഇതിന് പ്രാപ്തമാക്കുന്നത്. തന്നെയുമല്ല നമ്മുടെ ജീനോമിന്‍റെ ഭാഗമാവുന്നതോടെ എച്ച്ഐവിയെ ‘സ്വന്തം’ എന്ന് നമ്മുടെ കോശങ്ങൾ തെറ്റിദ്ധരിക്കുകയും അവ പ്രതിരോധിക്കാതിരിക്കുകയും ചെയ്യുന്നു. ഉത്പരിവർത്തനത്തിന്‍റെ കാര്യത്തിലും എച്ച്ഐവി ബഹുദൂരം മുന്നിലാണ്. ഇതും  എച്ച്ഐവിക്കെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ തടസ്സമാവുന്നു.  അങ്ങനെ നോക്കിയാൽ കൊറോണ തന്നെ ഭേദം!!  

വൈറസ്- പ്രകൃതിയുടെ പരിണാമഘട്ടങ്ങളിൽ എവിടെയോ പിറന്ന ഒരു വികൃതി, അതല്ലെങ്കിൽ  പരിണാമത്തിന്‍റെ പുറം പോക്കുകളിലെവിടെയോ  ആരോ ഉപേക്ഷിച്ച ഒരുതുണ്ട് ഡി.എൻ.എയോ ആർ.എൻ.എയോ ആവാമത് (Evolutionary remnants). ജീനുകളെ ഉരുക്കഴിച്ചും കണ്ണികൾ വിളക്കിച്ചേർത്തും ഉള്ളറകളെ ഉടച്ചുവാർത്തും മുമ്പോട്ടുപായുന്ന മനുഷ്യനെ അവന്‍റെ നിസ്സാരത ബോധ്യപ്പെടുത്താൻ പ്രകൃതി പണ്ടേ കരുതി വച്ചതാവാം ജൈവമെന്നോ അജൈവമെന്നോ നിർവചിക്കാനാവാത്ത ഈ സൂക്ഷ്മാണുവിനെ! എങ്കിലും  വൈറസുകൾക്കെതിരെ രോഷം കൊള്ളുന്നതിനും സ്വന്തം ‘സ്വത്വ’ത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനുമിടയിൽ  പരിണാമപുസ്തകത്തിന്‍റെ താളുകളൊന്ന് മറിച്ചുനോക്കുന്നത് നന്നാവും! മനുഷ്യജീനോമിന്‍റെ അക്കൌണ്ടിൽ എട്ടു ശതമാനത്തോളം വരും വൈറസുകളുടെ ഓഹരി!! വെറുതെയങ്ങ് പടിക്കുപുറത്താക്കാനാവില്ല! വൈറസുകളില്ലാതെ നമുക്ക് ജീനോമില്ല, ജീവിതവും!!!

Dr. Blessy K Alex

XXXX